Screen-grab, Copyrights: Amar Ujala
Reading Time: 2 minutes
#ദിനസരികള്‍ 1059

 
ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയതല്ല, മറിച്ച് ഇനിയും കോണ്‍ഗ്രസ് എന്താണ് നേരായ വഴിയേ ചിന്തിക്കാന്‍ ശീലിക്കാത്തത് എന്നതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത്. എത്ര അടികിട്ടിയാലും പഠിക്കാത്ത ഇക്കൂട്ടരില്‍ ഇനിയും എന്തെങ്കിലും പ്രതീക്ഷ ഇന്ത്യയിലെ ജനത കാത്തു വെയ്ക്കുന്നതില്‍ അര്‍ത്ഥമുണ്ടന്ന് തോന്നുന്നില്ല. രാജ്യത്തിന്റെ താല്പര്യങ്ങളെക്കുറിച്ച് ആര്‍ജ്ജവത്തോടെ ചിന്തിക്കാനും ആ വഴിയെ ജനങ്ങളെ ആനയിക്കാനും കഴിയുന്ന ഒരു കാലം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇങ്ങിനി തിരിച്ചു വരാത്തവിധം അസ്തമിച്ചൊടുങ്ങിയിരിക്കുന്നു. ആ ഒടുക്കത്തെ ത്വരിതപ്പെടുത്തുകയാണ് സിന്ധ്യയുടെ കൂറുമാറ്റം.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് രാഷ്ട്രീയം കമല്‍നാഥും സിന്ധ്യയുമായുള്ള പടലപ്പിണക്കങ്ങളില്‍ പെട്ട് കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. തന്നെ പരിഗണിക്കുന്നതേയില്ലെന്ന് ഗ്വാളിയോര്‍ രാജകുടുംബാംഗമായ സിന്ധ്യയുടെ പരാതിയില്‍ കഴമ്പുണ്ട്. ഏറെക്കാലം ബിജെപി ഭരിച്ച മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തിരിച്ചു വരാന്‍ സിന്ധ്യ ഏറെ വിയര്‍‌പ്പൊഴുക്കിയിട്ടുണ്ട് എന്ന കാര്യം സുവ്യക്തമാണ്. എന്നിട്ടും കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയപ്പോള്‍ അദ്ദേഹത്തെ അവഗണിച്ചു.

കേന്ദ്ര മന്ത്രിയായിരുന്ന തന്നെ സംസ്ഥാന കോണ്‍ഗ്രസിന്റെ അധ്യക്ഷനാക്കണമെന്ന ആവശ്യം പോലും പരിഗണിക്കുവാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. അവര്‍ ദ്വിഗ്വിജയ സിംഗിന്റേയും കമല്‍നാഥിന്റേയും വാക്കുകളെ കൂടുതലായി വിശ്വസിച്ചു. അവഗണന അതിന്റെ പാരമ്യത്തിലെത്തിയതോടെ ജ്യോതിരാദിത്യസിന്ധ്യയ്ക്ക് മറ്റു വഴികളില്ലെന്നായി. അങ്ങനെ രാഹുല്‍ ബ്രിഗേഡിലെ ഏറ്റവും ശക്തനായ നേതാവായിരുന്ന സിന്ധ്യ, അങ്ങനെ ബിജെപിയുടെ കൂടാരത്തിലേക്ക് ചെന്നു കയറി. അദ്ദേഹത്തിന്റെ കൂടെ നില്ക്കുന്ന എംഎല്‍എമാര്‍കൂടി കളം മാറുന്നതോടെ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറും നിലംപൊത്തുകയാണ്.

