Sat. Apr 27th, 2024
ആലുവ:

കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേതഗതിയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന പേരിൽ യുവാവിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ചുവെന്ന് ആരോപണം. 

ആലുവ സ്വദേശിയായ അനസ് എന്ന യുവാവാണ് ആലുവ പോലീസ്  ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയില്ല എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കാണ് അനസ് പോലീസ്  ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. 

എന്നാൽ പൗരത്വ ബില്ലിനെതിരെ നടന്ന റാലിയിൽ പങ്കെടുത്തിട്ടുള്ളതിനാൽ സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്ന് പോലീസ്  അപേക്ഷ ഫോമിൽ തന്നെ മറുപടി എഴുതി നൽകുകയായിരുന്നു എന്നാണ് ആരോപണം. അപേക്ഷ ഫോമിന്റെ ചിത്രം ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട് അനസിന്റെ സുഹൃത്ത് കൂടിയായ അമിൻഷാദാണ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. 

മുസ്ലിം ജമാഅത്ത് മഹല്ല് ഏകോപന സമിതി നടത്തിയ പറവൂർ ആലുവ ലോങ് മാർച്ചിൽ അനസ് പങ്കെടുത്തിരുന്നുവെന്നും എന്നാൽ ഈ ജനാതിപത്യ രാജ്യത്ത് പ്രതിഷേധിക്കാൻ പോലുമുള്ള അവകാശമില്ലേ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. 

എന്നാൽ, ഈ ആരോപണം നിഷേധിച്ച ആലുവ പോലീസ്, നിലവിൽ അപേക്ഷകനെതിരെ പോലീസ് കേസില്ലെന്നും എന്നാൽ വ്യക്തിയെ കുറിച്ച് കൃത്യമായി അന്വേഷിച്ചതിന് ശേഷം മാത്രമേ സർട്ടിഫിക്കറ്റ് അനുവദിക്കാൻ കഴിയുകയുള്ളൂവെന്നും, അതിന് കുറഞ്ഞത് 15 ദിവസത്തെ സമയം പരിധിവേണ്ടിവരുമെന്നും വോക്ക് ജേർണലിനോട് പറഞ്ഞു.

 

 

By Arya MR