Thu. Apr 25th, 2024
ദില്ലി ബ്യൂറോ:
കൊണാട്ട് പ്ളേസിലുയര്‍ന്ന, പ്രധാനമന്ത്രിയുടെ വലിയ പരസ്യബോര്‍ഡ് ഡല്‍ഹിയില്‍ ആകെയുള്ള മൂന്ന് നഗരസഭകളും കൈവശമുള്ള ബിജെപിയുടെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങളുടെ ദാരിദ്ര്യം വിളിച്ചറിയിക്കുന്നുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനമെടുത്തതും നരേന്ദ്ര മോദിയായതിനാല്‍ ഡല്‍ഹിയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ അധികാരത്തിലെത്തെിക്കണമെന്നാണ് ഡല്‍ഹിയിലെ വോട്ടര്‍മാരോട് ആവശ്യപ്പെടുന്നത്. ഡല്‍ഹി സംസ്ഥാനത്തിന്റെ ക്രമസമാധാനം പോലൊരു സുപ്രധാന വകുപ്പും അത് കാക്കാന്‍ ശേഷിയുള്ള ഡല്‍ഹി പോലീസും ബിജെപിയുടെ കരുത്തനെന്ന് വിശേഷിപ്പിക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൈവശമുണ്ടായിട്ടും അതിന്റെ പേരില്‍ വോട്ടു ചോദിക്കാന്‍ പോലും കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് ബിജെപി.

അതുകൊണ്ടാണ് സ്ഥിരം തുറുപ്പ് ശീട്ടുകളായ മുസ്ലിം വിദ്വേഷവും ഹിന്ദു – മുസ്ലിം ധ്രുവീകരണവും ഒരു പോലെ ഇറക്കി കളിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ശാഹീന്‍ ബാഗ് സമരം അതിനുപയോഗിക്കുകയാണിപ്പോള്‍ ചെയ്യുന്നത്. അത് ഫലം കാണുന്നുണ്ടെന്ന് മനസ്സിലാക്കി അവസാന ഘട്ടം തീവ്രഹിന്ദു വര്‍ഗീയത പ്രചരിപ്പിക്കാനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തന്നെയിറക്കി.

രാജ്യത്ത് രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കുകയെന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ ഹ്രസ്വകാല ലക്ഷ്യം നേടാന്‍ ഇതിനകം തന്നെ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന ആത്മ വിശ്വാസം ബിജെപിയ്ക്കുണ്ട്. അതിനെതിരെ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം അടിച്ചമര്‍ത്താനും അവയ്ക്കു നേരെ അക്രമങ്ങള്‍ നടത്താനുള്ള പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. കേന്ദ്ര സര്‍ക്കാറുമായി കൂടിയാലോചിച്ച് തന്നെയാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.

ആപ്പിനുണ്ടായിരുന്ന ആത്മവിശ്വാസം

റുഭാഗത്ത്, കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍, പ്രത്യേകിച്ചും അവസാന രണ്ട് വര്‍ഷത്തില്‍ ഡല്‍ഹിയില്‍ നടപ്പാക്കിയ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളും മാത്രം മതി തിരഞ്ഞെടുപ്പ് തൂത്തുവാരാനെന്ന ആത്മവിശ്വാസത്തിലായിരുന്നു ആം ആദ്മി പാര്‍ട്ടി. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും നടത്തിയ അര്‍ത്ഥപൂര്‍ണ്ണമായ ഇടപെടലുകള്‍ ആം ആദ്മി പാര്‍ട്ടിയല്ലാതെ മറ്റൊരു ചോയ്സ് തങ്ങള്‍ക്കില്ല എന്ന നിലയില്‍ ജനങ്ങളെയെത്തിച്ചിരുന്നു. ടാങ്കര്‍ മാഫിയക്ക് അറുതി വരുത്തി ഡല്‍ഹിയുടെ എല്ലാ ഭാഗങ്ങളിലും കുടിവെള്ളമെത്തിച്ചും നേരത്തെ തന്നെ പകുതിയായി കുറച്ചിരുന്ന വൈദ്യുതി ബില്‍ 200 യൂനിറ്റ് വരെ പൂര്‍ണ്ണമായും സൗജന്യമാക്കിയും കെജ്രിവാള്‍ ജനമനസ്സുകളില്‍ കടന്നുകയറി.

