Mon. Nov 25th, 2024
#ദിനസരികള്‍ 1095

 
നിത്യ ചൈതന്യയതിയുടെ ഭാഷ എനിക്ക് ഏറെയിഷ്ടമാണ്. സ്നേഹമസൃണമായ ആ ഭാഷതന്നെയായിരിക്കും യതിയിലേക്ക് ആരും ആകര്‍ഷിക്കപ്പെടാനുള്ള ഒരു കാരണമെന്നും എനിക്കു തോന്നിയിട്ടുണ്ട്. എത്ര ആഴമുള്ള വിഷയങ്ങളാണെങ്കിലും അദ്ദേഹം സരസ്സമായി ഒരല്പം നര്‍മ്മബോധത്തോടെ അവതരിപ്പിക്കുന്നത് കേട്ടാല്‍ ആര്‍ക്കും ഒരിമ്പമൊക്കെ തോന്നുക സ്വാഭാവികമാണ്.

യതിയുടെ നളിനി എന്ന കാവ്യശില്പം എന്ന കൃതിയ്ക്ക് 1977 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കുമാരനാശാന്റെ നളിനി എന്ന ഖണ്ഡകാവ്യത്തെക്കുറിച്ച് ആഴത്തിലുള്ള ഒരു പഠനമാണത്. അത്തരത്തിലുള്ള ഒരു രചനയില്‍‍‌പോലും യതി ഞാന്‍ നേരത്തെ ചുണ്ടിക്കാണിച്ച ഒരു രീതി നോക്കുക.സമാഗമം എന്ന അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്:- “കവിയും നമ്മളും ചേര്‍ന്ന് വലിയ ഒരപരാധം ചെയ്തുപോയി. ഹിമാലയത്തിന്റെ പാവനമായ ശൈലാഗ്രത്തില്‍ നിന്ന് ധ്യാന ലയം കൊണ്ട് ധന്യനായി നിന്നിരുന്ന യുവയോഗിയെ സരോജിനിയുടെ വശ്യതയിലേക്ക് ആകര്‍ഷിച്ചു കൊണ്ടുവന്ന് പൊയ്കയുടെ തീരത്തുള്ള മരക്കൂട്ടങ്ങളുടെ അപ്പുറത്ത് നിറുത്തിയിട്ട് എത്ര സമയമായി? പാവം! ഇത്ര നേരവും അവിടെ നിന്ന് കുളുര്‍ന്ന് വിറച്ച് ബോറടിച്ചിട്ടുണ്ടാകും. ഇനിയെങ്കിലും നമുക്ക് യതിയുടെ അടുത്തേക്ക് ചെല്ലാം.

കോട്ടമറ്റവിടെയെത്തി,യിന്ദ്രിയം
പാട്ടിലാക്കിയപഭീതിയാം യതി
കാട്ടിലങ്ങനെ മനുഷ്യഗേയമാം
പാട്ടുകേട്ടു പരമാര്‍ന്നു കൌതുകം

ഇല്ല അപകടം ഒന്നുമുണ്ടായില്ല. യോഗി പാട്ടു കേട്ടു നില്ക്കുകയായിരുന്നു. നോക്കണേ യതിയെന്നു പറയുമ്പോഴേക്കും നാം ഇന്ദ്രിയങ്ങളേയും മനസ്സിനേയും പാട്ടിലാക്കിയ സര്‍വ്വസംഗപരിത്യാഗിയായ ഒരു നിരഞ്ജനനായ വിരസനെയാണ് മനസ്സില്‍ ചിത്രീകരിക്കുന്നത്.”

നളിനിയുടേയും ദിവാകരന്റേയും സമാഗമനിമിഷം അതിഗൌരവത്തോടെയാണ് കവി അവതരിപ്പിക്കുന്നത്. എങ്കിലും യതി എഴുതുമ്പോള്‍ അതിന് സാമാന്യജനങ്ങള്‍ക്കു കൂടുതല്‍ രസനീയമാകുന്ന സരസ്സമായ ഒരു സമീപനം സ്വീകരിക്കപ്പെടുന്നു. ഈ സരസത ഏതു സാഹചര്യത്തിലും അദ്ദേഹത്തിന് കൈമുതലായിട്ടുണ്ടാകുമെന്ന് സൂചിപ്പിക്കുവാനാണ് ഞാന്‍ നളിനിയുടെ പഠനത്തിലേക്ക് കടന്നത്. അങ്ങനെ ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലുമുണ്ട് എന്നും നമുക്കറിയാം.

