Mon. Dec 23rd, 2024
#ദിനസരികള്‍ 1092

 
പണ്ട് ഒരു ഫ്രഞ്ച് മാസികയുടെ അധിപന്‍ അക്കാലത്തെ സാഹിത്യനായകരോട് “നിങ്ങള്‍ എന്തിനെഴുതുന്നു” എന്നു ചോദിച്ചു. അവര്‍‌ നല്കിയ ഉത്തരങ്ങള്‍
1. ഷാക്ക് കൊപോ – എനിക്ക് എഴുതാന്‍ ഒട്ടും സമയമില്ല. അതിനാല്‍ എന്തെങ്കിലും പറയാന്‍ വേണ്ടി മാത്രമാണ് ഞാന്‍ പ്രയാസപ്പെട്ട് എഴുതുന്നത്.
2. വലേറി – ദൌര്‍ബ്ബല്യത്താല്‍
3.ക്നൂട്ട് ഹാംസണ്‍ – സമയംകൊല്ലാന്‍
4.ഷീദ് – എന്റെ കൈയ്യില്‍ വളരെ നല്ല തൂലികയുണ്ട്. നിങ്ങള്‍ വായിക്കാന്‍ വേണ്ടിയും.
5.യാക്കോബ് – കൂടുതല്‍ നന്നായി എഴുതാന്‍
ഇവരോട് ചോദ്യം ചോദിച്ച പത്രാധിപര്‍ ഇന്നില്ല. ഉണ്ടായിരുന്നുവെങ്കില്‍ മാതൃഭൂമിയില്‍ കസാൻ‌ദാക്കിസ്സിന്റെ നോവലിനെക്കുറിച്ച് ലേഖനമെഴുതിയ ആഷാമേനോനോട് ഇതേ ചോദ്യം തന്നെ അദ്ദേഹം ചോദിച്ചെങ്കില്‍ ഇങ്ങനെ ഉത്തരം നല്കിയേനെ.
“ ആളുകളെ കറക്കാന്‍ വേണ്ടി.”

സിനിമ തുടങ്ങിക്കഴിഞ്ഞു. എല്ലാവരും ടിക്കറ്റുവാങ്ങി അകത്തു കയറിക്കഴിഞ്ഞു. ഒരാള്‍ മാത്രം സിനിമാശാലയ്ക്കു ചുറ്റും കിടന്നു കറങ്ങുന്നു. അയാള്‍ കൊണ്ടുവന്ന കറന്‍സി നോട്ട് കള്ളനോട്ടാണ്. അതുകൊടുത്തു നോക്കി. ടിക്കറ്റ് കിട്ടിയില്ല. പാവം കലയുടെ ചലച്ചിത്രം ഓടുമ്പോള്‍ ഭാഷയുടെ കള്ളനോട്ടും കൊണ്ട് തിയറ്ററിനു ചുറ്റും പരക്കം പാച്ചില്‍ നടത്തുന്നു ആഷാമേനോന്‍.

അക്രമമല്ലേ? ഇതിലും ഭേദം ആഷാമേനോനെപ്പിടിച്ച് രണ്ടു കൈയ്യും തല്ലിയൊടിച്ച് ഇനിമേല്‍ എഴുതിപ്പോകരുതെന്ന് കല്പിക്കുകയല്ലേ കൂടുതല്‍ മനുഷ്യോചിതമായത് എന്ന് ഇതു വായിക്കുന്ന ആരെങ്കിലും ശങ്കിച്ചു പോയാല്‍ അതിശയിക്കാനില്ല. അത്തരത്തിലൊരു ആക്രമണോത്സുകമായ ഒരു രീതി തുടര്‍ന്നു പോന്ന ആളായിരുന്നുവല്ലോ എം കൃഷ്ണന്‍ നായര്‍? അടിച്ചാല്‍ അടി കൊള്ളണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് അദ്ദേഹം അടിക്കുമ്പോള്‍ തന്നിലുള്ള മുഴുവന്‍ ഊക്കും സമാഹരിക്കുന്നു. പാവം ആഷാമേനോന്‍! അദ്ദേഹത്തിന് എവിടെയൊക്കെ എങ്ങനെയൊക്കെ വേദനിച്ചിട്ടുണ്ടാവില്ല!

