തിരുവനന്തപുരം:
ഉണ്ടയില്ലെങ്കില്‍ തോക്കും നനഞ്ഞ ചാക്കാണെന്ന് കേരള ജനതയ്ക്ക് ബോധ്യമായി. അവിശ്വസനീയമായ സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ തോക്കും ഉണ്ടയുമെല്ലാം കടലാസില്‍ പൊതിഞ്ഞ് കൊടുക്കാന്‍ പറ്റുന്ന വസ്തുവാണോ എന്ന് മലയാളി തെല്ലൊന്ന് ചിന്തിച്ചിരുന്നു.
തോക്കുകള്‍ മാവോയിസ്റ്റുകളോ ഐഎസോ കടത്തികൊണ്ടു പോയെന്ന ആശങ്കയില്‍ നിന്ന് മലയാളി മുക്തനായത്, ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി നേരിട്ട് നടത്തിയ പരിശോധനയ്ക്ക് ശേഷമായിരുന്നു. 660 ഇൻസാസ് റൈഫിളിൽ 647 എണ്ണം ക്യാമ്പിലുണ്ട്. 13 എണ്ണം മണിപ്പൂരിൽ പരിശീലനത്തിലുള്ള ഐആർ ബറ്റാലിയൻ ഉദ്യോഗസ്ഥരുടെ കൈയിലാണെന്ന് കേട്ടപ്പോള്‍ മലയാളി വിട്ട ദീര്‍ഘ നിശ്വാസം ചെറുതൊന്നുമല്ല.
2005 മുതൽ 2016വരെയാണ് ചീഫ് പൊലീസ് സ്‌റ്റോറിൽനിന്ന് 660 ഇൻസാസ് റൈഫിൾ എസ്‌എപിക്ക് നൽകിയത്. ഇവ സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം കെഎപി–ഒന്ന്, രണ്ട്, അഞ്ച്, ഐആർ ബറ്റാലിയൻ, തിരുവനന്തപുരം സിറ്റിപൊലീസ് ക്യാമ്പ് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി. ഇതിന്റെ രേഖ സിഎജിക്കും നൽകിയതാണ്. എന്നാൽ, 25 തോക്കുകളുടെ രേഖ കൃത്യമായി ഹാജരാക്കുന്നതിലെ വീഴ്‌ചയാണ് അവ കാണാനില്ലെന്ന പരാമർശത്തിന് കാരണമെന്നും തച്ചങ്കരി വിശദീകരിച്ചതാണ്.
കയ്യിലുള്ള തോക്കില്‍ ഉണ്ടയില്ലാതെ എന്ത് കാര്യം? കൃത്രിമ ഉണ്ടകള്‍ നിര്‍മ്മിക്കാന്‍ സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ കേരള പോലീസിലുണ്ടെങ്കിലും കാണാതെ പോയ ഉണ്ടകള്‍ക്ക് പരിഹാരം കാണണ്ടേ? പോലീസ് മേധാവി പറയുന്ന പോലെ ഇനി പോലീസ് ആസ്ഥാനത്തെ ചോര്‍ച്ചയാണോ കാരണം? ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്താന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുമോ?
ഉണ്ടയിലെ പൊരുത്തക്കേടുകള്‍; ഇന്ന് എണ്ണിത്തിട്ടപ്പെടുത്തും
സിഎജി റിപ്പോര്‍ട്ടിലും ആഭ്യന്തര കണക്കെടുപ്പിലും പൊരുത്തക്കേടുകള്‍ മുഴച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് ഇന്ന് ഉണ്ടകളുടെ കണക്കെടുപ്പ് നടത്തും. കേരള പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായെന്ന ഗുരുതര ആരോപണങ്ങള്‍ക്ക് ഇതോടെ അവസാനമാകുമെന്നാണ് പ്രത്യാശ. 12,061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായെന്നായിരുന്നു ആരോപണം.
കണക്കെടുപ്പിന് മുന്നോടിയായി അന്വേഷണസംഘം ചീഫ് സ്റ്റോറില്‍ നിന്ന് വെടിയുണ്ടകളുടെ സ്‌റ്റോക്ക് രജിസ്റ്റര്‍ ശേഖരിച്ചു കഴിഞ്ഞു. വെടിയുണ്ടകള്‍ ഹാജരാക്കാന്‍ എസ്എപി അധികൃതര്‍ക്ക് അന്വേഷണ സംഘത്തിന്‍റെ നിര്‍ദ്ദേശവും ലഭിച്ചു കഴിഞ്ഞു.
രണ്ട് ലക്ഷത്തോളം വെടിയുണ്ടകളാണ് പരിശോധിക്കുക. വ്യാജ കാട്രിഡ്ജുകള്‍ കൂടുതലായി ഉണ്ടോ എന്ന് കണ്ടെത്തുന്നതും പരിഗണനയിലുണ്ട്. വ്യാജ വെടിയുണ്ടകള്‍ പകരം വച്ച പോലീസ് ബുദ്ധിക്ക് നേരത്തെ തന്നെ വിലങ്ങു വീണതാണല്ലോ?
പേരൂര്‍ക്കടയില്‍ നിന്ന് പന്തീരായിരത്തിലേറെ വെടിയുണ്ടകള്‍ നഷ്ടമായെന്നും ഇവയില്‍ ചിലത് ഉരുക്കി മുദ്ര നിര്‍മ്മിച്ചെന്നുമെന്ന കണ്ടെത്തലിനു പിന്നാലെ കെഎപി അടൂര്‍ ബറ്റാലിയനിലെ എസ്ഐ റജി ബാലചന്ദ്രനാണ് അറസ്റ്റിലായത്.
11 പേരായിരുന്നു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. പോലീസിനകത്തെ കള്ളന്മാര്‍ ഇപ്പോള്‍ അസ്വാഭാവിക സംഭവമല്ലാത്തതുകൊണ്ട് വൈരുദ്ധ്യങ്ങളൊന്നും തോന്നേണ്ടതില്ല. അസിസ്റ്റന്‍റ് കമാന്‍ഡര്‍മാരടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വരുംദിവസങ്ങളില്‍ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തോക്കുകള്‍ കാണാതായിട്ടില്ല എന്നും മറ്റ് ക്യാമ്പുകളിലേയ്ക്ക് മാറ്റുകയാണ് ചെയ്തത് എന്നുമാണ് പൊലീസിന്റെ വിശദീകരണം. ഇതിന്‍റെ ചുവടു പിടിച്ച് റിപ്പോര്‍ട്ടിനെ തള്ളിപ്പറയുകയാണ് ആഭ്യന്തര വകുപ്പും.
റിപ്പോര്‍ട്ട് ചോര്‍ന്നത് ആരോഗ്യകരമല്ലാത്ത കീഴ്വഴക്കം
സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ ഭാഗമാക്കിയ രേഖയാണ്. അത് ചോര്‍ന്നു എന്നത് വസ്തുത തന്നെ. ഈ നടപടി തീര്‍ത്തു ഗൗരവകരമാണെന്നും, ആരോഗ്യകരമായ കീഴ്വഴക്കമല്ലെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.
തിരകള്‍ കാണാതായ സംഭവത്തില്‍ സമഗ്രമായ അന്വേഷണമാണ് ക്രൈം ബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്. കണ്ടെത്തൽ ഗൗരവമെന്ന് കണ്ട് തന്നെയാണ് അന്വേഷണത്തിന് തയ്യാറായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. ബുള്ളറ്റ്‌പ്രൂഫ് കാറുകൾ വാങ്ങിയതും ചട്ടപ്രകാരം തന്നെയെന്ന് പറയുമ്പോള്‍ അത് പ്രതിപക്ഷത്തിന്‍റെ വായടപ്പിക്കാന്‍ മാത്രമാകരുതെന്നേയുള്ളൂ.
2015 ൽ മൂന്നു പേരടങ്ങുന്ന ബോർഡ് അന്വേഷിച്ചു. തിരകളുടെ എണ്ണത്തിൽ അന്ന് കുറവില്ലെന്നാണ് കണ്ടെത്തിയത്. സി എ ജി കണ്ടെത്തലിനു മുൻപേ തിരകളുടെ എണ്ണത്തിൽ കുറവ് കണ്ടെത്തുകയും, സീൽ ചെയ്ത പെട്ടികൾ തുറക്കാതെ കുറവില്ല എന്ന് റിപ്പോര്‍ട്ട് നല്‍കുകയുമാണ് അന്ന് ചെയ്തത്. ഇത് മൂടിവയ്ക്കാനുള്ള ശ്രമത്തിനു പിന്നാലെ 2016ലായിരുന്നു പുനരന്വേഷണം. ഇതും ഗൗരവത്തോടെ കാണുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകൾ അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്തണമെന്ന പ്രതിപക്ഷ നേതാവിന്‍റെ ആവശ്യത്തിൽ അന്വേഷണത്തിന് നമ്മുടേതായ സംവിധാനങ്ങൾ ഉണ്ടെന്നും ആ അന്വേഷണം നടക്കട്ടെ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയതായിരുന്നു. മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കി കേസെടുക്കാന്‍ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇന്ന് ചേര്‍ന്ന നിയമസഭ സമ്മേളനത്തില്‍ ആദ്യ ഉയര്‍ന്നത് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം തന്നെയായിരുന്നു.
ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിപക്ഷം സഭയില്‍ പ്രതിഷേധവും തുടങ്ങി. ഇന്ന് മുതല്‍ ഏപ്രില്‍ എട്ട് വരെ 27 ദിവസം നീണ്ട് നില്‍ക്കുന്ന സഭാ സമ്മേളനം ആദ്യദിവസങ്ങളില്‍ തന്നെ പ്രക്ഷുബ്ദമാകുന്ന കാഴ്ചയാണ് കാണുന്നത്. സെയ്ഫായ തോക്കുകള്‍ക്ക് പ്രൗഢി നിലനിര്‍ത്താനെങ്കിലും, ഉണ്ടകള്‍ കണ്ടു കിട്ടിയാല്‍ മതിയായിരുന്നു.