മഹാമാരികളും മരണങ്ങളും ലോകത്തെ പിടിച്ചുകുലുക്കുന്നത് ഇതാദ്യമായല്ല. വൈദ്യശാസ്ത്രത്തില്‍ പുരോഗമനത്തിന്‍റെ ലാഞ്ചനകള്‍ പോലുമില്ലാതിരുന്ന കാലത്ത് വംശങ്ങളെ തന്നെ ഇല്ലാതാക്കികൊണ്ടുള്ള പകര്‍ച്ചവ്യാധികള്‍ കടന്നുപോയിട്ടുണ്ട്. യുദ്ധങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും പോലെ, സാമൂഹിക പരിവര്‍ത്തനങ്ങളില്‍ സാരമായ പങ്കു വഹിക്കാന്‍ പകര്‍ച്ചവ്യാധികള്‍ക്കും സാധിക്കും. ഇത് ചരിത്രം പഠിപ്പിക്കുന്ന പാഠമാണ്.
പതിനാറാം നൂറ്റാണ്ടില്‍ മരണത്തിന്‍റെ കരിനിഴല്‍ വീഴ്ത്തിയ സ്മോള്‍പോക്സും, മലേറിയയും, ഇന്‍ഫ്ലൂവന്‍സയും, തദ്ദേശീയരായ അമേരിക്കന്‍ വംശജരെ മുഴുവന്‍ ഇല്ലാതാക്കുകയും പാശ്ചാത്യ കോളനിവത്കരണത്തിന് വഴിവെക്കുകയും ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഹെയ്തിയന്‍ വിപ്ലവത്തിന്‍റെ ഗതി മാറ്റിക്കൊണ്ടായിരുന്നു യെല്ലോ ഫീവര്‍ പൊട്ടിപ്പുറപ്പെട്ടത്.
ഒന്നാം ലോക മഹായുദ്ധത്തിന്‍റെ അവസാന നാളുകളില്‍ പടന്നുപിടിച്ച, എക്കാലത്തെയും വലിയ മഹാവ്യാധികളിലൊന്നായ സ്പാനിഷ് ഫ്ലൂ കൊണ്ടുപോയത് ലോകജനസംഖ്യയുടെ നാലിലൊന്നിനെയായിരുന്നു. സ്വവര്‍ഗാനുരാഗാവകാശ പ്രസ്ഥാനത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് 1980കളിലെ എച്ച്ഐവി/ എയ്ഡ്സിന്‍റെ വ്യാപനമാണെന്ന നിരീക്ഷണവും വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്.
പകർച്ചവ്യാധികൾ സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നതെങ്ങനെയാണ്? ലോകത്തെ സാമൂഹികവും രാഷ്ട്രീയവുമായ ചില സങ്കല്‍പ്പങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ മഹാമാരികള്‍ക്കുള്ള പങ്കെന്താണ്? കൊവിഡ് 19ന്‍റെ രാഷ്ട്രീയ സ്വാധീനങ്ങള്‍ എന്തൊക്കെയായിരിക്കും?
വംശീയതയും മതഭ്രാന്തും
കൊറോണ വൈറസിനെക്കാള്‍ വേഗത്തില്‍ വ്യാപിച്ചത് ഏഷ്യന്‍ വിരുദ്ധ വംശീയതയാണെന്നതാണ് വാസ്തവം. ഫ്രഞ്ച് പത്രം, വൈറസ് വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ യെല്ലോ അലര്‍ട്ട് എന്നും യെല്ലോ പെരില്‍ എന്നും വിശേഷിപ്പിക്കപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ പടര്‍ന്നു പിടിച്ച കോളറ, ഏഷ്യാറ്റിക് കോളറ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഇതിനോടുപമിക്കാവുന്നതാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപിന്‍റെ ചൈനീസ് വൈറസ് എന്ന പ്രസ്താവന. അന്ന് യൂറോപ്യന്‍ നയതന്ത്രജ്ഞര്‍, മക്കയിലെത്തിയ മുസ്ലീം തീര്‍ത്ഥാർകരെ രോഗവാഹകരായി ചിത്രീകരിക്കുകയുണ്ടായി.