അത് കൃഷ്ണന്‍ നായരുടെ ഒരു രീതിയായിരുന്നു. തനിക്ക് ഇഷ്ടപ്പെട്ടതിനെ മട്ടുപ്പാവിലേക്ക് കയറ്റി വെയ്ക്കും അല്ലാത്തവയെ ചവറ്റുകൂനയിലേക്ക് വലിച്ചെറിയും. വലിച്ചെറിഞ്ഞാലും പോര, പിന്നാലെ ചെന്ന് അവിടേയുമിട്ട് പിന്നേയും ചവിട്ടും. (അങ്ങനെ പിന്നേയും പിന്നേയും ചവിട്ടുകൊള്ളാന്‍ വിധിക്കപ്പെട്ട ഒരാളായിരുന്നു ആഷാമേനോന്‍. മറ്റൊരിടത്ത് കുട്ടിക്കൃഷ്ണമാരാര്‍, എസ് ഗുപ്തന്‍നായര്‍, ആഷാമേനോന്‍ ഇവരുടെ നിരൂപണരീതികള്‍ വിശദമാക്കാമോ? എന്നൊരു ചോദ്യത്തിന് അദ്ദേഹം മറുപടി പറയുന്നതു നോക്കുക. “കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണം offensive, ഗുപ്തന്‍നായരുടേതു് defensive, ആഷാമേനോന്റെ നിരൂപണത്തെക്കുറിച്ച് എനിക്കു പറയാനാവില്ല. മനുഷ്യന് മനസ്സിലാകുന്നതിനെക്കുറിച്ചല്ലേ അഭിപ്രായം പറയാനാവൂ.ˮ)

ഒരു കവിതയെക്കുറിച്ചാണ്. വായിക്കുക. പാവം കവി എന്നു അവസാനം നിങ്ങള്‍ പറയും :-വൃക്ഷശിഖരത്തിലെ ഇലപ്പടർപ്പ് അനങ്ങുന്നതു കണ്ടാൽ, കുറ്റിക്കാടു് ചലനംകൊള്ളുന്നതു കണ്ടാൽ കിളിയിരിക്കുന്നുവെന്നു കരുതി നമ്മൾ ആഹ്‌ളാദിക്കും. പഞ്ജരത്തിനകത്തെ പക്ഷി ആ ആഹ്‌ളാദം നല്‌കില്ല. ഇതാ വാക്കുകൾകൊണ്ടുള്ള ഒരിലപ്പടർപ്പ്. വി പി ഷണ്മുഖത്തിന്റെ ‘പകുതി’ എന്ന കാവ്യമാണു് ഇതു്. (മനോരാജ്യം) അതിന്റെ ഒരു ഭാഗം കാണിച്ചുതരാം. പക്ഷിയുടെ ചലനമുണ്ടോ എന്നു വായനക്കാർതന്നെ തീരുമാനിച്ചാൽ മതി.

“പറിച്ചെടുത്തിട്ടും പകുതി നില്‌ക്കുന്നു
പറിച്ചെറിഞ്ഞിട്ടും പകുതി നില്‌ക്കുന്നു.
ചുവട്ടിൽ ഞാനെന്റെ പകുതിയാകുന്നു.
പകുതികൊണ്ടു ഞാൻ പറിച്ചെടുക്കുന്നു
പറിച്ചെടുത്തു ഞാൻ പകുതിയാകുന്നു
പകുതി പിന്നെയും പറിച്ചെറിയുന്നു.”

അലങ്കാരമൊക്കെയങ്ങുപോകട്ടെ. മാന്യതയ്ക്കേ അലങ്കാരം പറ്റൂ. ഇതുപോലുള്ള അമാന്യമായ പ്രവർത്തനം നടക്കുമ്പോൾ കിളിയുംവേണ്ട, ഇലച്ചാർത്തും വേണ്ട. സംസ്കാരത്തെ ധ്വംസിക്കുമ്പോൾ അലങ്കാരമോ? നഖത്തിനടിയിൽ മൊട്ടുസൂചി കയറ്റിയാൽ സഹിക്കാം. ഇരുമ്പുലക്കകൊണ്ടു് ഉരുട്ടിയാൽസഹിക്കാം. തലകീഴായി കെട്ടിത്തൂക്കി ആട്ടുകയും തലയിൽ ആഞ്ഞടിക്കുകയും ചെയ്താൽ സഹിക്കാം. മഹാകവി ഷണ്മുഖത്തിന്റെ ഈ ടോർച്ചർ സഹിക്കാനാവുന്നില്ല.

മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ഒരു കഥയ്ക്കുള്ള സമ്മാനം കൈയ്യോടെ നല്കിയത് നോക്കുക.

ക്ഷുദ്ര മശകം

തിരുവനന്തപുരത്തിനടുത്തുള്ള മൂക്കുന്നിമല ഹിമാലയപർവ്വതം പോലിരിക്കുന്നില്ലെന്ന് പറഞ്ഞുകൂടാ. കരമനയാറിന് ഗംഗയുടെ സൗന്ദര്യമില്ലെന്ന് പറഞ്ഞുകൂടാ. ‘എയർ ഇൻഡ്യ’യുടെ സേവന സന്നദ്ധതയ്ക്ക് പ്രതീകമായി കൊണ്ടു വച്ചിട്ടുള്ള ആ കൊമ്പൻ മീശക്കാരന്റെ പടം കണ്ടിട്ടില്ലേ? അതിന്റെ ഒരു കൊച്ചു ദാരുപ്രതിമ, ഉത്സവസമയത്ത് പദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ മുൻപിൽ കെട്ടി വയ്ക്കുന്ന ഭീമന്റെ പ്രതിമയ്ക്ക് തുല്യമായിട്ടില്ലെന്ന് പറയാൻ പാടില്ല.

അതുപോലെ രാജാമണിയുടെ “ഉറക്കത്തിലെ ചിരി” എന്ന കഥയ്ക്ക് ഉറൂബിന്റെ കഥയ്ക്കുള്ള ഭംഗിയില്ലെന്നും അഭിപ്രായപ്പെട്ടുകൂടാ. പക്ഷേ, മൂക്കുന്നിമലയ്ക്കും, കരമനയാറിനും, എയർ ഇൻഡ്യയുടെ കൊച്ചു പ്രതിമയ്ക്കും സ്വകീയമായ സൗന്ദര്യമുണ്ട്. കുന്നിക്കുരുവിന് അതിന്റേതായ സൗന്ദര്യമുള്ളതുപോലെ. ആ അല്പമായ സൗന്ദര്യം രാജാമണിയുടെ കഥയ്ക്കില്ല.

കമ്പനിയിൽ ജോലിക്ക് പോകുന്ന വിവാഹിതനായ യുവാവ്, അവിവാഹിതയായ പദ്മാവതിയെ കാണുന്നു. അവളിൽ താത്പര്യം ഉള്ളവനായിത്തീരുന്നു. ഭർത്താവിന്റെ ആ താത്പര്യം മനസ്സിലാക്കിയ ഭാര്യ ഒരു ദിവസം അവളെക്കാണാനായി അയാളുടെ കൂടെ പോകാൻ ഭാവിക്കുന്നു. ഒരു ട്രിവിയൽ മസ്കിറ്റോ – ക്ഷുദ്ര മശകം – മാത്രമാണ് ഇക്കഥ. സാഹിത്യമെന്നത് ഭാവനാത്മകമാണെങ്കിൽ ഇതു സാഹിത്യമല്ല.

മുണ്ടൻ ആറടിപ്പൊക്കമുള്ളവനെ നോക്കി പരിഹസിക്കുന്നതു പോലെ, പുൽക്കൊടി വന്മരത്തെ നോക്കി പുച്ഛിക്കുന്നതു പോലെ ഇക്കഥ ഉത്കൃഷ്ട സാഹിത്യത്തെ നോക്കി കൊഞ്ഞനം കാട്ടുന്നു. തന്റെ പ്രാഗൽഭ്യം മറ്റു സന്ദർഭങ്ങളിൽ പ്രദർശിപ്പിച്ച രാജാമണി ഈ അവിദഗ്ദ്ധത മാതൃഭൂമിയിൽ പ്രദർശിപ്പിക്കേണ്ടിയിരുന്നില്ല.

