Wed. Nov 6th, 2024
#ദിനസരികള്‍ 1061

കൊറോണയെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ലോകത്തെ മറ്റേതൊരു ഭരണകൂടത്തിനും മാതൃകയാകുന്ന രീതിയിലാണ് കേരള ഗവണ്‍‌മെന്റ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാറിന്റേയും ആരോഗ്യവകുപ്പിന്റേയും പഴുതടച്ച പ്രവര്‍ത്തനങ്ങളിലൂടെ കൊറോണ വ്യാപകനം തടയുവാനും ജനതയില്‍ നാം അതിജീവിക്കുമെന്ന ആത്മവിശ്വാസം വളര്‍ത്താനും അധികാരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തെ മാതൃകയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തന്നെ രാജ്യത്തെ ഇതര സംസ്ഥാനങ്ങളോട് നിര്‍‌ദ്ദേശിച്ചിരിക്കുന്നത്.

ഇത്രയും സുശക്തവും സുഘടിതവുമായ പ്രവര്‍ത്തനങ്ങളുമായി കേരള സര്‍ക്കാറും ജനങ്ങളും മുന്നോട്ടു പോകുമ്പോള്‍ നമ്മുടെ പ്രതിപക്ഷം ഇന്നലെ നിയമസഭയില്‍ നടത്തിയ പ്രകടനം കൂടി നാം കാണാതിരിക്കരുത്. നമ്മുടെ എല്ലാ നേട്ടങ്ങളേയും തമസ്കരിച്ചുകൊണ്ട് അക്കൂട്ടര്‍ നടത്തുന്ന പ്രകടനം കേവലം രാഷ്ട്രീയ മുതലെടുപ്പുമാത്രമാണെന്ന് നമുക്കറിയാം. എങ്കിലും ലോകത്ത് കൊറോണപ്രതിരോധത്തില്‍ പുത്തന്‍ മാതൃക സൃഷ്ടിച്ച കേരളത്തിന്റെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളെ അറിയണമെങ്കില്‍ ഫേസ് ബുക്കില്‍ അമേരിക്കയില്‍ ജീവിക്കുന്ന എന്റെ രണ്ടു സുഹൃത്തുക്കള്‍ എഴുതിയ ഈ കുറിപ്പുകളൊന്ന് വായിക്കുക.

വികസിത രാജ്യമായ അമേരിക്കയേയും ഈ കൊച്ചു കേരളത്തിലേയും പ്രവര്‍ത്തനങ്ങളാണ് അവര്‍ രണ്ടു പേരും താരതമ്യപ്പെടുത്തുന്നതെന്ന് മറക്കരുത്. എന്താണ് കേരളമെന്നും ഈ സര്‍ക്കാറിനു കീഴില്‍ എങ്ങനെയാണ് സുരക്ഷിതത്വത്തോടെ നമുക്ക് ജീവിക്കാന്‍ കഴിയുകയെന്നും ഇവരുടെ എഴുത്ത് സാക്ഷ്യപ്പെടുത്തും.

Sree Jitha എന്ന സുഹൃത്ത് കുറിച്ചത് ആമുഖമായി ചേര്‍ക്കട്ടെ:- മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും വാര്‍ത്താസമ്മേളനം കണ്ടപ്പോ അങ്കണ്‍വാടി കുട്ടികളുടെ ഭക്ഷണം വീട്ടിലെത്തിക്കും എന്നത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇന്റര്‍നെറ്റ് ബാന്റ്‌വിഡ്‌ത് ലഭ്യമാക്കും, ഹോം ക്വാറന്റൈനിലുള്ളവര്‍ക്ക് ഭക്ഷണം വീട്ടിലെത്തിക്കേണ്ടതുണ്ടെങ്കില്‍ അതിനും നടപടിയുണ്ടാവും എന്നൊക്കെ കേട്ടപ്പോള്‍ നമ്മുടെ പബ്ലിക് ഹെല്‍ത്ത് സിസ്റ്റം എങ്ങനെയൊക്കെ ഐഡിയലായിക്കൊണ്ടിരിക്കുന്നു എന്ന് അഭിമാനം തോന്നി.