ബംഗാളാണ് കോളറയുടെ പ്രഭവ കേന്ദ്രം എന്നതിനാല്‍ ഇന്ത്യയെ പഴിചാരിയവരുമുണ്ട്. 1817 ഓടുകൂടി കൽക്കട്ടയിൽ നിന്നുത്ഭവിച്ച ഈ മഹാമാരി ഇന്തോനേഷ്യയിലും തായ്‌ലന്‍റിലും ഫിലിപ്പീൻസിലും പടര്‍ന്നുപിടിച്ച് ലക്ഷക്കണക്കിന് ജീവന്‍ കവര്‍ന്നു.
ബാക്ടീരിയ വഴി പകരുന്ന കോളറയുടെ വാഹകരായി ഇന്ത്യക്കാരെയും മുസ്ലീങ്ങളെയും ചിത്രീകരിച്ചതോടെ അത് ശാശ്വതമായ രാഷ്ട്രീയ പ്രത്യാഖാതങ്ങള്‍ക്ക് വഴിവെച്ചു.
കുടിയേറ്റ നയങ്ങളിലും ഇത് സാരമായി പ്രതിഫലിച്ചു. പൊതുജനാരോഗ്യം ആയുധമായേറ്റെടുത്ത് കിഴക്കന്‍ യാറോപ്പില്‍ നിന്നുള്ള ജൂതന്മാരുടെയും,റഷ്യക്കാരുടെയും കടിയേറ്റത്തില്‍ അമേരിക്ക കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വന്നു. എക്സിക്യൂട്ടീവ് ഉത്തരവിലൂടെ കുടിയേറ്റം നിരോധിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്‍റ് ബെഞ്ചമിൻ ഹാരിസണായിരുന്നു. ഈ നിരോധനം 1893ന്‍റെ തുടക്കം വരെ നീണ്ടു.
ചൈനയില്‍നിന്നുവന്ന വൈറസ് എന്ന അര്‍ത്ഥത്തിലാണ് ട്രംപ് ചൈനീസ് വൈറസ് എന്ന പരാമര്‍ശം നടത്തിയത്. വൈറസിന്റെ ഉത്ഭവസ്ഥലം സംബന്ധിച്ച് ഇതുവരെ വ്യക്തതയുണ്ടാവാത്ത സാഹചര്യത്തില്‍ ചൈന തന്നെയാണ് വൈറസിന്റെ ഉറവിടം എന്ന് ഉറപ്പിക്കുന്ന രീതിയിലായിരുന്നു ട്രംപിന്റെ വാക്കുകള്‍.
ഇന്ത്യയില്‍ തബ്‌ലീഗ് ജമാഅത്ത് മത സമ്മേളനവും, കൊറോണക്കാലത്ത് ചര്‍ച്ചയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നടക്കം നിരവധി പ്രതിനിധികള്‍ പങ്കെടുത്ത ഈ മതസമ്മേളനത്തോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒറ്റയടിക്ക് കൂടിയെന്നത് വംശീയ പ്രചാരണങ്ങള്‍ക്ക് വഴിവെച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും കൊറോണവൈറസ് പടര്‍ത്താന്‍ ശ്രമിച്ചെന്നും ആരോപിച്ച് മാര്‍ച്ച് 31ന്, തബ്‌ലീഗ് ജമാഅത്ത് നേതാവ് മൗലാന സാദ് കാന്ധല്‍വിയടക്കം ഏഴു പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
സാമൂഹിക പ്രക്ഷോഭങ്ങളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും
സാമൂഹിക പ്രക്ഷോഭങ്ങളിലേക്കാണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പൊട്ടിപ്പുറപ്പെട്ട കോളറയുടെ അനന്തര ഫലങ്ങള്‍ വിരല്‍ചൂണ്ടിയത്. 1830 മുതൽ 1910 വരെ ജനകീയ കലാപങ്ങള്‍ക്ക് സാക്ഷിയായിരുന്നു ലോകത്ത് പല പ്രമുഖ നഗരങ്ങളും. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും നഗരങ്ങളെ ഞെട്ടിച്ച കലാപങ്ങള്‍ ചില രാഷ്ട്രീയ പരിഷ്കരണങ്ങള്‍ക്കും കാരണമായി.
