Mon. Dec 23rd, 2024
കോഴിക്കോട്:

പന്തീരാങ്കാവ് യുഎപിഎ കേസിനെ ചൊല്ലി സിപിഎമ്മിനകത്ത് കടുത്ത ഭിന്നത. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ തള്ളി എംവി ഗോവിന്ദനും പി ജയരാജനും രംഗത്തെത്തിയത് വാദ പ്രതിവാദങ്ങള്‍ക്ക് ഇടം കൊടുക്കുന്നു.

അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണ്. സിപിഎമ്മിനകത്ത് ഇക്കാര്യത്തില്‍ ഒറ്റ നിലപാടാണ്. ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നായിരുന്നു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കേസില്‍ താന്‍ മുമ്പ് സ്വീകരിച്ച നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജയരാജന്‍.

മാവോയിസ്റ്റുകളെയും ഇസ്‍ലാമിസ്റ്റുകളെയും തുറന്നുകാണിക്കേണ്ടതുണ്ടെന്നും സിപിഎമ്മിന് ഈ വിഷയത്തില്‍ ഒറ്റ നിലപാടാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു. ചെന്നിത്തല ആഭ്യന്തര മന്ത്രിയായ സമയത്ത് സെന്‍കുമാറിലൂടെയാണ് ഏറ്റവും കൂടുതല്‍ യുഎപിഎ ദുരുപയോഗം ചെയ്തതെന്നും അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇതിനു പിന്നാലെ എംവി ഗോവിന്ദനും രംഗത്ത് വന്നു. അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും, എന്നാല്‍ അതിന്‍റെ ആഴം പാര്‍ട്ടിക്ക് അന്വേഷിച്ച് കണ്ടെത്താനായിട്ടില്ലെന്നുമാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഭരണം മാത്രമെ പിണറായി വിജയനുള്ളുവെന്നും ഭരണകൂടം പിണറായിയുടെ കയ്യിലില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

അലനും താഹയും സിപിഎം പ്രവര്‍ത്തകരാണെന്നും അവര്‍ക്കെന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നതാണ് നിലപാടെന്നുമാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ നേരത്തെ പറഞ്ഞത്. ഇതിനെ തള്ളിക്കൊണ്ട് പുറത്തുവരുന്ന പ്രസ്താവനകള്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കുന്നവയാണ്.

ഇരുവരും സിപിഎം പ്രവർത്തകരാണ്, ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇരുവരുടെയും ഭാഗം കേൾക്കാനുള്ള അവസരം സിപിഎമ്മിന് ലഭിച്ചിട്ടില്ല. തെറ്റു ചെയ്തിട്ടുണ്ടങ്കില്‍ ഇരുവരെയും തിരുത്തണമെന്നതാണ് സിപിഎം നിലപാടെന്നും പി മോഹനൻ പറഞ്ഞിരുന്നു. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നതിനിടെയാണ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

അലനെതിരെയുള്ള പി ജയരാജന്റെ പരാമർശത്തെ പറ്റി അറിയില്ലെന്നും പി മോഹനന്‍ പറഞ്ഞു. അലന്റെയും താഹയുടെയും രക്ഷിതാക്കളുടെ ആശങ്ക സ്വാഭാവികമാണ്, പാർട്ടി അത് പരിഹരിക്കും. യുഎപിഎ പാസാക്കിയതിലുള്ള പാപക്കറ കഴുകാനുള്ള ശ്രമത്തിലാണ് രമേശ് ചെന്നിത്തലയെന്നും പി മോഹനൻ കുറ്റപ്പെടുത്തി.

എന്നാല്‍, പി മോഹനന്‍ ഇത്തരത്തില്‍ പ്രതികരിക്കാന്‍ സാധ്യതയില്ലെന്നും, യുഎപിഎ വിഷയത്തില്‍ സിപിഐഎമ്മിലും സര്‍ക്കാരിലും അഭിപ്രായ ഭിന്നതകള്‍ ഒന്നുമില്ലെന്നുമാണ് മന്ത്രി ഇപി ജയരാജന്‍ പറ‍ഞ്ഞത്. “ചിലപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യം മോഹനന് മനസിലായിട്ടുണ്ടാവില്ല. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഇല്ല” മന്ത്രി പറഞ്ഞു.

അതെ സമയം, പാർട്ടിയും സർക്കാറും രണ്ടു തരം അഭിപ്രായം പറഞ്ഞതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിട്ടുണ്ട്. യുഎപിഎ കേസിൽ വെെരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി പി മോഹനന്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതയുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം.

പി മോഹനന്‍ പറഞ്ഞ കാര്യങ്ങള്‍ പിണറായി വിജയന്‍ അംഗീകരിക്കുന്നുണ്ടോയെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയതെന്നും ചെന്നിത്തല ചോദിച്ചു.