Wed. Jan 22nd, 2025

രാഷ്ട്രീയ മര്യാദകൾക്ക് മുന്നിൽ നീചമായ അവസരവാദ രാഷ്ട്രീയക്കളികൾ ഇന്ത്യൻ ജനത കണ്ടുതുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഓപ്പറേഷൻ കമല എന്ന പേരിൽ ബിജെപി എന്ന രാഷ്ട്രീയ പാർട്ടി ജനങ്ങളെ വിഡ്ഢികളാക്കുന്ന അധികാര വടംവലിയുടെ അവസാന ഉദാഹരണമാണ് മധ്യപ്രദേശിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഭരണത്തിലേറാൻ പണവും പദവികളും ഉൾപ്പെടെ മോഹന വാഗ്ദാനങ്ങൾ നൽകി എതിർ ചേരിയിലുള്ളവരെ വരുതിയിലാക്കുകയാണ് അവർ.

1985 ൽ രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്തു നിലവിൽ വന്ന കൂറുമാറ്റനിരോധന നിയമം വരെ നോക്കുകുത്തിയാവുന്ന രീതിയിലാണ് ചാണക്യതന്ത്രമെന്ന പേരിൽ ഇന്ന് ആഘോഷിക്കപ്പെടുന്നത്. ഏറ്റവും സാധാരണമായ ഭരണവ്യവസ്ഥ രാജവാഴ്ചയാണെന്നുള്ള മുന്‍വിധിയോടുകൂടിയുള്ളതാണ് കൗടില്യന്റെ അര്‍ഥശാസ്ത്രം. അതിനെ ആഘോഷിക്കുമ്പോൾ നാം തകർക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തന്നെയാണ്.

ഓപ്പറേഷൻ കമല

കർണാടക വിശ്വാസവോട്ടെടുപ്പിനു മുൻപ് യെദ്യൂരപ്പയുടെ രാജി പ്രസംഗം

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ബിജെപി യുടെ നേതൃത്വത്തിൽ നടക്കുന്ന രാഷ്ട്രീയ നെറികേടിന്റെ പേരാണ് ഓപ്പറേഷൻ കമല. 2008 ൽ കർണാടക നിയമസഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്നതിന് വേണ്ടി ബിജെപി നടത്തിയ നീക്കമാണ് ഈ പേരിൽ വിശേഷിപ്പിക്കുന്നത്. എതിർ ചേരിയിലെ എംഎൽഎമാരെ സ്വമേധയാ രാജിവെപ്പിക്കുകയും അതുവഴി കൂറുമാറ്റ നിരോധന നിയമം മറികടക്കുകയും ചെയ്യാം. തുടർന്ന് ഇന്ത്യ ഒട്ടാകെ ഇത്തരത്തിൽ കൂറുമാറ്റങ്ങൾ ഉണ്ടായി.

2019 ൽ കർണാടകയിൽ കുമാരസ്വാമി സർക്കാരിനെ പുറത്താക്കാൻ ഇതേ രീതിയാണ് ബിജെപി അവലംബിച്ചത്. 100 കോടിയോളം രൂപ വാഗ്ദാനം ചെയ്തായിരുന്നു എംഎൽഎമാരെ കൂറുമാറാൻ ആവശ്യപ്പെട്ടത്. വിലപേശി ഉറപ്പിച്ച കുതിരക്കച്ചവടം. സ്വന്തം എംഎൽഎമാർ പണച്ചാക്കു തൂക്കിനോക്കി മറുപക്ഷം പോകാതിരിക്കാൻ റിസോർട്ടുകളിൽ ഒളിച്ചുവെക്കേണ്ട ഗതികേട് പല രാഷ്ട്രീയ പാർട്ടികൾക്കും നേരിടേണ്ടി വന്നു.

