കൊറോണ വൈറസ് ഭീതിയില്‍ ബിസിനസ്, വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതിനാല്‍ അമേരിക്ക അടക്കം മറ്റു പല സമ്പദ്‌വ്യവസ്ഥകളും മാന്ദ്യത്തിലേക്ക് പോവുകയാണ്.
മുപ്പത് ദിവസത്തെ യാത്രാ നിരോധനവുമായി അമേരിക്ക രംഗത്ത് വന്നതോടെ, ആഗോള വിമാന ഗതാഗതത്തെ ആശ്രയിച്ചിരുന്ന ബിസിനസ്സുകള്‍ വന്‍ പ്രതിസന്ധിയിലായി. രാജ്യങ്ങളിലുടനീളം ഉപഭോക്തൃ ചെലവുകള്‍ ഗണ്യമായി കുറഞ്ഞു. വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കില്‍, 2008-2009 കാലയളവിലെ സാമ്പത്തിക മാന്ദ്യത്തെക്കാള്‍ മോശമായിരിക്കും വരാനിരിക്കുന്ന പ്രതിസന്ധിയെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വാദം.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചുകൊണ്ട് സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന് പുറമെ 700 ബില്യണ്‍ ഡോളര്‍ വിപണിയിലിറക്കുമെന്നും ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിച്ചിട്ടുണ്ട്.
യുറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നീ കേന്ദ്ര ബാങ്കുകളുമായി സഹകരിച്ചാണ് ഫെഡറല്‍ റിസര്‍വിന്റെ നീക്കം. എന്നിരുന്നാലും, ലോക വിപണിയിൽ തകർച്ച അനുഭവപ്പെടുകയാണ്.
കൊവിഡ് 19 എന്ന മഹാമാരി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മുരടിപ്പിക്കുമോ? ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തില്‍ കൊവിഡ് 19 സ്വാധീനം എങ്ങനെ ആയിരിക്കും വിലയിരുത്തപ്പെടുന്നത്?
സാമ്പത്തിക രംഗത്തെ ഇന്ത്യ-ചൈന ബന്ധം
കൊറോണ വൈറസ്സിന്റെ പ്രഭവ കേന്ദ്രം ചൈനയാണെന്നത്, ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ വളരെ ഏറെ തളര്‍ത്തിയിട്ടുണ്ട്. കയറ്റുമതി-ഇറക്കുമതി വ്യാപാരത്തില്‍ ഇന്ത്യ ചൈനയെ ആശ്രയിക്കുന്നു എന്നതു തന്നെയാണ് ഇതിനു കാരണം.
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 20 മികച്ച ഉത്പന്നങ്ങളില്‍ ഭൂരിഭാഗവും ചൈനയില്‍ നിന്നാണ്. ഇതില്‍ ഇലക്ട്രോണിക് ഉത്പന്നങ്ങളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
ഇന്ത്യയിലേക്കെത്തുന്ന യന്ത്ര സാമഗ്രികളുടെ മൂന്നിലൊന്നു ഭാഗവും, ജൈവ-രാസ വസ്തുക്കളുടെ മൂന്നില്‍ രണ്ട് ഭാഗവും ചൈനയില്‍ നിന്നാണ്. ഇതിനു പുറമെ 60 മുതല്‍ 70 ശതമാനം ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളും 90 ശതമാനത്തോളം മൊബൈല്‍ ഫോണുകളും ചൈനയില്‍ നിന്നാണ് വരുന്നത്.
അതേ സമയം, ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി പങ്കാളിയാണ് ചൈന. ഏകദേശം 5 ശതമാനമാണ് കയറ്റുമതി വ്യാപാരത്തില്‍ ചൈനയുടെ വിഹിതം. രാസവസ്തുക്കള്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, മത്സ്യ ഉത്പന്നങ്ങള്‍, പരുത്തി, അയിരുകള്‍ തുടങ്ങിയവയുടെ കയറ്റുമതിയിലാണ് കൊറോണ വൈറസ് ബാധയുടെ പരിണിത ഫലങ്ങള്‍ കൂടുതലായി പ്രതിഫലിക്കുന്നത്.