അധികാരികളെയും രാഷ്ട്രീയ പ്രമാണിമാരെയുമായിരുന്നു കലാപകാരികള്‍ ലക്ഷ്യം വച്ചത്. മരണനിരക്കും, രോഗികളുടെ എണ്ണവും അനിയന്ത്രിതമായപ്പോള്‍, പാവങ്ങളെ കൊന്നൊടുക്കാനുള്ള, പ്രമാണിമാരുടെ ആയുധമാണ് വൈദ്യശാസ്ത്രമെന്ന വാദമുയരുകയും. ഫലത്തില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും കലാപങ്ങള്‍ക്കിരയാവുകയും ചെയ്തു.
അഭ്യൂഹങ്ങളും വ്യാജവാര്‍ത്തകളും വിശ്വസിച്ച് വൈദ്യോപദേശങ്ങളെയും വിദഗ്ധരെയും ജനം വിലക്കി. മതത്തിലും പാരമ്പര്യ ചികിത്സാ രീതികളിലും ആശ്വാസം കണ്ടെത്തിയ അവര്‍ ശാസ്ത്രീയമായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയുകയും ചെയ്തു.
ഈ കൊറോണക്കാലത്തും നാം ഇത്തരം പ്രവണതകള്‍ കാട്ടുന്നു എന്നതാണ് ചരിത്രം ആവര്‍ത്തിക്കുന്നു എന്നതിന് ഉദാഹരണം. കൊറോണ ചികിത്സാ രീതികളും, പ്രതിരോധ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് നിരവധി വ്യാജ വാര്‍ത്തകളും, തെറ്റിദ്ധാരണകളും പരക്കുന്നുണ്ട്. ജനം, അശാസ്ത്രീയമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പകര്‍ച്ചവ്യാധികള്‍ സമൂലമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഉത്തേജിപ്പിക്കുന്നു എന്നതാണ് ചരിത്രം നല്‍കുന്ന മറ്റൊരു പാഠം. 1890 കളുടെ മധ്യത്തിൽ പടിഞ്ഞാറൻ ഇന്ത്യയില്‍ പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍, രാഷ്ട്രീയ ശബ്ദങ്ങളെ കര്‍ക്കശമായി അകറ്റി നിര്‍ത്താന്‍ ബ്രിട്ടീഷ് കൊളോണിയൽ അധികാരികൾക്ക് സാധിച്ചു. എന്നാല്‍, കൊളോണിയല്‍ ശക്തികളില്‍ നിന്നുള്ള ഇത്തരം പ്രതികരണങ്ങളായിരുന്നു ഇന്ത്യന്‍ വിപ്ലവ രാഷ്ട്രീയത്തിന്‍റെ കാതല്‍.
1897 ല്‍ വിക്ടോറിയ രാജ്ഞി ലണ്ടനില്‍ വച്ച് തന്‍റെ വജ്ര ജൂബിലി ആഘോഷിക്കുന്നതിനിടെയാണ് രണ്ട് ഇന്ത്യൻ വിപ്ലവകാരികൾ പൂനെയിലെ ബ്രിട്ടീഷ് പ്ലേഗ് കമ്മീഷണറെ വെടിവച്ചു കൊന്നത്. ബാല ഗംഗാധര തിലകിനെപ്പോലുള്ള തീവ്ര ദേശീയവാദികളെ ഈ സംഭവം മുഖ്യധാരയിലേക്ക് കൊണ്ടു വന്നു. ബ്രിട്ടീഷ് ഗവണ്‍മെന്‍റ് പ്ലേഗ് വ്യാപിച്ചപ്പോള്‍ സ്വീകരിച്ച നടപടികളെ വിമര്‍ശിച്ചു കൊണ്ടുള്ള തിലകിന്‍റെ രചനകളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് അദ്ദേഹത്തെ ജയിയിലടച്ചെങ്കിലും, വീര പുരുഷനായിട്ടായിരുന്നു തിലകിന്‍റെ തിരിച്ചു വരവ്.
പ്ലേഗ് നടപടികളും, കമ്മീഷണറുടെ കൊലപാതകവും, തിലകന്റെ വിചാരണയും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിലെ ചില വിള്ളലുകളെ ത്വരിതപ്പെടുത്തി. അതേസമയം, പ്ലേഗും കൊളോണിയൽ സർക്കാരിന്റെ പ്രതികരണവും ഗ്രേറ്റ് ബ്രിട്ടനിലെ സാമ്രാജ്യത്വ വിരുദ്ധതയെ ഏറെ സ്വാധീനിച്ചു.
