Mon. Dec 23rd, 2024

രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് വശംവദമാകുന്നു എന്ന ദുഷ്പ്പേര് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള എല്ലാ ബലാത്സംഗ കേസുകള്‍ക്കും, അത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ചാര്‍ത്തിക്കിട്ടിയിട്ടുള്ളതാണ്. തിരിച്ചുപിടിക്കാനാവാത്തവിധം തെളിവുകളും നശിച്ച്, കേസന്വേഷണത്തിലെയും വിചാരണയിലെയും മനഃപൂർവം ഉപേക്ഷിക്കപ്പെട്ട ലൂപ്‌ഹോളുകൾ മുതലെടുത്ത് കോടതിയിൽ ഏറെ ദുർബലമായ ഒരു വിചാരണയും കഴിഞ്ഞ് പ്രതികൾ നിസ്സാരമായി ഊരിപ്പോരുന്ന കാഴ്ചകള്‍ ഇരകളുടെ കുടുംബം നിസ്സഹായതയോടെ നോക്കി നില്‍ക്കുന്നത് നാം കണ്ടതാണ്.

മാധ്യമ വിമര്‍ശനം, പോലീസുകാര്‍ക്കെതിരെ സസ്പെന്‍ഷനടക്കമുള്ള നടപടികള്‍ എന്നിവയാണ് പിന്നീടുള്ള പ്രഹസനങ്ങള്‍. പിന്നെ പതുക്കെ പതുക്കെ മറ്റ് വാര്‍ത്തകളുടെ അതിപ്രസരത്തില്‍ എല്ലാം നാം വിസ്മരിക്കും.

എന്നാല്‍, അങ്ങനെയല്ലാത്ത ചില കേസന്വേഷണങ്ങളും വിചാരണകളും ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ഉണ്ട്. ശിക്ഷ നടപ്പാക്കലിന്‍റെ പടിവാതിലില്‍ വരെ എത്തി നില്‍ക്കുന്ന ഡല്‍ഹി നിര്‍ഭയ കേസ് അത്തരത്തില്‍ ഒന്നാണ്.

2012 ഡിസംബർ 16 -ന് രാത്രി,സുഹൃത്തിനൊപ്പം ഒരു പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ഫിസിയോതെറാപ്പി വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ ആ സംഭവം ഇന്ത്യയില്‍ അങ്ങോളമിങ്ങോളം പ്രതിഷേധങ്ങളുടെ അലയൊലികള്‍ സൃഷ്ടിച്ചിരുന്നു.

കഴുമരം വരെ എത്തി നിന്നിട്ടും, ക്രൂരമായ ഈ കൊലപാതകത്തില്‍ അറസ്റ്റിലായ നാല് നരാധമന്മാര്‍ അണുവിട വ്യത്യാസത്തില്‍ രക്ഷപ്പെട്ടു. അവരുടെ ദയാഹര്‍ജികള്‍ രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ നേരത്തെ മൂന്ന് തവണയാണ് കോടതി മരണവാറണ്ട് സ്റ്റേ ചെയ്തത്.

മരണശിക്ഷയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങള്‍ നടക്കുകയും, പ്രതികളുടെ മാനസികാവസ്ഥ ചര്‍ച്ചയാവുകയും, ഇന്ത്യന്‍ ശിക്ഷാനിയമം നിഷ്കര്‍ഷിക്കുന്ന നിയമ സാധുതകള്‍ക്ക് മേല്‍ വാഗ്വാദങ്ങള്‍ നടക്കുകയും ചെയ്തു.

നിര്‍ഭയയുടെ അമ്മ ആശ ദേവി

ദയാഹര്‍ജികള്‍ തള്ളിയ സാഹചര്യത്തില്‍ പുതിയ മരണവാറണ്ട് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ ഇരയുടെ രക്ഷിതാക്കളും ഡല്‍ഹി സര്‍ക്കാരും കോടതിയെ സമീപിക്കുകയും, മാര്‍ച്ച് 20 ന് തൂക്കിലേറ്റാനുള്ള പുതിയ വാറണ്ട് വിചാരണക്കോടതി പുറപ്പെടുവിക്കുകയും ചെയ്തിരിക്കുകയാണ്.

