Wed. Jan 22nd, 2025
കളമശ്ശേരി:

കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി കങ്ങരപ്പടി നിവാസികള്‍ക്ക് കായിക പരിശീലനത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്താനും ഏക ആശ്രയമായിരുന്ന കങ്ങരപ്പടി മുനിസിപ്പല്‍ ഗ്രൗണ്ട് ലെെഫ് ഭവന പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി നാട്ടുകാര്‍. കളമശ്ശേരി 14-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന മുനിസിപ്പല്‍ ഗ്രൗണ്ട് ഏറ്റെടുക്കാനുള്ള തീരുമാനം കളമശ്ശേരി നഗരസഭ പിന്‍വലിക്കണെമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കങ്ങരപ്പടിയിലെയും പരിസര പ്രദേശങ്ങളിലെയും കൊച്ചുകുട്ടികളും, യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പെടെ കായിക പരിശീലത്തിനും,  പ്രഭാത നടത്തത്തിനും ആശ്രയിക്കുന്നത് ഈ ഗ്രൗണ്ടാണ്. ടൂര്‍ണമെന്‍റുകളും മറ്റ് കായിക പരിപാടികളും സംഘടിപ്പിക്കാനും ഈ ഒരു ഗ്രൗണ്ട് അല്ലാതെ വേറൊരു ഗ്രൗണ്ട് തങ്ങള്‍ക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

മറ്റ് പൊതുകളിലസ്ഥലങ്ങള്‍ ഒന്നുമില്ലാത്ത ജനസാന്ദ്രത ഏറിവരുന്ന കങ്ങരപ്പടി പ്രദേശത്ത് ഈ പൊതുകളിസ്ഥലം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് കാലാകാലങ്ങളായി ഗ്രൗണ്ട് ഒരു വികാരമായിരുന്ന പ്രായമായവര്‍ ഉള്‍പ്പെടെ പറയുന്നു.

കങ്ങരപ്പടിയിലെ മുനിസിപ്പല്‍ ഗ്രൗണ്ട് സംരക്ഷിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ കങ്ങരപ്പടിയിലെ യുവജനങ്ങള്‍ ഇപ്പോള്‍ വന്‍ പ്രതിഷേധപരിപാടികളുമായി മുന്നോട്ട് പോകുകയാണെന്ന് നാട്ടുകാരനായ ജിന്‍സണ്‍ പറഞ്ഞു.

കങ്ങരപ്പടി മുനിസിപ്പല്‍ ഗ്രൗണ്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 501 പേരുടെ ഒപ്പുശേഖരിച്ച് ഗ്രൗണ്ട് സംരക്ഷിക്കാന്‍ കളമശ്ശേരി മുനിസിപ്പാലിറ്റിക്ക് നിവേദനം നല്‍കിയതായി ജിന്‍സണ്‍ വ്യക്തമാക്കി. അടുത്ത  കൗണ്‍സിലില്‍ അനുകൂലമായി തീരുമാനം എടുക്കാമെന്ന് മുനിസിപ്പാലിറ്റി പറയുന്നുണ്ട്. എന്നാല്‍, കാര്യങ്ങള്‍ വിപരീതമായി നടക്കുകയാണെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് തങ്ങളുടെ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.

ലെെഫ് ഭവന പദ്ധതിക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ അതിന് വേറെ സ്ഥലം തിരഞ്ഞെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കങ്ങരപ്പടിയില്‍ വളര്‍ന്നുവരുന്ന കായിക പ്രതിഭകളുടെ സ്വപ്നങ്ങള്‍ക്ക് എന്നന്നേക്കുമായി വിരാമമിടുന്ന ഈ തീരുമാനത്തില്‍ നിന്ന് കളമശ്ശേരി നഗരസഭ പിന്‍മാറാണമെന്നാണ് ഇവരുടെ ആവശ്യം. ഈ കളിസ്ഥാലം ഞങ്ങള്‍ക്കും ഞങ്ങളുടെ വരുംതലമുറകള്‍ക്കും കളിച്ചുവളരാനുള്ളതാണെന്നാണ് കങ്ങരപ്പടി നിവാസികള്‍ പ്രായം നോക്കാതെ ഒരേ സ്വരത്തില്‍ പറയുന്നത്.

By Binsha Das

Digital Journalist at Woke Malayalam