അതുപോലെ രസകരമായ ഭാഷാവഴക്കങ്ങളിലുടെ യതി തീര്‍ത്തു വെച്ച മനോഹരമായ ഒരു രചനാ ശില്പമാണ് “ഉള്ളിലിരുന്ന് കിന്നാരം പറയുന്നവര്‍” എന്ന പേരിലുള്ള സമാഹാരത്തിലെ ലേഖനങ്ങള്‍. യതിയെ സമാകര്‍ഷിച്ച അനശ്വരരായ ചില ചിന്തകന്മാരെപ്പറ്റിയുള്ള രസകരവും അതേ സമയംതന്നെ ആഴത്തിലുള്ളതുമായ പഠനങ്ങളാണ്. അഭിനവഗുപ്തനും കാവ്യകലയും, ദര്‍ശന രഹസ്യങ്ങളിലെ മനശാസ്ത്രം, ആശാന്‍ കൃതികളിലെ മനശാസ്ത്രം, ഗോവിന്ദന്‍ ജിതമാനസന്‍, ബോറിസ് പാസ്റ്റര്‍നാക്ക്, ഹെന്‍‌ട്രി തോറെയും വാല്‍ഡനും തുടങ്ങി അതിഗൌരവത്തോടെ വായനക്കാരന്‍ സമീപിക്കേണ്ട ഒരു പിടി ലേഖനങ്ങളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്.

യതി ഒരു സന്യാസിയാണെന്ന് ലോകര്‍ പറയുന്നതുകൊണ്ട് ചിലപ്പോഴെങ്കിലും താനൊരു സന്യാസിയാണെന്ന് അദ്ദേഹവും ചിന്തിച്ചു പോയിട്ടുണ്ട്. അത്തരം ചിന്ത വന്നു കയറുമ്പോള്‍ അദ്ദേഹം ഒന്നു ഗൌരവമാകും. അപ്പോള്‍ കാമ്യാനാം കര്‍മ്മണം ന്യാസം എന്നൊക്കെ പറഞ്ഞു കളയും.

അതിന്റെ പിരിമുറുക്കങ്ങള്‍ അവസാനിച്ചു കഴിഞ്ഞാല്‍ പൂവുകള്‍ക്കിടിയിലൂടെ പാറിപ്പറന്നു നടക്കുന്ന ഒരു ശലഭത്തെപ്പോലെ അദ്ദേഹം വീണ്ടും നമുക്കിടയിലേക്ക് വരും. സാധാരണ കണ്ണുകള്‍ കൊണ്ട് അപ്രാപ്യമായ മനോഹരമായ ദൃശ്യങ്ങളെ നമുക്ക് അവതരിപ്പിച്ചു തരും. ദൃശ്യങ്ങളില്‍ നിന്നും ദര്‍ശനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകും.

ദര്‍ശനങ്ങള്‍ ഒന്നല്ല, ഒട്ടനവധിയുണ്ട്. ഇതാണ് ശരി എന്നൊരു തീര്‍ച്ച എവിടേയും കാണില്ലെന്ന് മാത്രവുമല്ല, സത്യത്തിന് വിഭിന്നങ്ങളായ നിരവധി മുഖങ്ങളുണ്ടെന്നു കൂടി സമര്‍ത്ഥിച്ചു കളയുക കൂടി ചെയ്യും. സത്യം ഒന്നേയുള്ളു എന്ന് ധരിച്ചുവശായ നമുക്ക് അവിടംമുതല്‍ തെറ്റാന്‍ തുടങ്ങും. ഇങ്ങനെ തെറ്റിയും തെറ്റിച്ചുമാണ് യതി ആളുകളെ ശരിയായ വഴിക്കു കൊണ്ടുപോയിക്കൊണ്ടിരുന്നത്. അത്തരത്തില്‍, ശരിക്ക് അഥവാ സത്യത്തിന് എത്ര മുഖങ്ങളുണ്ട് എന്ന അന്വേഷണത്തിലേക്കാണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം നമ്മെ ക്ഷണിക്കുന്നത്.