ദയാഹര്‍ജിയടക്കം കേസിലെ ‌നാല് പ്രതികളുടെയും നിയമവഴികള്‍ പൂര്‍ണമായും അവസാനിച്ചതിനാല്‍ മാര്‍ച്ച് 20 എന്ന ദിനം അവരുടെ ചെയ്തികള്‍ക്ക് മറുപടി നല്‍കുമെന്നു തന്നെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. അല്ലാത്ത പക്ഷം ഇടപെടുമെന്ന് ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ, ജസ്റ്റിസ് അശോക് ഭൂഷണ്‍, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഈ മരണ വാറണ്ടെങ്കിലും നടപ്പിലാകുമോ? നിയമം കീറിമുറിച്ച് പരിശോധിച്ച് പഴുതുകള്‍ തിരഞ്ഞ് പ്രതികള്‍ ഇനിയും എത്താന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ പങ്കുവച്ചത്. മാര്‍ച്ച് 20ാം തീയതി പുലര്‍ച്ചെ 5.30 ന് തൂക്കിലേറ്റാനുള്ള ഡല്‍ഹി പട്യാല കോടതി വിധി നീണ്ടു പോവുകയാണെങ്കില്‍ മാര്‍ച്ച് 23 ന് സുപ്രീംകോടതി ഇടപെടുമെന്നാണ് മൂന്നംഗ ഭരണഘടനാ ബഞ്ച് വ്യക്തമാക്കുന്നത്.

സുപ്രീം കോടതി

നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റണമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിക്ക് മുമ്പാകെ ആവശ്യപ്പെട്ടു. മരണ വാറണ്ട് മൂന്നു തവണയും റദ്ദാക്കിയത്, സിസ്റ്റത്തിലുള്ള ജനങ്ങളുടെ വിശ്വാസം കവരുന്നു എന്നാതായിരുന്നു തുഷാര്‍മേത്തയുടെ മറ്റൊരു ആശങ്ക.

“ഇന്ന് ഈ കേസിൽ നാല് പ്രതികളുണ്ട്. നാളെ, അത്തരം 10 അല്ലെങ്കിൽ 20 കുറ്റവാളികളുള്ള ഒരു കേസുണ്ടാകാം, വ്യത്യസ്ത സമയങ്ങളിൽ പ്രത്യേക ഫോറങ്ങൾ നീക്കി അവർ വധശിക്ഷ വൈകിപ്പിക്കും, ”നിർഭയ കേസിൽ പ്രതികൾ സ്വീകരിച്ച തന്ത്രങ്ങളെ പരാമർശിച്ച് തുഷാര്‍മേത്ത പറഞ്ഞു. മറഞ്ഞിരിക്കുന്ന നിയമ സാധുതകള്‍ ചൂണ്ടിക്കാട്ടി പുതിയ മരണ വാരണ്ടും തള്ളുമോ, അതോ കൊള്ളുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.

നിര്‍ഭയ കേസ്; ഏഴ് വര്‍ഷക്കാലത്തെ നിയമപ്പോരാട്ടം

രാജ്യം അന്നുവരെ കണ്ടിട്ടില്ലാത്ത, അതിക്രൂരമായ കുറ്റകൃത്യത്തിനായിരുന്നു ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യതലസ്ഥാനം സാക്ഷിയായത്. രാത്രിയിൽ ദക്ഷിണ ഡല്‍ഹിയിലുള്ള സാകേത് സെലക്ട് സിറ്റി വാക്ക് തിയറ്ററിൽ സുഹൃത്തായ യുവാവിനൊപ്പം സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവള്‍.

മുനീർക്കയിൽ നിന്നും ദ്വാരകയിലേക്ക് പോകാനായി കയറിയ വൈറ്റ് ലൈൻ ബസ്സില്‍ വച്ച് അവളുടെ ജാതകം തിരുത്തി കുറിക്കുകയായിരുന്നു ആ ആറ് നരാധമന്മാര്‍. അനധികൃത സർവീസ് നടത്തുകയായിരുന്ന ബസ്സിൽ നേരത്തെ ഉണ്ടായിരുന്നവർ ചേർന്ന് പെണ്‍കുട്ടിയെ ശല്യം ചെയ്തപ്പോള്‍, സുഹൃത്ത് ചോദ്യ ചെയ്യുകയും, അക്രമികള്‍ അവനെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചു വീഴ്ത്തുകയുമായിരുന്നു.

പിന്നീട് പെണ്‍കുട്ടിക്ക് നേരെ തിരിഞ്ഞ അവര്‍, അവളെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കുകയും, ഇരുമ്പുവടികൊണ്ട് തല്ലുകയും വളരെ പൈശാചികമായ രീതിയില്‍ ശാരീരികമായി പരുക്കേല്‍പ്പിക്കുകയും ചെയ്തു. കാമവെറിക്ക് പുറമെ, മാനസിക വൈകല്യം മൂത്ത് സ്ഥിരബോധമില്ലാത്ത നരഭോജികളെയാണ് ഈ ചിത്രം വ്യക്തമാക്കുന്നത്.

ഏതാണ്ട് 11 മണിയോടെ, അർദ്ധനഗ്നാവസ്ഥയിൽ ഇരുവരേയും റോഡിലേക്കു വലിച്ചെറിഞ്ഞ ശേഷം അക്രമികൾ കടന്നുകളയുകയായിരുന്നു. അതുവഴി പോയ ഒരാളാണ് അവശനിലയിൽ കിടന്ന അവരെ കണ്ടെത്തുന്നതും പൊലീസിൽ അറിയിക്കുന്നതും.

പീഡനത്തിൽ ആന്തരികാവയവങ്ങൾക്ക്  ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29 ന് മരണപ്പെട്ടു.

നിര്‍ഭയ കേസില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിന് സമീപം നടന്ന പ്രതിഷേധം

പിന്നെ രാജ്യം കണ്ടത് പ്രതിഷേധങ്ങളുടെ നാളുകളായിരുന്നു. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലും മറ്റും ഇതേ തുടർന്ന് ചർച്ചകളുണ്ടാവുകയും, ഡൽഹിയിൽ പ്രതിഷേധങ്ങൾ കത്തിജ്ജ്വലിക്കുകയും ചെയ്തു. തെരുവുകളിലേക്കു പടർന്ന പ്രതിഷേധം വിവാദങ്ങള്‍ക്ക് തിരികൊളുത്തി.

പോലീസ് സംഘത്തിന്റെ ഭാഗത്തു നിന്ന് വളരെ പ്രൊഫഷണലായ അന്വേഷണവും, തെളിവ് ശേഖരണവും ഒക്കെ ഉണ്ടായി. ഫലപ്രദമായ രീതിയിൽ പ്രവർത്തിച്ച പോലീസ്, പ്രോസിക്യൂഷൻ സംവിധാനങ്ങൾ ചേർന്ന് കോടതിയിൽ പഴുതടച്ചു സമർപ്പിച്ച കുറ്റപത്രം, സംഭവം നടന്നിട്ട് ഏഴുവർഷം കഴിഞ്ഞിരിക്കുന്ന ഈ വൈകിയ വേളയിലെങ്കിലും, ഇതാ പ്രതികളെ കഴുമരത്തിനു തൊട്ടടുത്തുവരെ എത്തിച്ചിരിക്കുകയാണ്.

പ്രായപൂർത്തിയാകാത്തതിന്റെ ആനുകൂല്യം മുതലാക്കി ഒരു പ്രതി മാത്രമാണ് വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നത്. പിടികൂടിയ ഓരോരുത്തരുടെയും ഈ കുറ്റകൃത്യത്തിലുള്ള പങ്ക് സംശയാതീതമായി കോടതിക്കുമുന്നിൽ തെളിയിക്കാൻ അന്വേഷണസംഘവും അഭിഭാഷകരും കാണിച്ച ശുഷ്‌കാന്തി അനുകരണീയം തന്നെ.

യാതൊരു തുമ്പുമില്ലാത്ത കേസ് തെളിഞ്ഞത് അഞ്ച് ദിവസം കൊണ്ട്

ഒരു ‘ഡെഡ് എൻഡിൽ’ നിന്നായിരുന്നു നിര്‍ഭയ കേസിന്‍റെ തുടക്കം. അർദ്ധബോധാവസ്ഥയിലുള്ള പെൺകുട്ടി, കണ്‍മുന്നില്‍ വച്ച് കാമുകി ബലാത്സംഗത്തിന് ഇരയായിട്ടും ഒന്നും ചെയ്യാനാവാതെ നില്‍ക്കേണ്ടി വന്ന സങ്കടത്തിലും, ഏൽക്കേണ്ടിവന്ന മർദ്ദനങ്ങളുടെ ആഘാതത്തിലും പരിഭ്രാന്തനായ യുവാവ്, അപരിചിതരായ അക്രമികൾ, ഇതായിരുന്നു അന്വേഷണ സംഘത്തിനു മുന്നില്‍ ഉണ്ടായിരുന്നത്.

