Thu. Jan 23rd, 2025

 

‘കടക്ക് പുറത്ത്’ എന്ന വാക്കിന് മലയാളത്തില്‍ വളരെയേറെ പ്രചാരം നല്‍കിയതിന്‍റെ ക്രെഡിറ്റ് ബഹുമാന്യനായ നമ്മുടെ മുഖ്യമന്ത്രിക്ക് തന്നെയാണ്. മലയാള ഭാഷയില്‍ പ്രചാരത്തിലുള്ള പദങ്ങള്‍ തന്നെയാണ് മുഖ്യന്‍ ഉരുവിട്ടത്. എന്നാല്‍ അത് പുറത്തേക്ക് ചാടിയ സാഹചര്യവും, രീതിയും വളരെ ഏറെ വിമര്‍ശിക്കപ്പെട്ടു.

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ അന്ന് മുഖ്യന്‍റെ വായില്‍ നിന്ന് ചാടിയ വാക്ക്, പിന്നീട് ധാര്‍ഷ്ട്യത്തിന്‍റെയും, ഇടത് അധികാര മനോഭാവത്തിന്‍റെയും പര്യായമായി മാറി. മാധ്യമ സുഹൃത്തുക്കള്‍ അതിനെ നന്നായങ്ങ് കുളിപ്പിച്ച് കുട്ടപ്പനാക്കി പലയിടത്തും അവതരിപ്പിച്ചു.

പക്ഷെ ചങ്കരന്‍ പിന്നെയും പ്ലാവിലെന്ന പോലെയാണ് സഖാക്കള്‍. കത്തിക്കാന്‍ എന്തെങ്കിലും കിട്ടുമോ എന്ന് കാത്ത്, തീക്കൊള്ളിയുമായി നില്‍ക്കുന്ന പ്രതിപക്ഷത്തെ അത്ര വില കുറച്ച് കാണേണ്ടതില്ലായിരുന്നു. സ്ഥലകാല ബോധമില്ലാതെ പെരുമാറുന്നത് നിയമസഭയില്‍ ആദ്യത്തെ സംഭവമല്ലെങ്കിലും വാക്കുകളുടെ വഴിവിട്ട ഉപയോഗം തനിക്ക് മാത്രമല്ല താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും തിരിച്ചടിയാകുമെന്നത് ആരായാലും ഓര്‍ത്താല്‍ നന്ന്.

ഇപി ജയരാജന്‍

കള്ള റാസ്കല്‍, പോക്രിത്തരം കാണിക്കരുത്, ഇരിയെടാ അവിടെ എന്നിങ്ങനെയായിരുന്നു സഭയെ പ്രകമ്പനം കൊള്ളിച്ച സഭ്യേതര വാക്കുകളുടെ പ്രവാഹം. തനിക്ക് മുന്നില്‍ മൈക്ക് ഇല്ലെന്ന ധൈര്യത്തിലാണോ അതോ മുഖ്യമന്ത്രിക്ക് ശേഷം താനെന്ന ചിന്തയുടെ അതിപ്രസരമാണോ സഖാവ് ഇപി ജയരാജനെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതെന്ന് വ്യക്തമല്ല.

“മുഖ്യമന്ത്രി വിടുവായത്തം എന്ന വാക്ക് പല തവണ ഉപയോഗിച്ചു, അതു ശരിയോണോ അല്ലയോ എന്ന് സ്പീക്കറാണ് തീരുമാനിക്കേണ്ടത്. പക്ഷെ മുഖ്യമന്ത്രിയുടെ മൈക്കില്‍ കൂടി വ്യവസായ മന്ത്രി പറഞ്ഞ വാക്ക് ഞാനിവിടെ ആവര്‍ത്തിക്കുന്നില്ല, എല്ലാം രേഖയിലുണ്ട്. കള്ള റാസ്കല്‍ എന്നും പോക്രിത്തരം എന്നും പറഞ്ഞിട്ടുണ്ട്”, പറവൂര്‍ എംഎല്‍എ വിഡി സതീശന്‍ പറഞ്ഞപോലെ എല്ലാം രേഖയിലുണ്ട്. ഇപി അത് ഓര്‍ക്കേണ്ടതായിരുന്നു.

തുടക്കം വിടുവായത്തരത്തില്‍

പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും, കേസിന്‍റെ രേഖകള്‍ ക്രൈംബ്രാഞ്ച് തങ്ങള്‍ക്ക് കൈമാറുന്നില്ലെന്നും കാട്ടി, സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടായിരുന്നു ഷാഫി പറമ്പില്‍ അടിയന്തര പ്രമേയ നോട്ടീസിന് വിഷയമാക്കിയത്.