എന്നെ സംബന്ധിച്ച് നല്ല ഭരണാധികാരികള്‍ എന്ന് പറയുമ്പോള്‍ ആരോഗ്യരംഗം, വിദ്യാഭ്യാസരംഗം മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയുടെയൊക്കെ മികവാണ്. ഇതെല്ലാം സര്‍ക്കാരിനു കീഴിലാവുകയും അതില്‍ മറ്റു സംസ്ഥാനങ്ങളോടും ലോകരാജ്യങ്ങളോട് തന്നെയും കിടപിടിക്കും വിധം മികവ് കാണിക്കുകയും ചെയ്യുക എന്നത് ചെറിയ കാര്യമല്ല.

ഇതൊക്കെ ആളുകള്‍ മറക്കുകയും നാളെ നിഷ്പക്ഷരും സര്‍ക്കുലേഷനുള്ള പത്രങ്ങളും ചാനലുകളുമടക്കം ‘ആരു ഭരിച്ചാലും കണക്കാ’ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നതെങ്ങനെയാണെന്ന് ഇന്നലെ അല്‍പം അതിശയത്തോടെ ഓര്‍ത്തിരുന്നു.

ഇന്ന് ഫേസ്ബുക്ക് തുറന്നപ്പോ അതിനുള്ള ഉത്തരം പല പോസ്റ്റുകളിലായി കണ്ടു ബോധിച്ചു.

1. ഇതൊക്കെ സര്‍ക്കാരിന്റെ ജോലിയാണ്, അതില്‍ അഭിനന്ദിക്കാനൊന്നുമില്ല! ഇതൊക്കെ തീര്‍ച്ചയായും നമ്മള്‍ ഐഡിയലായി കാണുന്ന ഒരു സര്‍ക്കാരിന്റെ ജോലിയാണ്. അത് പക്ഷേ ഒന്നാം ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പോലും മികച്ചതായി നടത്തിക്കൊണ്ടു പോവുക എന്നത് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നതാണ്.
”എല്ലാവരും കണക്കല്ല ..!!!”

2. അങ്കന്‍വാടി കുട്ടികള്‍ക്കു ഭക്ഷണം വീട്ടിലെത്തിച്ചു കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നത് നിങ്ങള്‍ക്കത് ഔദാര്യം ചെയ്തത് പോലെ തോന്നുന്നത് കൊണ്ടാണ്. അത് നിങ്ങള്‍ക്കുള്ളിലെ എലീറ്റിസമാണ്..! – ശരിക്കും.. !!!??

ഇന്ന് നിയമസഭയിലെ ആരോഗ്യമന്തിയുടെ പ്രസംഗവും പ്രതിപക്ഷത്തിന്‍റെ ബഹളവും കണ്ടിട്ടും, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി കൊറോണക്ക് ചാണകവും ഗോമൂത്രവും മരുന്നാണെന്ന് പറയുകയും ചെയ്യുന്നത് കേട്ടിട്ടും “എല്ലാവരും കണക്കാണെന്ന്” തോന്നിയിട്ടുണ്ടെങ്കില്‍ ഒന്നും പറയാനില്ല.
ശൈലജ ടീച്ചര്‍ കൊള്ളാം എന്നു പറയുന്ന ഫാന്‍സില്‍ ചിലര്‍ വ്യക്തികളുടെ കഴിവായി കാര്യങ്ങളെ കാണുന്നവരുണ്ടെന്നു തോന്നിയതു കൊണ്ട് ഇതുകൂടി പറയുന്നു.

നല്ല അഡ്മിനിസ്ട്രേറ്റര്‍മാര്‍ നല്ല ഭരണാധികാരികളാവണമെന്നില്ല. അതിന് നല്ല രാഷ്ട്രീയക്കാര്‍ തന്നെയാവണം. ഇതിന് തെളിവായി ഡല്‍ഹി കലാപത്തിന്റെ സമയത്തെ കെജ്രിവാളിന്റെ പ്രതികരണമോര്‍ത്താല്‍ മനസ്സിലാവേണ്ടതാണ്. ശൈലജ ടീച്ചര്‍ മികച്ച ലീഡറാണ്, അതവര്‍ പിന്‍പറ്റുന്ന രാഷ്ട്രീയത്തിന്റെ മികവു കൂടിയാണ്. ഇവിടെ ചേര്‍ക്കുന്ന കുറിപ്പില്‍ അവരുടെ ഒരു അഭിപ്രായം കൂടിയുണ്ട്.