രാജിവെച്ചു കൂറുമാറിയ 17 എംഎൽഎമാരെ, സ്പീക്കർ കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കുകയും അവരെ നിയമസഭയുടെ കാലാവധി തീരും വരെ മത്സരിക്കുന്നത് വിലക്കുകയും ചെയ്തു. എന്നാൽ ഇതിനെതിരെ എംഎൽഎമാർ നൽകിയ അപ്പീലിൽ സുപ്രീംകോടതി, ഇവർക്ക് അംഗത്വം റദ്ദുചെയ്തത് ശരിവെക്കുകയും എന്നാൽ മത്സരിക്കാൻ സ്പീക്കർ ഏർപ്പെടുത്തിയ വിലക്ക് അസാധുവാക്കുകയും ചെയ്തു.

മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ അധികാരത്തിൽ നിന്നും പുറത്താക്കാൻ പ്രമുഖ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെ 22 പേരാണ് എംഎൽഎ സ്ഥാനം രാജിവെച്ച് പുറത്തു പോയത്. പകരം ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ലഭിച്ചത് ബിജെപിയുടെ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സീറ്റ്. മറ്റ് എംഎൽഎ മാർ പ്രലോഭനങ്ങളിൽ വീണുപോകാതിരിക്കാൻ കോൺഗ്രസ് എംഎൽഎ മാരെ ജയ്‌പൂരിലെ റിസോർട്ടിലേക്കും ബിജെപി എംഎൽഎമാരെ കർണാടകത്തിലെ റിസോർട്ടിലേക്കും മാറ്റേണ്ടിവന്നു.

മധ്യപ്രദേശ് കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപി അംഗത്വം സ്വീകരിച്ചപ്പോൾ

മഹാരാഷ്ട്രയിൽ എൻസിപിയുടെ നിയമസഭ കക്ഷിനേതാവായ അജിത്പവാർ തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ബിജെപിയിലേക്ക് കൂറുമാറി മന്ത്രിസഭ രൂപീകരിക്കാൻ ശ്രമം നടത്തി. എന്നാൽ ദിവസങ്ങൾ നീണ്ട പ്രതിസന്ധികൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ ശിവസേനയും കോൺഗ്രസും എൻസിപി നേതാവ് ശരദ് പവാറും ചേർന്ന് ആ നീക്കത്തെ പ്രതിരോധിച്ചു. ശരദ് പവാർ മറ്റ് എംഎൽഎമാരെ കൂറുമാറ്റ നിരോധന നിയമം ഓർമ്മിപ്പിക്കുകയുമുണ്ടായി. എത്ര കാലം ആ സർക്കാരിന് തുടരാനാവും എന്നത് ഇന്നത്തെ സാഹചര്യത്തിൽ കണ്ടുതന്നെ അറിയണം.

മഹാരാഷ്ട്രയിൽ എൻസിപി നേതാവ് അജിത് പവാർ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ സന്ദർശിച്ചപ്പോൾ

അരുണാചൽപ്രദേശിൽ 6 വർഷം മുൻപ് രാഷ്ട്രീയ ധാർമികതയുടെ അതിർവരമ്പുകൾ ലംഘിച്ചുള്ള നാടകങ്ങൾക്ക് വേദിയായി. 2014 ൽ 42 സീറ്റ് നേടി വീണ്ടും അധികാരത്തിലെത്തിയ കോൺഗ്രസ് മന്ത്രിസഭയെ കൂറുമാറ്റത്തിലൂടെ പുറത്താക്കി. മുഖ്യമന്ത്രി നബാം തുകി ഒഴികെയുള്ള എല്ലാ കോൺഗ്രസ് എംഎൽ‌എമാരെയും ബിജെപി സഖ്യകക്ഷിയായ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ ചേർത്തായിരുന്നു മന്ത്രിസഭയെ താഴെ ഇറക്കിയത്.

കോൺഗ്രസ്സിൽ നിന്നെത്തിയ പേമ ഖണ്ഡുവിനെ 2016 ജൂലൈ 17 ന് മുഖ്യമന്ത്രിയാക്കി. മൂന്നു മാസത്തിനു ശേഷം മുഖ്യമന്ത്രിയടക്കം വിമത കോൺഗ്രസ് എംഎൽ‌എമാരെല്ലാം പിപിഎ വിട്ടു ബിജെപിയിൽ ചേർന്നു. നേരത്തെ കോൺഗ്രസ്സിലെ ആഭ്യന്തര പ്രശ്‌നം കണക്കിലെടുത്ത് സംസ്ഥാനത്ത് 24 ദിവസം രാഷ്ട്രപതി ഭരണത്തിലായിരുന്നു.

