Sat. Jan 18th, 2025

മംഗളൂരു എയർപോർട്ടിൽ  പോസ്റ്റ്കാർഡ് ന്യൂസ് എന്ന പേജിലൂടെ വ്യാജ  പ്രചാരണങ്ങൾ നടത്തുന്ന പേജ് ഉടമ മഹേഷ് വിക്രം ഹെഗ്‌ഡെയെ 3 പെൺകുട്ടികൾ ഹാസ്യ താരം കുനാൽ കമ്രയുടെ രീതിയിൽ നേരിട്ടതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ആകുന്നത്. പെൺകുട്ടികൾ ‘വന്ദേമാതരം’ പാടാൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം മിണ്ടാതെ ഇരിക്കുന്നത് വിഡിയോയിൽ കാണാം. കൂടാതെ വന്ദേമാതരം പോലും പാടാൻ അറിയാത്ത താങ്കൾ എന്തിനാണ് സോഷ്യൽ മീഡിയയിലൂടെ ദേശീയത പഠിപ്പിക്കാൻ വരുന്നതെന്നും പെൺകുട്ടികൾ ചോദിക്കുന്നുണ്ട്. 

കൂടാതെ വന്ദേമാതരം പാടാൻ കഴിയാത്തവരെയും രാജ്യത്ത് ജീവിക്കുന്നതിൽ സുരക്ഷിതത്ത്വമില്ലെന്ന് തോന്നുന്നവരെയും ബോംബ് എറിഞ്ഞ് കൊല്ലണമെന്ന് മുസാഫർനഗർ ബിജെപി എംഎൽഎ വിക്രം സെയ്നി അഭിപ്രായപ്പെട്ടിരുന്ന സാഹചര്യത്തിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്.

തനിക്കെതിരെ അപകീർത്തികരമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു  എന്ന് ആരോപിച്ച് നടൻ പ്രകാശ് രാജ് ഈ ന്യൂസ് പേജിനെതിരെ മുൻപ് പരാതി നൽകിയിട്ടുണ്ട്. പോസ്റ്റ്കാർഡ് ന്യൂസ് പേജിലെ വാർത്തകളെല്ലാം തന്നെ സാമുദായിക സ്വഭാവമുള്ളതും പ്രകോപനകരവും ആണെന്നുള്ളതാണ് വസ്തുത.

ഇൻഡിഗോ എയർലൈനിൽ സഹയാത്രികനായ  റിപ്പബ്ലിക്ക് ടിവി ചീഫ് എഡിറ്ററും മാധ്യമപ്രവർത്തകനുമായ അർണബ് ഗോസ്വാമിയോട് അദ്ദേഹം ചാനലിലൂടെ നടത്തിയ ചില പ്രസ്താവനകളെ ചോദ്യം ചെയ്ത ഹാസ്യതാരം കുനാൽ കാമ്ര വലിയ ശ്രദ്ധ നേടിയിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഇൻഡിഗോ വിമാനങ്ങളിൽ നിന്ന് ആറ് മാസത്തേക്ക് ഇദ്ദേഹത്തിന് വിലക്കേർപ്പെടുത്തി.

By Arya MR