ഇന്ത്യന്‍ കമ്പനികളില്‍ ഭൂരിഭാഗവും കിഴക്കന്‍ ചൈനയിലാണ് സ്ഥിതി ചെയ്യുന്നത് എന്നതും സാമ്പത്തിക മേഖലയെ പിടിച്ചു കുലുക്കി. ഷാങ്ഹായ്, ബീജിംങ്, ഗുവാങ്ഡോംഗ് എന്നീ പ്രവിശ്യകളിലും, ജിയാങ്സു, ഷാന്‍ഡോംഗ് എന്നീ നഗരങ്ങളിലുമായാണ് 72 ശതമാനത്തോളം ഇന്ത്യന്‍ കമ്പനികള്‍ ഉള്ളത്.
വ്യാവസായിക ഉൽപ്പാദനം, നിർമ്മാണ സേവനങ്ങൾ, ഐടി, ബിപിഒ, ലോജിസ്റ്റിക്സ്, കെമിക്കൽസ്, എയർലൈൻസ്, ടൂറിസം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ഇവ.
2020 ൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് 1-2 ട്രില്യൺ ഡോളര്‍ നഷ്ടമുണ്ടാകുമെന്നാണ് യുഎൻ വ്യാപാര-വികസന കോൺഫറൻസ് അഭിപ്രായപ്പെടുന്നത്. വൈറസ് ബാധകാരണം പ്രഹരമേറ്റ പ്രധാനപ്പെട്ട മേഖലകള്‍ ഇവയാണ്,
വ്യോമയാന മേഖല
കോവിഡ് -19 ന്റെ വ്യാപനം തടയാനുള്ള ശ്രമത്തിന്റെങ
ഭാഗമായി മാർച്ച് 12 ന് ഇന്ത്യ എല്ലാ വിസകളും ഒരു മാസത്തേക്ക് നിർത്തിവച്ചിരുന്നു. ഇത് വിമാനക്കമ്പനികളുടെ ദുരിതങ്ങൾക്ക് ആക്കം കൂട്ടി. ഇന്ത്യൻ സ്വകാര്യ വിമാനക്കമ്പനികളുടെ 93 അന്താരാഷ്ട്ര വിമാനങ്ങളും ആഗോള വിമാനക്കമ്പനികളുടെ 492 വിമാനങ്ങളും റദ്ദാക്കിയതായാണ് മാര്‍ച്ച് 6 ന് ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ട കണക്കുകള്‍.
ആഭ്യന്തര വിഭാഗത്തില്‍ അടുത്ത കുറച്ച് ആഴ്ചകള്‍ കൂടി ഡിമാന്റ് കുറവായിരിക്കുമെന്നും, മറ്റ് പകര്‍ച്ചവ്യാധികള്‍ ഉണ്ടാക്കിയതിനെക്കാള്‍ വലിയ ആഘാതമാണ് കൊറോണ സൃഷ്ടിച്ചിരിക്കുന്നതെന്നും, ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സിയായ സിഎപിഎ, ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് കപില്‍ കൗള്‍ പറയുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിന ബുക്കിംഗിൽ 15-20% ഇടിവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ ത്രൈമാസ വരുമാനത്തില്‍ സാരമായ കുറവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് വിമാനക്കമ്പനികള്‍ക്ക് പ്രതിസന്ധി ഉണ്ടാക്കിയ സാഹചര്യത്തിലാണ് കൊറോണ വ്യാപനം ഭീഷണിയായെത്തുന്നത്.
ഹോട്ടല്‍ മേഖല
രാജ്യത്താകമാനമുള്ള ബിസിനസ് സ്ഥാപനങ്ങള്‍ അനാവശ്യ യാത്രകള്‍ വിലക്കുന്നതിനാല്‍ പ്രധാന നഗരങ്ങളിലെ ബിസിനസ് ഹോട്ടലുകളെല്ലാം കനത്ത നഷ്ടമാണ് നേരിടുന്നത്. “ഈ ഹോട്ടലുകളില്‍ ശരാശരി താമസക്കാര്‍ 70 മുതല്‍ 75 ശതമാനത്തിനൽ നിന്ന് 20 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ്” പോസ്റ്റ് കാര്‍ഡ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ്, സ്ഥാപകനും സിഇഒയുമായ കപില്‍ ചോപ്ര പറയുന്നു.
വൈറസ് ബാധയെത്തുടര്‍ന്ന് പൊതുയിടങ്ങളിലുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ ജനങ്ങള്‍ കൂടുതല്‍ ശ്രമിക്കുന്നതിനാല്‍, റസ്റ്റോറന്‍റ് ബിസിനസില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 30 മുതല്‍ 35 ശതമാനം കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
ഷോപ്പിങ്ങ് മാളുകളിലെ റസ്റ്റോറന്‍റ് ബിസിനസ് കുത്തനെ ഇടിഞ്ഞതായി, നാഷണല്‍ റസ്റ്റോറന്‍റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ് അനുരാഗ് കത്രിയാര്‍ പറയുന്നു.