അതും കഴിഞ്ഞാണ് ഡല്‍ഹിയിലുടനീളം സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച് സ്ത്രീ മനസ്സുകളും കീഴ്പ്പെടുത്തിയത്. നടപ്പാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും വികസനത്തിന്റെയും പേരില്‍ രാജ്യത്താദ്യമായി ഒരു സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നുണ്ടെങ്കില്‍ അത് ഡല്‍ഹി സര്‍ക്കാര്‍ മാത്രമാണെന്ന് പറഞ്ഞ് ആപ് കാമ്പയിന്‍ രംഗത്തിറങ്ങിയതും ഈ ആത്മ വിശ്വാസത്തിലാണ്. ഈ രീതിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ഇറങ്ങിയപ്പോള്‍ ജനങ്ങള്‍ അത് ശരിവെക്കുന്നുമുണ്ടായിരുന്നു.

തിരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ അത് ഇന്ത്യാ – പാക്കിസ്ഥാന്‍ പോരാട്ടമാക്കി ചിത്രീകരിക്കുന്ന രാഷ്ട്രീയം ബിജെപി ഡല്‍ഹിയിലും പുറത്തെടുത്തു. ഡല്‍ഹി തിരഞ്ഞെടുപ്പ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണെന്ന് പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പങ്കെടുപ്പിച്ച് പ്രധാന ചാനലുകളില്‍ നടന്ന പ്രത്യേക പരിപാടികളിലെല്ലാം ഉയരുന്ന പ്രധാന ചോദ്യങ്ങള്‍ ബിജെപി പ്രചാരണ രംഗത്ത് കൊണ്ടുവരുന്ന വിഷയങ്ങളില്‍ നിന്നുള്ളതാണ്. ശാഹീന്‍ ബാഗ് തന്നെയാണ് അതിലേറ്റവും പ്രധാനം.

ശാഹീന്‍ബാഗിനെ തള്ളിപ്പറയുന്ന ആം ആദ്മി പാർട്ടി

പൗരത്വ സമരത്തിന്റെ പ്രതീകമായി ലോകശ്രദ്ധയാകര്‍ഷിച്ച ശാഹീന്‍ ബാഗിനെ വര്‍ഗീയമായി കടന്നാക്രമിച്ച് ആം ആദ്മി പാര്‍ട്ടിയെ അതിനോട് ചേര്‍ത്തു കെട്ടിയത് അതിനായിരുന്നു. ശാഹീന്‍ ബാഗ് സമരത്തിനായി പണം ഇറക്കുന്നത് ആം ആദ്മി പാര്‍ട്ടിയാണെന്നും അരവിന്ദ് കെജ്രിവാള്‍ ഭീകരനാണെന്നുമുള്ള തരത്തില്‍ വരെ അതെത്തി. ആം ആദ്മി പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖമായ അമാനത്തുള്ള ഖാന്റ തട്ടകമായിട്ടും ശാഹീന്‍ ബാഗിലെ പൗരത്വ സമരത്തെ പാര്‍ട്ടി ഏറ്റെടുക്കുന്നത് പോയിട്ട് പരസ്യമായി പിന്തുണക്കാന്‍ പോലും തയാറായിരുന്നില്ല.

സ്ഥലം എംഎല്‍എ എന്ന നിലയില്‍ സമരത്തിന് പിന്തുണ നല്‍കിയ അമാനത്തുള്ള ഖാന്‍ പോലീസ് അറസ്റ്റ് ചെയ്ത നിരപരാധികളെ ഇറക്കാനായി പോലീസ് സ്റ്റേഷനില്‍ പോയതാണ് ബിജെപിയ്ക്ക് ആകെ പറയാനുള്ളത്. എന്നിട്ടും ശാഹീന്‍ ബാഗ് ഉയര്‍ത്തി കാട്ടി ഡല്‍ഹി വോട്ടര്‍മാര്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാനുള്ള ബിജെപി ശ്രമങ്ങള്‍ ഏശുന്നുണ്ടെന്നാണ് ആം ആദ്മി പാര്‍ട്ടി വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തെ ഈസി വാക്കോവറില്‍ നിന്നും ആം ആദ്മി പാര്‍ട്ടിക്ക് മത്സരം കടുപ്പമേറി വരുന്നത് ബിജെപിയുടെ ശാഹീന്‍ ബാഗ് പ്രചാരണം കൊണ്ടാണെന്ന് മനസ്സിലാക്കി കെജ്രിവാള്‍ അതിനെ തള്ളിപ്പറയാനും തുടങ്ങി.

