കളമശ്ശേരി:
കളമശ്ശേരി മെഡിക്കല്‍ കോളേജ് പരിസരത്ത് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി കിടക്കുന്നു. മെഡിക്കല്‍ കോളേജിന്‍റെ ഇരുവശങ്ങളിലും മാലിന്യക്കൂമ്പാരമായതിനാല്‍ തെരുവ് നായ്ക്കളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണ്. കല്ല്യാണ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും അറവുശാലകളില്‍ നിന്നുള്ള മാലിന്യങ്ങളും ഉള്‍പ്പെടെയാണ് മെഡിക്കല്‍ കേജേജ് പരിസരത്ത് തള്ളുന്നത്.
കുട്ടികളുടെ സ്നഗ്ഗി കെട്ടുകണക്കിനാണ് റോഡിന്‍റെ ഇരുവശങ്ങളിലും വലിച്ചെറിയുന്നത്. രാത്രികാലങ്ങളില്‍ തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിച്ചുവരുന്നതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് രോഗികള്‍ക്ക് ഭക്ഷണവുമായി പോകുന്നവരെ ഉള്‍പ്പെടെ ആക്രമിക്കുന്നത് പതിവ് സംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു.
ക്യാന്‍സര്‍ സെന്‍റര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോളേജ് പരിസരത്ത് മാലിന്യങ്ങള്‍ തള്ളുന്നത് അങ്ങേയറ്റം നീതിയ്ക്ക് നിരക്കാത്തതാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നഗരസഭ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ ഒരാഴ്ചയ്ക്ക് മുമ്പ് വൃത്തിയാക്കിയിരുന്നു. എന്നാല്‍, വീണ്ടും മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. പ്രദേശത്ത് നഗരസഭ മുന്‍കെെയ്യെടുത്ത് ഒരു സിസിടിവി സ്ഥാപിക്കുകയാണെങ്കില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നും മാലിന്യങ്ങള്‍ തള്ളുന്നവരെ പിടികൂടാന്‍ കഴിയുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.