മാര്‍ച്ച് 31 വരെ സിനിമാ തീയേറ്ററുകള്‍ അടച്ചിടാന്‍ ഡല്‍ഹി, കേരളം, ജമ്മു കാശ്മീര്‍ എന്നിവിടങ്ങലില്‍ തീരുമാനമായിട്ടുള്ളതാണ്. മഹാരാഷ്ട്രയിലെ പ്രമുഖ നഗരങ്ങളിലെ തീയേറ്ററുകള്‍ക്കും അടച്ചിടാന്‍ നിര്‍ദ്ദേശം ലഭിച്ച സാഹചര്യത്തില്‍ പിവിആർ സിനിമാസ്, ഐനോക്സ് ലഷർ ലിമിറ്റഡ് തുടങ്ങിയ മൾട്ടിപ്ലക്‌സ് ശൃംഖലകള്‍ പ്രതിസന്ധിയിലാവുകയാണ്.
ആഗോള തലത്തിലും, ഇന്ത്യയിലും പ്രധാനപ്പെട്ട പല സിനിമകളുടെയും റിലീസ് മാറ്റിവച്ചിരിക്കുകയാണ്. ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസി, നോ ടൈം ടു ഡൈ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളും, അക്ഷയ് കുമാറിന്റെ സൂര്യവംശി പോലുള്ള ബോളിവുഡ് സിനിമകളും ഇവയില്‍ ഉള്‍പ്പെടുന്നു.
വസ്ത്ര മേഖല
ഇന്ത്യൻ വസ്ത്ര നിർമ്മാതാക്കളുടെ വരുമാനത്തിന്റെ 60% കയറ്റുമതിയിലൂടെയാണ് ലഭിക്കുന്നത്. 2018-19 ൽ ഇന്ത്യ ഒരു ലക്ഷം കോടി രൂപയുടെ വസ്ത്രങ്ങൾ കയറ്റുമതി ചെയ്തതായി വാണിജ്യ മന്ത്രാലയം അറിയിക്കുന്നു.
വസ്ത്ര കയറ്റുമതിയുടെ മൂന്നിലൊന്ന് ഭാഗവും യൂറോപ്പിലേക്കാണ്. ലോകാരോഗ്യ സംഘടന ഈ പ്രദേശത്തെ പുതിയ പ്രഭവകേന്ദ്രമായി പ്രഖ്യാപിച്ചതോടെ പുതിയ ഓർഡറുകളെ ഇത് ബാധിച്ചു. “അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. നിലവിലെ അവസ്ഥ 2-3 ആഴ്ചകള്‍ തുടരുകയാണെങ്കില്‍ വളരെ മോശമായിരിക്കും ഇൻഡസ്ട്രിയുടെ സ്ഥിതി,” ഇന്ത്യയിലെ ഏറ്റവും വലിയ ടെക്സ്റ്റൈൽ ഹബായ തിരുപ്പൂരിലെ, എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ തലവന്‍ രാജാ ഷണ്‍മുഖം പറയുന്നു.
ഷോപ്പിങ് മാളുകള്‍ അടച്ചിടുന്നതും, ആളുകള്‍ പൊതു ഇടങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുന്നതും രാജ്യത്തെ വസ്ത്ര വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.
കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, ഇലക്ട്രോണിക്സ് മേഖല
രോഗഭീതി മൂലം ആളുകള്‍ കടകളിലേക്ക് വരാത്തതാണ് വിപണിയെ മോശമായി ബാധിക്കുന്നതെന്ന് കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കമല്‍ നന്ദി പറയുന്നു.
ക്രെഡിറ്റ് റേറ്റിംഗ് ഇൻഫർമേഷൻ സർവീസസ് ഓഫ് ഇന്ത്യ ലിമിറ്റഡ് (CRISIL) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉപഭോക്തൃ ഉപഭോഗത്തിന്റെ 45 ശതമാനം ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്.