യുപി, ഹരിയാന എന്നീ രണ്ടു സംസ്ഥാനങ്ങളോട് ഡല്‍ഹിക്കുണ്ടായിരുന്ന സാമിപ്യവും പ്രതികൾ ഒരിക്കലും പിടിക്കാനാവാത്തവണ്ണം രക്ഷപെടാനുള്ള സാധ്യത മലർക്കെ തുറന്നിട്ടിരുന്നു. എന്നാല്‍, 41  പൊലീസുകാർ, 5  ദിവസത്തെ അന്വേഷണം ഇവിടെയായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥ ഛായ ശര്‍മ്മയും ടീമും രാജ്യത്തെ ഞെട്ടിച്ചത്.

നിര്‍ഭയ കൂട്ട ബലാത്സംഗ കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ ഛായ ശര്‍മ്മ ഐപിഎസ്

എട്ടുപേരടങ്ങുന്ന കോര്‍ ടീമുകളാക്കി തിരിച്ചുള്ള അന്വേഷണം, നേരിയ കച്ചിത്തുരുമ്പുകളിൽ പിടിച്ചു കേറി നടത്തിയ തിരച്ചിലുകൾ, ഡല്‍ഹി തെരുവുകളിൽ പൊലീസിന് ഉണ്ടായിരുന്ന ഇൻഫോർമർ നെറ്റ്‌വർക്കിന്റെ ഫലപ്രദമായ ഉപയോഗം, എന്നിവയുടെ അവസാനം സമര്‍പ്പിച്ച, ആയിരം പേജുള്ള ഒരു കുറ്റപത്രം പിന്നീട് ഒരു സംശയത്തിനും ഇടയുണ്ടാക്കുന്ന ഒന്നായിരുന്നില്ല.

ഇത്രയധികം വട്ടം ഡിഎൻഎ ടെസ്റ്റ് നടത്തിയ ഒരു കേസ് ഇന്ത്യൻ ക്രിമിനൽ ഹിസ്റ്ററിയിൽ വേറെ കാണില്ല. ഡിഎന്‍എ സാമ്പിളുകള്‍ മാച്ചു ചെയ്തു കൊണ്ടായിരുന്നു പോലീസിന്‍റെ ഓരോ നീക്കവും. പല്ലുകൾ മുതൽ, കുറ്റാരോപിതരുടെ വസ്ത്രങ്ങളിലെ കറകൾ വരെ പരിശോധനയ്ക്കു വിധേയമാക്കി.

വിവസ്ത്രരാക്കി പുറത്തു തള്ളിയപ്പോൾ, അഴിച്ചെടുത്തിരുന്ന ഇരകളുടെ വസ്ത്രങ്ങൾ പ്രതികള്‍ കത്തിച്ചുകളഞ്ഞിരുന്നു. എന്നാല്‍, പൂര്‍ണ്ണമായും കത്താതെ ബാക്കിവന്ന തുണിക്കഷ്ണങ്ങളില്‍ ഡിഎൻഎ ടെസ്റ്റ് നടത്തി അത് ഇരകളുടേതാണ് എന്ന് കോടതിയെ ബോധ്യപ്പെടുത്താൻ അന്വേഷണ സംഘത്തിനായി.

കുറ്റകൃത്യം കഴിഞ്ഞ് പ്രതികള്‍ ബസ് കഴുകിയെങ്കിലും വെള്ളമോ, ചൂലോ എത്താത്തിടങ്ങളിൽ ഒളിച്ചിരുന്ന രക്തത്തുള്ളികള്‍ പോലും ഡിഎന്‍എ ടെസ്റ്റിനു വേണ്ടി ശേഖരിച്ചു. ഇങ്ങനെയാണ് കുറ്റം നടന്നത് കസ്റ്റഡിയിലെടുത്ത ബസ്സിനുള്ളിൽ തന്നെയാണെന്ന നിഗമനത്തിലെത്തുന്നത്.

നിര്‍ഭയ കേസിലെ ഇരയും സുഹൃത്തും സഞ്ചരിച്ച ബസ്

വെളുത്ത ബസ്, ചുവന്ന സീറ്റുകൾ. മഞ്ഞ കർട്ടനുകൾ, അര്‍ദ്ധബോധാവസ്ഥയിലായ പെണ്‍കുട്ടി ഓര്‍ത്തു പറഞ്ഞത് ഇതായിരുന്നു. ഡല്‍ഹിയില്‍ വെള്ള ബസ്സുകൾ നിരവധിയുണ്ടായിരുന്നു എങ്കിലും ഈ വിശദാംശം പോലീസിന്റെ അന്വേഷണത്തിൽ വഴിത്തിരിവായി.

