Sat. Apr 27th, 2024
#ദിനസരികള്‍ 1098

 
“രണ്ടു വര്‍ഷമായി കെട്ടിമേയാത്ത കൂരയുടെ മുന്നില്‍ ഇരുന്ന് ഒരു ആദിവാസിക്കാരണവര്‍ നഷ്ടമായ കുടുംബബന്ധങ്ങളെച്ചൊല്ലി വിലപിക്കുന്നു. അയാളുടെ വിവാഹം കഴിക്കാത്ത മൂത്ത മകള്‍ക്ക് നാലു കുട്ടികളുണ്ട്. മക്കള്‍‌ക്കോരുത്തര്‍ക്കുമായി ഓരോ അച്ഛനുമുണ്ട് അവര്‍ ഒരിക്കലും കാണാത്ത അച്ഛന്മാര്‍.

അവരാരൊക്കെയാണെന്ന് അമ്മയ്ക്കറിയാം. അമ്മ മരണം വരെ അതൊരറിവുമാത്രമായി മനസ്സില്‍ സൂക്ഷിക്കുകയാണ്. വഴിയില്‍ അച്ഛനെ കണ്ടെത്തുമ്പോള്‍ അമ്മയും കുട്ടിയും വഴിമാറി നടക്കുന്നു.” 1984 ഏപ്രില്‍ 14 ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ കെ ജയചന്ദ്രന്‍ എഴുതിയ ലേഖനത്തില്‍ നിന്നാണ് മുകളിലുദ്ധരിച്ചത്.

വയനാടിന്റെ ആദിവാസി ജീവിതങ്ങളുടെ നേര്‍ച്ചിത്രമാണ് അദ്ദേഹം അവതരിപ്പിച്ചത്. ഒരു കാലത്ത് അവിവാഹിതകളായ ആദിവാസി അമ്മമാരുടെ എണ്ണംകൊണ്ട് കുപ്രസിദ്ധി നേടിയിരുന്ന പേരുകേട്ടിരുന്ന തിരുനെല്ലി പ്രാന്തപ്രദേശത്തു നിന്നാണ് ജയചന്ദ്രന്‍ “മാപ്പ്, മണ്ണിനും മനുഷ്യസ്ത്രീക്കും” എന്ന കുറിപ്പ് കണ്ടെടുക്കുന്നത്.

മേലാളന്മാരാല്‍ അടിച്ചുടക്കപ്പെടുന്ന ആദിവാസി ജീവിതങ്ങളെക്കുറിച്ച് അടക്കാനാകാത്ത വേദന അനുഭവിക്കുന്ന ഒരാളെ നമുക്ക് ഈ ലേഖനത്തിന്റെ ആദ്യവരികളില്‍ തന്നെ കണ്ടെടുക്കാം.“നാട്ടിലൊരിടത്ത് ലക്ഷം വീട് കോളനിയില്‍ പട്ടികള്‍ പെറ്റു പെരുകുന്നതായി വിശേഷവാര്‍ത്ത. ആ ഭാഗങ്ങളിലേക്ക് കത്തുകളുമായി ചെല്ലാന്‍ പോസ്റ്റുമാന്‍ പേടിക്കുന്നത്രേ!

വയനാട്ടിലെ ആദിവാസിക്കോളനികളില്‍ ഇതുപോലെ അച്ഛനാരെന്നറിയാത്ത കുഞ്ഞുങ്ങള്‍ പെറ്റു പെരുകുകയാണ്. ഇങ്ങനെ എഴുതേണ്ടി വന്നതില്‍ മാപ്പ്, മണ്ണിനോടും മനുഷ്യസ്ത്രീയോടും” എന്ന വരികളില്‍ ഒരു കേവലം ഒരു പത്ര റിപ്പോര്‍ട്ടര്‍ എന്നതിലുപരി ചൂഷണം ചെയ്യപ്പെടുന്നവരെക്കുറിച്ച് വേദന കൊള്ളുന്ന ഒരു മനുഷ്യനെയാണ് നമുക്ക് വായിക്കാനാകുക.

