തൃശൂർ:
കോവിഡ് 19 ബാധയെ സംബന്ധിച്ച് ആരോഗ്യവകുപ്പിനെയും വകുപ്പ് ഉദ്യോഗസ്ഥരെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ മാധ്യമങ്ങളിൽ പരാമർശം നടത്തിയ ഡോ. ഷിനു ശ്യാമളാനെതിരെയും ആ പരിപാടി സംപ്രേക്ഷണം ചെയ്‌ത മാർച്ച് ഒൻപതിന് ‘ശ്രീകണ്ഠൻ നായർ ഷോ’ സംപ്രേക്ഷണം ചെയ്‌ത ട്വന്റി ഫോർ വാർത്താ ചാനലിലിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ള വ്യക്തിയെ ആരോഗ്യവകുപ്പിന് കാട്ടി കൊടുത്തിട്ടും ഉദ്യോഗസ്ഥർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും അയാളെ ഖത്തറിലേക്ക് തിരികെ അയച്ചുമെന്നുമാണ് ഡോ. ഷിനു ശ്യാമളൻ ട്വന്റി ഫോർ ന്യൂസ് ചാനലിലെ ‘ശ്രീകണ്ഠൻ നായർ ഷോ’യിൽ ഉൾപ്പെടെ പറഞ്ഞത്.
എന്നാൽ, ജനുവരി 30ന് നാട്ടിലെത്തിയ ആളിനെ 38 ദിവസത്തിന് മേൽ നിരീക്ഷണത്തിൽ വെച്ച് കൊറോണ ബാധ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഖത്തറിലേക്ക് തിരികെ പോകാൻ അനുമതി നൽകിയതെന്നും സാധാരണയായി മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ 28 ദിവസം മാത്രമാണ് കൊറോണ നിരീക്ഷണത്തിൽ വെയ്‌ക്കേണ്ടതെന്നും ഇതിൽ അധികം ദിവസം ആ വ്യക്തിയെ നിരീക്ഷിച്ചിട്ടുണ്ടെന്നും ഡിഎംഓ വ്യക്തമാക്കി. ഡോ. ഷിനു കൊറോണ സംശയിച്ച വ്യക്തിയ്ക്ക് സാധാരണ ജലദോഷം മാത്രമായിരുന്നുവെന്നും എല്ലാ പനിയും കൊറോണ അല്ലെന്ന ബോധം ഒരു ഡോക്ടറിന് വേണമെന്നും ഡിഎംഓ കൂട്ടിച്ചേർത്തു.