ആര്‍ടിഒയിൽ നിന്ന് ഡല്‍ഹിയിലെ വെള്ള ബസ്സുകളുടെ വിവരം ശേഖരിച്ചുകൊണ്ടായിരുന്നു അന്വേഷണത്തിന്‍റെ തുടക്കം. പെൺകുട്ടിയുടെയും യുവാവിന്റെയും വിവരങ്ങൾക്ക് ഏറെക്കുറെ യോജിക്കുന്ന 370 ബസ്സുകൾ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. ഡല്‍ഹി വിമാനത്താവളത്തിനടുത്തുള്ള ഒരു ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് പിന്നീട് തുണയായത്.

അങ്ങനെയാണ് രാം സിങ്ങ് എന്ന ബസ് ഡ്രൈവറിലേക്ക് എത്തുന്നത്. തെളിവില്‍ നിന്ന് തെളിവിലേക്കുള്ള ത്വരിതഗതിയിലുള്ള അന്വേഷണമാണ് പിന്നീട് നടന്നത്. ബിഹാറിലെ ഔറംഗാബാദിൽ നിന്നാണ് അക്ഷയ് താക്കൂര്‍ എന്ന മറ്റൊരു പ്രതി അറസ്റ്റിലാകുന്നത്. സംഭവം സൃഷ്ടിച്ച കോലാഹലങ്ങളില്‍ ഭയപ്പെട്ട് നാടുവിട്ട പ്രായ പൂര്‍ത്തിയാകാത്ത പ്രതിയും, ഈ തെളിവുകളുടെ പിന്നാലെ അറസ്റ്റിലായി.

ചെയ്ത കുറ്റം മറച്ചുവെക്കാനും പൊലീസിന്റെ പിടിയിൽ അകപ്പെടാതിരിക്കാനും പ്രതികൾ പരമാവധി പരിശ്രമിച്ചു. പക്ഷെ സാധ്യമായ വഴികള്‍ ഉപയോഗിച്ച് പഴുതടച്ചുള്ള  അന്വേഷണം അവര്‍ക്ക് വിനയായി. പ്രതികളില്‍ ഒരാളായ രാം സിങ്ങ് തീഹാര്‍ ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തതും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിചാരണയുടെ അവസാന വേളയിലായിരുന്നു ക്യൂറേറ്റീവ് പെറ്റീഷന്‍ എന്ന നിയമസാധുത പ്രതികള്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത്. പ്രതികള്‍ ദയാഹര്‍ജി സമര്‍പ്പിക്കുകയും, ഹര്‍ജികള്‍ രാഷ്ട്രപടിയുടെ പരിഗണനയില്‍ ഉണ്ടാവുകയും ചെയ്താല്‍ വധ ശിക്ഷ നടപ്പാക്കാനാവില്ലെന്ന് ജയില്‍ ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ സ്റ്റേ ചെയ്തുകൊണ്ട് ജനുവരി 31നാണ് വിചാരണക്കേടതി ഉത്തരവിട്ടത്. പിന്നീട് മാര്‍ച്ച് മൂന്നിലേക്ക് വധശിക്ഷ മാറ്റുകയായിരുന്നു. എന്നാല്‍ വീണ്ടും, സ്റ്റേ ആവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് താക്കൂറും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി അത് തള്ളി. ഇതിനു പിന്നാലെയാണ് പവന്‍ ഗുപ്ത ദയാഹര്‍ജി സമര്‍പ്പിച്ചതായി അഭിഭാഷകന്‍ എപി സിങ്ങ് കോടതിയെ അറിയിക്കുന്നത്. മറ്റ് മൂന്ന് കുറ്റവാളികളുടെയും, തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നേരത്തെ തള്ളിയിരുന്നു.

മരണവാറണ്ടുകള്‍ കടന്ന് പ്രതികളെ ഭാഗ്യം തുണയ്ക്കുമ്പോള്‍, വിചാരണക്കോടതി വരാന്തയില്‍ നീതിയുടെ സാഫല്യം കാത്ത് നില്‍ക്കുന്ന ഒരു അമ്മയുടെ മുഖം നാം എന്നും കാണുന്നതാണ്. വിധി, തീയതികളില്‍ നിന്ന് തീയതികളിലേക്ക് പോകുമ്പോഴും, കലണ്ടര്‍ മാറി മാറി വരുമ്പോഴും തന്‍റെ നിയമപ്പോരാട്ടത്തിന്‍റെ വിജയമാണ് ആ കണ്ണുകള്‍ കാത്തിരിക്കുന്നത്.