Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

അലിഘഢ് മുസ്ലീം സര്‍വ്വകലാശാലയില്‍ വച്ച് ഡോക്ടര്‍ കഫീല്‍ ഖാന്‍ പ്രകോപനപരമായ പ്രസംഗം നടത്തിയതിനു പിന്നാലെ തെരുവില്‍ കല്ലേറുകള്‍ ഉണ്ടായിട്ടില്ല, അസമിനേയും മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെയും ഇന്ത്യയിൽ നിന്ന് ‘മുറിച്ചു മാറ്റണ’മെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന്‍റെ ആഹ്വാനത്തിന് ശേഷം ആരും പള്ളി കത്തിച്ചിട്ടില്ല, ആണ്‍പെണ്‍ വ്യത്യാസമില്ലാതെ തല്ലിക്കൊന്നിട്ടില്ല. പക്ഷെ ഷര്‍ജീലും, കഫീല്‍ഖാനും ഇന്നെവിടെയാണ്?

കഫീല്‍ ഖാന്‍

ജാഫ്രാബാദില്‍ മറ്റൊരു ഷാഹീന്‍ ബാഗ് ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര പറഞ്ഞപ്പോഴും, ഒറ്റുകാരെ വെടിവച്ചു കൊല്ലണമെന്ന് കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂർ ഉറക്കെ മുഴക്കിയപ്പോഴും ഇന്ത്യ കണ്ടത് എന്താണ്? വംശീയമായ അതിക്രമങ്ങളുടെയും, കുടിപ്പകയുടെയും, ഭയപ്പെടുത്തുന്ന ചിത്രങ്ങളാണ് ഇവരുടെ പ്രസംഗങ്ങള്‍ സമ്മാനിച്ചത്. എവിടെ, കപില്‍ മിശ്രയും അനുരാഗ് ഠാക്കൂറും?

ഷര്‍ജീല്‍ ഇമാം

കഫീല്‍ഖാനും, ഷര്‍ജീല്‍ ഇമാമിനും ബാധകമല്ലാത്ത എന്ത് നിയമസംരക്ഷണമാണ് ഇവര്‍ക്കുള്ളത്. അവര്‍ മിശ്രയും ഠാക്കൂറുമായതാണോ? നീതിക്ക് വേണ്ടി ശബ്ദിക്കേണ്ടവര്‍ സ്ഥലം മാറ്റത്തെയാണോ ഭയക്കുന്നത്? സമ്മര്‍ദ്ദം ഉണ്ടെന്ന് പരമോന്നത നീതി പീഠമായ സുപ്രീം കോടതി സമ്മതിക്കുമ്പോള്‍ നീതിന്യായ വ്യവസ്ഥയെ വിശ്വസിക്കുന്ന ജനം കബളിപ്പിക്കപ്പെടുകയല്ലേ?

പ്രതിദിനം പത്തോളം പേര്‍ മരിക്കുന്നു, ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി
സുപ്രീം കോടതി

ഭരണഘടന ചരടു വലിക്കുന്ന പാവ തന്നെയാണ് നീതിന്യായ വ്യവസ്ഥ, പക്ഷെ അങ്ങനെയല്ലെന്ന് വിശ്വസിക്കുന്ന ഒരു ജനസമൂഹമാണ് നമ്മുടേത്. ആ വിശ്വാസത്തിന് കോട്ടം തട്ടുമ്പോഴാണ്, ഡല്‍ഹിയില്‍ ലോകം തന്നെ അപലപിക്കുന്ന കലാപം നടന്നപ്പോഴും കോടതി ഇടപെടലുകള്‍ നിസ്സംഗമായത് നമ്മെ വല്ലാതെ വേദനിപ്പിക്കുന്നത്.

ഡല്‍ഹി കലാപത്തിലേക്ക് വഴിവയ്ക്കുന്ന തരത്തില്‍  പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ഉടന്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ പ്രതികരണം ഒന്നും ചെയ്യാന്‍ സാധിക്കാതെ നോക്കി നില്‍ക്കുന്ന നീതിന്യായ വ്യവസ്ഥയുടെ ചിത്രമാണ് നല്‍കുന്നത്.

”എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കേസില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണ്. സുപ്രീം കോടതിയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള ചില റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ വായിച്ചു. ഞങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ തടയാന്‍ കഴിയില്ല. ഒരു സംഭവം നടന്ന ശേഷം മാത്രമാണ് സുപ്രീം കോടതി ചിത്രത്തിലേക്ക് വരാറുള്ളത്”, ഹര്‍ഷ് മന്ദറിന്റെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസിന്റെ വാദം കേട്ട ശേഷം ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ

ആളുകള്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്നില്ല സമാധാനം പുലരണമെന്നു തന്നെയാണ് ആഗ്രഹിക്കുന്നത്.പക്ഷെ കോടതികളാണ് ഇതിനുത്തരവാദികളെന്ന ചില മാധ്യമവാര്‍ത്തകള്‍ വായിക്കുമ്പോള്‍  കോടതികളും സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ പൗരന്‍റെയും അവസാന പ്രതീക്ഷയാകുന്ന പരമോന്നത നീതപീഠം ഇങ്ങനെ പ്രതികരിച്ചാല്‍ മറ്റൊരു തെരുവില്‍ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗം നടത്താനും, ജനങ്ങളോട് മതാടിസ്ഥാനത്തില്‍ പരസ്പരം കല്ലെറിഞ്ഞ് നശിക്കാനും ആഹ്വാനം ചെയ്യാന്‍ മറ്റൊരു കപില്‍ മിശ്രയ്ക്കും, അനുരാഗ് ഠാക്കൂറിനും ധൈര്യം നല്‍കുകയാണ്.

കപില്‍ മിശ്ര

പ്രതിദിനം പത്തോളം പേര്‍ മരിക്കുന്ന ഒരു സംഭവത്തില്‍ എഫ്ഐആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു കോളിന്‍ ഗോണ്‍സാല്‍വസിന്റെ വാദം. ”ഇന്നലെ രാത്രി മാത്രം ആറോ ഏഴോ പേരാണ് മരണപ്പെട്ടത്, ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കുന്ന ചിലയാളുകള്‍ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം” അദ്ദേഹം പറഞ്ഞു. എന്നാല്‍ നിലപാട് വ്യക്തമാക്കിയ കോടതി കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കുമെന്ന് വ്യക്തമാക്കി.

അനുരാഗ് ഠാക്കൂര്‍

ബിജെപി നേതാവ് കപില്‍ മിശ്രയുടെയും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റേയും വിദ്വേഷ പ്രസംഗങ്ങളാണ് ഡല്‍ഹി കലാപത്തിലേക്ക് വഴിയൊരുക്കിയതെന്നും ഇവര്‍ക്കെതിരെ എത്രയും പെട്ടെന്ന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞയാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡല്‍ഹി ഹൈക്കോടതി ബഞ്ച് കലാപത്തിലേക്ക് വഴിവെക്കുന്ന രിതിയിലുള്ള വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കാന്‍ ഡല്‍ഹി പൊലീസിന് നാല് ആഴ്ച സമയം നല്‍കുകയായിരുന്നു.

കപില്‍ മിശ്ര അടക്കമുള്ള നേതാക്കളുടെ വീഡിയോകള്‍ പരിശോധിക്കാനും റിപ്പോര്‍ട്ട് ഹാജരാക്കാനുമാണ് കോടതി നിര്‍ദേശിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷി ചേരാന്‍ അനുവദിക്കണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം കോടതി പരിഗണിക്കുകയും ചെയ്തു.

ഇത്തരത്തില്‍ കേസെടുക്കുന്നതിലൂടെ ഡല്‍ഹിയിലെ സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവരാന്‍ സാധിക്കില്ലെന്നായിരുന്നു തുഷാര്‍ മേത്തയുടെ വാദം. അതിനാല്‍ ആര്‍ക്കെതിരെയും എഫ്ഐആര്‍ ചുമത്തില്ലെന്നും ഡല്‍ഹി പോലീസിന് വേണ്ടി അദ്ദേഹം വാദിച്ചു.

കലാപത്തിലേക്ക് നയിച്ച വിദ്വേഷ പ്രസംഗം, രാജ്യമൊന്നാകെ ചര്‍ച്ചചെയ്തപ്പോഴും, കേസ് വാദിക്കുന്ന സോളിസിറ്റര്‍ ജനറല്‍ അത് കേട്ടില്ലെന്നതാണ് പറയപ്പെടുന്നത്. കേട്ടവാരാകട്ടെ, കേട്ടെന്ന് പറഞ്ഞാല്‍ നിന്ന നില്‍പ്പില്‍ സ്ഥലം മാറേണ്ട അവസ്ഥയും. തമ്മില്‍ ഭേദം കേള്‍ക്കാത്തതു തന്നെയെന്ന് ജീവനില്‍ കൊതിയുള്ള മറ്റുള്ളവരും കരുതും.