പിന്നീട് കോൺഗ്രസ് വിമത നേതാവ് കാലിഖോ പുലിനെ ഗവർണർ ജെ പി രാജ്‌ഖോവയുടെ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയായി അവരോധിച്ചു. എന്നാൽ സുപ്രീംകോടതി നബാം തുകിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭയെ പുനഃസ്ഥാപിക്കാൻ ഗവർണർ നിർദ്ദേശം നല്കി. അധികാരമേറ്റടുത്തു നാലു ദിവസത്തിനകം മന്ത്രിസഭയെ അട്ടിമറിച്ച് പേമ ഖണ്ഡു ഭരണത്തിലെത്തി.

നിയമസഭ കക്ഷിയുടെ ആകെ അംഗബലത്തിന്റെ മൂന്നിൽ രണ്ടുപേർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാം. അടുത്തിടെ ഗോവ നിയമസഭയിലെ 15 കോൺഗ്രസ് എംഎൽ‌എമാരിൽ 10 പേർ ബിജെപിയിൽ ചേർന്നു. നിയമസഭ കക്ഷിയുടെ മൂന്നിൽ രണ്ടുപേർ കൂറുമാറിയതിനാല് അയോഗ്യതയിൽ നിന്ന് എംഎൽ‌എമാർ രക്ഷപ്പെട്ടു.

സമാന സാഹചര്യത്തിൽ തെലങ്കാനയിലെ 18 കോൺഗ്രസ് എംഎൽ‌എമാരിൽ 12 പേർ ടിആർഎസ്സിൽ ചേർന്നു. ആന്ധ്രപ്രദേശിൽ നിന്നുള്ള ആറു രാജ്യസഭാംഗങ്ങളിൽ നാലു പേർ ബിജെപിയിൽ ചേർന്നു. ഇവിടെയും കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാനുള്ള അംഗബലം ബിജെപി സംഘടിപ്പിച്ചു.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ അധീശത്വം കൂടുതല്‍ ഉറപ്പിക്കുക എന്നത്‌ മാത്രമായിരുന്നു ഇത്തരം കുതിരക്കച്ചവടങ്ങളിലൂടെ സംസ്ഥാന ഭരണം പിടിക്കുന്നതിന്റെ ആത്യന്തിക ലക്ഷ്യം.

എന്തുകൊണ്ട്  കുതിരക്കച്ചവടം എന്ന പേര്

എന്തുകൊണ്ട് ഇത്തരം കൂറുമാറ്റങ്ങളെ കുതിരക്കച്ചവടം എന്ന് വിളിക്കുന്നു? കുതിരകളെ കമ്പോളത്തിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനെ കച്ചവടം എന്നരീതിയിൽ എല്ലാവർക്കും മനസ്സിലാകും എന്നാൽ ചരിത്രം പരിശോധിക്കുമ്പോൾ നേരും നെറിയും തൊട്ടുതീണ്ടിയില്ലാത്ത ഒരു കച്ചവട രീതിയാണ് ഇതെന്ന് മനസിലാക്കാം. അമേരിക്കയിലെ ഗ്ലൈഡഡ് യുഗത്തിൽ നടന്നിരുന്ന ഒരു കച്ചവട തന്ത്രമാണിത്.

കുതിരകളുടെ ദൂഷ്യവശങ്ങൾ ഒക്കെ മറച്ചുവച്ച്‌ ഇല്ലാത്ത ഗുണങ്ങളെ കുറിച്ച് വർണിച്ച്‌ വില്പന നടത്തി ലാഭം കൊയ്യുക. വാങ്ങാൻ വരുന്ന ആളും കുതിരയ്ക്ക് ഇല്ലാത്ത കുറ്റങ്ങൾ പറഞ്ഞു വില കുറയ്ക്കാൻ ശ്രമിക്കും. ധാർമികബോധം തീരെ ഇല്ലാത്ത ഒരു സമൂഹം ഇതിനെ കച്ചവടരംഗത്തെ മത്സരാധിഷ്‌ഠിത വിപണതന്ത്രമായി മാത്രം കണ്ടു.