കൊലയാളികളുടെ ആരാധാനാലയമായി സര്‍ക്കാരും, കൊലയാളികളുടെ ദൈവമായി മുഖ്യമന്ത്രിയും മാറിയെന്ന് പറഞ്ഞ ഷാഫി പറമ്പില്‍ തീപ്പൊരി പ്രസംഗമായിരുന്നു ഇന്നലെ നിയമസഭയില്‍ കാഴ്ചവച്ചത്.

സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ ഹാജരാകാന്‍ ഡല്‍ഹിയില്‍ നിന്ന് ഇറക്കുമതി ചെയ്ത അഭിഭാഷകര്‍ക്ക് കോടികള്‍ നല്‍കിയത് എകെജി സെന്‍ററില്‍ നിന്നോ, ബക്കറ്റ് പിരിവില്‍ നിന്നോ അല്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു.

വിടുവായത്തം പറഞ്ഞാല്‍ മറുപടി പറയാന്‍ സര്‍ക്കാരില്ലെന്ന് മുഖ്യന്‍ തിരിച്ചടിച്ചതോടെ കളി കാര്യമായി. ഇതോടെയാണ് വലതുഭാഗത്ത് നിന്ന് അശരീരി വന്നത്, ഇരിക്കെടാ അവിടെ എന്ന്. പിന്നെ കാര്യ പരിപാടിയായ നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധമായിരുന്നു. സ്പീക്കര്‍ എഴുന്നേറ്റ് നിന്ന് നിയന്ത്രിക്കുകയും, ക്ലിനിക്കല്‍ ഡോക്ടറുണ്ടെന്നും, ബിപി ഉള്ളവര്‍ക്ക് അങ്ങോട്ട് പോകാമെന്നും സ്നേഹത്തോടെ പറയുമ്പോള്‍, ആ ചെയറിലിരുന്ന് അദ്ദേഹമനുഭവിക്കുന്ന ഗതികേട് വ്യക്തം.

പക്ഷെ പ്രകമ്പനങ്ങളൊന്നും മുഖ്യമന്ത്രിയെ തളര്‍ത്തിയില്ല, വീണ്ടും വീണ്ടുമുള്ള വിടുവായത്തമെന്ന പദപ്രയോഗവും, പ്രതിപക്ഷ ബഹളവും സഭ കലുഷിതമാക്കി. സഭ്യേതരമായ എന്ത് ഭാഗമാണ് അതിലുള്ളതെന്ന് പറഞ്ഞാല്‍ അത് നോക്കാമെന്നായിരുന്നു മുഖ്യന്‍റെ മറുപടി.

മുഖ്യമന്ത്രിയുടെ ഭാഷ പ്രയോഗമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് ഉന്നയിച്ച എംകെ മുനീറിന് ലഭിച്ചത് എല്ലാവര്‍ക്കും ഭാഷയറിയാമെന്ന മറുപടിയായിരുന്നു. എന്നാല്‍ ഇടവേളയില്‍ വിഡി സതീഷശന്‍ എഴുന്നേറ്റ് നിന്ന് വ്യവസായ മന്ത്രിയുടെ ഇടപെടല്‍ ചോദ്യം ചെയ്തപ്പോള്‍, മുഖ്യമന്ത്രിക്കല്ലാതെ താന്‍ മറ്റാര്‍ക്കും മൈക്ക് നല്‍കിയിട്ടില്ലെന്നും, അതിനാല്‍ അതൊന്നും രേഖയിലുണ്ടാവില്ലെന്നും സ്പീക്കര്‍ പറഞ്ഞു. അത്തരം സഭ്യേതര വാക്കുകള്‍ പ്രയോഗിക്കുന്നവര്‍ സ്വയം പരിശോധിച്ചാല്‍ മതിയെന്നായിരുന്നു സ്പീക്കറുടെ മറുപടി.

സഭയില്‍ അംഗങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ പാര്‍ലമെന്ററിയാണോ എന്ന ചോദ്യം, ചെയര്‍ നിരന്തരം നേരിടാറുള്ളതാണ്. വാക്കുകളുടെയും വാചകങ്ങളുടെയും തൂക്കവും ഗുണവും അളന്നു സഭാരേഖകളില്‍ നിന്ന് സ്പീക്കര്‍ അവ നീക്കം ചെയ്യുകയോ നീക്കാതിരിക്കുകയോ ചെയ്യും. ഏതായാലും, കടക്ക് പുറത്തിന്‍റെ ആയുസ്സ് തീര്‍ന്നു ഇനി കള്ള റാസ്കലിന്‍റെ കാലമാണ്.