Sat. Apr 20th, 2024
#ദിനസരികള്‍ 1084

 
‘ഇന്ത്യയുടെ രാഷ്ട്ര ശരീരം അപായപ്പെട്ടു കഴിഞ്ഞിരിക്കുന്നു’ എന്ന പേരില്‍ ദേശാഭിമാനി വാരിക ഐജാസ് അഹമ്മദുമായുള്ള ഒരഭിമുഖം ഫെബ്രുവരി 16, 2020 പ്രസിദ്ധീകരിച്ചിട്ടുണ്ട് (2019 ആഗസ്റ്റ് രണ്ടിന് A conversation with Aijaz Ahmad: ‘The state is taken over from within’ എന്ന പേരില്‍ ഫ്രണ്ട് ലൈന്‍ പ്രസിദ്ധീകരിച്ച അഭിമുഖമാണ് ദേശാഭിമാനി വാരിക മൊഴിമാറ്റിയിരിക്കുന്നത്.) ഇന്ത്യയുടെ വര്‍ത്തമാനകാല രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് ഏതൊരു മതേതര മനസ്സിനുമുള്ള ആശങ്കകളാണ് ഐജാസ് അഹമ്മദും ഇവിടെ പങ്കുവെയ്ക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ ഇടതുപക്ഷത്തോട് ഐക്യപ്പെടുന്ന ഒന്നാണ് എന്നതുകൊണ്ടുതന്നെ വിട്ടു വീഴ്ചയില്ലായ്മയും സത്യത്തോടുള്ള പ്രതിബദ്ധതയും കൂടുകയും കര്‍ക്കശവും തീക്ഷ്ണവുമായി മാറുകയും ചെയ്യുമെന്ന് നമുക്കറിയാം.

ഈ അഭിമുഖവും അത്തരത്തില്‍ സത്യത്തോട് കണിശതയോടെ മുഖാമുഖം നില്ക്കുന്ന നിസ്വാര്‍ത്ഥനായ ഒരു ചിന്തകനെ നമുക്ക് കാണിച്ചു തരുന്നു.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് ഐജാസ് അഹമ്മദ് ഈ അഭിമുഖം അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായും മോദിയുടെ രണ്ടാം വരവിന്റെ പിന്നിലെ അജണ്ടകള്‍ ഈ സംഭാഷണങ്ങളിലേക്ക് കടന്നു വരിക തന്നെ ചെയ്യും.

ആ വിശകലനങ്ങള്‍ നമ്മുടെ രാഷ്ട്ര ശരീരം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ശിഥിലീകരണത്തിന്റെ ആഴങ്ങളെ വ്യക്തമാക്കുന്നു.എന്തുകൊണ്ടാണ് വീണ്ടും ബി ജെ പി എന്ന ചോദ്യമോ അതിന് അനുബന്ധമായി ലഭിക്കാവുന്നതും പൊതുവേ ഏതൊരു മതേതര ചിന്തകനും ചൂണ്ടിക്കാണിക്കാവുന്നതുമായ കാരണങ്ങളെ മാറ്റിനിറുത്തിയാല്‍ ഐജാസ് നടത്തുന്ന നിരീക്ഷണങ്ങള്‍ ഇനിയും എങ്ങനെയൊക്കെയാണ് ഈ രാഷ്ട്ര ശരീരത്തെ മതേതരാത്മകമാക്കിയെടുക്കേണ്ടത് എന്ന ചോദ്യത്തിന്റെ ഉത്തരങ്ങളെ സമര്‍ത്ഥമായും ആവാഹിക്കുന്നുണ്ട്.

മോദിയുടെ രണ്ടാം വരവ് അപ്രതീക്ഷിതമായിരുന്നുവെന്ന് അടിവരയിടുന്നുണ്ട് ഐജാസ് അഹമ്മദ്. എന്നാല്‍ അതോടൊപ്പം തന്നെ “ ഭീമമായ ഒരു വിജയനം തന്നെയാണ് ബി ജെ പിയുടെ നേടിയിരിക്കുന്നതെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ആ വിജയത്തെ ശരിയായ അര്‍ത്ഥത്തില്‍ ജനങ്ങളുടെ നിര്‍ണയമായി കണക്കാക്കാനാകുമോ?” എന്നൊരു കൃത്യമായ ചോദ്യം അദ്ദേഹം ഉന്നയിക്കുന്നുമുണ്ട്. ഉത്തരമായി “തിരഞ്ഞെടുപ്പ് ഫലങ്ങളെ നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്ന ഘടകങ്ങളിലൊന്നായ പണത്തിന്റെ കുത്തൊഴുക്കും അഴിമതിയും ഈ രാഷ്ട്രീയ ജീര്‍ണതയുടെ പുറന്തോട് മാത്രമാണ്. ജനാധിപത്യ പ്രക്രിയ എന്ന സയുക്തികം വിളിക്കാവുന്ന സര്‍‌വ്വതിന്റേയും സര്‍‌വ്വവ്യാപിയായ ദ്രവീകരണമാണ് ഈ ജീര്‍ണതയുടെ കാതല്‍.”

