പെട്രോൾ വിലവർധന ഇന്ത്യയിലെ ജനങ്ങൾ ആദ്യമായല്ല അനുഭവിക്കുന്നത് ,ആഗോളവിപണിയിലെ വിലവര്ധനയ്ക്കനുസരിച്ചു ഇന്ത്യയിലെ വിലയും കൂടും. പക്ഷെ ആഗോളതലത്തിൽ പെട്രോളിന് വില കുറഞ്ഞാലോ അപ്പോഴു ഇന്ത്യയിലെ പെട്രോൾ വില കൂടുകയോ പഴയതുപോലെ തുടരുകയോ ചെയ്യും.
പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രിക്കുന്നതിനുള്ള സർക്കാറിന്റെ അധികാരം നീക്കുകയും പകരം പെട്രോളിയം കമ്പനികൾക്ക് നൽകുകയും, സബ്‌സിഡി എടുത്തുകളയുകയും ചെയ്ത നടപടി ആണ് ആഗോളവിപണിയിൽ വില കൂടുമ്പോൾ ഇന്ത്യയിൽ ആനുപാതികമായി വിലകൂടാൻ കാരണം. എന്നാൽ ആഗോളവിപണിയിൽ വിലകുറയുമ്പോൾ ആനുപാതികമായി വില കുറയണമെങ്കിലും എക്‌സൈസ് തീരുവ വർധിപ്പിച്ചു വിലകുറവിന്റെ നേട്ടം ജനങ്ങൾക്ക് ലഭ്യമാകാതെ ജനങ്ങളെ പിഴിയുകയാണ് സർക്കാർ.
നിലവിലെ സാഹചര്യത്തിൽ ക്രൂഡ് ഓയിലിന്റെ വിലയിൽ കഴിഞ്ഞ 21 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് 31ഡോളർ ,1991 ശേഷം ഒറ്റദിവസം ഉണ്ടായ ഏറ്റവും വലിയ വിലയിടിവാണ് 52 നിന്ന് 31ഡോളറിലേക്കുള്ള വീഴ്ച ഏകദേശം 30 ശതമാനം ഇടിവ്.
ആഗോളതലത്തിൽ വിലയിടിവിന് കാരണം
ചൈനയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യം. എന്നാൽ കൊറോണ വൈറസ് ബാധയെ തുടർന്ന് പെട്രോൾ ഡീസൽ ഉപഭോഗവും റിഫൈനിംഗും ചൈനയിൽ കുറഞ്ഞു. മുൻപ് 40 ലക്ഷം ബാരൽ ക്രൂഡോയിൽ ഉപയോഗിച്ചിരുന്ന ചൈന പെട്ടന്ന് ഉപഭോഗം കുറച്ചു. മിക്ക ലോകരാജ്യങ്ങളെയും കൊറോണ ബാധിച്ചതോടുകൂടി ലോകത്തു പെട്രോളിയും ഉത്പന്നങ്ങളുടെ ഉപഭോഗത്തിൽ വലിയ കുറവ് ഉണ്ടായി.റോഡുകളില്‍ വാഹനങ്ങള്‍ ഓടുന്നത് കുറഞ്ഞു, വിമാനങ്ങളുടെ സര്‍വീസ് ഇടിഞ്ഞു. പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ഫ്യൂവല്‍ അങ്ങനെ എല്ലാ എണ്ണ ഉത്പന്നങ്ങളുടെയും ഉപഭോഗം കുറഞ്ഞു
പെട്രോളിയം ഉത്പാദനം നിയന്ത്രിക്കുന്നതുമായി ബന്ധപെട്ടു ഒപെകും (ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ് കണ്‍ട്രീസ്), റഷ്യയും തമ്മില്‍ ഉണ്ടായ ധാരണാപിശകാണ് വില ഇടിവിനുള്ള പ്രധാന കാരണം. ലോകത്തെ ഏറ്റവും വലിയ ക്രൂഡോയില്‍ ഉത്പാദകരിലൊരാളായ സൗദി അറേബ്യയാണ് ഒപെക് നിയന്ത്രിക്കുന്നത്. കൊറോണ ബാധയെ തുടർന്ന് അന്താരഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില താഴേക്കു പോകാൻ തുടങ്ങിയതോടെ ഉദ്പാദനം നിയന്ത്രിക്കാൻ സൗദി അറേബ്യ തീരുമാനിക്കുകയും ഇത് റഷ്യയോടും ആവശ്യപ്പെട്ടു. എന്നാൽ റഷ്യ അതിനു വഴങ്ങാതായതോടുകൂടി സൗദിയും നിയന്ത്രണം ഉപേക്ഷിച്ചു, റഷ്യയോടുള്ള പ്രതികാര നടപടി എന്നോണം സൗദി എണ്ണ ഉൽപാദനം കൂട്ടി. അതോടെ എണ്ണയുടെ വിതരണം കൂടുകയും ഉപഭോഗം കുറയുകയും ചെയ്തു തുടർന്ന് എണ്ണയുടെ വില അന്താരാഷ്ട്ര വിപണയിൽ വൻതോതിൽ ഇടിയാൻ കാരണമായി.
വിലകൂട്ടുന്നയിടങ്ങൾ
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ ബാരലിന് 2200 രൂപയിലും താഴെ പോയി. അതായതു ഒരു ലിറ്റർ ക്രൂഡോയിലിന്റെ അന്താരാഷ്ട്ര വിപണി വില 14 രൂപയിൽ താഴെ മാത്രം. ഇന്ത്യയിൽ ഇറക്കുമതിക്ക് ശേഷം റിഫൈനറികളിൽ എണ്ണ ശുദ്ധീകരിക്കുകയും അതിന് റീഫിനെറിങ് കമ്പനികൾ ചെലവ് ഈടാക്കുകയും ചെയ്യും. പിന്നീട് കേന്ദ്ര സംസ്ഥാന നികുതികൾ,ട്രാൻസ്പോർട്ടേഷൻ ചിലവുകൾ,സെസ്സുകൾ, ഡീലറുടെ കമ്മീഷൻ എന്നിങ്ങനെ ഉപഭോഗ്താവിലെത്തുബോൾ വാങ്ങിയ അടിസ്ഥാന വിലയേക്കാൾ ഇരട്ടിയോളം രൂപയാവും. അങ്ങനെ വന്നാലും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്ഓയിൽ വിലയിടിയുമ്പോൾ അതിനു ആനുപാതികമായി ഇന്ത്യയിലും വിലകുറയേണ്ടതാണ്.
ആഗോളവിപണിയിൽ 30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിൽ പെട്രോൾ വിലയിൽ കുറഞ്ഞത് 5 രൂപയെങ്കിലും കുറവുണ്ടാകേണ്ടതാണ്. എന്നാൽ എക്‌സൈസ് തീരുവ കൂട്ടുകയാണ് സർക്കാർ ചെയ്തത്, റോഡ് സെസ്സ് അടക്കം ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചു. നിലവിൽ പെട്രോൾ ലിറ്ററിന് 19.98 രൂപയും ഡീസലിന് 15.83 രൂപയുമാണ് എക്‌സൈസ് തീരുവ. വർദ്ധനവ് വരുന്നതോടുകൂടി പെട്രോൾ ലിറ്ററിന് 22.98 രൂപയും ഡീസലിന് 18.83 രൂപയുമായി വർധിക്കും. ഇതുവഴി 3900 കോടിയുടെ അധികവരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു നികുതി. തുടർന്ന് 15 മാസത്തിനുള്ളിൽ പെട്രോളിന്റെ നികുതി ലിറ്ററിന് 11.77 രൂപയും ഡീസലിന് ലിറ്ററിന് 13.47 രൂപയും വർധിപ്പിച്ചു. ഇതിൽ നിന്നും സർക്കാരിന്റെ വരുമാനം 2014-2015ലെ 99000 കോടിയിൽ നിന്നും 2016-2017 കാലയളവിൽ 242000 കൂടിയായി വർധിച്ചു.
ജനുവരിയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ
ആഗോള വിപണിയിൽ ജനുവരി ക്രൂഡോയിൽ വില ബാരലിന് 4784 രൂപ. ഒരു ബാരലിൽ 159 ലിറ്റർ ക്രൂഡ് ഓയിൽ അപ്പോൾ ഒരു ലിറ്ററിന് 30.08 രൂപ. റിഫൈനിംഗ് വഴി ഒരു ലിറ്റർ പെട്രോൾ ഉല്പാദിപ്പിക്കാൻ എടുക്കുന്ന ചിലവ് 5.52 രൂപ. ഡീസലിന് 9.53രൂപ. അപ്പോൾ റിഫൈനിംഗിന് ശേഷം വരുന്ന വില പെട്രോളിന് 35.6 രൂപ,ഡീസലിന് 39.6 രൂപ. ശേഷം കേന്ദ്ര സർക്കാരിന്റെ റോഡ് സെസും,എക്‌സൈസ് നികുതിയും ഇതിനോടൊപ്പം കൂട്ടുന്നു. അങ്ങനെ ഒരു ലിറ്റർ പെട്രോളിൻമേൽ 19.98 രൂപയും ഡീസലിന് 15.83 രൂപയും ചേർത്ത് വിലകൾ യഥാക്രമം പെട്രോൾ 55.58,ഡീസലിന് 55.44 രൂപയും ആവുന്നു.