കേന്ദ്ര ആഭ്യന്തര മന്ത്രി ഡല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്‍കിയാല്‍ അതോടെ ശാഹീന്‍ ബാഗ് സമരം അവസാനിക്കുമെന്നും എന്നാല്‍ ശാഹീന്‍ ബാഗ് സമരം ഒഴിപ്പിക്കാത്തത് ബിജെപിയുടെ ഒത്തുകളിയാണെന്നും മുഖ്യമന്ത്രി കെജ്രിവാള്‍ ബിജെപിയെ തോല്‍പിക്കാന്‍ പറഞ്ഞു തുടങ്ങി. ശാഹീന്‍ ബാഗിന് പിന്നില്‍ ഞങ്ങളല്ല, നിങ്ങളാണ് എന്ന തരത്തിലുള്ള തര്‍ക്കത്തിലേക്ക് ആപ്പും ബിജെപിയും മാറുന്നതാണ് അവസാന ഘട്ടത്തിലെ കാഴ്ച.

ബിജെപി വോട്ടും വേണം കെജ്രിവാളിന്

ല്‍ഹി തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളി ബിജെപിയായിട്ടും, ഭീകരനെന്ന് വിളിച്ചു പോലും ആ പാര്‍ട്ടി തന്നെ കടന്നാക്രമിച്ചിട്ടും, ഹിന്ദു – മുസ്ലിം ഭിന്നത ആളിക്കത്തിക്കാന്‍ നാള്‍ക്കുനാള്‍ പരിശ്രമിച്ചിട്ടും കാര്‍ക്കശ്യക്കാരനായ അരവിന്ദ് കെജ്രിവാള്‍ തന്റെ പ്രചാരണത്തിലുടനീളം ബിജെപി പ്രവര്‍ത്തകരുടെ മനസ്സ് നൊന്തുപോവാതിരിക്കാന്‍ കാണിക്കുന്ന ബദ്ധശ്രദ്ധ ഏവരെയും അത്ഭുതപ്പെടുത്തും.

ഡല്‍ഹിയില്‍ തനിക്ക് വോട്ടുചെയ്യുന്ന വോട്ടര്‍മാരില്‍ നല്ലൊരു ശതമാനം കോണ്‍ഗ്രസ് വിരുദ്ധരും മോദി ഭക്തരുമായ ബിജെപി പ്രവര്‍ത്തകരുമുണ്ടെന്ന യാഥാര്‍ത്ഥ്യബോധമാണ് ഇത്തരമൊരു മൃദുസമീപനത്തിന് കെജ്രിവാളിനെ പ്രേരിപ്പിക്കുന്നത്. 2015ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരാന്‍ ആപ്പിനെ പിന്തുണച്ച ന്യൂനപക്ഷങ്ങളില്‍ വലിയൊരു പങ്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയസാധ്യത അവകാശപ്പെട്ട് കോണ്‍ഗ്രസ് ഉണ്ടാക്കിയ ആശയക്കുഴപ്പത്താല്‍ അങ്ങോട്ട് മാറിയപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ വോട്ടു വിഹിതം കേവലം 18.1ല്‍ ഒതുങ്ങി. ബിജെപിയാകട്ടെ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ 46.4 ശതമാനം വോട്ടുവിഹിതം 56.6 ശതമാനത്തിലെത്തിക്കുകയും ചെയ്തു.