കൂടാതെ ആശ്ചര്യകരമായ വിധത്തില്‍ അമേരിക്കനൈസ് ചെയ്യപ്പെട്ടു കഴിഞ്ഞ ഒന്നായിരിക്കുന്നു നമ്മുടെ ജനാധിപത്യമെന്നും അദ്ദേഹം ഖേദിക്കുന്നുണ്ട്. “മോക്ഷദായകനും രക്ഷകനുമായ രാഷ്ട്ര നായകനെ കേന്ദ്രീകരിച്ചുള്ള ഉപാസനാക്രമവും ഭീതിയുടേയും ഉന്മാദത്തിന്റേയും ഉല്പാദനവും ആണ് ഇന്ന് നാടിന്റെ അടിസ്ഥാന വഴക്കങ്ങള്‍. നിഗൂഢവും നിയന്ത്രണാതീതവുമായ ഉറവുകളില്‍ നിന്നൊഴുകുന്ന കോര്‍‌പ്പറേറ്റ് ശതകോടികളാല്‍ ആഘോഷിക്കപ്പെടുന്ന പ്രചാരണം എന്ന അതിവ്യയത്തോടും മുഴുവന്‍ സമയ വാര്‍ത്താചാനലുകളാലും അഭിപ്രായ വോട്ടെടുപ്പുകളാലും രാഷ്ട്രീയം വഴി നടത്തപ്പെടുന്നു.”

നീചസ്രോതസ്സുകളില്‍ നിന്നും ലഭ്യമാകുന്ന പണത്തിന്റെ ഒഴുക്ക് പ്രത്യക്ഷമായിത്തന്നെ നമ്മുടെ ജനാധിപത്യ ശരീരത്തെ മുറിപ്പെടുത്തുന്നതെങ്ങനെയെന്ന് ഇവിടെ നാം കാണുന്നു. രക്ഷകനായ ഒരു അതീതമാനവനെ സ്ഥാപിച്ചെടുക്കുവാന്‍ പണത്തിനു മുന്നില്‍ തലകുനിച്ചു നില്ക്കുന്ന നാലാംതൂണുകളുണ്ടാക്കുന്ന ഒച്ചപ്പാടുകളില്‍ അട്ടിമറിഞ്ഞു പോകുന്നത് ഒരു കാലത്ത് ഈ നാട് ആത്മാവോളം അടക്കിപ്പിടിച്ച ആശയങ്ങളാണ്. അവിടം കൊണ്ടാകുന്നില്ല, “ലിബറല്‍ സ്ഥാപന ഘടനകളെ അംഗീകരിക്കുകയും അതേ സമയം തന്നെ സ്റ്റേറ്റിന്റെ സ്ഥാപനങ്ങളെ ആന്തരികമായി പിടിച്ചെടുത്ത് ദീര്‍ഘകാലത്തേക്ക് രാഷ്ട്രാധികാര ശക്തി കൈപ്പിടിയിലൊതുക്കുവാനുള്ള പോരാട്ടത്തിലേര്‍‌‌പ്പെടുകയും ചെയ്യുക എന്ന ദ്വിമുഖ തന്ത്രമാണ് വര്‍ഷങ്ങളായി ആറെസ്സെസ്സ് കൈക്കൊണ്ടുപോരുന്നതെ” ന്ന ചിന്ത ശരിയാണെന്ന് സ്ഥാപിച്ചുറപ്പിക്കുവാന്‍ ധാരാളം ഉദാഹരണങ്ങള്‍ നമ്മുടെ കണ്‍മുന്നില്‍ത്തന്നയുണ്ട്.

