Mon. Dec 23rd, 2024

പത്തനംതിട്ട ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ട് ആറാം ദിനത്തിലേക്ക് കടക്കുകയാണ്. 31 പേരാണ് ജില്ലയില്‍ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തില്‍ കഴിയുന്നത്. ഹൈ റിസ്‌ക്ക് ലിസ്റ്റിലുള്ളവര്‍ ഉള്‍പ്പെട്ട പത്തുപേരുടെ പരിശോധനാ ഫലം വന്നപ്പോള്‍ നെഗറ്റീവാണെന്ന് തെളിഞ്ഞു.

ഇനി വരുന്ന എല്ലാ റിസള്‍ട്ടുകളും നെഗറ്റീവ് ആകുമെന്ന പോസിറ്റീവ് പ്രതീക്ഷയിലാണ് ജില്ലയില്‍ എല്ലാവരും. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കളക്ടര്‍ പിബി നൂഹിന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്നത്.

രോഗനിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ ജിയോമാപ്പ് ജിപിഎസ് സംവിധാനം വളരെ പ്രശംസനീയമാവുകയാണ്. കളക്ടര്‍ സാറിന്‍റെയും ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ അഭിനന്ദന വര്‍ഷമാണ് കാണാന്‍ സാധിക്കുന്നത്.

അന്ന് കളക്ടര്‍ സാര്‍ വിളിച്ചപ്പോള്‍…

ഇറ്റലിയില്‍ നിന്നു വന്ന റാന്നി സ്വദേശികളില്‍ അഞ്ച് പേര്‍ക്കായിരുന്നു പത്തനംതിട്ട ജില്ലയില്‍ കൊറോണ ആദ്യമായി സ്ഥിരീകരിച്ചത്. പിന്നാലെ ഭീതിയുടെ അന്തരീക്ഷം ജില്ലയിലാകെ പടര്‍ന്നു പിടിക്കുകയായിരുന്നു.

ഒരു കുടുംബം, നിര്‍ദ്ദേശങ്ങള്‍ മറികടക്കുകയും, വൈറസ് ബാധിതരാവുകയും ചെയ്തു, അവര്‍ പോയ സ്ഥലങ്ങള്‍ ഏതൊക്കെ? അവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ ആരൊക്കെ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് അടിയന്തരമായി ഉത്തരം കണ്ടെത്തുക എന്നതായിരുന്നു പിന്നീട് ജില്ലാ ഭരണകൂടത്തിനു മുന്നിലുള്ള ശ്രമകരമായ ദൗത്യം.

അവിടെയാണ് യുവത്വത്തിന്‍റെ തിളപ്പ് ഉപയോഗപ്പെടുത്താന്‍ ജില്ലാ കളക്ടര്‍ പിബി നൂഹിന്‍റെ നേതൃത്വത്തിലുള്ള അധികൃതര്‍ തീരുമാനിക്കുന്നത്. ലക്ഷ്യം റാന്നിയില്‍ കൊവി‍ഡ് 19 പോസിറ്റീവായ കുടുംബം സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷിക്കാന്‍ ഒരു ജിയോ മാപ്പ് ജീപിഎസ് സംവിധാനം.

വളണ്ടിയര്‍മാര്‍ക്കൊപ്പം ജില്ലാ കളക്ടര്‍ പിബി നൂഹ് (source: facebook)

“ഒരു പത്ത്, പതിനഞ്ച് വളണ്ടിയേര്‍സിനെ ആവശ്യമുണ്ട്, ഒരു ജിപിഎസ് സിസ്റ്റം നിര്‍മ്മിക്കാനാണ് എന്നു പറഞ്ഞാണ് കളക്ടര്‍ സാര്‍ വിളിക്കുന്നത്, അങ്ങനെയാണ് നമ്മള്‍ വളണ്ടിയേര്‍സ് കളക്ടറുടെ ഓഫീസിലെത്തുന്നത്” അടൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥി ചെസിന്‍ രാജ് വോക്ക് മലയാളത്തോട് പറഞ്ഞു.

“എന്നാല്‍, സാര്‍ വിളിച്ചപ്പോള്‍ തന്നെ എല്ലാവരും പരിഭ്രാന്തരായി. കൊറോണ സംബന്ധിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്ന് പേടിപ്പിക്കുന്ന വാര്‍ത്തകളല്ലേ വരുന്നത്. അപ്പോള്‍ പേടി സ്വാഭാവികമായിട്ടും ഉണ്ടാകുമല്ലോ. പക്ഷെ നമ്മള്‍ പതിനഞ്ച് പേര്‍ മറ്റൊന്നും നോക്കിയില്ല” ചെസിന്‍ കൂട്ടിച്ചേര്‍ത്തു.

അടൂര്‍ എഞ്ചിനിയറിംഗ് കോളേജ്, പാറ്റൂര്‍ ശ്രീ ബുദ്ധാ എഞ്ചിനിയറിംഗ് കോളേജ്, കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനിയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളായിരുന്നു സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നത്.

ചെസിന്‍ രാജിനൊപ്പം, ആകാശ് ഗോപന്‍, അശ്വിന്‍ മോഹന്‍, അമിത് ജോര്‍ജ്ജ്, പ്രവീണ്‍ അനിരുദ്ധ്, ജോര്‍ജ്ജ് എം തോമസ്, അരവിന്ദ് പിള്ള, സനു എ, അഭിജിത്ത് വിജയന്‍, മിജോ ജോണ്‍സണ്‍, ജോയല്‍ തോമസ്, ശരത് ബാബു ജോണ്‍, ശ്രീ ശങ്കര്‍, അരവിന്ദ് എസ്, ലിജിന്‍ ജോണ്‍ ഡാനിയല്‍, സിബി അലക്സ് എന്നിവരാണ് സാങ്കേതിക സഹായം നല്‍കി കളക്ടറുടെയും സംഘത്തിന്‍റെയും കൂടെ നില്‍ക്കുന്നത്.

ജിപിഎസ് ട്രാക്കിങ്ങ് സംവിധാനമൊരുക്കിയ വിദ്യാര്‍ത്ഥികള്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കൊപ്പം (file photo: Woke Journal)

ഇവരെ കൂടാതെ, നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍ നേരിട്ട് ശേഖരിച്ച്, പട്ടികയുണ്ടാക്കാനും, തുടര്‍ നടപടികള്‍ സ്വീകരിക്കാനും സഹായിക്കുന്ന വളണ്ടിയര്‍മാര്‍ വേറെയുമുണ്ട്. ഇവരുടെ പ്രവര്‍ത്തനം ഫീല്‍ഡില്‍ നിന്നാണ്. രണ്ട് ടീമുകളിലായി അറുപതോളം വളണ്ടിയര്‍മാരാണ് കൊറോണയെ തുരത്താന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്.

ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ, കോര്‍ഡിനേറ്റര്‍ ആയിരുന്ന ഡോ. ഹരികൃഷ്ണനില്‍ നിന്നായിരുന്നു മാപ്പിങ്ങിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ വളണ്ടിയര്‍മാര്‍ക്ക് ലഭിക്കുന്നത്.

മാപ്പുകളെ അടിസ്ഥാനമാക്കി ക്ലസ്റ്ററുകളെയും, ഉയര്‍ന്ന അപകട സാധ്യതയുള്ള പ്രദേശങ്ങളെയും തിരിച്ചറിയുക എന്നതായിരുന്നു ലക്ഷ്യം. “ഇത് രോഗ സാധ്യതയുള്ളവരുടെ പട്ടിക ഉണ്ടാക്കിയെടുക്കാന്‍ സഹായിച്ചു. ഇതുവഴി വൈറസ് ബാധയുടെ സാധ്യതകളുള്ള പ്രദേശങ്ങള്‍ ഏതാണെന്ന് കണ്ടെത്താനും, അവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിച്ചു” വളണ്ടിയര്‍മാരില്‍ ഒരാളായ സനു പറയുന്നു.

ജിപിഎസിനു പുറമെ അയല്‍ക്കാര്‍, ആശാവര്‍ക്കര്‍മാര്‍, ജനപ്രതിനിധികള്‍ മറ്റു സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുള്‍പ്പെടുന്ന വിപുലമായ സംവിധാനങ്ങളിലൂടെയാണ് വൈറസ് ബാധിക്കാന്‍ സാധ്യതയുള്ളവരുടെ നിരീക്ഷണം തുടരുന്നത്.

ജിയോ ടാഗ് ചെയ്ത് നിരീക്ഷണം

വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരായിരുന്നു പ്രാഥമിക പട്ടിയിലുണ്ടായിരുന്നത്. ഇവരെ ജിയോ ടാഗ് ചെയ്ത് മാപ്പ് ഉണ്ടാക്കുകയായിരുന്നു ആദ്യ ഘട്ടം.

ജില്ലാ ഭരണകൂടം പുറത്തുവിട്ട ജിയോ മാപ്പിങ് ദൃശ്യം (source : facebook)

“ഇത് ഒരു ലൈവ് ട്രാക്കിങ് അല്ല, വൈറസ് ബാധയ്ക്കുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാനാണ് ഇതിലൂടെ സാധിക്കുന്നത്. നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങളാണ് ജിയോ ടാഗില്‍ നല്‍കുന്നത്. അവരുടെ മേല്‍വിലാസം, പേഷ്യന്‍റ് ഐഡി തുടങ്ങിയവയാണ് ഈ വിവരങ്ങള്‍” സനു കൂട്ടിച്ചേര്‍ത്തു.

ഇവരിൽ ആരെങ്കിലും പൊതു ഇടങ്ങളിലേക്ക് ഇറങ്ങുകയാണെങ്കിൽ ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ഈ ട്രാക്കിംഗ് സിസ്റ്റം സഹായിക്കും. വിവരങ്ങള്‍ ശേഖരിക്കുകയും ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് ചെയ്യുന്നത്.

പത്തുപേരടങ്ങുന്ന സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. ടീമിലുള്ള കൗണ്‍സിലര്‍മാര്‍ ഇവരെ ഫോണില്‍ ബന്ധപ്പെടുകയും ഇവര്‍ക്ക് മാനസിക പിന്തുണ നല്‍കുകയും ചെയ്യും. 20 ചോദ്യങ്ങളടങ്ങുന്ന ഒരു ചോദ്യാവലിയാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.

എതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. ട്രാക്ക് ചെയ്യുന്നതും കൗണ്‍സിലിങ് നല്‍കുന്നതും മെഡിക്കല്‍ സംഘത്തില്‍ നിന്നുള്ളവരാണ്.

കളക്ടര്‍ വളണ്ടിയര്‍മാര്‍ക്കൊപ്പം (source: facebook)

വീട്ടില്‍ നിരീക്ഷണത്തിലുള്ള പലര്‍ക്കും പലചരക്ക് വസ്തുക്കളും, സാനിറ്ററി പാഡുകളും, മറ്റ് വീട്ടു സാധനങ്ങളും ആവശ്യമുണ്ട്. അതിനാല്‍ എല്ലാ ദിവസവും വൈകിട്ട് നാലോടെ ഈ വളണ്ടിയര്‍മാര്‍ ഇത്തരത്തിലുള്ള മെഡിക്കല്‍ ഇതര ആവശ്യങ്ങള്‍ വിലയിരുത്തി പഞ്ചായത്തിലേക്ക് വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നുണ്ട്.

അടുത്ത ദിവസം പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ അവ വീടുകളിലെത്തിക്കും. അരി, പഞ്ചസാര, ചെറുപയർ, എണ്ണ, ബേബി ഫുഡ്, സാനിറ്ററി നാപ്കിൻ എന്നിവ അടങ്ങുന്ന കിറ്റുകളും വിതരണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.

പഞ്ചായത്തുകളിലേക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കിറ്റുകൾ എത്തിക്കും. ഇവ പഞ്ചായത്ത് വകുപ്പും,കുടുംബശ്രീ, സപ്ലൈകോ ഓഫീസറും ചേർന്നാണ് ഹോം ഐസൊലേഷനിൽ കഴിയുന്നവരിലേക്ക് എത്തിക്കുന്നത്.