അക്ബര്‍ കക്കട്ടിലിനെക്കുറിച്ച്:- ഇതെഴുതുന്ന ആളിനു കുറെക്കാലം ഒരു കോളേജിൽ പ്രിൻസിപ്പലിന്റെ “ചാർജ്ജ്” ഉണ്ടായിരുന്നു. ഒരുദിവസം ഒരു വുമൻ ലക്ചറർ കരഞ്ഞുകൊണ്ടു് എന്നോടു പറഞ്ഞു: “ഒരു കുട്ടി മര്യാദകേടു് കാണിക്കുന്നു.” എന്താണു മര്യാദകേടെന്നു ഞാൻ ചോദിച്ചിട്ടു് അവർ മറുപടി പറഞ്ഞില്ല. ഞാൻ ഉടനെ ക്ലാസ്സിൽച്ചെന്നു നോക്കി. പതിനെട്ടു വയസ്സോളം പ്രായമുള്ള ഒരു തടിയൻ, ട്രൗസേഴ്‌സ് അഴിച്ചു താഴെയിട്ടിട്ടു ജനനേന്ദ്രിയം കാണിച്ചു് ബഞ്ചിന്റെ മുകളിൽ കയറി നിൽക്കുന്നു.

പെൺകുട്ടികൾ തല കുനിച്ചിരിക്കുന്നു. ആൺകുട്ടികൾ കൂവിത്തകർക്കുന്നു. ആ പയ്യനെ കാലുറ ധരിപ്പിച്ചിട്ടു് എന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടു വന്നു. കൊളീജിയേറ്റ് ഡയറക്ടർ ഡോക്ടർ കെ. ഭാസ്കരൻനായരോടു് ‘എന്താണു വേണ്ട’തെന്നു് ഞാൻ ടെലിഫോണിൽക്കൂടി ചോദിച്ചു. വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്യാനാണ് അദ്ദേഹം നിർദ്ദേശിച്ചത്. സസ്പെൻഡ് ചെയ്താൽ കുട്ടികൾ എന്നെ ഘരാവോചെയ്യും. അതുകൊണ്ടു് ‘അച്ഛനെ കൂട്ടിക്കൊണ്ടുവരൂ’ എന്നു ഞാൻ ആ പയ്യനോടു പറഞ്ഞു.

‘മൂന്നാലു്’ ദിവസം ആരും വന്നില്ല. അഞ്ചാം ദിവസമാണെന്നു തോന്നുന്നു ഉടുത്ത മുണ്ടിന്റെ ഒരു വശം പൊക്കിപ്പിടിച്ചുകൊണ്ട് ഒരാൾ എന്റെ വീട്ടിൽ കയറിവന്നു. ‘ഇരുന്നാട്ടെ’ എന്നു ഞാൻ. ‘ഇരിക്കാനല്ല വന്നതു്’ എന്നു് ആഗതൻ. അപ്പോഴാണു് എനിക്കു കാര്യം മനസ്സിലായതു്. ഞാൻ പറഞ്ഞു: “മകനോട് എഴുന്നേറ്റുനിൽക്കാൻ റ്റീച്ചർ ആവശ്യപ്പെട്ടു. പയ്യൻ ബഞ്ചിൽകയറിനിന്നു നഗ്നത കാണിച്ചു. ശരി. ഒരപ്പോളജി എഴുതിക്കൊടുത്തിട്ടു് ക്ലാസ്സിൽ കയറിക്കൊള്ളട്ടെ.” അയാൾ: “എന്റെ മകൻ അങ്ങനെയൊന്നും ചെയ്യുകയില്ല. അതുകൊണ്ടു് അപ്പോളജിയുമില്ല, കിപ്പോളജിയുമില്ല.”

ഞാൻ എഴുന്നേറ്റു് അകത്തുപോയി. കാലത്തു കോളേജിൽ എത്തി. കെട്ടിടത്തിലേക്കു കടക്കുന്നതിനുമുൻപു് ആയിരം വിദ്യാർത്ഥികളോളം എന്നെ വളഞ്ഞു. മുദ്രാവാക്യങ്ങൾ. എനിക്കു വെയിലുകൊള്ളാൻവയ്യ. കുടനിവർക്കാൻ കുട്ടികൾ സമ്മതിച്ചതുമില്ല. പയ്യൻ ക്ലാസ്സിൽ കയറിക്കൊള്ളട്ടേ എന്നു ഗത്യന്തരമില്ലാതെ ഞാൻ പറഞ്ഞു.