അടിച്ചമര്‍ത്തപ്പെടുന്നവരോട് ഐക്യപ്പെടാനുള്ള ആര്‍ജ്ജവം ജയചന്ദ്രന്‍ ഒരുകാലത്തും കൈയ്യൊഴിഞ്ഞിരുന്നില്ല. പത്രപ്രവര്‍ത്തനത്തിന്റെ ഓരോരോ പടവുകള്‍ കയറിപ്പോകുമ്പോഴും തനിക്കു ലഭിക്കുന്ന സാധ്യതകള്‍ എങ്ങനെയൊക്കെ സാധാരണക്കാരനു വേണ്ടി ഉപയോഗിക്കാം എന്നായിരുന്നു അദ്ദേഹം ചിന്തിച്ചത്. ഒ കെ ജോണി എഴുതിയ ഒരു എരിഞ്ഞടങ്ങല്‍ എന്ന കുറിപ്പില്‍ ഇക്കാര്യം എടുത്തു പറയുന്നുണ്ട്:- “വ്യവഹാരത്തിലുള്ള പത്രഭാഷയുടെ അത്യുക്തി, നേരായതിനെയെല്ലാം വക്രീകരിച്ച് നിസ്സാരവത്കരിക്കുന്നു എന്ന ബോധ്യം ജയനുമുണ്ടായിരുന്നു. നാദാപുരത്തെ ആശാരിക്കുടുംബത്തിന്റെ ശ്വാസം മുട്ടിക്കുന്ന നിസ്സഹായാവസ്ഥയെക്കുറിച്ചുള്ള ഏതൊരെഴുത്തും അത്യുക്തി കലര്‍ന്ന പതിവു പത്രവാര്‍ത്ത പോലെ ആസ്വദിക്കപ്പെടുന്നതിനും ഞങ്ങള്‍ സാക്ഷികളായി. ഈ ദുരവസ്ഥയെ മറികടക്കാനെന്തുവഴി എന്ന അന്വേഷണമാണ് മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലും ആദ്യത്തെ വീഡിയോ മാഗസിനും പ്രത്യക്ഷപ്പെടുന്നതിനും എത്രയോ മുമ്പേ വീഡിയോ ജേണലിസത്തിന്റെ സാധ്യതകളിലേക്ക് ഞങ്ങളെ നയിച്ചത്.”

അങ്ങനെയാണ് ഓരോ വാര്‍ത്തയ്ക്കും പിന്നില്‍ പൊള്ളിത്തിമര്‍ക്കുന്ന ഒരു പിടി ജീവിതങ്ങളുമുണ്ടെന്ന് വായനക്കാരനെ ബോധ്യപ്പെടുത്താന്‍ കഴിയുന്നതരത്തില്‍ ഓരോ സാധ്യതകളേയും അദ്ദേഹം ഉപയോഗിച്ചത്.

മാച്ചിയെന്ന അടിയാത്തിയുടെ അഞ്ചാമത്തെ ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചും പട്ടിണി കിടന്നു മരിച്ച തോലനെക്കുറിച്ചും കോടികള്‍ ചെലവഴിച്ചു കൊണ്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ എങ്ങുമെത്താതെ ഏതൊക്കെയോ കീശകളിലേക്ക് പോയൊളിക്കുന്നതിനെക്കുറിച്ചുമൊക്കെ അദ്ദേഹം എഴുതി. ഉരുള്‍ പൊട്ടിയ വയനാട്ടിലെ വൈത്തിരിയില്‍ ഒഴുക്കില്‍‌പ്പെട്ട മകനെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്ന അച്ഛന്റേയും അമ്മയുടേയും മുന്നിലൂടെ രക്ഷാപ്രവര്‍ത്തനത്തിനു വന്ന പോലീസ്, ഇന്‍സ്പെക്ടര്‍ക്കുവേണ്ടി പതിനഞ്ചു കിലോയോളം പോന്ന മുള്ളന്‍ പന്നിയെ കടത്തിക്കൊണ്ടുപോയ വാര്‍ത്ത ജയചന്ദ്രന്റെ അറസ്റ്റിനു പോലും കാരണമായി. അറസ്റ്റിന് ആ ഒരു വാര്‍ത്തമാത്രമായിരുന്നില്ല കാരണം.

നിരന്തരമായി പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും അധികാരികളുടെ ഒത്താശകളോടെ നടപ്പിലാക്കുന്ന കള്ളവാറ്റടക്കമുള്ള തെമ്മാടിത്തരങ്ങളെക്കുറിച്ചും കല്പറ്റ ബ്ലോക്കില്‍ വിതരണം ചെയ്യുന്നതിനു വേണ്ടി ലഭിച്ച അരി സബ്ഇന്‍സ്പെക്ടര്‍ വിജയനും കൂട്ടരും കടത്തിക്കൊണ്ടുപോയതിനെക്കുറിച്ചും വയനാടന്‍ കാടുകളിലെ ആനവേട്ടകളെക്കുറിച്ചുമൊക്കെ അദ്ദേഹം എഴുതിയത് അധികാരികളെ ചൊടിപ്പിച്ചിരുന്നു.