പരമാധികാര ഫെഡറല്‍ കോടതി മുതല്‍ അത് ആരംഭിക്കുന്നു. എല്ലാ ഭരണഘടനാസ്ഥാപനങ്ങളും അത്തരത്തില്‍ മലിനപ്പെട്ടിരിക്കുന്നു.
ഇങ്ങനെ അതിവിപുലമായ തലത്തില്‍ ഫാസിസം പിടിമുറുക്കിയിരിക്കുന്ന ഒരവസ്ഥയില്‍ നിന്നും ഇന്ത്യയെ എങ്ങനെയാണ് മോചിപ്പിച്ച് എടുക്കാന്‍ കഴിയുക എന്നതാണല്ലോ ചോദ്യം? ഇവിടെയാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ പ്രസക്തി.

അത് എത്രമാത്രം തകര്‍ച്ചയിലാണെങ്കിലും പ്രതിവിധിയെ അന്വേഷിക്കുന്നവര്‍ക്ക് ഇടതുപക്ഷത്തെ അവഗണിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ കഴിയില്ല. ഐജാസ് ഇടതുപക്ഷത്തെ ഇങ്ങനെ അടിവരയിടുന്നു. “ഇന്ത്യയിലെ ഇടതുപക്ഷവുമായി ബന്ധപ്പെട്ട് മൂന്നു കാര്യങ്ങള്‍ ഞാന്‍ അടവരയിടുക തന്നെ ചെയ്യും. ഒന്ന് അനന്യമായ രാഷ്ട്രീയ അനുഭവ സമ്പത്തും ആഴമേറിയ സംഘാടകത്വവും ഇടതുപക്ഷത്തിന് സ്വന്തമാണ്.

ഇടതപക്ഷം പിന്‍വാങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടയിടങ്ങളിലെ ശൂന്യത നികത്തുവാന്‍ അവിടേയുമിവിടേയും ചിതറിക്കിടക്കുന്ന എന്‍ ജി ഒകള്‍ക്കോ സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കോ സാധിക്കുമെന്ന പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നത് അസ്ഥാനത്താണെന്ന് അര്‍ത്ഥം. രണ്ട് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടേയും പാവപ്പെട്ടവരുടേയും പക്ഷത്തോട് ചേര്‍ന്നു നില്ക്കുന്ന അവിരുദ്ധവും യുക്തിഭദ്രവുമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് കാത്തുസൂക്ഷിക്കുന്ന ഒരേയൊരു ഇന്ത്യന്‍ പ്രസ്ഥാനം ഇടതുപക്ഷമാണ്. മൂന്ന് ഇന്ത്യയിലെ ബൌദ്ധികവും സാംസ്കാരികവും കലാപരവുമായ മേഖലകളില്‍ മറ്റാര്‍ക്കും സ്വപ്നം പോലും കാണാനാകാത്തത്ര വിധത്തില്‍ വിപുലവും അനിതരസാധാരണവുമായ സാന്നിധ്യമാണ് ഇടതുപക്ഷം.അടിസ്ഥാന വിഭവങ്ങളെല്ലാം അതേപടി നിലനില്ക്കുന്നുണ്ട് എന്നര്‍ത്ഥം. അതേ സമയം അപാരമായ സാഹസികതയോടെ മാത്രമേ അടിസ്ഥാനപരമായ ഒരു പുനര്‍നിര്‍മാണത്തിന് ഇനി ഉദ്യമിക്കുവാന്‍ സാധിക്കുകയുള്ളു.”

ഐജാസ് ആഴത്തിലുള്ള ചില വെളിച്ചങ്ങള്‍ പ്രസരിപ്പിക്കുന്നുണ്ട്, ഈ അഭിമുഖത്തില്‍. അതിന്റെ ആകെത്തുകകളെ ഇടതുപക്ഷത്തിന്റെ സമഗ്രമായ മുന്നേറ്റത്തിന്റെ ചാലകശേഷിയായി വിനിയോഗിക്കുവാന്‍ കൂടി ഇടതുപക്ഷത്തിന് കഴിയേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഫാസിസ്റ്റ് മുക്ത ഭാരതം എന്ന സങ്കല്പത്തിന്റെ സിരകളില്‍ ചോരയോട്ടമുണ്ടാകുകയുള്ളു. ഐജാസ് ഉപയോഗിച്ച അതിസാഹസികത എന്ന പദത്തിന്റെ അതിവിശാലവും കാല്പനികേതരവുമായ അര്‍ത്ഥതലങ്ങളാണ് ഇന്ത്യന്‍‌ ഇടതുപക്ഷത്തിന്റെ വഴികാട്ടി.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.