കബളിപ്പിക്കലും വഞ്ചനയും മാത്രം ഉൾകൊള്ളുന്ന ഇത്തരം വ്യാപാര രീതിയെ കുതിരക്കച്ചവടം എന്ന് പറഞ്ഞുതുടങ്ങിയത്‌ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്താണ്. വോട്ട് വിപണനം നെറികേടിന്റെ കച്ചവടമായപ്പോൾ വൈകാതെ രാഷ്ട്രീയത്തിലും ഈ പ്രയോഗം ഉപയോഗിച്ചുതുടങ്ങി.

കൂറുമാറ്റ നിരോധന നിയമത്തിന്റെ തുടക്കം

1967ല്‍ ഹരിയാനയിലെ ഹസന്‍പൂര്‍(ഹോഡല്‍) മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തിയ സ്വതന്ത്ര അംഗം ഗയാലാല്‍ ഒരേ ദിവസം മൂന്നുപാര്‍ട്ടികളിലേക്ക് കൂറുമാറിയതോടെ ആണ് രാജ്യം കൂറുമാറ്റം ശ്രദ്ധിച്ചുതുടങ്ങിയത്. ഗയാലാല്‍ കോണ്‍ഗ്രസ്സുകാരനായിരുന്നു. മുനിസിപ്പല്‍ വൈസ് ചെയര്‍മാനും.

എന്നാല്‍ 1967 ലെ തിരഞ്ഞെടുപ്പില്‍ ഹസ്സന്‍പൂരില്‍ കോണ്‍ഗ്രസ് സീറ്റ് നൽകാത്തതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച്‌ വിജയിച്ചു. അതിനുശേഷം ഗയാലാല്‍ കോണ്‍ഗ്രസ്സിനു പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ തനിക്കു സീറ്റ് നിഷേധിച്ച പണ്ഡിത് ഭഗവത്യ ദയാല്‍ ശര്‍മയെ മുഖ്യമന്ത്രിയാക്കരുതെന്ന് ആവശ്യപ്പെട്ടു.

ചൗധരി ചാന്ദ് റാമിനെയാണ് മുഖ്യമന്ത്രിയാക്കുക എന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പ് നല്‍കി. എന്നാല്‍ മുഖ്യമന്ത്രിയായത് ഭഗവത് ദയാല്‍. ഗയാലാല്‍ കോണ്‍ഗ്രസ്സിനുള്ള പിന്തുണ പിന്‍വലിച്ചു.

തുടർന്ന് നടന്ന വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. 16 സ്വതന്ത്രര്‍ ചേര്‍ന്നു രൂപീകരിച്ച നവീന്‍ ഹരിയാണ പാര്‍ട്ടിയും കോണ്‍ഗ്രസ്സിലെ ഒരു ഡസനോളം വിമത എംഎല്‍എമാരും ചേര്‍ന്ന് രൂപീകരിച്ച ഹരിയാണ കോണ്‍ഗ്രസ്സും യുനൈറ്റഡ് ഫ്രണ്ടിന് രൂപം നല്‍കി. ഗയാലാലും ഇതിന്റെ ഭാഗമായി. എന്നാല്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും കോണ്‍ഗ്രസ്സിലേക്കു മടങ്ങി.

മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഈ കൂറുമാറ്റങ്ങള്‍. അന്ന് യുനൈറ്റഡ് ഫ്രണ്ട്‌ മുഖ്യമന്ത്രിയായിരുന്ന റാവു ബീരേന്ദ്രസിങാണ്‌ ‘ഗയാറാം ഇപ്പോള്‍ ആയാറാ’മായെന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചത്. തുടർന്ന് രാഷ്ട്രീയത്തില്‍ കൂടുവിട്ട് കൂടുമാറുന്നവരെ ‘ആയാറാം ഗയാറാം’ എന്ന് പരിഹസിക്കാൻ ആരംഭിച്ചു. ഇന്ത്യയിൽ കൂറുമാറ്റ നിരോധന നിയമം കൊണ്ടുവരുന്നതിനു വഴിമരുന്നിട്ട സംഭവമായിരുന്നു ഇത്.

1967 ലെ ലോകസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടുകൂടി കൂറുമാറ്റ നിരോധനം കൊണ്ടുവരാൻ കോൺഗ്രസ് പലതവണ ശ്രമിക്കുകയുണ്ടായി. ലോകസഭയിലെ അംഗബലം ഇടിയുന്നതും കോൺഗ്രസ് പാർട്ടിയുടെ അപ്രമാദിത്വം ഇന്ത്യൻ രാഷ്ട്രീയത്തിൽ കുറഞ്ഞുവരുന്നതും കോൺഗ്രസ്സിനെ ഈ നിയമത്തിന്റെ ആവശ്യകത മനസ്സിലാക്കിച്ചു. അതേ വർഷം എംഎൽഎമാരുടെ കൂറുമാറ്റം കാരണം ഭരണം നഷ്ടപ്പെട്ടത് ഏഴിടത്തായിരുന്നു.

ഈ സാഹചര്യത്തിൽ കോൺഗ്രസ്സിന്റെ മുതിർന്ന നേതാവും എം പിയുമായ വെങ്കടസുബ്ബയ്യ കൂറുമാറ്റത്തിനെതിരെ നിയമം കൊണ്ടുവരാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ശക്തമായ എതിർപ്പുകളുമായി രംഗത്തെത്തി. അവർ സേവ് കോൺഗ്രസ് പദ്ധതിയാണിതെന്നു കളിയാക്കാൻ ആരംഭിച്ചു.

എതിർപ്പുകൾ അവഗണിച്ച നേതൃത്വം നിയമനിർമ്മാണവുമായി മുന്നോട്ടു നീങ്ങി. അന്നത്തെ ആഭ്യന്തരമന്ത്രി വൈ ബി ചവാന്റെ അധ്യക്ഷതയിൽ സമിതി രൂപീകരിക്കുകയും കൂറുമാറ്റം നിർവചിക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു. തുടർന്ന് പാർട്ടി പക്ഷം വെടിഞ്ഞുകൊണ്ടുള്ള ഒരു തീരുമാനത്തിലേക്ക് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് സഭയിൽ എത്തിയ പാർട്ടി അംഗം എത്തിച്ചേർന്നാൽ അത് കൂറുമാറ്റമായി നിർവചിക്കപ്പെട്ടു.

പാർട്ടിയിൽ ഭൂരിപക്ഷം അങ്ങനെ ഒരു തീരുമാനത്തിൽ എത്തിയാൽ അത് കൂറുമാറ്റത്തിന്റെ പരിധിയിൽ വരില്ല എന്നൊരു ഒഴിവും വച്ചു. രാജി വച്ച് ഒറ്റയ്ക്ക് മത്സരിച്ചു ജയിച്ചു വരും വരെയോ അല്ലെങ്കിൽ ഒരു വർഷത്തേക്ക് മന്ത്രിപദത്തിലേറുന്നതു എംഎൽഎ / എംപി മാരെ വിലക്കുകയോ ചെയ്യണമെന്ന് സമിതി നിർദ്ദേശിച്ചു.

1973 ഇന്ദിരാഗാന്ധി സർക്കാരിന്റെ കാലത്തും 1978 മൊറാർജി ദേശായി സർക്കാർ കാലത്തും നിയമനിർമ്മാണത്തിന് ശ്രമിച്ചെങ്കിലും വേണ്ടത്ര പിന്തുണ ലോക്സഭയിൽ ലഭിക്കാത്തതിനെ തുടർന്ന് നടപ്പായില്ല. 1985 ൽ 404 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ രാജീവ് ഗാന്ധി സർക്കാർ തങ്ങളുടെ ഭൂരിപക്ഷം ഉപയോഗിച്ച് ചെയ്ത ആദ്യകാര്യം കൂറുമാറ്റ നിരോധന നിയമമാണ്.