ആം ആദ്മി പാര്‍ട്ടി തൂത്തുവാരിയ 2015ലെ തിരഞ്ഞെടുപ്പില്‍ പോലും ബിജെപിയുടെ കൂടെ ഉറച്ചുനിന്ന ഹിന്ദു വോട്ടുകള്‍ ആപ്പിന്റെ പ്രതീക്ഷകള്‍ക്ക് ഭീഷണി തന്നെയാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലേക്കു പോയ വോട്ടുകള്‍ തിരിച്ചുപിടിച്ച് ബിജെപിക്ക് കിട്ടിയ വോട്ടുകള്‍ കൂടി നേടിയാലേ തുടര്‍ഭരണം സാധ്യമാകൂ എന്ന് കണക്കുകൂട്ടിയാണ് കെജ്രിവാളിന്റെ കളി. ഈ തിരഞ്ഞെടുപ്പില്‍ 55 ശതമാനം വോട്ടുകള്‍ ആപ്പിന് കിട്ടുമെന്ന് പ്രവചിച്ചിരുന്നവര്‍ തന്നെ ശാഹീന്‍ ബാഗ് ചര്‍ച്ച സജീവമാക്കിയതോടെ ഇപ്പോള്‍ ആ പ്രതീക്ഷ 50ലേക്ക് താഴ്ന്നുവെന്നാണ് പറയുന്നത്.

ന്യൂനപക്ഷങ്ങളെ പിണക്കാതെ എങ്ങിനെ ബിജെപി വോട്ടുകള്‍ പിടിക്കുമെന്നതാണ് കെജ്രിവാളിനെ അലട്ടുന്ന വിഷയം.

മോദിയെക്കുറിച്ചുള്ള മൗനം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പഴയതുപോലെ കടന്നാക്രമണം നടത്താത്ത കാര്യവും എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ ടൗണ്‍ഹാള്‍ പരിപാടിയില്‍ ചോദിച്ചപ്പോള്‍ ഡല്‍ഹിയും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള അധികാരത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി വന്നതോടു കൂടി അതിന് അന്ത്യമായെന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. സുപ്രീംകോടതി വിധിയോടെ കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും ഡല്‍ഹിക്ക് മേലുള്ള അധികാര പരിധി കൃത്യമായി നിര്‍ണ്ണയിച്ചു കഴിഞ്ഞുവെന്നും അതിനു ശേഷം ലക്ഷ്യമിട്ട ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയുന്നുണ്ടെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വര്‍ഷത്തിനകം ഡല്‍ഹി സര്‍ക്കാര്‍, വൈദ്യുതി സൗജന്യവും സ്ത്രീകളുടെ യാത്രാസൗജന്യവും അടക്കമുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന ആരോപണം കെജ്രിവാള്‍ നിഷേധിക്കുന്നതും തര്‍ക്കം തീര്‍ത്ത സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ്. ആഭ്യന്തരം അടക്കമുള്ള മൂന്ന് വിഷയങ്ങള്‍ ഒഴിച്ച് എല്ലാം സംസ്ഥാന സര്‍ക്കാറിനാണെന്ന് സുപ്രീംകോടതി വിധിച്ചതോടെയാണ് മോദി സര്‍ക്കാറിന്റെ അനാവശ്യ ഇടപെടലുകള്‍ക്ക് അന്ത്യമായതെന്നും കെജ്രിവാള്‍ അവകാശപ്പെടുന്നുണ്ട്.

ചിത്രത്തിലില്ലാത്ത കോണ്‍ഗ്രസ്

ല്‍ഹി പോര് ആപ്പും ബിജെപിയും തമ്മില്‍ മുറുകിയതോടെ ലോക്സഭ തിരഞ്ഞെടുപ്പില്‍ 22.5 ശതമാനം വോട്ടു നേടി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോണ്‍ഗ്രസ് ചിത്രത്തിലില്ലാത്ത വിധം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിട്ടുണ്ട്. കല്‍കാജി പോലുള്ള വിരലിലെണ്ണാവുന്ന ഏതാനും മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് മത്സരമെങ്കിലും കാഴ്ചവെയ്ക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ചെയ്ത് കൈപൊള്ളിയ ന്യൂനപക്ഷം നിയമസഭ തിരഞ്ഞെടുപ്പില്‍ അത്തരമൊരു പരീക്ഷണത്തിന് ഏതായാലും മുതിരില്ല. ബിജെപിക്ക് സഹായകമായ തരത്തില്‍ പ്രചാരണ രംഗത്ത് വന്‍ കോലാഹലമുണ്ടാക്കാതിരിക്കാന്‍ കോണ്‍ഗ്രസ് കാണിക്കുന്ന ജാഗ്രത ബുദ്ധിപരമാണ്. പോര് ത്രികോണമായാല്‍ ലോക്സഭ ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധിയെ പോലുള്ള നേതാക്കളെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്.