അതിന്റെയെല്ലാം ഫലമായിട്ടാണ് 1984 ലെ തിരുവോണപ്പുലരിയില്‍ മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന ജയചന്ദ്രനെ പോലീസ് അറസ്റ്റു ചെയ്യുന്നത്. അന്നു പക്ഷേ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഒ കെ ജോണി ഉടനെ എം പി വീരേന്ദ്രകുമാറുമായി ബന്ധപ്പെടുകയും അറസ്റ്റ് പുറംലോകം അറിയുകയും ചെയ്തിരുന്നില്ലെങ്കില്‍, അഥവാ ഒ കെ ജോണിയെക്കൂടി ജയചന്ദ്രനൊപ്പം അറസ്റ്റു ചെയ്തിരുന്നുവെങ്കില്‍ ഈ സംഭവം ഉടനെയൊന്നും പുറംലോകം അറിയുമായിരുന്നില്ല.

എന്നു മാത്രവുമല്ല ചിലപ്പോള്‍ പിന്നീടൊരിക്കലും കണ്ടെത്താന്‍ കഴിയാത്ത രണ്ടു പത്രപ്രവര്‍ത്തകര്‍ കേവലം അനുശോചന സമ്മേളനങ്ങള്‍ക്കുള്ള ഇരകള്‍ മാത്രമായി മാറുകയും ചേയ്യുമായിരുന്നു. കെ ജയചന്ദ്രനെ നിങ്ങള്‍ക്കു നിങ്ങളുടെ ഭാഷാശേഷിയെ മുഴുവന്‍തന്നെ വിനിയോഗിച്ച് ആ വിശേഷണങ്ങളുടെ കൊടുമുടികളില്‍ അവരോധിക്കാം. തൂലിക പടവാളാക്കി പാവപ്പെട്ടവര്‍ക്കു വേണ്ടി ജീവരക്തം ചീന്തി സ്വയം കുരിശേറി ആത്മത്യാഗം ചെയ്തവന്‍ എന്നൊക്കെ എഴുതി വെയ്ക്കാം.

കണ്ണാടിക്കൂട്ടില്‍ പ്രതിഷ്ഠിച്ച് ധൂപക്കുറ്റികളാട്ടി പരിപാവനപ്പെടുത്താം. കവലകള്‍ തോറും വെങ്കലപ്രതിമകള്‍ സ്ഥാപിച്ച് ഹാരാര്‍പ്പണം നടത്തി ആരാധിക്കാം. അങ്ങനെ എന്തൊക്കെ സാധ്യതകളാണ് ജയചന്ദ്രനെ ആദരിക്കാനും ജയചന്ദ്രന്റെ പേരില്‍ ആരാധിക്കപ്പെടാനും? എന്നാല്‍ വിശേഷണങ്ങളുടെ വെള്ളിവെളിച്ചങ്ങളിലൊന്നും പെടാതെ, നഗരകാന്താരങ്ങളുടെ ഇരുട്ടോരം പറ്റി മാറിനിന്ന, ജയചന്ദ്രനെ, പരാജയപ്പെട്ടവന്‍ എന്നു മാത്രമാണ് ഞാന്‍ വിശേഷിപ്പിക്കുക, ക്ഷമിക്കുക.

എന്തുകൊണ്ടാണ് ജയചന്ദ്രന്‍ പരാജയപ്പെട്ടവനായതെന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ്, വിട്ടു വീഴ്ചകള്‍ ചെയ്തും നക്കാപ്പിച്ചകള്‍ക്കു വേണ്ടി കൈനീട്ടിയും വാര്‍ത്തകളെ വളച്ചൊടിച്ചും നുണ പ്രചരിപ്പിക്കുന്നതിനു കൂട്ടുനിന്നും ജയചന്ദ്രന്റെ പിന്‍തലമുറക്കാര്‍ ഇന്നു നടത്തുന്ന കസര്‍ത്തുകളെക്കുറിച്ച് നമുക്ക് സംസാരിക്കേണ്ടിവരുന്നത്.

ജയചന്ദ്രന്‍ പരാജയപ്പെടുന്നത് അവസരവാദികളായ ഇത്തരക്കാരുടെ മുന്നിലാണ്. ആരാണ് ജയചന്ദ്രന്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ പിന്‍പറ്റാനുണ്ടാകുക? അതുകൊണ്ട് ചോദ്യം വര്‍ത്തമാനകാലത്തിന്റെ ശീതീകരിച്ച മുറികളിലിരുന്ന് വാര്‍ത്തകള്‍ ചമയ്ക്കുന്ന പുതുതലമുറക്കാരോടാണ് – നിങ്ങള്‍ എന്നെങ്കിലും ജയചന്ദ്രനെ മനസ്സിലാക്കുമോ?

(കെ ജയചന്ദ്രന്‍ എഴുതിയ പത്രവാര്‍ത്തകള്‍ വാസ്തവം എന്ന പേരില്‍ സമാഹരിച്ചിരിക്കുന്നു. മങ്ങാട് രത്നാകരന്‍ എഡിറ്ററായിരിക്കുന്ന പ്രസ്തുത പുസ്തകം മാതൃഭൂമിയാണ് പ്രസിദ്ധീകരിച്ചത്.)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.