ഇതാണു് ഇന്നത്തെ സ്ഥിതി. എല്ലാ മാനുഷികമൂല്യങ്ങളും തകർന്നിരിക്കുന്നു. അതുകൊണ്ടു് ഹെഡ് മാസ്റ്ററായിരിക്കുക, പ്രിൻസിപ്പലായിരിക്കുക എന്നതൊക്കെ അപകടംപിടിച്ച പണികളാണു്. സ്വന്തം നന്മയ്ക്കുവേണ്ടിയും സമുദായത്തിന്റെ നന്മയ്ക്കുവേണ്ടിയും ദുഷ്ടവികാരങ്ങളെ ഏതു വ്യക്തിക്കു് അടക്കിവയ്ക്കാൻ സാധിക്കുമോ അയാളെ നമ്മൾ നന്മയുളള മനുഷ്യൻ എന്നു വിളിക്കുന്നു.

പല കാരണങ്ങൾകൊണ്ടും ചെറുപ്പക്കാർ കുത്സിതവികാരങ്ങളെ നിയന്ത്രിക്കുന്നില്ല. ആ വിധത്തിലാണു് മൂല്യങ്ങൾ തകരുന്നത്. അക്ബർ കക്കട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘ഏഡ്‌മാഷ്’ എന്ന ചെറുകഥയിൽ ഈ മൂല്യത്തകർച്ചയെ ചിത്രീകരിച്ചിട്ടുണ്ടു്. കഥ പറയുന്ന ആളിന്റെ ആഗ്രഹം ഹെഡ്‌മാസ്റ്റർ ആകാനായിരുന്നു.

ദൗർഭാഗ്യത്താൽ അയാൾ ശിപായിയേ ആയുള്ളൂ. അയാൾ ജോലിചെയ്യുന്ന സ്കൂളിലെ ഹെഡ്‌മാസ്റ്റർ വിദ്യാർത്ഥി കൊടുത്ത കത്തിക്കുത്തു് ഏറ്റു് ക്ഷതാംഗനായി കിടക്കുമ്പോൾ അടുത്തജന്മത്തിലും ഹെഡ്‌മാസ്റ്റർ ആവരുതേ എന്നു് അയാൾ പ്രാർത്ഥിക്കുന്നു. അക്ബർ കക്കട്ടിൽ ‘സ്യൂപർഫിഷലായ’ — ഉപരിതലത്തെ മാത്രം സ്പർശിക്കുന്ന മട്ടിൽ എഴുതുന്ന — കഥാകാരനാണു്. അദ്ദേഹത്തിന്റെ ഒരു കഥയും നമ്മുടെ ആത്മാവിനെ സ്പർശിക്കുകയില്ല, സമ്പന്നമാക്കുകയില്ല. ഇല്ലെന്നുമാത്രമല്ല ഉള്ള ‘സമ്പന്നത’യെ അദ്ദേഹം ഇല്ലാതാക്കുകയും ചെയ്യും. പൊള്ളയായ കഥ. ഇതു വായിച്ചു കഴിയുമ്പോൾ നമ്മുടെ ആത്മാവും പൊള്ളയായിമാറുന്നു.

ഉദാഹരിക്കാനാണെങ്കില്‍ ഏറെയുണ്ട്. പണ്ട് കറന്റ് ബുക്സ് ഇറക്കിയ സാഹിത്യ വാരഫലത്തിന്റെ സമ്പൂര്‍ണ സമാഹാരം എന്റെ കൈയ്യിലിരിക്കുന്നു. എന്നാലും അവസാനിപ്പിക്കുകയാണ്. തലയ്ക്കടിക്കാന്‍ ശേഷിയും ശേമുഷിയുമുള്ള ഇത്തരം ഒരു വിമര്‍ശകന്‍ ഈ വാട്സാപ്പു കവികളുടെ കാലത്തും ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. അത്രമാത്രം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.