Fri. Mar 29th, 2024
ന്യൂ ഡല്‍ഹി:

ഡല്‍ഹി കലാപം, കാവിരാഷ്ട്രീയത്തിന്‍റെ പ്രഖ്യാപിത അജണ്ടയുടെ ഭാഗമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തേക്ക് വരുന്നു. ഈ മുസ്ലീം വിരുദ്ധ നിലപാട് ഇന്ത്യന്‍ ജനാധിപത്യത്തേയും മതേതരത്വത്തേയും ഭരണഘടനയേയും വെല്ലുവിളിക്കുകയാണ്.

2002 ല്‍ ഗുജറാത്തില്‍ നടന്ന കലാപം ഇന്ത്യ ഇന്നുവരെ വിസ്മരിച്ചിട്ടില്ല. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര ദാമോദര്‍ദാസ് മോദി, രാജ്യതലപ്പത്ത് നിലകൊള്ളുന്ന കാലം വരെ, കലാപഭൂമിയില്‍ വംശവെറിക്ക് പാത്രമായ ജനതയുടെ വിതുമ്പല്‍ കാതുകളില്‍ അലയടിച്ചുകൊണ്ടേയിരിക്കും.

ഗുജറാത്ത് കലാപത്തില്‍ നിന്നുള്ള ദൃശ്യം

1984 ലെ സിഖ് വിരുദ്ധ കലാപമായാലും, ഗുജറാത്ത് കലാപമായാലും അക്രമസംഭവങ്ങളുടെ മൂലകാരണങ്ങള്‍ പ്രത്യക്ഷമായിരുന്നു. എന്നാല്‍, കേന്ദ്രത്തിന്‍റെ ഫാസിസ്റ്റ് നയങ്ങളെ ചോദ്യം ചെയ്ത്, വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സമാധാന പരമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുന്ന ഒരു കൂട്ടം ജനങ്ങള്‍ എങ്ങനെയാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചതെന്ന് അവ്യക്തമാണ്.

മുസ്ലീമിനെ ശത്രുവായി ചിത്രീകരിച്ച്, ഭിന്നിപ്പിന്‍റെ വിത്തുകള്‍ നട്ടുനനച്ച്, ഹിന്ദുത്വ രാഷ്ട്രനിര്‍മ്മിതിക്ക് പാതയൊരുക്കാനാണ് സംഘപരിവാരങ്ങള്‍ ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ ബോധമുള്ളവര്‍ക്ക് തിരിച്ചറിയാം.

രാജ്യം കടന്നുപോകുന്ന ഈ അരക്ഷിതാവസ്ഥയ്ക്ക് ദേശീയ പ്രതിപക്ഷകക്ഷികളും പ്രതിക്കൂട്ടിലാണ്. തങ്ങളുടെ മൂക്കിന്‍റെ തുമ്പത്ത് കലാപകാരികള്‍ അഴിഞ്ഞാടുമ്പോള്‍ നിഷ്ക്രിയരായി നോക്കിനിന്ന പ്രതിപക്ഷത്തിന്‍റെ നിരുത്തരവാദപരമായ സമീപനം തന്നെയാണ് കാര്യങ്ങളെ ഇത്രത്തോളം വഷളാക്കിയത്.

പൗരത്വനിയമം പാര്‍ലമെന്റ് പാസാക്കി രണ്ടുമാസം കഴിഞ്ഞിട്ടും യോജിച്ചൊരു ജനാധിപത്യ പ്രക്ഷോഭത്തിന് അവര്‍ തയ്യാറായില്ല എന്നതു തന്നെയാണ് പ്രശ്‌നം. അവസരത്തിനൊത്ത് അവരെല്ലാം ഉയര്‍ന്നിരുന്നെങ്കില്‍ രാജ്യത്തെ ഇത്തരത്തിലൊരു കലാപഭൂമിയാക്കാന്‍ ആര്‍എസ്എസിനു കഴിയുമായിരുന്നില്ല.

വീടു പണിക്ക് കല്ലും മണലും ലോറികളില്‍ ഇറക്കുന്നതു പോലെയാണ് ഡല്‍ഹി തെരുവുകളില്‍ സംഘപരിവാറിന്‍റെ ഹിന്ദുത്വ നയങ്ങള്‍ കെട്ടിപ്പടുക്കാന്‍ കലാപകാരികളെ എത്തിച്ചതെന്നാണ് നിഗമനങ്ങള്‍. അഞ്ചും പത്തുമല്ല, രണ്ടായിരത്തോളം ആര്‍എസ്എസ് ഗുണ്ടകളാണ് ഡല്‍ഹിയിലെ ഇരുണ്ട ഗലികളില്‍ ആക്രമണം ആരംഭിക്കാനുള്ള വിസില്‍ മുഴങ്ങുന്നത് കാത്തിരുന്നത്.