ഇവിടെ പഴിക്കേണ്ടത് തീര്‍ച്ചയായും ബിജെപിയെയല്ല. അവര്‍ അവസരങ്ങള്‍ കാത്തിരിക്കുന്ന വേട്ടനായ്ക്കളാണ്. അതുകൊണ്ടുതന്നെ ഏതു സാധ്യതകളേയും തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കുന്നതില്‍ അക്കൂട്ടര്‍ മിടുക്ക് കാണിക്കുമെന്ന ബോധ്യം ഉണ്ടാകേണ്ടത് കോണ്‍ഗ്രസ്സിനാണ്. എന്നാല്‍ കോണ്‍ഗ്രസ്സാകട്ടെ അത്തരത്തില്‍ തങ്ങളില്‍ അര്‍പ്പിതമായ ഉത്തരവാദിത്ത്വം നിറവേറ്റാനാകാതെ ഛിന്നഭിന്നമായി നില്ക്കുന്നു.

മധ്യപ്രദേശില്‍ കമല്‍നാഥിന്റെ പിടിവാശിയാണ് കുഴപ്പമുണ്ടാക്കുന്നതെങ്കില്‍ അതേ സാഹചര്യം തന്നെയാണ് രാജസ്ഥാനില്‍ സച്ചിൻ പൈലറ്റിനെതിരെ അശോക് ഗെഹ്‌ലോട്ടും സൃഷ്ടിച്ചിരിക്കുന്നത്. അവിടെയും സച്ചിനും കൂട്ടരും സിന്ധ്യയുടെ സമാനമായ സാഹചര്യത്തെയാണ് നേരിടുന്നത്. യുവാക്കളെ കേള്‍ക്കുവാനും അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാനും തയ്യാറാകാതെ ഇനിയും നേതൃത്വം മടിച്ചു നിന്നാല്‍ ഒരു പക്ഷേ സച്ചിനും സിന്ധ്യ തെളിച്ച അതേ വഴിയിലൂടെതന്നെ നീങ്ങിയേക്കാം.

രാഹുല്‍ ഗാന്ധി 2019 ലെ പരാജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് പരാജയത്തിന് കാരണക്കാരായ ചില പഴയകാല നേതാക്കന്മാര്‍ തന്റെ വഴി പിന്തുടര്‍ന്ന് രാജി സമര്‍പ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. പാര്‍ട്ടി ചില കടല്‍ക്കിഴവന്മാരുടെ കൈയ്യിലാണെന്നും അതില്‍ നിന്നും മോചിപ്പിക്കേണ്ടതുണ്ടെന്നും രാഹുലിന് ബോധ്യമുണ്ട്. അതുകൊണ്ടാണ് പരാജയത്തിന് ശേഷം അദ്ദേഹം ഈ തിരഞ്ഞെടുപ്പ് നേരിടാന്‍ പലപ്പോഴും താന്‍ ഏകനായിരുന്നുവെന്ന് തുറന്നു പറഞ്ഞത്.

പഴയകാല പടക്കുതിരകള്‍ ഗതിവേഗം നഷ്ടപ്പെട്ട് ചടഞ്ഞുകൂടുന്ന എഐസിസിയേയും വര്‍ക്കിംഗ് കമ്മറ്റിയേയും കൊണ്ട് ഈ കാലത്ത് ഒരു യുദ്ധം നയിക്കുന്നത് ആത്മഹത്യാപരമാണെന്ന് രാഹുലിന് നന്നായി അറിയാമെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പുതിയ കാലത്തിന്റെ പതാകവാഹകരായ യുവരക്തങ്ങളെ ആവശ്യമുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ മാത്രമാണ് ഇനി കോണ്‍‌ഗ്രസിന് എന്തെങ്കിലും പ്രസക്തിയുണ്ടാകുക.

അതുകൊണ്ട് കോണ്‍ഗ്രസ് ഇനിയെങ്കിലും സംഘടനാപരമായി ഇടപെടുകയാണ് വേണ്ടത്. ഈ കാലത്തിന്റെ ആവശ്യമെന്താണെന്ന് അറിഞ്ഞുകൊണ്ട് നടത്തുന്ന അത്തരമൊരു ഇടപെടല്‍ കോണ്‍ഗ്രസിനും ഈ നാടിനും അഭികാമ്യമായിരിക്കും. എന്നാല്‍ ആരോടാണിത് പറയേണ്ടത്? ആരാണ് കേള്‍ക്കുക?

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Advertisement