Mon. Dec 23rd, 2024

ഇന്ന് കേരളത്തിലെ സമസ്ത മേഖലകളിലും ഇതരസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം ഉണ്ട്. എല്ലാ അപകടകരമായ തൊഴിലിടങ്ങളിലും ജോലിചെയ്യുന്നത് ഇതരസംസ്ഥാന തൊഴിലാളികൾ ആണ്. അന്തസ് കുറവാണെന്നു തോന്നുന്ന എല്ലാ മേഖലകളിലും മലയാളികൾ ഇന്ന് ആശ്രയിക്കുന്നത് ഇവരെയാണ്.

ലോകമെമ്പാടും കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, കേരളത്തിൽ 24 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 12800 ഓളം പേർ നിരീക്ഷണത്തിൽ തുടരുകയും ചെയ്യുമ്പോൾ കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾ സുരക്ഷിതരാണോ?

കേരളത്തിലെ ആദ്യ കൊറോണ റിപ്പോർട്ട് ചെയ്തതുമുതൽ ഇന്നുവരെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ രോഗം സ്ഥിരീകരിക്കുകയോ നിരീക്ഷണത്തിൽ വയ്ക്കുകയോ ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. എന്നാൽ ജീവിതസാഹചര്യം വളരെ മോശമായതിനാൽ ക്ഷയം, കൊറോണ പോലുള്ള പകർച്ചവ്യാധികൾ പിടിപെടാനും മറ്റുള്ളവരിലേക്ക് പകരാനും സാധ്യത കൂടുതലാണ്. ഭാഷയുടെയും ചെയ്യുന്ന തൊഴിലിന്റെയും പേരിൽ നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങൾക്കു വിധേയരാവുന്നുണ്ട് ഇവർ. കൊറോണ കാലത്തും ഇവർക്കെതിരെയുള്ള ചൂഷണങ്ങൾ നടക്കുന്നു.

കേരളത്തിൽ ഉള്ള ഭൂരിഭാഗം ഇതരസംസ്ഥാനതൊഴിലാളികളും അസം, പശ്ചിമബംഗാൾ, ഒറീസ, തമിഴ്നാട്, ബീഹാർ എന്നി സംസ്ഥാനങ്ങളിൽ നിന്നാണ്. ഈ സംസ്ഥാനങ്ങളിലെ ന്യുനപക്ഷങ്ങളായിട്ടുള്ളവരോ പട്ടികജാതി, പട്ടികവർഗ പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരോ ആണ് മിക്കവരും. ഭാഷ പരിമിതികൾ, വിദ്യാഭ്യാസ പരിമിതികൾ, നിരക്ഷരത എന്നിവ കാരണം ഇവർക്കിടയിലെ ബോധവത്കരണം ബുദ്ധിമുട്ടുള്ള പ്രക്രിയയാണ്.

പ്രധാനമായും രണ്ടുതരം തൊഴിൽ വിഭാഗങ്ങൾ

ഒന്നാമത്തെ വിഭാഗം സ്വതന്ത്രമായി തൊഴിൽ ചെയ്യുന്നവരാണ്, ആരുടേയും കീഴിൽ അല്ലാതെ  സ്വയം തൊഴിൽ തേടി എത്തിയവർ. തൊഴിൽ തേടി യാത്ര ചെയ്യുന്നവരായതിനാൽ ആളുകളുമായി കൂടുതൽ സമ്പർക്കം ഉണ്ടാവാൻ ഇടയാവുന്നു.

രണ്ടാമത്തേത്, ഫാക്ടറികൾ മറ്റു കമ്പനികൾ തുടങ്ങി ലേബർ കോൺട്രാക്ടർ മാരുടെ കീഴിൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ. ഇത്തരക്കാർ സ്ഥാപനങ്ങളിൽത്തന്നെ താമസിക്കുകയും മറ്റു സ്ഥലങ്ങളുമായി ബന്ധം കുറവുമായിരിക്കും. എന്നാൽ ഹോട്ടലുകളിൽ ജോലിചെയ്യുന്നവർക്ക് പൊതുജനങ്ങളുമായി സമ്പർക്കം കൂടുതൽ ഉണ്ടാവാൻ സാധ്യതയുണ്ട്.