തികച്ചും ആസൂത്രിതമായിരുന്നു ഡല്‍ഹിയില്‍ നാം കണ്ടതെല്ലാം, എന്നതിന് മറ്റ് തെളിവുകള്‍ നിരത്തേണ്ടി വരില്ല. അറിഞ്ഞോ അറിയാതെയോ, കപില്‍ മിശ്ര ഒരു കാരണമാവുകയായിരുന്നു. അല്ലെങ്കില്‍ കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗം ആരോ എഴുതി തയ്യാറാക്കി അയച്ചതാകാം.

രാജ്യ തലസ്ഥാനത്ത് നടക്കുന്ന ഈ ഗൂഢാലോചനകള്‍ നടപ്പിലാക്കാന്‍ ഇറക്കുമതി ചെയ്യപ്പെട്ട കലാപകാരികള്‍ക്ക് ഒത്താശകളൊന്നുമില്ലാതെ നാല്‍പ്പതിലധികം പേരുടെ ജീവനെടുക്കാനാകുമോ? അക്രമം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് പ്രദേശത്ത് പോലീസ് സാന്നിദ്ധ്യം കുറവായിരുന്നത് ആസൂത്രിതമായിരുന്നോ? കാക്കി, കാവിവത്കൃതമാകുമ്പോള്‍ രാജ്യത്തിന്‍റെ ഭാവി എന്താകും?

ഡല്‍ഹി കലാപം; എഴുതി തയ്യാറാക്കിയ സംഘപരിവാര്‍ അജണ്ട

വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ കലാപം നടത്താനായി പുറത്തുനിന്ന് ആളുകളെ എത്തിച്ചതായി ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാനാണ് വെളിപ്പെടുത്തുന്നത്. അക്രമം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് 1500 മുതല്‍ 2000 വരെയുള്ള ആളുകളെ പുറത്തുനിന്ന് എത്തിക്കുകയായിരുന്നെന്നും കലാപത്തിലും ഗൂഡാലോചനയിലും ഇവര്‍ക്ക് പങ്കുണ്ടെന്നുമായിരുന്നു ന്യൂനപക്ഷ കമ്മീഷന്‍റെ നിഗമനം.

സഫറുല്‍ ഇസ്‌ലാം ഖാന്‍

ഡല്‍ഹിയിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം ദേശീയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഫറുല്‍ ഇസ്‌ലാം ഖാന്‍.

വീടുകളും വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കുന്നതിന് മുന്നോടിയായി ഇവരെ സമീപപ്രദേശത്തെ സ്‌കൂളുകളിലും മറ്റുമായിരിക്കും താമസിപ്പിച്ചിട്ടുണ്ടാവുക എന്നും സഫറുല്‍ ഇസ്‌ലാം ഖാന്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഈ അനധികൃത താമസക്കാരില്‍ അധികൃതര്‍ക്ക് സംശയമുണ്ടായില്ലെന്നത് വായിച്ചെടുക്കുമ്പോള്‍ എന്തൊരു വൈരുദ്ധ്യം…!

”ഇത് ആസൂത്രിതമായ അക്രമമാണ് എന്നാണ് ഞങ്ങളുടെ നിഗമനം. ആക്രമണം നടത്താനായി ആളുകളെ പുറത്തുനിന്നു കൊണ്ടുവന്നിട്ടുണ്ട്. എവിടെ നിന്നുള്ളവരെയാണ് ഡല്‍ഹിയില്‍ എത്തിച്ചതെന്ന് പൊലീസും രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തണം. മാസ്‌കുകളും ഹെല്‍മെറ്റുകളും ധരിച്ച് അക്രമത്തില്‍ ഏര്‍പ്പെട്ടവരുടെ ഫോട്ടോകള്‍ ഡിസിഎം സംഘത്തിന് ലഭിച്ചിട്ടുണ്ട്”, സഫറുല്‍ ഇസ്‌ലാം പറയുന്നു.

”ഏകദേശം 1,500 മുതല്‍ 2,000 വരെ ആളുകള്‍ ഈ പ്രദേശങ്ങളില്‍ അക്രമമുണ്ടാക്കാനായി എത്തിയിട്ടുണ്ടെന്നാണ് ഞങ്ങളുടെ നിഗമനം. ആക്രമണം തുടങ്ങുന്നതിനും ഒരു ദിവസം മുന്‍പാണ് ഇവരെ ഇവിടെ എത്തിച്ചത്. ചില സ്‌കൂളുകളിലാണ് ഇവരെ താമസിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ഞങ്ങളുടെ പ്രധാന വസ്തുതാ റിപ്പോര്‍ട്ട് പിന്നീട് പുറത്തുവിടും. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സംഭവിച്ചതോ? അതേദിവസം തന്നെ പൊലീസ് വിവിധയിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അക്രമ ബാധിത പ്രദേശങ്ങളില്‍ ഫെബ്രുവരി 24, 25 തീയതികളില്‍, അതായത് അക്രമത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ പൊലീസ് സാന്നിദ്ധ്യം കുറവായിരുന്നു. നിരവധി ആളുകളെ രക്ഷിച്ചുവെന്നാണ് പൊലീസിന്റെ അവകാശവാദം. എന്നാല്‍ അവര്‍ ആരേയും രക്ഷിച്ചിട്ടില്ല. ആരുടേയും ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കിയിട്ടില്ലെന്നും സഫറുല്‍ ഇസ്‌ലാം പറയുന്നു.