“നോര്‍ത്തിലുള്ള എന്റെ ഒരു സുഹൃത്ത് വിളിച്ചിരുന്നു. അവളുടെ മറ്റൊരു ഫ്രണ്ട് തായ്‌ലൻഡ് യാത്ര കഴിഞ്ഞെത്തിയതാണ്.. ഇരുപത്തെട്ട് ദിവസമായി പനിയും ചുമയും. ആ സ്ത്രീ പല തവണ ആശുപത്രിയില്‍ പോയി റിക്വസ്റ്റ് ചെയ്തിട്ടും കൊറോണ ടെസ്റ്റ് ചെയ്യാന്‍ അവര്‍ തയ്യാറായിട്ടില്ല. :/ അവരിതിനിടെ ബര്‍ത്ത്ഡേ പാര്‍ട്ടിയൊക്കെ നടത്തിയിട്ടുമുണ്ട്. അവര്‍ക്കെങ്ങാനും പോസിറ്റീവാണെങ്കില്‍ അത്രയും പേരും റിസ്കി ആണ്. അപ്പോഴാണ് കേരളത്തില്‍ സംശയം തോന്നുന്നവരുണ്ടെങ്കില്‍ ദയവായി അറിയിക്കൂ എന്നു പറഞ്ഞ് ആരോഗ്യവകുപ്പ് മനുഷ്യരുടെ പുറകേ നടക്കുന്നത്.”

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കവേയാണ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുക എന്ന നയം സ്വീകരിച്ചുകൊണ്ട് നമ്മുടെ പ്രതിപക്ഷ നേതാവും കൂട്ടരും അസംബന്ധങ്ങള്‍ വിളിച്ചു പറയുന്നത് . ജനത കടുത്ത പ്രതിസന്ധി നേരിടുന്ന വേളിയില്‍ ഇത്രയും ക്ഷുദ്രരായ ഒരു പ്രതിപക്ഷത്തെ നമുക്ക് മറ്റെവിടേയും കണ്ടെത്താന്‍ കഴിയില്ല എന്ന് ഈ കുറിപ്പുകള്‍ വ്യക്തമാക്കുന്നു.

കുറിപ്പ് ഒന്ന് – നീലു സിബി

സത്യം പറഞ്ഞാൽ എഴുതണോ വേണ്ടേ എന്നു കുറെ മടി പിടിച്ചതാണ്. ജോലി കഴിഞ്ഞു രാവിലെ വന്നതാണ്, ക്ഷീണമുണ്ട്, പല വിധത്തിലുള്ള മനപ്രയാസങ്ങളുണ്ട്. ധ്വനി ഷൈനിയുടെയും നജ്മയുടെയും ഒക്കെ പോസ്റ്റ് വായിച്ചപ്പോഴാണ് മനസ്സിലായത് കേരള സർക്കാരിന്റെ കൊറോണ പ്രതിരോധ, ചികിത്സ പ്രവർത്തനങ്ങളെ പ്രശംസിക്കുന്നതിനും പരാതി ഉള്ളവർ ഉണ്ടെന്നും അത് വലിയ കാര്യം ഒന്നുമല്ലെന്നും ഒക്കെ അഭിപ്രായമുണ്ടെന്ന്. ശരി, സമ്മതിച്ചു, നിങ്ങൾ മലയാളീസ് വലിയ പുള്ളികൾ ആയോണ്ട് ഇതൊക്കെ ചീള് കേസ് ആയിരിക്കും.