screengrab;copyrights:evartha

കൊറോണ സമയത്തെ സർക്കാർ നടപടി

ആദ്യത്തെ കൊറോണ ബാധ സ്ഥിരീകരിച്ചപ്പോൾത്തന്നെ നാഷണൽ ഹെൽത്ത് മിഷന്റെ നേതൃത്വത്തിൽ ബംഗാളി, ആസാമീസ്, ഒറിയ, ഹിന്ദി ഭാഷകളിലുള്ള ശബ്ദ സന്ദേശങ്ങൾ ഫെബ്രുവരി ആദ്യ വാരത്തിൽ തന്നെ പ്രചരിപ്പിച്ചു.

തൊഴിലാളികളിൽ മിക്കവരും നിരക്ഷരർ ആയതിനാൽ ശബ്ദസന്ദേശങ്ങളെ കൂടുതൽ ഉപയോഗിച്ചു. കൊറോണ വൈറസ് സംബന്ധിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി ഇതര ഭാഷകളില്‍ ആനിമേറ്റഡ് വീഡിയോകള്‍ തൊഴില്‍ വകുപ്പിന്റെ സഹായത്തോടെ സാമൂഹിക മാദ്ധ്യമങ്ങള്‍, വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ എന്നിവ വഴി പ്രചരിപ്പിച്ചു.

സംസ്ഥാനത്തു കൊറോണ രണ്ടാമതും റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ഈ സന്ദേശങ്ങൾ വാട്സാപ്പ് വഴിയും, അല്ലെങ്കിൽ വളണ്ടിയർമാർ മുഖേന പ്രചരിപ്പിക്കുകയും. ഐടിബിപി സൈനികർ, വിമുക്തഭടന്മാർ എന്നിവരെ ക്ലാസുകളിൽ ദ്വിഭാഷികളായി ഉപയോഗിക്കുകയും ചെയ്തു. ജോലി കുറവായതിനാൽ തൊഴിലാളികൾ കൂട്ടമായി പൊതുസ്ഥലങ്ങളിൽ വരുന്നത് ഒഴിവാക്കി ക്യാമ്പുകളിൽ കഴിയുന്ന സാഹചര്യമുണ്ടാക്കാൻ നിർദ്ദേശിച്ചു.

നാഷണൽ ഹെൽത്ത് മിഷൻ ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്നും വളണ്ടിയർമാരെ തിരഞ്ഞെടുത്തു പരിശീലനം നൽകി അവർ വഴി ബോധവത്കരണം നടത്തുകയും ചെയ്തു.

ഇത്തരത്തിൽ ഇതരസംസ്ഥാന തൊഴിലാളികളിൽ കോവിഡ്19 നെതിരെ ശക്തമായ ബോധവത്കരണ, മുൻകരുതൽ നടപടികൾ കൈക്കൊണ്ടതായി സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസിവ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ(CMID) ബിനോയ് പീറ്റർ വോക്ക് മലയാളത്തോട് പറഞ്ഞു.

കേരളത്തിൽ നിന്നും തിരിച്ച് ആസാമിലേക്കു പോയ ഒരു തൊഴിലാളി രോഗലക്ഷണങ്ങൾ ഉള്ളതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലാണ്. ജോലി സാധ്യതകൾ കുറഞ്ഞതുകാരണം മിക്ക തൊഴിലാളികളും സ്വന്തം സംസ്ഥാനങ്ങളിലേക്കു തിരിച്ചു പോവുകയാണ്.