ആളുകളെ ചുട്ടുകൊല്ലാന്‍ അനുവദിക്കുകയും, കലാപകാരികളെ വീടുകള്‍ തകര്‍ക്കാനും സ്‌ഫോടനം നടത്താനും സഹായിക്കുകയുമായിരുന്നു ജനജീവിതത്തിന് സുരക്ഷ നല്‍കേണ്ട പോലീസ് ഏമാന്മാര്‍ ചെയ്തത് എന്ന കാര്യം അങ്ങേയറ്റം അപലപനീയമാണ്.

രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് കലാപ ബാധിത പ്രദേശങ്ങളില്‍ പോലീസ് സജീവമായത്. ഫെബ്രുവരി 26 ന് അക്രമത്തിന് അറുതി വന്നു. അതിന് അടുത്ത ദിവസം അക്രമം പൂര്‍ണമായും അവസാനിച്ചു.

കലാപത്തിന്‍റെ ബാക്കിപത്രങ്ങള്‍

അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കോളനികളില്‍ നിന്നൊക്കെ ജനം പലായനം ചെയ്യുന്ന കാഴ്ചയാണ് തലസ്ഥാനത്ത് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ദുരിത ബാധിത പ്രദേശങ്ങളൊക്കെ ഇപ്പോള്‍ ആളൊഴിഞ്ഞ നിലയിലാണ്. സര്‍ക്കാര്‍ ഒരുക്കിയ ക്യാമ്പുകളിലും, ബന്ധു വീടുകളിലുമാണ് പലരും കഴിയുന്നത്.

“ഇവിടെയുള്ളവര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭിക്കുന്നുണ്ട്. പക്ഷേ അവര്‍ക്ക് വേണ്ടത് ഇത് മാത്രമല്ല. ജീവിതം പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായമാണ്. നിരവധി ആളുകള്‍ക്ക് അവരുടെ കടകളും ബിസിനസുകളും നഷ്ടപ്പെട്ടു. അവ പുനര്‍ നിര്‍മിക്കേണ്ടതുണ്ട്”, സഫറുല്‍ ഇസ്‌ലാം അഭിപ്രായപ്പെടുന്നു.

സര്‍ക്കാര്‍ നിലവില്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം പര്യാപ്തമല്ലെന്നും, ദുരിത ബാധിതരുടെ ജീവിതം പഴയപടി ആക്കാനുള്ള സഹായങ്ങള്‍ നല്‍കണമെന്നുമാണ് ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെടുന്നത്.

വീടുകള്‍ മിക്കതും തകര്‍ന്ന നിലയിലോ, കത്തിയ നിലയിലോ ആണ്. ജനങ്ങളുടെ കൈവശം പണവുമില്ല. ഈ സാഹചര്യത്തില്‍ അവര്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചു പോകുന്നത് അപ്രാപ്യമായതിനാലാണ് അവരെ അനുവദിക്കാത്തതെന്നും സഫറുല്‍ ഇസ്‌ലാം പറഞ്ഞു.

വീടുകള്‍ കയറി കൊള്ളയടിച്ചതും, തീവച്ചതും ഡല്‍ഹി തെരുവിലെ പൗരത്വ പ്രക്ഷോഭകരല്ല, സ്ത്രീകള്‍ക്ക് മുന്നില്‍ ജയ്ശ്രീ റാം എന്ന ആക്രോശവുമായെത്തി ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചത് ഷാഹീന്‍ ബാഗിലെ സമരക്കാരല്ല, നടപ്പിലാക്കാനിരിക്കുന്ന കാര്യങ്ങള്‍ തെരുവില്‍ നിങ്ങള്‍ തന്നെ കൊട്ടി ഘോഷിക്കുകയാണ്.

കേസ് രജിസ്റ്റര്‍ ചെയ്യാതെയും, സുരക്ഷാ വലയങ്ങളൊരുക്കിയും കാത്തു സൂക്ഷിക്കുന്നത് രാജ്യത്തെ കുരുതിക്കളമാക്കാന്‍ ത്രാണിയുള്ള രാഷ്ട്രീയ വിഷങ്ങളെയാണ്. ഇവിടെ ചരിത്രപരമായ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ തയ്യാറാകണം. രാജ്യമെങ്ങും നടക്കുന്ന പോരാട്ടങ്ങളെ ജനാധിപത്യപരമായി സമാഹരിച്ച് മുന്നോട്ടുപോകണം.

ഇത് സാധ്യമല്ലെങ്കില്‍ അത്തരമൊരു കടമ നിര്‍വ്വഹിക്കാന്‍ ഒരു ദേശീയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് അനിവാര്യമാണ്. ജനാധിപത്യവും ഭരണഘടനയും മതേതരത്വവും സാമൂഹ്യനീതിയും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ ഈ ലക്ഷ്യത്തിനു വേണ്ടിയാണ് വര്‍ത്തിക്കേണ്ടത്.