പക്ഷേ അത്യാവശ്യം കൊറോണ ഒക്കെ ചുറ്റുമുള്ള ഒരു അമേരിക്കൻ നേഴ്സിന്റെ അപേക്ഷ പ്രകാരം നിങ്ങടെ ആരോഗ്യ വകുപ്പ്, ആരോഗ്യ മന്ത്രി, സർക്കാർ ഇവരെ ഒന്നു വിട്ടു തരാമോ ഇങ്ങോട്ട് 😎

തമാശ അല്ല, ധ്വനി ഷൈനി നന്നായി തന്നെ എഴുതിയിട്ടുണ്ട് ഇവിടുത്തെ അവസ്‌ഥ. ന്യൂയോർക്ക് ടൈംസ് പോലെ പലരും റിപ്പോർട്ട് ചെയ്യുന്നുണ്ട് ഇവിടെ സർക്കാർ എന്ത് മാത്രം തയ്യാറെടുപ്പ് ഇല്ലാതെയാണ് ഇത് വരെ കഴിഞ്ഞതെന്ന്. ടെസ്റ്റിംഗ് കിറ്റ്, PPE ഇതിനൊക്കെ ക്ഷാമമുണ്ട്.

ക്വാറന്റൈൻ ആയി വീട്ടിലാകുന്ന ആൾക്കാർക്ക് സഹായിക്കാൻ ബന്ധുക്കളോ മറ്റോ ഇല്ലെങ്കിൽ ആരെ വിളിക്കുമെന്ന് അറിയില്ല, പോസിറ്റീവ് ആകുന്ന ചിലരെ മറ്റ് രോഗങ്ങൾ ഒന്നും ഇല്ലെങ്കിൽ വീട്ടിലിരുന്ന് ചികിത്സ തുടരാൻ പറഞ്ഞു വിടുന്നുണ്ട്. ആരും ഐസൊലേഷനിൽ കഴിയുന്നവർക്ക് പാസ്ത എത്തിച്ചു കൊടുക്കുന്നില്ല.

ഇത്ര നന്നായി ആദ്യമേ തന്നെ contact tracing ചെയ്യാൻ, ടീമിനെ സജ്ജമാക്കാൻ, ക്വാറന്റൈനിലും ഐസൊലേഷനിലും ആകുന്നവരുടെ ക്ഷേമം അന്വേഷിക്കാൻ ഒക്കെ മാനേജ്‌മെന്റ് കഴിവുകൾ മാത്രം പോര, അതിന് കൃത്യമായ ഫണ്ട് അലോക്കേഷൻ വേണം, മനുഷ്യത്വവും വേണം. മനുഷ്യനാണ് മുൻഗണന എന്നു ഉറപ്പിക്കാനുള്ള രാഷ്ട്രീയവും വേണം. Believe me, പല ഹെൽത്ത് സിസ്റ്റംസിലും അതില്ല.

സാമ്പത്തിക പരിഗണനകൾ നോക്കുമ്പോൾ കൊറോണ വെറും കെട്ടുകഥ ആണെന്നും മെഡിക്കൽ സ്റ്റാഫിന് ആവശ്യത്തിനുള്ള PPE വളരെ നേരത്തെ സ്റ്റോക്ക് ചെയ്യുന്നത് അനാവശ്യം ആണെന്നും ഒക്കെ തോന്നും. നല്ല കാര്യം കണ്ടാൽ അഭിനന്ദിക്കുക തന്നെ വേണം. മടിക്കേണ്ട. ഇങ്ങനെ ഒരു അവസ്‌ഥയിൽ കേരള സർക്കാർ ചെയ്യുന്നതൊക്കെ അവകാശങ്ങൾ ആണ്, അത്ഭുതമൊന്നുമില്ല എന്നാണ് തോന്നുന്നതെങ്കിൽ രോഗികൾക്ക് അടിയന്തര ഘട്ടങ്ങളിൽ triaging ചെയ്തു ചികിത്സയും പരിചരണവും കൊടുക്കുന്നതും പൂർണ്ണമായും വാലിഡ്‌ ആയ കാര്യം ആണെന്നോർക്കുക.

മുൻഗണനയും അത്യാവശ്യവും ഒക്കെ നോക്കി ഇത് വരെ കേരളത്തിൽ റേഷനിങ് തുടങ്ങിയിട്ടില്ല, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും.
അത് കൊണ്ട് നിങ്ങളൊക്കെ ഒന്നു പ്രശംസിച്ചേരേ, സർക്കാരിനെയും മന്ത്രിയെയും ആരോഗ്യവകുപ്പിലെ എല്ലാ തലങ്ങളിലുമുള്ള ജീവനക്കാരെയുമൊക്കെ. ചൈനയിൽ വൈറസ് ബാധിതരുടെ എണ്ണം കുറയുന്നുണ്ട്, എന്നാൽ ഇന്ത്യ ഉൾപ്പെടെ മറ്റ് സ്ഥലങ്ങളിൽ ഇനിയുള്ള ദിവസങ്ങളിൽ എന്താകുമെന്നറിയില്ല. സ്ഥിതി ഭയപ്പെടുത്തുന്നതാണ്.

അത് അറിയാവുന്നത് കൊണ്ടാണ് റാന്നിയിലും പന്തളത്തും ഒക്കെ വേണ്ടി വന്നാൽ ഉപയോഗിക്കാനായി ആശുപത്രികൾ സജ്ജമാക്കുന്നത്. പരിമിതികളും പരാതികളും കാണും, പക്ഷേ കേരളം ഇതിനൊക്കെയിടയിൽ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഇനിയുമെത്ര ദിവസം എടുക്കും എല്ലാം നിയന്ത്രണവിധേയമാകാൻ എന്നറിയില്ല.

സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട് സർക്കാരിന്, ആരോഗ്യ പ്രവർത്തകർ തന്നെ വലിയ തോതിൽ ക്വാറന്റൈനിൽ പോവുകയും വൈറസ് പോസിറ്റീവ് ആകാനുമൊക്കെ സാധ്യതയുണ്ട്. നാട്ടിൽ മൊത്തം സാമ്പത്തിക മാന്ദ്യം വന്നേക്കാം. അപ്പോൾ എല്ലാവരും കൂടി ഒത്തു പിടിച്ചു, ആരോഗ്യവകുപ്പ് പറയുന്ന മുൻകരുതൽ ഒക്കെ എടുക്കുക, ഇനി ഉണ്ടായേക്കാവുന്ന പരിമിതികൾ മനസ്സിലാക്കുക ഒക്കെ ചെയ്താലേ വിഷമഘട്ടം തരണം ചെയ്യാൻ പറ്റൂ.

സാരമില്ല, ഒന്നുമില്ലെങ്കിൽ പരാതി പറയാൻ പറ്റുന്ന ആൾക്കാരെങ്കിലും ഉണ്ടല്ലോ. ഓഡിറ്റിംഗിന്റെ കൂടെ തന്നെ നല്ല കാര്യങ്ങൾക്ക് നല്ല വാക്കുകളും ഉണ്ടാകട്ടെ. ഇതിന്റെ കൂടെ നിങ്ങളുടെ മന്ത്രിയും ആരോഗ്യ പ്രവർത്തകരും ഒക്കെ ആഹാരം കഴിക്കുന്നുണ്ടോ, ഉറങ്ങുന്നുണ്ടോ എന്നൊക്കെ ഒന്നു അന്വേഷിച്ചേക്കൂ. ശൈലജ ടീച്ചറിന്റെ മുഖം കണ്ടിട്ട് എനിക്ക് ടീച്ചറിന്റെ ആരോഗ്യസ്ഥിതിയെ ഓർത്തു പേടിയുണ്ട്.

കുറിപ്പ് 2 – ധ്വനി ഷൈനി

അമേരിക്കയിലെ 1255 കൊറോണ രോഗികളിൽ, 85% പകർച്ചകളും, രോഗമുള്ളവരെ സമയത്തു ടെസ്റ്റ് ചെയ്യാതെയും, ചികിത്സയിലും മാറ്റിനിർത്തലിലും വന്ന അലംഭാവവുമാണെന്ന് NYtimes ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 700 എണ്ണം എങ്ങനെ എവിടെനിന്നു പടർന്നു എന്നുപോലും അറിയില്ല. നാളെ ഇവിടെ വച്ച് ഈ രോഗമെന്ന് സംശയം തോന്നിയാൽ, ആദ്യമേ ഒറ്റപ്പെട്ട് വീട്ടിൽ ഇരിയ്ക്കണം, ഫോൺ ചെയ്ത് പ്രൈമറി കെയർ ഡോക്ടറുടെ ഓഫിസിൽ അറിയിയ്ക്കണം.