അടുത്തതായി പെട്രോൾ ഡീലർമാരുടെ കമ്മീഷനാണ്. പെട്രോളിനും ഡീസലിനും യഥാക്രമം 3.59,2.52രൂപയാണ് ഡീലര്മാരുടെ കമ്മീഷൻ. തുടർന്ന് വില പെട്രോൾ 59.17 രൂപ, ഡീസൽ 57.96 രൂപയും, പിന്നീട് അതിനുമേൽ സംസ്ഥാനങ്ങളുടെ മൂല്യവർധിത നികുതി ചുമത്തപ്പെടുന്നു. ഓരോ സംസ്ഥാനങ്ങളിലും അവരുടേതായ നികുതി സമ്പ്രദായത്തിന് കീഴിൽ നികുതി ചുമത്തപ്പെടുന്നു. അതനുസരിച്ചു സംസ്ഥാനങ്ങളിലെ പെട്രോൾ ഡീസൽ വിലയിൽ മാറ്റങ്ങൾ ഉണ്ടാവും. കേരളത്തിൽ ഡീസലിന് 23.81 % വും പെട്രോളിന്30.3% വുമാണ് വാറ്റ് അടിസ്ഥാനത്തിൽ നികുതി.
മൻമോഹൻ സർക്കാരിന്റെ കാലത്ത്
ക്രൂഡ് ഓയിലിന് ബാരലിന് വില 100 കവിഞ്ഞ സമയത്ത് മന്‍മോഹന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് പെട്രോള്‍ നല്‍കിയിരുന്നത് 72 രൂപയ്ക്കായിരുന്നു.എന്നാൽ ഇന്ന് അന്താരാഷ്ട്ര വിപണിയിൽ പെട്രോളിന് ചരിത്രത്തിലെ ഏറ്റവും കുറവ് ബാരലിന് 31രൂപ രേഖപ്പെടുത്തുമ്പോൾ ഇന്ത്യയിൽ 73 രൂപയാണ് പെട്രോൾ വില.
മന്മോഹന് സര്ക്കാര് ഭരിക്കുന്ന സമയത്താണ് പെട്രോളിന്റെ വില നിര്ണയാധികാരം പെട്രോളിയം കമ്പനികള്ക്ക് വിട്ടുകൊടുക്കുന്നത്. പക്ഷെ വിലക്കുതിപ്പ് തടയുന്നതിന് വേണ്ടി സബ്‌സിഡിയും എക്‌സൈസ് ഡ്യൂട്ടി കുറച്ചു ജനങ്ങൾക്ക് മേൽ അധിക ഭാരം ഏർപ്പെടുത്തുന്നത് തടഞ്ഞു.
എന്നാൽ പ്രട്രോളിന്റെ വിലനിർണയാധികാരം തിരിച്ചുപിടിക്കും എന്ന് പറഞ്ഞു അധികാരത്തിലേറിയ മോദിസർക്കാർ ഡീസൽ വിലനിരണയാവകാശവും കമ്പനികൾക്കു തീറെഴുതി കൊടുത്തു. കൂടാതെ സബ്സിഡികളും നിർത്തലാക്കി.
അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം വില താഴുമ്പോൾ എക്സൈസ് തീരുവ കൂട്ടി അതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കുന്നത് ഇല്ലാതാക്കി. വിലവര്ധനവിനെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനു മുന്നിൽ ഉത്തരം പറയാതെ എഴുന്നേറ്റ് പോകുന്ന കേന്ദ്ര ധനമന്ത്രി, കുറച്ച വിലയുടെയും അത്രപോലും കൂട്ടിയിട്ടില്ല എന്ന് പറയുന്ന മറ്റൊരു കേന്ദ്രമന്ത്രി, ഇതിലൂടെ സർക്കാർ എന്ത് നയമാണ് സാധാരക്കാർക്കു മുന്നിൽ വച്ചുനീട്ടുന്നതു.
വിലക്കയറ്റം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ ആഗോള വിപണിയിലെ വിലയിടിവ് ഉപയോഗപ്പെടുത്തി സാധാരണ ജനങൾക്ക് വിലക്കയറ്റത്തിൽ നിന്നും മോചനം ഉറപ്പാക്കാനെങ്കിലും സർക്കാരിന് ശ്രമിക്കാം.
പിടിപ്പുകേട് കൊണ്ട് വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പൊതുമേഖലകൾ വിറ്റുതുലക്കുമ്പോളും റിസർവ് ബാങ്കിൽ കയ്യിട്ടുവാരുമ്പോഴും സാധാരക്കാരനെ പ്രതിസന്ധിയിലാക്കി അത് മറികടക്കാൻ ശ്രമിക്കുന്നത് തികച്ചും ജനദ്രോഹപരമാണ്. കിട്ടാക്കടം പെരുകി ബാങ്കുകൾ പലതും പൂട്ടുന്നു,പരിതാപകരമായ വളർച്ച നിരക്ക് ഇവയിൽ നിന്നൊക്കെ കരകയറാൻ ലഭിച്ച സുവർണ്ണാവസരമായി കാണുകയാണ് സർക്കാർ ഈ സാഹചര്യത്തെ.