ജില്ലാ ഭരണകൂടം നൽകുന്ന അവശ്യ വസ്തുക്കൾക്കു പുറമേ സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്നവയും ജില്ലാ ഭരണകൂടത്തിന്റെ നേതൃതത്തിൽ വിതരണം ചെയ്യുന്നുണ്ട്.

അന്ന് പ്രളയം ഇന്ന് കൊറോണ

ജില്ലയ്ക്കു സംരക്ഷണമൊരുക്കാന്‍, പൂര്‍ണ്ണ പിന്തുണയുമായി ചെസിനും കൂട്ടരും ജില്ലാഭരണകൂടവുമായി സഹകരിക്കുന്നത് ഇതാദ്യമല്ല. സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി പ്രളയകാലത്ത് തന്നെ ഇവര്‍ സജീവമാണ്.

പ്രളയം ബാധിച്ച മേഖലകളിലുള്ള ആളുകളുടെ വിവരം വില്ലേജ് ഓഫീസില്‍ നിന്ന് ശേഖരിച്ച്, ആധാര്‍ വിവരങ്ങളടക്കം പരിശോധിക്കുക, അവയില്‍ ആവര്‍ത്തനങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം സോഫ്റ്റ് വെയറിലേക്ക് അപ്‌ലോഡ് ചെയ്യുക എന്നതായിരുന്നു ഏഴോളം പേരടങ്ങുന്ന ഒരു സംഘം അന്ന് ചെയ്ത് കൊണ്ടിരുന്നത്.

“പ്രളയത്തിന്‍റെ സമയത്ത് നമ്മള്‍ 24*7 എന്ന കണക്കില്‍ കളക്ടറേറ്റില്‍ തന്നെയായിരുന്നു ചെലവഴിച്ചത്, വില്ലേജ് ഓഫീസില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റിയതിന് പിന്നാലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നാശനഷ്ടങ്ങളുടെ കണക്കെടുക്കാനും ജില്ലാ ഭരണകൂടത്തെ നമ്മള്‍ സഹായിച്ചിരുന്നു” ചെസിന്‍ രാജ് വോക്ക് മലയാളത്തോട് പറഞ്ഞു.

(source: facebook)

എന്നാല്‍ പ്രളയം കഴിഞ്ഞും, സന്നദ്ധസംഘടനകളുടെ സഹായം ആവശ്യമായപ്പോഴൊക്കെ കളക്ടര്‍ സാര്‍ അവരെ വിളിച്ചു. യാതൊരു തടസ്സങ്ങളും പറയാതെ അവര്‍ പോവുകയും ചെയ്തു.

‘പ്രൊജക്ട് ഹാപ്പിനസ്’ എന്ന പേരില്‍ പത്തനംതിട്ട ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതിക്കും ഈ വിദ്യാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണ സഹകരണമുണ്ട്. ജില്ലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത കുടുംബങ്ങളെ കണ്ടെത്തുകയും, ആവശ്യങ്ങള്‍ പരിഹരിച്ചു കൊടുക്കുകയും ചെയ്യുന്ന പദ്ധതിയാണ് പ്രൊജക്ട് ഹാപ്പിനസ്.

ഹാക്കിങ്, ബ്ലാക്ക് നെറ്റ്, മോര്‍ഫിങ് തുടങ്ങി വിവരസാങ്കേതിക വിദ്യയ്ക്കു തന്നെ ദുഷ്പേരുണ്ടാക്കുന്ന വാര്‍ത്തകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തു വരുമ്പോഴാണ്, സാങ്കേതിക വിദ്യയുടെ നല്ല വശങ്ങള്‍ സാമൂഹ്യ സേവനത്തിന് വേണ്ടി ഉപകാരപ്പെടുമെന്ന് തിരിച്ചറിയുകയും അത് ഏകോപിപ്പിക്കുകയും ചെയ്യുന്ന ഈ യുവ ജനതയുടെ പ്രധാന്യം. അറിവും കഴിവും കൃത്യ സമയത്ത് ഉപയോഗപ്പെടുത്താനുള്ള ഇത്തരം നടപടികളാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ നാം ഉപയോഗപ്പെടുത്തേണ്ടത്.