കൂറുമാറ്റ നിരോധനനിയമം

രാജീവ് ഗാന്ധി സർക്കാരിലെ നിയമ വകുപ്പ് മന്ത്രിയായ അശോക് കുമാർ സെൻ ആണ് ഈ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. തുടർന്ന്‌ ഭരണഘടനയുടെ പത്താം അനുബന്ധം എഴുതിച്ചേർക്കപ്പെട്ടു. നിയമനിര്‍മ്മാണത്തില്‍ 8 ഖണ്ഡികകള്‍ അടങ്ങിയിരിക്കുന്നു. ആദ്യത്തേത് നിര്‍വചനങ്ങള്‍, രണ്ടാമത്തേത് അയോഗ്യതകള്‍, മൂന്നാമത്തേത് (2003 ലെ ഭരണഘടന ഭേദഗതി പ്രകാരം ഇല്ലാതാക്കി) പാര്‍ട്ടിക്കുള്ളിലെ പിളര്‍പ്പുകളെക്കുറിച്ച്, നാലാമത്തേത് ലയനത്തിന്റെ കാര്യത്തില്‍ ബാധകമല്ലാത്ത അയോഗ്യതയെക്കുറിച്ച്, അഞ്ചാമത്തേത് ചില ഇളവുകള്‍ വ്യക്തമാക്കുന്നു.

ഒരു അംഗത്തിന്റെ അയോഗ്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ തര്‍ക്കങ്ങള്‍ തീരുമാനിക്കുകയും കോടതികളുടെ അധികാരപരിധി തടയുകയും ചെയ്യുന്ന വ്യക്തിയെ ആറാമത്തെയും ഏഴാമത്തെയും പ്രസ്താവിക്കുന്നു, ഒടുവില്‍, വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് പ്രാപ്തമാക്കുന്ന നിയമങ്ങൾ കൊണ്ടുവരാൻ ഒരു സ്പീക്കറെയോ ചെയര്‍മാനെയോ ചുമതലപ്പെടുത്തുന്നതിനെ പ്രസ്താവിക്കുന്നു.

പ്രധാനമായും മൂന്ന് കാര്യങ്ങളാണ് നിയമത്തിൽ ഉൾപ്പെട്ടിരിക്കുന്നത്

കൂറുമാറുന്നവര്‍ക്ക് സഭയ്ക്ക് അകത്തും പുറത്തും അവര്‍ നടത്തിയ ജനാധിപത്യവിരുദ്ധമായ പ്രവൃത്തികള്‍ക്ക് വിലക്കുകള്‍ കൊണ്ടുവരിക. വിപ്പ് ലംഘിച്ച് വോട്ടുചെയ്യുക, പാര്‍ട്ടിക്കെതിരെ പ്രസംഗിക്കുക, പ്രസ്താവനകള്‍ പുറപ്പെടുവിക്കുക എന്നിവയും അതോടെ ശിക്ഷാര്‍ഹമായി. പിളര്‍പ്പ്, ലയനം.

ഈ രണ്ട് സ്വാഭാവികരാഷ്ട്രീയ പ്രക്രിയകള്‍ക്കും വേണ്ട സംരക്ഷണം നല്‍കി. അതായത് പാര്‍ട്ടി എംഎല്‍എ/എംപിമാരില്‍ മൂന്നിലൊന്നിലധികം പേരും പാര്‍ട്ടിയുടെ തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ആ പ്രവൃത്തിയെ ‘പിളര്‍പ്പ്’ എന്ന് കണക്കാക്കപ്പെടും. മൂന്നില്‍ രണ്ടു ഭാഗം അംഗങ്ങള്‍ ഒരു പാര്‍ട്ടിവിട്ട് മറ്റൊന്നില്‍ ചേര്‍ന്നാല്‍ ആ പ്രക്രിയ ‘ലയന’മെന്നും അംഗീകരിക്കപ്പെടും. അവ രണ്ടും ജനാധിപത്യപ്രക്രിയയുടെ ഭാഗമായിക്കണ്ട്, കൂറുമാറ്റനിരോധനനിയമത്തിന്റെ തുടര്‍നടപടികളില്‍ നിന്ന് പരിരക്ഷിക്കപ്പെടും.