കൊറോണ ബാധയെ തുടർന്ന് ജോലി നഷ്ടപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു (credits:ദേശാഭിമാനി )

രാജ്യത്ത് കൊറോണ ബാധയെ തുടർന്ന് നിയന്ത്രണങ്ങൾ ശക്തമാക്കിയതും കോവിഡ്19 നെതിരെ സർക്കാർ പ്രചാരണം ഊർജ്ജിതമാക്കിയതും ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ ജനശ്രദ്ധ നേടാൻ ഇടയാക്കിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ വരും നാളുകളിൽ കേരളത്തിൽ നിന്നും ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി തിരിച്ചുപോകാൻ ഉള്ള സാധ്യതയുണ്ട്. മടങ്ങിപ്പോകുന്ന തൊഴിലാളികളിൽ ആർക്കെങ്കിലും കൊറോണ ബാധയുണ്ടാവാൻ ഇടയായാൽ അത് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പടരാൻ ഇടയാക്കും. അതോടൊപ്പം കേരളത്തിലെ സാമ്പത്തിക മേഖല പാടെ തകർത്തുകൊണ്ടായിരിക്കും ആ മടക്കം. ആരോഗ്യവകുപ്പിന്റെ പരിശോധനകൾ ആരംഭിച്ചതിനാൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ 5000 ഓളം വരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പ്രളയ സമയത്തെ സർക്കാരിന്റെ പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസ്സസ്മെന്റ് (PDNA) കണക്കുകൾ പ്രകാരം 35 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്. ഭൂരിഭാഗം പേരും എറണാകുളം ജില്ലയിലാണ്, കേരളത്തിന്റെ വിദൂരപ്രദേശങ്ങളിൽ പോലും ഇവരുടെ സാന്നിധ്യം ഉണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാങ്ങളിൽ നിന്നും വരുന്നവരിൽ പ്രായാധിക്യം ഉള്ളവർ ഉണ്ട്. ഇവരെ പ്രത്യേകം ശ്രദ്ധിക്കേണ്ട സാഹചര്യമാണ് ഇപ്പോൾ.

അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ബോധവത്കരണ ക്ലാസ്സ്,I &PRD

കോവിഡ് പശ്ചാത്തലത്തിൽ അരൂരിലെ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തുന്നു

ഇതര സംസ്ഥാന തൊഴിലാളി ക്ഷേമ പദ്ധതികള്‍

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ആവിഷ്‌കരിച്ച ആവാസ് സൗജന്യ ഇന്‍ഷൂറന്‍സ് പദ്ധതി രാജ്യാന്തര തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആവാസ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം പ്രകാരം രജിസ്റ്റര്‍ ചെയ്ത തൊഴിലാളിക്ക് 25,000 രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിക്കുന്നത്. അപകടത്തെ തുടര്‍ന്നുണ്ടാകുന്ന അംഗവൈകല്യത്തിന് ഒരു ലക്ഷം വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. അപകട മരണത്തിന് ആവാസ് പദ്ധതിയില്‍ രണ്ടു ലക്ഷത്തിന്റെ പരിരക്ഷ നിലവിലുണ്ട്.

സംസ്ഥാനത്ത് തൊഴിലെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള സൗജന്യ സഹായകേന്ദ്രമായ‘ശ്രമിക് ബന്ധു‘വിൽനിന്നു ലഭിക്കുന്ന സേവനങ്ങള്‍.

1. സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നിയമപരമായ അവകാശങ്ങളെ കുറിച്ച് അറിവ് നല്‍കുക.

2. സംസ്ഥാന സര്‍ക്കാറിന്റെ വിവിധ ആനുകൂല്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക.

3. ഇതര സംസ്ഥാന തൊഴിലാളികളുടെ ദൈനംദിന, തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുക.

4. ഇതര സംസ്ഥാന തൊഴിലാളികളുടെ ജോലി, ബാങ്കിങ്, ആരാഗ്യം, യാത്ര സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും മാര്‍ഗ നിര്‍ദ്ദേശം നല്‍കുക.

5. ജോലിക്കിടെ അപകടത്തില്‍പ്പെട്ട് മരണപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്നും ആവശ്യമായ ധനസഹായം ലഭ്യമാക്കാന്‍ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുക.

6. ആവാസ് പദ്ധതി പ്രകാരമുള്ള ബയോമെട്രിക് കാര്‍ഡ് നല്‍കുന്നതിനുള്ള സ്ഥിരം സെന്റര്‍ ആയി പ്രവര്‍ത്തിക്കുക.

7. ആവാസ് പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുക.