Wed. Apr 24th, 2024
കൊച്ചി:

 
വടംവലിയും അധികാരനാടകങ്ങളും മൂലം കൊച്ചി നഗരസഭയുടെ ഭരണം അവതാളത്തിലായിട്ട് ഏകദേശം രണ്ട് മാസത്തോളമായി. മേയര്‍മാറ്റ ചര്‍ച്ചകളും, തുടര്‍ചര്‍ച്ചകളും കൊണ്ടും ഭരണം സ്തംഭിക്കുമ്പോള്‍ ദുരിതത്തിലാകുന്നത് സാധാരണ ജനങ്ങളാണ്. വാര്‍ദ്ധക്യ പെന്‍ഷന്‍ ഉള്‍പ്പെടെ ക്ഷേമപെന്‍ഷനുകള്‍ക്കുള്ള നൂറുകണക്കിന് അപേക്ഷകളാണ് തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത്.

നഗരസഭയിലെ എട്ട് സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ മൂന്നെണ്ണത്തിന് അധ്യക്ഷനില്ല. മൂന്നു കമ്മിറ്റികളും നിശ്ചലമായിട്ട് രണ്ടു മാസമാകുന്നു. കേന്ദ്ര സ്മാര്‍ട് സിറ്റി അടക്കം കോടികളുടെ പദ്ധതി നടത്തിപ്പ് മുടങ്ങിക്കിടക്കുകയാണ്. നഗരസഭ ആസൂത്രണവുമായി ബന്ധപ്പെട്ട നയപരമായ നൂറുകണക്കിന് കാര്യങ്ങളില്‍ മൂന്നുമാസത്തോളമായി തീരുമാനമായിട്ടില്ല.

മേയര്‍ സൗമിനി ജെയിനിനെ പുറത്താക്കാന്‍ കോണ്‍ഗ്രസിലെ ചില ഗ്രൂപ്പ് നേതാക്കള്‍ കാട്ടിയ അതിബുദ്ധിയാണ് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് കാരണം. അതേസമയം, ഭരണപ്രതിസന്ധി നിലനില്‍ക്കുന്നില്ലെന്നും എല്ലാം കാര്യങ്ങളും സുഗമമായി തന്നെയാണ് നടക്കുന്നതെന്നുമാണ് അധികൃതരുടെ അവകാശവാദം. ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ആരും തയ്യാറാകുന്നുമില്ല.