എയര്‍ കണ്ടീഷ്ണറുകളിലെ കംപ്രസ്സറുകള്‍, ടിവി പാനലുകളിലെ ഓപ്പണ്‍ സെല്‍ തുടങ്ങിയ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ ചൈനയില്‍ നിന്നാണ് ഇന്ത്യയിലെത്തുന്നത്. അതുപോലെ, ഇന്ത്യയിലേക്കുള്ള മൊബൈൽ ഹാൻഡ്‌സെറ്റ് കയറ്റുമതി, ചൈനയില്‍ വിതരണ തടസ്സമുള്ളതിനാല്‍ നിലച്ചിരിക്കുകയാണ്.
2019 നെ അപേക്ഷിച്ച്, ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ മൊബൈൽ കയറ്റുമതിയിൽ 15% ഇടിവുണ്ടായതായാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. അടുത്ത മൂന്നു മാസക്കാലയളവില്‍ ഈ കണക്കുകളില്‍ സാരമായ മാറ്റം ഉണ്ടാകാനും സാധ്യതയില്ല.
ഇറച്ചിക്കോഴി, മത്സ്യം
വൈറസ് ബാധ സ്ഥിരീകരിച്ചതു മുതല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകളുടെ പ്രവാഹമായിരുന്നു. ചൈനയുടെ ഭക്ഷണ രീതിയെക്കുറിച്ചായിരുന്നു മിക്ക വാര്‍ത്തകളും. വൂഹാന്‍, ചൈനയിലെ പ്രമുഖ മത്സ്യ-മാംസ വിപണന കേന്ദ്രമായതിനാല്‍ മാംസം കഴിക്കുന്നത് സംബന്ധിച്ച് കടുത്ത നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നു.
ഇതിനോടനുബന്ധിച്ച് ഇന്ത്യക്കാരുടെ ഇഷ്ടഭക്ഷണമായ ചിക്കന്‍, ബീഫ് തുടങ്ങിയവയുടെ വിപണി 30 ശതമാനത്തോളം ഇടിഞ്ഞിരുന്നു. കടകളില്‍ സ്റ്റോക്ക് വര്‍ദ്ധിക്കുകയും, എന്നാല്‍ ഡിമാന്‍റ് കുറയുകയും ചെയ്തപ്പോള്‍ 25 രൂപ നിരക്കിലായിരുന്നു, രാജ്യത്ത് പലയിടങ്ങളിലും പിന്നീട് ചിക്കന്‍ വിറ്റഴിച്ചത്.
കോഴിയിറച്ചികളിലൂടെ വൈറസ് പടരില്ലെന്ന് ഭക്ഷ്യ സുരക്ഷാ റെഗുലേറ്ററി ജനങ്ങൾക്ക് ഉറപ്പ് നൽകിയെങ്കിലും, 80,000 കോടി രൂപയുടെ ചിക്കൻ വ്യവസായം തിരിച്ചുപിടിക്കാന്‍ ആഴ്ചകളെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കയറ്റുമതി വ്യാപാരം ആശങ്കയിലായതാണ് മത്സ്യ വിപണിയെ പിടിച്ചു കുലുക്കിയത്. മറൈൻ പ്രൊഡക്റ്റ്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 2018-19ൽ 46,600 കോടി രൂപയുടെ സമുദ്രോത്പന്ന കയറ്റുമതി നടത്തിയിരുന്നു. യുഎസ്, യൂറോപ്യൻ യൂണിയൻ, ചൈന എന്നിവിടങ്ങളാണ് മുന്‍ നിര വിപണികള്‍.
2003ല്‍ സാര്‍സ് രോഗം വ്യാപിച്ചപ്പോള്‍ 8,000 ആളുകളെ ബാധിക്കുകയും 774 പേർ മരണപ്പെടുകയും ചെയ്തു. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് 50 ബില്യൺ യുഎസ് ഡോളറായിരുന്നു അന്ന് നഷ്ടപ്പെട്ടത്. അതേസമയം, ദക്ഷിണ കൊറിയയിൽ 2015ല്‍ മെർസ് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 200 പേരെ ബാധിക്കുകയും 38 പേർ മരിക്കുകയും ചെയ്തിരുന്നു. അന്ന് 8.5 ബില്യൺ യുഎസ് ഡോളറായിരുന്നു സമ്പദ്‌വ്യവസ്ഥയ്ക്ക് നഷ്ടം. കൊറോണ വൈറസ് ഇവയെക്കാള്‍ സാമ്പത്തിക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് ഇതുവരെയുള്ള സാമ്പത്തിക സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്.