Sat. Jan 18th, 2025
ന്യൂ ഡല്‍ഹി:

2002ൽ ഗുജറാത്തില്‍ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട പതിനാല് പേര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ധ്യാനം അടക്കമുള്ള ആത്മീയകാര്യങ്ങളില്‍ മുഴുകാനും സാമൂഹ്യപ്രവര്‍ത്തനങ്ങളിലേര്‍പ്പടാനുമാണ് പതിനാലു പേര്‍ക്കും ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

ഇവരുടെ ആത്മീയ, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താന്‍ ഇന്‍ഡോറിലേയും ജബല്‍പൂരിലേയും ജില്ലാ നിയമ അതോറിറ്റികളോട് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികളുടെ സ്വഭാവവും പെരുമാറ്റരീതികളും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ മധ്യപ്രദേശ് ലീഗൽ സർവീസ് അതോറിറ്റിക്കാണ് ഉത്തരവാദിത്വം. 

ഇവര്‍ക്ക് ഉപജീവന മാര്‍ഗം ഉറപ്പുവരുത്താനും സുപ്രീം കോടതി അധികൃതരോട് ആവശ്യപ്പെട്ടു. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ഓരോ മൂന്ന് മാസം കൂടുമ്പോളും ലീഗല്‍ സര്‍വീസ് അതോറിറ്റി സുപ്രീം കോടതി മുമ്പാകെ ബോധിപ്പിക്കണം.

ഗുജറാത്തിൽ പ്രവേശിക്കരുതെന്നും ആഴ്ചയിൽ ആറ് മണിക്കൂർ സാമൂഹ്യപ്രവർത്തനം നടത്തണമെന്നും പ്രതികളോട് കോടതി പറഞ്ഞിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബഞ്ചിന്‍റേതാണ് വിധി.

ആരാണ് ഈ പതിനാലുപേര്‍?

2002 ഫെബ്രുവരി 27 ന് ഗുജറാത്തില്‍ ആരംഭിച്ച കലാപത്തില്‍ നിന്നാണ് ആരംഭം. ഗോധ്രയിൽ സബർമതി എക്സ്പ്രെസിൽ അയോദ്ധ്യാ സന്ദർശനത്തിനു ശേഷം മടങ്ങി പോയ്‌ക്കൊണ്ടിരുന്ന കർസേവകർ ഉൾപ്പെടെ 58 പേർ കൊല്ലപ്പെട്ട ഗോധ്ര തീവണ്ടി കത്തിച്ച കേസാണ് പ്രഭവ കേന്ദ്രം.

വര്‍ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ജനങ്ങള്‍ പലയിടങ്ങളില്‍ അഭയം പ്രാപിച്ചു. വിജാപുര്‍ താലൂക്കിലെ, സര്‍ദാര്‍പുര ഗ്രാമത്തിലുള്ള ഇബ്രാഹിം ഷെയ്ഖിന്‍റെ വീടിന് കലാപകാരികള്‍ തീവയ്ക്കുന്നത് ഫെബ്രുവരി 28 നായിരുന്നു. ഈ ദുരന്തത്തില്‍ 20 സ്ത്രീകളുള്‍പ്പെടെ 33 പേര്‍ മരിച്ചു.

കേസില്‍ 76 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും രണ്ടുപേര്‍ വിചാരണ നടക്കുന്നതിനിടയില്‍ മരണപ്പെട്ടിരുന്നു. ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയിലായിരുന്നു വിചാരണ.

 

കൊലപാതകം, കൊലപാതക ശ്രമം, തീവയ്ക്കല്‍, കലാപം, ക്രിമിനല്‍ ഗൂഢാലോചന, എന്നീ കുറ്റങ്ങള്‍ ചുമത്തി ബാക്കിയുള്ള 73 പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും, വിചാരണ ആരംഭിക്കുകയും ചെയ്തത് 2009 ജൂണിലായിരുന്നു.

20 ഡോക്ടർമാർ, 17 വിചാരണ സാക്ഷികൾ, 40 കലാപത്തിന് ഇരയായവർ, 20 പോലീസ്, തുടങ്ങി 112 സാക്ഷികളെയായിരുന്നു വിചാരണ വേളയില്‍ വിസ്തരിച്ചത്. ന്യൂനപക്ഷ സമുദായത്തിനെതിരായ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഗോദ്ര ട്രെയിൻ കത്തിച്ച സംഭവത്തിന് ശേഷം ചില പ്രാദേശിക നേതാക്കൾ ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.

സംഭവത്തിന് മുന്നോടിയായി പ്രതികൾ ആയുധങ്ങൾ വിതരണം ചെയ്തതായും വ്യക്തമാക്കിയിരുന്നു. എന്നാല്‍, തങ്ങളെ വ്യാജമായി പീഡിപ്പിക്കുകയാണെന്നും പുറത്തുനിന്നുള്ളവരാണ് അക്രമം നടത്തിയതെന്നുമാണ് പ്രതികള്‍ അവകാശപ്പെട്ടത്.

 

കൂട്ടക്കൊലയ്ക്ക് 10 വർഷത്തിനുശേഷമാണ് വിചാരണക്കോടതിയായ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ കോടതി 31 പേരെ ശിക്ഷിക്കുന്നത്. നാലുവർഷത്തിനുശേഷം ഗുജറാത്ത് ഹൈക്കോടതി 31 കുറ്റവാളികളിൽ 14 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തു.

ബാക്കിയുള്ള 17 പേരുടെ ശിക്ഷയാണ് 2016ല്‍ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചത്. ഇതില്‍ 14 പേരാണ് ഇനി ധ്യാനം കൂടാനും, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്താനും സ്വതന്ത്രരാകുന്നത്. ഇവരെ രണ്ട് ഗ്രൂപ്പുകളായി തിരിക്കുകയും, ഒരു ഗ്രൂപ്പിനെ മധ്യപ്രദേശിലെ ഇന്‍ഡോറിലേക്കും, മറ്റുള്ളവരെ 500 കിലോമീറ്റര്‍ അകലത്തിലുള്ള ജബല്‍പൂരിലേക്കും മാറ്റാനാണ് നിലവിലെ തീരുമാനം.