Wed. Jan 22nd, 2025
ന്യൂഡൽഹി:

 
ബിജെപി നേതാവ് കൈലാശ് വിജയ്‌വർഗീയ വ്യാഴാഴ്ച പറഞ്ഞ ഒരു അഭിപ്രായത്തിന്റെ പേരിൽ പൊതുജനവിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഇൻഡോറിലെ തന്റെ വീട്ടിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന നിർമ്മാണത്തൊഴിലാളികളിൽ ചിലർ ബംഗ്ലാദേശികളാണെന്ന് സംശയിക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്. പൌരത്വഭേദഗതിയെ അനുകൂലിക്കുന്ന ഒരു സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായം പറഞ്ഞത്.

അങ്ങനെ സംശയിക്കാൻ കാരണമോ? അവരുടെ ഭക്ഷണരീതിയും. അവർ “പോഹ”യാണത്രേ കഴിക്കുന്നത്. പോഹ/പോഹാ അവിലാണ്. അത് മലയാളികൾക്ക് അവിലുപ്പുമാവു പോലെയുള്ള ഒരു ഭക്ഷണമാണ്. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ഇതിന്റെ വിവിധ തരങ്ങൾ കാണാം. അതാണ് നേതാവ് ബംഗ്ലാദേശികളുടെ ഭക്ഷണമാക്കിയത്.

“എന്റെ വീട്ടിൽ ഒരു പുതിയ മുറി പണിയുന്നുണ്ട്. അതിനു വന്ന പണിക്കാരിൽ ചിലരുടെ ഭക്ഷണരീതി എനിക്ക് വിചിത്രമായി തോന്നി. കാരണം അവർ പോഹ മാത്രമാണ് കഴിക്കുന്നത്.” സംശയം ദൂരീകരിക്കാൻ നേതാവ്, സൂപ്പർവൈസറോട് സംസാരിച്ചു എന്നും പറയുന്നു. ”ഞാൻ ഈ ജോലിക്കാർ ബംഗ്ലാദേശികളാണെന്നു സംശയിക്കുന്നു. സംശയം തോന്നി രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവർ എന്റെ വീട്ടിൽ ജോലി ചെയ്യുന്നത് നിർത്തി. ഞാൻ ഇതുവരെ പോലീസിൽ പരാതിയൊന്നും നൽകിയിട്ടില്ല. പക്ഷേ, ജനങ്ങൾക്ക് ഒരു മുന്നറിയിപ്പ് കൊടുക്കാനായി ഈ വിവരം പറഞ്ഞുവെന്നേയുള്ളൂ.” അദ്ദേഹം പറഞ്ഞു.

നേതാവിന്റെ അഭിപ്രായപ്രകടനത്തെ എതിർത്തുകൊണ്ടും പരിഹസിച്ചുകൊണ്ടും ജനങ്ങൾ പ്രതികരിച്ചു. ട്വിറ്ററിൽ ഇതിനെക്കുറിച്ച് പലവിധ അഭിപ്രായങ്ങൾ വന്നു.

പഞ്ചാബിലെ ആളുകളും പോഹ കഴിക്കാറുണ്ടെന്നും, ബംഗ്ലാദേശുമായി അതിന് ഒരു ബന്ധവുമില്ലെന്നും ഒരാൾ എഴുതി. താൻ പ്രാതലിനു പോഹ മാത്രമാണ് കഴിക്കാറുള്ളതെന്നും, ഞാനും ബംഗ്ലാദേശിയാണെന്ന് ഊഹിക്കാമെന്നും മറ്റൊരാൾ. ഇത്രേം കാലം ഞാൻ കഴിച്ചുകൊണ്ടിരുന്നത് ബംഗ്ലാദേശി ഭക്ഷണമാണെന്ന് അറിയില്ലായിരുന്നെന്ന് മഹാരാഷ്ട്രക്കാരനായ ഒരാളും പ്രതികരിച്ചു.

കോൺഗ്രസ് പാർട്ടിയും, തൃണമൂൽ കോൺഗ്രസ്സും, ബിജെപി നേതാവിന്റെ പോഹ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നു.

“വിജയ്‌വർഗീയാജി നടത്തിയ പ്രസ്താവനയെ ഞങ്ങൾ അപലപിക്കുന്നു. ഒരു നിർമ്മാണത്തൊഴിലാളിയുടെ ഭക്ഷണരീതിയെ അയാളുടെ ദേശീയതയുമായി എങ്ങനെയാണ് ബന്ധിപ്പിക്കുന്നത്? നുഴഞ്ഞുകയറ്റക്കാരൻ എന്ന് എങ്ങനെയാണ് വിളിക്കുന്നത്? കോൺഗ്രസ് വക്താവ് സുഷ്മിത ദേവ് പറഞ്ഞു.

“ബംഗാളിന്റെ സംസ്കാരത്തെക്കുറിച്ചും, പാരമ്പര്യത്തെക്കുറിച്ചും, സാധാരണക്കാരായ ജനങ്ങളുടെ ഭക്ഷ്യവസ്തുക്കളെക്കുറിച്ചും ഇത്തരം അഭിപ്രായം പറയുന്നവർ മനുഷ്യരെന്ന് അറിയപ്പെടാൻ എത്രത്തോളം യോഗ്യതയുണ്ട് എന്ന് അറിയേണ്ടിയിരിക്കുന്നു.” തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പാർത്ഥ ചാറ്റർജി മാധ്യമങ്ങളോടു പറഞ്ഞു. വിജയ്‌വർഗീയയ്ക്കും, ബിജെപിയിലെ ഇത്തരത്തിലുള്ള മറ്റു നേതാക്കൾക്കും വിശ്വാസ്യയോഗ്യതയോ, പ്രാധാന്യമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.