എഴുത്തിന്റെ സവിശേഷതകളിലാണല്ലോ തുടങ്ങിയത്. അതിനിടയില്‍ മറ്റു ചില വഴികളിലൂടെ ഒന്നു സഞ്ചരിച്ചുവെന്നു മാത്രം. ഇവിടേയും കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗാംഭീര്യം എടുത്തു പറയേണ്ടതുതന്നെയാണെങ്കിലും സ്വതസിദ്ധമായ ശൈലിയിലൂടെ അദ്ദേഹം അത് അവതരിപ്പിക്കുമ്പോള്‍ കൂടുതല്‍ ആകര്‍ഷണീയായിത്തോന്നുന്നു. ഗോവിന്ദന്‍ ജിതമാനസന്‍ എന്ന ലേഖനം നോക്കുക. ഒരു പക്ഷേ നമ്മുടെ ഭാഷയില്‍ ഗോവിന്ദനക്കുറിച്ച് എഴുതിയിരിക്കുന്നവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി അടയാളപ്പെടുത്താന്‍ അര്‍ഹതയുള്ള ഒന്നാണ് ഈ ലേഖനം.

“ഞ്ഞഞ്ഞഞ്ഞ മുഞ്ഞഞ്ഞഞ്ഞ എന്നൊക്കെയുള്ള അക്ഷരങ്ങളും വാക്കുകളും എങ്ങനെയുണ്ടായി എന്നു കണ്ടുപിടിയ്ക്കാന്‍ എനിക്കു പണ്ടേ കൊതിയുണ്ട്. അപ്പോഴാണ് ഗോവിന്ദന്‍ പറയുന്നത്,
ഞ്ഞഞ്ഞം പിഞ്ഞം പറഞ്ഞു നട
ന്നമ്മിഞ്ഞയീമ്പും കാലംമുതല്‍ – കുഞ്ഞിനറിയാമോ എങ്ങനെ ഉച്ചരിക്കണമെന്ന്? അവന്‍ കുഞ്ഞായിരിക്കുന്നതുതന്നെ ഞഞ്ഞം പിഞ്ഞം എന്നു പറയുന്നതുകൊണ്ടാണ്.

മലയാളത്തില്‍ ഞ്ഞ എന്നു പറയുന്നതുപോലെ മനോഹരമായ ഒരക്ഷരമുണ്ടോ? പാവലിലും പടവലത്തിലും ഞയോട് ഞ്ഞ ചേര്‍ത്താണല്ലോ ഞ്ഞ പോലെ വള്ളിയുണ്ടാകുന്നത്. ഞ്ഞയില്‍ വാസ്തവത്തില്‍ ഒരക്ഷരവുമില്ല. വലിച്ചാല്‍ ഞ്ഞ പോയിട്ട് അതൊരു വരപോലെയാകും. ആഞ്ഞു വലിക്കണമെന്നേയുള്ളു.” ഭാഷ പരുവപ്പെട്ടു വരുന്ന വഴികളെക്കുറിച്ചുള്ള പഠനമാണ് അദ്ദേഹം ഇത്രയും രസകരമായി അവതരിപ്പിച്ചെടുക്കുന്നത്.

സമാഹാരത്തിലെ ഓരോ ലേഖനങ്ങളും ഇത്തരത്തില്‍ ആരേയും ആകര്‍ഷിക്കുന്നു. അഭിനവഗുപ്തന്‍ കാവ്യകലയെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് നമുക്കു പറഞ്ഞു തരുമ്പോഴും ആശാന്‍ കൃതികളിലെ മനഃശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുമ്പോഴുമൊക്കെ ഭാഷകൊണ്ടുള്ള കസര്‍ത്തുകളില്ലാതെ നേരെ ആശയങ്ങളിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി അതിന്റെ കാതലുകള്‍ കാണിച്ചു തരുന്നു. ഇക്കാലത്ത് നേരെ ചിന്തിക്കുകയും നേരെ പറയുകയും ചെയ്യുന്നവരുടെ എണ്ണം എത്രയെന്ന് ഈ ലേഖനങ്ങളെ മുന്‍നിറുത്തി ഒരാള്‍ക്ക് അന്വേഷിച്ചു നോക്കാവുന്നതാണ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.