അവർ അവരുടെ സമയം പോലെ തിരിച്ചു വിളിച്ച് മനസ്സിലാക്കി, പനിയടക്കം കൊറോണയുടെ എല്ലാ ലക്ഷണങ്ങളും ഉണ്ടെങ്കിൽ മാത്രം ടെസ്റ്റ് ചെയ്യാൻ നിർദേശിയ്‌ക്കും. ടെസ്റ്റിംഗ് സെന്ററുകളുടെയും കിറ്റുകളുടെയും അഭാവം മൂലം ദിവസങ്ങളോ ആഴ്ചയോളമോ എടുക്കും ഫലത്തിന്. രോഗം സ്ഥിരീകരിച്ചാൽ മാത്രം ചികിത്സ.

അതുവരെ രോഗലക്ഷണമില്ലാത്ത മറ്റു കുടുംബാംഗങ്ങളുടെ കൂടെ വീട്ടിൽ. കൊറോണയുള്ള ഒരു സ്ഥലത്തുനിന്നു വന്നവരായാൽ പോലും ഇതാണ് രീതി. കൊറോണ ലക്ഷണങ്ങളിൽ പലപ്പോഴും പനി ഉണ്ടാവാറില്ലങ്കിൽ പോലും, പനി ഇല്ലാത്തതിന്റെ പേരിൽ ടെസ്റ്റ് ചെയ്യാൻ അനുവാദമില്ല.
അമേരിക്ക ചുരുങ്ങിയത് 35000 രോഗികളെ പ്രതീക്ഷിച്ചിരിയ്ക്കുകയാണ് വരും നാളുകളിൽ. നാളെ ഈ അസുഖം വന്നാൽ, ഈ വികസിത രാജ്യത്തിരുന്ന്, നമ്മുടെ കൊച്ചു കേരളത്തിലായിരുന്നെങ്കിൽ എന്ന് നെടുവീർപ്പെടേണ്ടി വരും.

സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ യാത്ര കഴിഞ്ഞു തിരിച്ചുവരുമ്പോൾ എയർപോർട്ടിൽ വച്ചും, രോഗലക്ഷണങ്ങൾ ഉണ്ടെന്നു പറയുമ്പോൾ വീട്ടിൽ വന്നും പൊതിഞ്ഞുപിടിച്ചു കൊണ്ടുപോയി ചികിത്സിയ്ക്കുന്നതും, കൈവിട്ടുപോയ രോഗികൾ നടന്ന വഴികൾ വരെ അടയാളപ്പെടുത്തി, ഒഴിവാക്കാൻ സഹായിയ്ക്കുന്നതും വെറും രാഷ്ട്രീയമാണെന്ന് കരുതുന്നത് തെറ്റാണ്. അതിന് അത്യാവശ്യം നല്ല ഉദ്ദേശശുദ്ധിയും അതിലുമേറെ സമർപ്പണവും വേണം.
നമ്മൾ ഇതൊന്നും ഔദാര്യമല്ല അവകാശമാണെന്ന് പറയുമ്പോൾ, ഔദാര്യത്തിൽ പോലും ഇതൊന്നും ഇല്ല എന്ന് തെളിയിയ്ക്കുന്ന വമ്പൻ രാജ്യങ്ങളെ വെറുതെ ഒന്ന് നോക്കണം.”

ഉള്ളിലെ നികൃഷ്ടത പുറത്തേക്ക് ഛര്‍ദ്ദിക്കുന്ന പ്രതിപക്ഷ നേതാവിനും കൂട്ടര്‍ക്കും വെളിവുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല.എന്നാല്‍പ്പോലും അത്രത്തോളം ക്ഷുദ്രരല്ലാത്ത ആരെങ്കിലുമൊക്കെ അക്കൂട്ടത്തിലുണ്ടെങ്കില്‍ തുറന്ന മനസ്സോടെ കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ ഈ കുറിപ്പുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയോടെ സമര്‍‌പ്പിക്കുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.