കളമശ്ശേരി:
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ കക്ഷി രാഷ്ടീയം നോക്കാതെ പ്രതിഷേധം പുകയുന്നു. ഡിപ്പാര്‍ട്ട്മെന്‍റ് തലത്തിലുള്ള പ്രശ്നത്തെ വ്യക്തിപരമായി എടുത്ത് പിടിച്ചുമാറ്റാന്‍ ശ്രമിച്ച എസ്എഫ് ഐ അനുഭാവിയെ തന്നെയാണ് എസ്എഫ് ഐയുടെ ഗുണ്ടകള്‍ കൊല്ലാന്‍ ശ്രമിച്ചതെന്ന് കുസാറ്റിലെ സെനറ്റ് അംഗം റഹ്മത്തുള്ള പറഞ്ഞു.
മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളിന്‍റെ കസേര കത്തിച്ച കേസിലെ പ്രതി ഉള്‍പ്പെടെ കുസാറ്റില്‍ നടന്ന അക്രമത്തിന് പിന്നിലുണ്ട്. ഇരുമ്പുകമ്പി കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തിയാണ് ആസില്‍ അബൂബക്കര്‍ എന്ന വിദ്യാര്‍ത്ഥിയെ കൊല്ലാന്‍ ശ്രമിച്ചത്.
കേരള യൂണിവേഴ്സിറ്റിയില്‍ എന്താണോ നടന്നത് നിലവില്‍ അത് തന്നെ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലും പ്രാവര്‍ത്തികമാക്കാനാണ് ശ്രമിക്കുന്നതെന്ന് റഹ്മത്തുള്ള പറയുന്നു.
അതേസമയം, പ്രതികള്‍ക്കെതിരെ കളമശ്ശേരി പൊലീസ് വധശ്രമത്തിന് കേസെടുത്തെങ്കിലും കൊച്ചിന്‍ യീണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും റഹ്മത്തുള്ള ആരോപിച്ചു.
പ്രശ്നങ്ങള്‍ അന്വേഷിക്കാന്‍ സീനിയര്‍ അധ്യാപകര്‍ ഉള്‍ക്കൊള്ളുന്ന മൂന്നംഗസമിതിയെ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ സമിതിയിലെ മൂന്നുപേരും വ്യക്തമായ രാഷ്ട്രീയ ചേരിയുള്ളവരാണെന്നും അന്വേഷണം ഫലപ്രദമായ രീതിയില്‍ നടക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.