ഏത് സഭയിലാണോ ഈ നിയമത്തിന്റെ ബലത്തില്‍ നടപടി എടുക്കുന്നത് ആ സഭയുടെ പരമാധികാരിയെ, സ്പീക്കറെ, ഇക്കാര്യത്തിലെ അവസാനവാക്കായി ചുമതലപ്പെടുത്തി. കൂറുമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്പീക്കര്‍ അത് തിരഞ്ഞെടുപ്പുകമ്മീഷനെ അറിയിക്കണം. കമ്മീഷന്‍ പ്രസ്തുത നോട്ടീസിന്മേല്‍ കുറ്റാരോപിതര്‍ക്കെതിരെ ചട്ടപ്പടി നടപടിയെടുക്കും.

2003 ലെ  ഭേദഗതി

2003 ലാണ് കൂറുമാറ്റ നിരോധനനിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്. പിളർപ്പിന് സാഹചര്യം ഒരുക്കുന്ന മൂന്നിൽ ഒന്ന് ഭൂരിപക്ഷം എന്ന നിയമത്തിലെ പോരായ്മകൾ മുതലെടുത്തുകൊണ്ട് പല രാഷ്ട്രീയ പാർട്ടികളും പിളർപ്പിലേക്ക് നീങ്ങി. തുടർന്ന് മൂന്നിൽ രണ്ടു അംഗങ്ങളുടെ പിന്തുണ പിളർപ്പിനുള്ള മാനദണ്ഡമാക്കി.

കേവലം ഭേദഗതികൾ കൊണ്ടും ഈ രാഷ്ട്രീയ നാടകങ്ങൾ അവസാനിപ്പിക്കാൻ സാധിച്ചല്ല. മൂന്നിൽ രണ്ടും ഭൂരിപക്ഷം ഉറപ്പാക്കി വീണ്ടും പിളർപ്പുകളും അധികാര വടംവലികളും ഭരണവീഴ്ചകളും തുടർച്ചകളും ഉണ്ടായി. പിളർപ്പിന് സാധിച്ചില്ലെങ്കിൽ കൂറുമാറ്റത്തിന് പകരം എംഎൽഎ / എംപി മാരെക്കൊണ്ട് രാജിവെപ്പിച്ച് അധികാരക്കസേരകൾ ഇല്ലാതാക്കി.

കൂറുമാറ്റം കുതിരക്കച്ചവടത്തിലേക്കും റിസോർട്ട് രാഷ്ട്രീയത്തിനും വഴിമാറി. പണം കൊണ്ട് വിലക്കെടുത്ത് അവിശ്വാസപ്രമേയങ്ങളിലൂടെ മന്ത്രിസഭകൾ താഴെ പോയി. ശുദ്ധീകരണങ്ങൾക്ക് ഇടം നൽകാതെ അധികാര പണാധിപത്യ രാഷ്ട്രീയം ഇന്ത്യയിൽ തഴച്ചു വളർന്നു. ജനാധിപത്യം ഇലക്ഷൻ നാളുകളിലേക്ക് മാത്രമൊതുങ്ങി.

ജനാധിപത്യത്തിലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസ്യത തകർന്നുകൊണ്ടിരിക്കുന്നു. രാഷ്ട്രീയം വെറും പണത്തിനുമേലുള്ള നാടകമാണെന്നു ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. കൂറുമാറ്റ നിരോധന നിയമത്തിന്റെ പഴുതുകളടച്ച ഭേദഗതികൾ വരുന്നതുവരെ രാജ്യത്ത് രാഷ്ട്രീയ കുതിരക്കച്ചവടം തുടർന്നുകൊണ്ടേയിരിക്കും.