ആലപ്പുഴ:
ലോക വനിതാ ദിനത്തിന്‍റെ ഭാഗമായി ആലപ്പുഴയുടെ വിപ്ലവ മുത്തശ്ശിമാരെ കേരള വനിതാ കമ്മീഷന്‍ ആദരിച്ചു. കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തില്‍ വലിയ പങ്ക് വഹിച്ച പ്രായം തളര്‍ത്താത്ത ആലപ്പുഴയുടെ വിപ്ലവ ശബ്ദം മുന്‍ മന്ത്രി കെ ആര്‍ ഗൗരിയമ്മയെയും ഗായിക പി കെ മേദിനിയെയുമാണ് വനിതാ കമ്മിഷന്‍ ആദരിച്ചത്. വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്‍ വീട്ടിലെത്തി ഗൗരിയമ്മയെ ആദരിച്ചു. ഗൗരിയമ്മക്ക് തുല്ല്യം ഗൗരിയമ്മ മാത്രമെന്നും സ്ത്രീ പുരുഷ സമത്വമെന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാലത്ത് തന്റെ അന്തസ്സും അഭിമാനവും മുറുകെ പിടിച്ച് തലയുയര്‍ത്തി നിന്ന ഗൗരിയമ്മ എക്കാലത്തും സ്ത്രീകള്‍ക്ക് അനുകരണീയമാണെന്നും അവര്‍ പറഞ്ഞു. പികെ മേദിനിയടക്കമുള്ളവരുടെ പാട്ടുകേട്ട് പോരടിച്ചാണ് ഇന്ന് നാം അനുഭവിക്കുന്ന പല സ്വാതന്ത്ര്യവും നേടാനായതെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു.