Reading Time: 7 minutes

വർഗ്ഗീയ ലഹള നടന്ന ഭജൻപുര, ചമൻ പാർക്ക്, ശിവ് വിഹാർ എന്നീ സ്ഥലങ്ങൾ 2020 ഫെബ്രുവരി 29 ന് സന്ദർശിച്ചശേഷം അഞ്ജലി ഭരദ്വാജ്, ആനി രാജ, പൂനം കൌശിക്, ഗീതാഞ്ജലി കൃഷ്ണ, അമൃത ജോഹ്‌രി എന്നിവർ തയ്യാറാക്കിയ റിപ്പോർട്ട്.

ഫെബ്രുവരി 24 ന് തുടങ്ങി ഫെബ്രുവരി 26 വരെ നീണ്ടുനിന്ന വർഗ്ഗീയ ലഹള നടന്ന വടക്കു കിഴക്കൻ ഡൽഹിയിൽ ഞങ്ങൾ പോയിരുന്നു. ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ടു പ്രകാരം 42 പേർ കൊല്ലപ്പെടുകയും, ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും, കൊള്ളയിലും നശീകരണത്തിലും ആയിരങ്ങൾ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ പെട്ടെന്നുള്ള ആവശ്യങ്ങൾ മനസ്സിലാക്കാനും, അവിടെ നടക്കുന്ന ദുരിതാശ്വാസപ്രവർത്തനങ്ങൾ അവരുടെ ആവശ്യങ്ങൾക്ക് സഹായകമാവുന്നുണ്ടോയെന്ന് അറിയാനും ഞങ്ങൾ, ഭജൻപുര, ചമൻ പാർക്ക്, ശിവ് വിഹാർ എന്നിവിടങ്ങളിലെ ഹിന്ദു കുടുംബങ്ങളേയും മുസ്ലീം കുടുംബങ്ങളേയും കണ്ടു.

1. സർക്കാരിൽ നിന്നും യാതൊരു സഹായവും ലഭിച്ചിട്ടില്ല

അവിടത്തെ സ്ഥിതിഗതികൾ വിലയിരുത്തിയതിൽ നിന്നും, അക്രമത്തിൽ നഷ്ടം സംഭവിച്ച ആളുകളോട് സംസാരിച്ചതിൽ നിന്നും ഡൽഹി സർക്കാരിൽ നിന്നോ കേന്ദ്രസർക്കാരിൽ നിന്നോ അക്രമത്തിൽപെട്ടവർക്കോ അവിടെനിന്ന് മാറിത്താമസിക്കേണ്ടി വന്നവർക്കോ യാതൊരു വിധത്തിലുള്ള സഹായവും ലഭിച്ചിട്ടില്ല എന്നു വ്യക്തമായി. ആ സ്ഥലങ്ങളിൽ നിന്ന് മാറിത്താമസിക്കേണ്ടി വന്ന എല്ലാവരും തന്നെ ബന്ധുക്കളുടെ അടുത്ത് അഭയം തേടുകയോ, സ്വന്തമായി വേറെ താമസസ്ഥലം കണ്ടെത്തുകയോ, സ്വകാര്യവ്യക്തികൾ താത്കാലികമായി ഏർപ്പെടുത്തിയ താമസസൌകര്യം സ്വീകരിക്കുകയോ ആണ് ചെയ്തിട്ടുള്ളത്. കേന്ദ്രസർക്കാരോ ഡൽഹി സർക്കാരോ ഒരൊറ്റ ദുരിതാശ്വാസക്യാമ്പു പോലും ഞങ്ങൾ സന്ദർശിച്ച സ്ഥലങ്ങളിലൊന്നും ഏർപ്പെടുത്തിയിട്ടില്ല.

ഞങ്ങൾ അവിടം സന്ദർശിച്ച വൈകുന്നേരം 3 മുതൽ 7 വരെയുള്ള സമയത്ത് അവർക്ക് നൽകാനുള്ള വസ്തുക്കളുമായി സ്വകാര്യവാഹനങ്ങൾ ചമൻ പാർക്കിലെത്തിയിരുന്നു. ഞങ്ങൾ അവിടെ ഉണ്ടായിരുന്ന സമയത്ത് സർക്കാർ വകുപ്പിൽ നിന്ന് ആരെങ്കിലുമോ സർക്കാരിന്റെ പ്രതിനിധികളോ സഹായം നൽകാനോ അതിനായി എന്തെങ്കിലും ഏകീകരണപ്രവർത്തനങ്ങൾ നടത്താനോ അവിടെ ഉണ്ടായിരുന്നില്ല. സർക്കാരിന്റെ കീഴിലല്ലാത്ത ഏജൻസികളിൽ നിന്ന് മാത്രമാണ് സഹായം കിട്ടിയത് എന്നാണ്, ഞങ്ങളോടു സംസാരിച്ച എല്ലാവരും പറഞ്ഞത്.

ദുരിതാശ്വാസമായി കിട്ടിയ ഭക്ഷണം, വസ്ത്രം, മരുന്നുകൾ എന്നിവ ഗുരുദ്വാരകൾ, പള്ളികൾ, പൊതുപ്രവർത്തകസംഘങ്ങൾ എന്നിവയിൽ നിന്നും ലഭിച്ചതാണെന്നാണ് അവിടെയുണ്ടായിരുന്നവരുടെ അഭിപ്രായം.

അക്രമത്തിൽ അകപ്പെട്ടവരേയും വീടില്ലാതായവരേയും സഹായിക്കുക എന്ന ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുന്ന ഡൽഹി – കേന്ദ്രസർക്കാരുകളുടെ പ്രവൃത്തി ഞെട്ടിപ്പിക്കുന്നതാണ്. ലഹള നടന്ന് മൂന്നു ദിവസം നിശ്ശബ്ദത പാലിച്ച ശേഷം ഡൽഹി സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ അക്രമത്തിലകപ്പെട്ടവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കുപോലും മതിയായതല്ല. എന്നിട്ട്, അതുപോലും അവിടെ നടപ്പിലാക്കിയിട്ടില്ലെന്നാണ് ഞങ്ങൾ കണ്ടെത്തിയത്.

അക്രമത്തിൽ അകപ്പെട്ടവർക്ക് അർഹമായ രീതിയിലുള്ള സഹായം നൽകാൻ ഞങ്ങൾ കേന്ദ്രസർക്കാരിനോടും ഡൽഹി സർക്കാരിനോടും ആവശ്യപ്പെടുകയാണ്. മുഖ്യമന്ത്രി, ഡൽഹി സർക്കാരിലേയും കേന്ദ്രസർക്കാരിലേയും മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ തീർച്ചയായിട്ടും അക്രമത്തിലകപ്പെട്ടവരെ സന്ദർശിക്കുകയും അവർക്ക് ആശ്വാസം നൽകുകയും വേണം.

സഹായം ആവശ്യമുള്ള കാര്യങ്ങൾ:

വീട് പുനർനിർമ്മിക്കുന്നതുവരെയും, അവർക്ക് തിരിച്ചുപോകാനുള്ള സാഹചര്യം എത്തുന്നതുവരെയും, വീടു വിട്ട് പോവാൻ നിർബ്ബന്ധിതരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ, സ്വകാര്യതയുള്ള താമസസൌകര്യം.

പാകം ചെയ്ത് തയ്യാറാക്കിയ ഭക്ഷണവും, കുറഞ്ഞ നിരക്കിൽ പാലും, പച്ചക്കറികളും ലഭ്യമാക്കുക.

ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ക്യാമ്പും, ഗൈനക്കോളജിസ്റ്റ്, കുട്ടികൾക്കായുള്ള മനോരോഗവിദഗ്ദ്ധർ എന്നിവരുടെ സഹായവും ഉറപ്പാക്കുക.

എല്ലാവർക്കും വൃത്തിയുള്ള വസ്ത്രം നൽകുക.

നഷ്ടപരിഹാരം തേടുന്നവർക്കായി നിയമസഹായം ഏർപ്പെടുത്തുക.

അക്രമത്തിൽ നശിപ്പിക്കപ്പെട്ട എല്ലാ ആരാധാനാലയങ്ങളും പുനർനിർമ്മിക്കുകയോ കേടുപാടുകൾ തീർക്കുകയോ ചെയ്യുക.

ലഹള നടന്ന സ്ഥലങ്ങളിൽ ഡൽഹി സർക്കാരിലെ ഉദ്യോഗസ്ഥർ നിർബ്ബന്ധമായും സന്നിഹിതരായിരിക്കുക.

ലഹളയിലും തീപ്പിടിത്തത്തിലും രേഖകൾ പലതും നശിപ്പിക്കപ്പെട്ടിട്ടുണ്ടാവും എന്നുള്ളതുകൊണ്ടുതന്നെ നഷ്ടപരിഹാരം ലഭിക്കേണ്ടവർക്ക് അത് എളുപ്പം ലഭ്യമാക്കുന്ന രീതി നടപ്പിലാക്കുക.

സന്ദർശിച്ച സ്ഥലങ്ങളിൽ നിരീക്ഷിച്ച കാര്യങ്ങൾ

 

ചമൻ പാർക്ക്

ലഹള കാരണം, മുസ്ലീം സമുദായത്തിൽ നിന്നുള്ള ആയിരത്തോളം ആളുകൾ ശിവ് വിഹാറിലെ സ്വന്തം വീടുകൾ വിട്ട് ചമൻ പാർക്കിനടുത്ത് പല വീടുകളിലും അഭയം തേടിയിട്ടുണ്ട്.

ഞങ്ങൾ അങ്ങനെയുള്ള രണ്ടുവീടുകൾ സന്ദർശിച്ചു. ആ വീടുകളിൽ നൂറോളം പേർ, പ്രധാനമായും സ്ത്രീകളും കുട്ടികളും വിവിധ മുറികളിലായി നിലത്ത് ഇരിക്കുകയാണ്. ഒരു മുറി, മെഡിക്കൽ ക്യാമ്പായി പ്രവർത്തിക്കുന്നു. അടിയന്തിരമായി താമസസൌകര്യം ഒരുക്കിക്കൊടുക്കാനായി സ്വകാര്യവ്യക്തികൾ വിട്ടുകൊടുത്ത വീടുകളാണിവ. ഭാവിയേയും വീടിനേയും കുറിച്ചുള്ള ഭീതിയിലും ആശങ്കയിലുമാണ് ആളുകൾ. വസ്തുക്കൾ എടുത്തുകൊണ്ടുവരാനായി, പ്രത്യേകിച്ചും രേഖകൾ എടുക്കാനായി ശിവ് വിഹാറിലെ തങ്ങളുടെ വീടുകളിലേക്കു പോയ പുരുഷന്മാർ ക്രൂരമായി ആക്രമിക്കപ്പെട്ടതായും, ചിലർ കൊല്ലപ്പെട്ടതായും പലരും പറഞ്ഞു. പല കുടുംബങ്ങളും ഉടുതുണികൾ മാത്രമായിട്ടാണ് ഓടി രക്ഷപ്പെട്ടത്. കുട്ടികൾ ഭയങ്കര ഭീതിദമായ അവസ്ഥയാണ് നേരിടുന്നത്. വീട് കത്തുന്നതും, ജനക്കൂട്ടം ആളുകളെ ആക്രമിക്കുന്നതുമായുള്ള അക്രമത്തിന്റെ കാഴ്ചകൾ അവർ പറഞ്ഞു. പല കുട്ടികളും, അവരുടെ വർഷാവസാന പരീക്ഷകൾ എഴുതാൻ കഴിയില്ലെന്ന ആശങ്ക പ്രകടിപ്പിച്ചു. പ്രത്യേകിച്ചും ബോർഡ് പരീക്ഷ എഴുതുന്നവർ.

കണ്ണിന് ഗുരുതരമായി പരിക്കേറ്റ, തലയ്ക്കു പിന്നിൽ സ്റ്റിച്ച് ഇട്ടിട്ടുള്ള ഒരു യുവാവിനെ ഞങ്ങൾ കണ്ടു.


കർവാൾ നഗറിൽ നിന്നും, ഫെബ്രുവരി 25 നു വൈകുന്നേരം തന്റെ കുടുംബത്തിന്റെ കാര്യങ്ങൾ അറിയാനായി വരുകയായിരുന്നു അയാൾ. 16 – 17 ആളുകൾ അയാളെ വളഞ്ഞ്, അയാൾ ഹിന്ദുവാണോ മുസ്ലീമാണോന്നു ചോദിച്ചു. മുസ്ലീമാണെന്ന് അറിഞ്ഞയുടനെ അയാളെ ക്രൂരമായി മർദ്ദിച്ചു. ജി ടി ബി ആശുപത്രിയിൽ നിന്നും തലയ്ക്ക് സ്റ്റിച്ച് ഇട്ടുവെങ്കിലും കണ്ണിന്റെ പരിക്കിന് ചികിത്സിക്കാനായി വീണ്ടും ആശുപത്രിയിലേക്ക് പോകാൻ അയാൾ ഭയക്കുന്നു.

ഔലിയ പള്ളി, മദീന പള്ളി, ഒരു മദ്രസ്സ എന്നിവയ്ക്ക് തീ കൊളുത്തുകയും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആളുകൾ പറഞ്ഞു. പെട്രോൾ ബോംബുകൾ, തോക്കുകൾ, ഇരുമ്പുവടികൾ എന്നിവ കയ്യിലേന്തിയ ആൾക്കൂട്ടം വീടുകൾക്കു തീ കൊളുത്തുന്നതും ആളുകളെ ആക്രമിക്കുന്നതും കണ്ടുവെന്ന് ചിലർ പറഞ്ഞു. പോലീസിനേയും അഗ്നിശമനസേനയേയും വിളിക്കാനുള്ള എമർജൻസി നമ്പറുകളായ 100, 101 എന്നിവയിൽ വിളിച്ചിട്ട് പ്രതികരണം ഉണ്ടായില്ലെന്ന് ആളുകൾ പറഞ്ഞു. പലരും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സഹായം ലഭിച്ചിട്ടാണ് രക്ഷപ്പെട്ടത്. വീട്ടിൽ നിന്നും രക്ഷപ്പെടാൻ പോലീസ് സഹായിച്ചുവെന്ന് ഒരു കുടുംബം പറഞ്ഞു. ശിവ് വിഹാറിൽ ഹിന്ദു മുസ്ലീം കുടുംബങ്ങൾ ഇടകലർന്നു ജീവിക്കുന്നതായതുകൊണ്ട്, അക്രമികളുടെ കൂട്ടത്തിൽ അവരുടെ അയൽക്കാരെ ആരെയെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നോ എന്ന് ആളുകളോട് ഞങ്ങൾ ചോദിച്ചു. ഞങ്ങൾ സംസാരിച്ച ഓരോരുത്തരും പറഞ്ഞത് അവിടെയുള്ള ഒരാളുപോലും അക്രമിസംഘത്തിൽ ഉണ്ടായിരുന്നില്ലെന്നും, എല്ലാവരും പുറത്തുനിന്നുള്ള ആളുകൾ ആയിരുന്നുവെന്നുമാണ്.

വീട് പുനർനിർമ്മിക്കുന്നതുവരെയും, മറ്റു കാര്യങ്ങൾ തീരുമാനിക്കുന്നതുവരെയും ആ പ്രദേശത്തുതന്നെ ഒരു കുടുംബത്തിന് ഒരു മുറി എന്ന നിലയിൽ താമസസൌകര്യവും ഭക്ഷണം പാകം ചെയ്യാനുള്ള സൌകര്യവും വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. ശിവ് വിഹാറിലേക്കു തിരികെ പോകാൻ മിക്കവരും ഭയക്കുന്നു.

ചമൻ പാർക്കിലും മറ്റിടങ്ങളിലും താമസസൌകര്യം അടിയന്തിരമായിട്ട് ലഭിച്ചിട്ടുണ്ടെങ്കിലും കുറച്ചുദിവസങ്ങൾക്കപ്പുറം അവിടെ താമസിക്കാൻ പ്രയാസമായിരിക്കും. സർക്കാരിതര സംഘടനകൾ വസ്ത്രം, ഭക്ഷണം, മരുന്നുകൾ എന്നിവ ഏർപ്പാടാക്കിയിട്ടുണ്ട്.

ഡൽഹി സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തെക്കുറിച്ച് ആർക്കും തന്നെ അറിവില്ല. അതിന് അപേക്ഷിക്കാനുള്ള ഫോം ആരും കണ്ടിട്ടുമില്ല. ഡൽഹി സർക്കാരിന്റെയോ കേന്ദ്രസർക്കാരിന്റെയോ പ്രതിനിധികൾ ഇതുവരെ അവരെ സന്ദർശിച്ചിട്ടില്ല.

ശിവ് വിഹാർ

ശിവ് വിഹാറിലെ ശൂന്യമായ ഗലികൾ ഞങ്ങൾ സന്ദർശിച്ചു. അവിടം ഭൂതങ്ങളുടെ ഇടം പോലെ തോന്നിച്ചു. ഹിന്ദുക്കളും, മുസ്ലീങ്ങളുമായ ആയിരക്കണക്കിന് ആളുകൾ കലാപം കാരണം തങ്ങളുടെ വീട് ഉപേക്ഷിച്ചു പോയിരിക്കുന്നു. ദ്രുതകർമ്മസേനയിലെ ആളുകൾ എല്ലാ സ്ഥലങ്ങളിലും തമ്പടിച്ചിരിക്കുന്നു. വീടുകളുടെ കറുത്ത ചുമരുകൾ, കത്തിയ വാഹനത്തിന്റെ അവശിഷ്ടങ്ങൾ, തീപ്പിടിത്തത്തിൽ നശിച്ച വീട്ടുപകരണങ്ങൾ, കടകളിൽ നിന്നും തെരുവിലേക്ക് മാറ്റപ്പെട്ട ഫർണ്ണീച്ചറുകൾ, അലമാരകളും ഡെസ്കുകളും വെച്ച് ഉണ്ടാക്കിയ മതിലുകൾ എന്നിവ വർഗ്ഗീയ വിദ്വേഷത്തിന്റേയും അക്രമത്തിന്റേയും പ്രതീകമായി നിലകൊണ്ടു.

ഞങ്ങൾ ഔലിയ പള്ളിയ്ക്കടുത്ത് പോയി. കത്തിച്ച് അകത്തേക്കിട്ട ഗ്യാസ് സിലിണ്ടറുകളുടെ അവശിഷ്ടങ്ങൾ കണ്ടു. മുസ്ലീങ്ങളുടെ വീടുകളും ആരാധാനാലയങ്ങൾക്കും നേർക്ക് ലക്ഷ്യം വെച്ചാണ് പ്രധാനമായും അക്രമം നടന്നതെന്നാണ് ഞങ്ങൾക്ക് തോന്നിയത്. ചില ഹിന്ദുക്കളുടെ വീടും കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കലാപബാധിതപ്രദേശത്ത് കുറച്ച് ഹിന്ദു കുടുംബങ്ങളെയേ ഞങ്ങൾക്ക് കാണാൻ പറ്റിയുള്ളൂ. മിക്കവരും പറഞ്ഞത് ജോഹ്‌രിപ്പൂരിന്റെയും മറ്റു പ്രദേശങ്ങളിലും അവർ അഭയം തേടിിയിരിക്കുകയാണ് എന്നാണ്. മുസ്ലീങ്ങൾ മുഴുവൻ വീടുപേക്ഷിച്ചു പോയിരിക്കുന്നു എന്ന് അവർ പറഞ്ഞു. അയൽക്കാരും, മധുരപലഹാരങ്ങൾ വില്പന നടത്തുന്നവരുമായ മിഥിലേഷ്, സുനിത എന്നിവരെ ഞങ്ങൾ കണ്ടു. ആയുധധാരികളായ ജനക്കൂട്ടം തെരുവിന്റെ രണ്ടുഭാഗത്തുനിന്നും വന്ന് വീടുകൾ നശിപ്പിക്കുകയും, തീയിടുകയും ആളുകളെ ആക്രമിക്കുകയും ചെയ്തുവെന്ന് അവർ പറഞ്ഞു.

പോലീസിനേയും അഗ്നിശമനവിഭാഗത്തിനേയും തുടർച്ചയായി വിളിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്ന് അവർ പറഞ്ഞു. അക്രമസമയത്ത് അവിടെയുണ്ടായിരുന്ന രണ്ട് ബന്ധുക്കൾക്ക് പരിക്കേറ്റെന്ന് സുനിത പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഒരാളെ ജി ടി ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റേയാൾ തലയ്ക്ക് ബാൻഡേജിട്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു.


അവരുടെ വീടിന് തീയിട്ടില്ലെങ്കിലും, അക്രമം കാരണം ഫെബ്രുവരിി 26 ബുധനാഴ്ച അവർ അവിടെനിന്ന് പോയെന്ന് സുനിത പറഞ്ഞു. അവരുടെ വസ്തുവകകൾ എടുക്കാനായി തിരിച്ചുചെന്നപ്പോൾ ഫർണ്ണീച്ചറുകളും മറ്റു വസ്തുക്കളും നശിപ്പിക്കപ്പെട്ടിരുന്നു. അക്രമികളെ തിരിച്ചറിയാതിരിക്കാനായി പുറത്തുനിന്നുള്ള ആൾക്കാരെയാണ് അക്രമം നടത്താനായി കൊണ്ടുവന്നതെന്ന് അവർ പറഞ്ഞു.

നഷ്ടപരിഹാരത്തിന്റെ ഫോമിൽ ചേർക്കാനായി വിശദവിവരങ്ങളെടുക്കാൻ എസ് ഡി എം അവിടം സന്ദർശിച്ചിരുന്നുവെന്ന് ഹിന്ദുക്കളിൽ പലരും പറഞ്ഞു.

ഭജൻപുര

സീലം‌പൂർ മെട്രോ സ്റ്റേഷനിൽ നിന്നും ഭജൻപുരയിലേക്കു പോകുന്ന വഴിക്ക് മിക്ക കടകളും അടച്ചിട്ടിരുന്നതായി ഞങ്ങൾ കണ്ടു. കത്തിക്കരിഞ്ഞ ഒരുപാട് സ്കൂൾ ബസ്സുകളും, ലോറികളും, മറ്റു വാഹനങ്ങളും, തീവയ്ക്കപ്പെട്ട പെട്രോൾ പമ്പിന്റെ അവശിഷ്ടങ്ങളും ഞങ്ങൾ കണ്ടു.

ഭജൻപുരയിലെ മെയിൻ റോഡിൽ തീവയ്ക്കപ്പെട്ട ഒരു മുസ്ലീം ആരാധനാലയം ഞങ്ങൾ കണ്ടു. പോലീസ് ഹെല്പ് സെന്ററിന് പത്തടി അകലെയായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്.

റോഡിന് ഇടതുഭാഗത്തുള്ള ആദ്യത്തെ മൂന്നു കടകളും പൂർണ്ണമായും കത്തി നശിച്ചിരുന്നു. മറ്റു രണ്ട് സഹോദരന്മാർക്കൊപ്പം ഈ കടകൾ നടത്തിയിരുന്ന ആസാദിനേയും ഭൂരയേയും ഞങ്ങൾ കണ്ടു. ആസാദ് ചിക്കൻ സെന്റർ എന്ന റസ്റ്റോറന്റും, കടല വിൽക്കുന്ന കടയും, ഒരു പഴക്കടയുമാണ് ഇവർ നടത്തിയിരുന്നത്. ആ മാർക്കറ്റിൽ ഈ മൂന്നു കടകൾ മാത്രമാണ് തീവെച്ചു നശിപ്പിച്ചത്. കരിഞ്ഞ പഴങ്ങളും ഫർണ്ണീച്ചറുകളും ചുറ്റും കിടക്കുന്നുണ്ടായിരുന്നു.

ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് ഏകദേശം 2.30 ന് ആൾക്കൂട്ടം ഈ കടകൾക്കു തീവെയ്ക്കുകയും, അവർക്കു നേരെ കല്ലെറിയുകയും ചെയ്തെന്ന് ഈ സഹോദരന്മാർ പറഞ്ഞു. ഈ കടകൾക്കു മുകളിൽ സ്ഥിതിചെയ്തിരുന്ന അവരുടെ വീടുകൾക്കും തീപ്പിടിച്ചു. അവരുടെ വാഹനങ്ങൾക്കും കടയ്ക്കും പിടിച്ച തീയണയ്ക്കാൻ അവർ ശ്രമം നടത്തി. പക്ഷേ, കണ്ണീർവാതകബോംബുകൾ അവരുടെ വീട്ടിലേക്ക് എറിയപ്പെട്ടപ്പോൾ അവരുടെ വീട്ടിലെ ചെറിയ കുട്ടികളും സ്ത്രീകളും റസ്റ്റോറന്റിലെ ജോലിക്കാരും ഉൾപ്പെടെ 16 -17 പേർ ടെറസ്സിലേക്ക് ഓടിക്കയറുകയും 12 അടിയോളം താഴേയ്ക്ക്, വീടിന്റെ പിന്നിലേക്ക് ചാടി രക്ഷപ്പെടുകയുമാണുണ്ടായത്.

8- 10 പോലീസുകാർ അവിടെ കാഴ്ചക്കാരായി നിൽക്കുന്നുണ്ടായിരുന്നെങ്കിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ അവർ ഒന്നും ചെയ്തില്ല. എമർജൻസി നമ്പറുകളിലേക്ക് തുടർച്ചയായി വിളിച്ചുനോക്കിയെങ്കിലും അഗ്നിശമനവിഭാഗക്കാർ എത്തിയത് രാത്രി 7 മണിക്കാണ്. അപ്പോഴേക്കും വീടും കടകളും മുഴുവനായിട്ട് നശിക്കുകയും, ഉള്ളിലുള്ള വസ്തുക്കൾ മുഴുവൻ ചാരമായി മാറുകയും ചെയ്തിരുന്നു. വീടിന്റേയും കടകളുടേയും സ്ഥിതി കണ്ടാൽ അവ ഒട്ടും സുരക്ഷിതമല്ല എന്നു മനസ്സിലാവും. അത് പൊളിച്ചശേഷം വീണ്ടും പണിയേണ്ടിവരും.

അവർ മുസ്ലീങ്ങൾ ആയതുകൊണ്ടാണ് അവരുടെ കട മാത്രം ലക്ഷ്യം വെച്ചതെന്ന് സഹോദരങ്ങൾ കരുതുന്നുണ്ട്. ആക്രമിക്കപ്പെട്ട സമയത്ത് മറ്റു കടക്കാർ ആരും തന്നെ സഹായിച്ചില്ലെങ്കിലും മിക്കവരും രാത്രിയിൽ സഹോദർന്മാർക്കൊപ്പം ചേർന്ന് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

വിലപ്പെട്ടതൊക്കെ സംരക്ഷിക്കാനായി രാത്രി തന്നെ വീട്ടിലേക്ക് തിരിച്ചുവന്നെങ്കിലും വീട്ടിൽ വെച്ചിരുന്ന പണവും ആഭരണങ്ങളുമടക്കം എല്ലാം നഷ്ടപ്പെട്ടിരുന്നുവെന്ന് സഹോദരന്മാർ പറഞ്ഞു. ബാക്കിയുണ്ടായിരുന്നവയിൽ വസ്ത്രങ്ങളും അവശ്യരേഖകളും കത്തിനശിക്കുകയും, വീട്ടുപകരണങ്ങളും, വാഷ് ബേസിനടക്കമുള്ള മറ്റു സാധനങ്ങൾ തകർക്കപ്പെടുകയും ചെയ്തിരുന്നു. ഡൽഹി സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തെക്കുറിച്ച് അവർ അറിഞ്ഞിട്ടില്ല. പോലീസുകാരല്ലാതെ വേറെ ഉദ്യോഗസ്ഥർ ആരും അവരെ സന്ദർശിച്ചിട്ടുമില്ല.

സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തെക്കുറിച്ച് ഞങ്ങൾ പറഞ്ഞപ്പോൾ, പ്രഖ്യാപിച്ച തുക മതിയായതല്ലെന്ന് അവർ പറഞ്ഞു. കടകൾ പുനർനിർമ്മിക്കാനും പുനരാരംഭിക്കാനും അവർക്ക് ആഗ്രഹമുണ്ട്. തങ്ങളുടെ മുത്തച്ഛനായ ബുന്ദു ഖാൻ ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നുവെന്ന് ആ സഹോദരന്മാർ അഭിമാനത്തോടെ പറഞ്ഞു.


കത്തിയ വീ‍ടിനുമുന്നിൽ ഭൂര

ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത് 2020 മാർച്ച് 1 നാണ്.

കൂടുതൽ വിവരങ്ങൾക്കായി 9810273984 എന്ന നമ്പറിൽ ബന്ധപ്പെടുക.

വീഡിയോകൾ:

 

1. https://www.youtube.com/watch?v=eAUEJ_7saRI

2. https://www.youtube.com/watch?v=HYFtJ87IHxg

3. https://www.youtube.com/watch?v=JsAHl8LsDeA

4. https://www.youtube.com/watch?v=iGyYK4GGD08

5. https://www.youtube.com/watch?v=Boatud4eQ28

6. https://www.youtube.com/watch?v=oGSCF_5M7Qk

Advertisement