ബ്രിട്ടന്റെ ആദ്യത്തെ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപകനായ ഹെൻറി ഹെൻറി ഹിന്ഡ്മാനെപ്പോലുള്ളവര്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ അക്രമാസക്തമായ വിപ്ലവം നയിക്കാന്‍ ഇന്ത്യൻ വിപ്ലവകാരികളുമായി ചേരുകയും, ക്വീന്‍ വിക്ടോറിയയെ “കറുത്ത മരണത്തിന്റെ രാജ്ഞി(The Queen of Black Death)” എന്നു വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
ആഗോളവത്കരണത്തെ ത്വരിതപ്പെടുത്തുന്ന പകര്‍ച്ചവ്യാധികള്‍
ഭൂഗോളത്തിലുള്‍ക്കൊള്ളുന്ന രാജ്യങ്ങലെല്ലാം പരസ്പര പൂരകങ്ങളാണ് എന്നതിന്‍റെ തെളിവാണ് പകര്‍ച്ചവ്യാധികളുടെ ആഗോള വ്യാപനം. ഉദാഹരണത്തിന് 1890കളില്‍ പ്ലേഗ് ഇന്ത്യയിലെത്തിയത് ഹോങ്കോങ്ങില്‍ നിന്നുള്ള ഒരു കപ്പല്‍ മുഖേനയാണെന്ന് പറയപ്പെടുന്നു.
രാജ്യങ്ങള്‍ ദേശീയ അതിര്‍ത്തികള്‍ അടയ്ക്കുകയും, വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്യുമ്പോള്‍ ഈ ആഗോള സമന്വയത്തിന് മഹാമാരികള്‍ തടസ്സമാണെന്ന വാദം സ്വാഭാവികമായും ഉയരാം. എന്നാല്‍, ഇത് തീര്‍ത്തും താത്കാലികമാണെന്നാണ് ചരിത്രം പറയുന്നത്. അനാവശ്യ സഞ്ചാരങ്ങള്‍ക്ക് നിയന്തണങ്ങളുണ്ടെങ്കിലും, ആഗോള വ്യാപാരവും ബിസിനസ് ക്ലാസുകളുടെ യാത്രകളും ത്വരിതഗതിയില്‍ പുനരാരംഭിക്കും.
1851-ൽ ആരംഭിച്ച, ലോകമെമ്പാടുമുള്ള നയതന്ത്രജ്ഞരെയും മെഡിക്കൽ വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവന്ന, അന്താരാഷ്ട്ര സാനിറ്ററി കോൺഫറൻസുകൾ പോലെ, ആഗോള സഹകരണത്തിന്റെ പുതിയ വഴികൾ സൃഷ്ടിക്കാൻ പകർച്ചവ്യാധികൾ സഹായിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സഹകരണത്തിലൂടെ രോഗ വ്യാപനത്തിന് പരിഹാരം കാണാനുള്ള ആദ്യ ശ്രമമായിരുന്നു, ലോകാരോഗ്യ സംഘടന രൂപം കൊള്ളുന്നതിനു മുന്നോടിയായി നടന്ന ഇത്തരം കോണ്‍ഫറന്‍സുകള്‍.
ലോകം നേരിട്ട മഹാമാരികളില്‍ ആദ്യത്തേതും അവസാനത്തേതുമല്ല കൊവിഡ് 19. ചരിത്രത്തിലെ ഓരോ ശതാബ്ദവും ഓരോ മഹാമാരിക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഓരോ മാഹാമാരിക്ക് ശേഷവും ലോകം പഴയതിനേക്കാള്‍ ശുഷ്കാന്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കും. പുതിയ മനുഷ്യനും പുതിയ ലോകക്രമവും നിലവില്‍ വരും. കൊറോണയ്ക്ക് ശേഷവും ചരിത്രത്തില്‍ ചില സാമൂഹിക പരിഷ്കാരങ്ങള്‍ എഴുതിചേര്‍ക്കപ്പെടും.