Mon. Dec 23rd, 2024
#ദിനസരികള്‍ 1010

 
ഇന്ന് ലോകജനത ഇന്ത്യയിലേക്ക് ചെവികൂര്‍പ്പിക്കുന്ന ദിവസമാണ്. ഇന്നാണ് നമ്മുടെ ബഹുമാനപ്പെട്ട സുപ്രീംകോടതി, പൌരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്നത്. ഈ മഹാരാജ്യത്തിന്റെ മഹത്തായ ചരിത്രത്തിലേക്ക് എന്താണ് പുതിയതായി എഴുതിച്ചേര്‍ക്കാന്‍ പോകുന്നത് എന്നാണ് എല്ലാവരും തന്നെ സാകൂതം വീക്ഷിക്കുന്നത്. ഒന്നുകില്‍ എല്ലാക്കാലത്തേയ്ക്കും തിളങ്ങി നില്ക്കുന്ന അതിമനോഹരമായ ഒരു മുഹൂര്‍ത്തം സ്ഥാപിച്ചെടുക്കുക അല്ലെങ്കില്‍ ചരിത്രത്തിലെ നിരവധിയായ ചവറ്റുകുട്ടകളിലേക്ക് സ്വയം കയറിനിന്ന് അപ്രസക്തമാകുക- ഇതുരണ്ടില്‍ ഏതുമാര്‍ഗ്ഗമാണ് നമ്മുടെ സുപ്രീംകോടതി സ്വീകരിക്കുക എന്ന ജിജ്ഞാസ, അതുകൊണ്ടുതന്നെ സ്വാഭാവികവുമാണ്.

രാജ്യം നാളിതുവരെ അഭിമുഖീകരിക്കാത്ത തരത്തിലുള്ള വലിയ പ്രശ്നമാണ് പൌരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. ജനതയുടെ സാമൂഹ്യജീവിതവും രാഷ്ട്രീയ ജീവിതവും ഈ നിയമവുമായി ഒരടി മുന്നോട്ടു പോകാനാകാത്ത സ്ഥിതിയിലാണ്. കാരണം രാജ്യത്തിലെ പൌരന്മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുക എന്നതാണ് ഈ നിയമ ഭേദഗതികൊണ്ട് സംഭവിച്ചിരിക്കുന്ന ദുരന്തം. ഭരണഘടനയുടെ മതനിരപേക്ഷത എന്ന വിഖ്യാതമായ മൂല്യത്തിനെ തുരങ്കം വെയ്ക്കുന്ന ഈ വലിയ മാറ്റം സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എല്ലാ സങ്കല്പങ്ങള്‍ക്കുമപ്പുറമാണ്.

ഇന്ത്യയിലേക്ക് കടന്നു വരുന്ന ഒരാളുടെ പൌരത്വം ഇനി മുതല്‍‌ നിശ്ചയിക്കപ്പെടുന്നത് മതമേതാണെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. അതായത്, കൃസ്ത്യന്‍, ബുദ്ധന്‍, ജൈനന്‍, പാഴ്സി, ശിഖന്‍, ഹിന്ദു എന്നിങ്ങനെ ആറു മതത്തില്‍ ഉള്‍‌പ്പെട്ടിരിക്കുന്നവര്‍ക്ക് പൌരത്വം കിട്ടാന്‍ മറ്റൊരു കാരണവും വേണ്ട എന്നായിരിക്കുന്നു. അതില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്, അതായത് ഇന്ത്യയില്‍ പൌരത്വം കിട്ടില്ലെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്ന മതം ഇസ്ലാമാണ്. അത്തരമൊരു തീരുമാനമെടുക്കാനുള്ള മാനദണ്ഡത്തെപ്പറ്റിയും അതിലെ അയുക്തികതയെപ്പറ്റിയും ധാരാളമായി നാം ചര്‍ച്ച ചെയ്തു കഴിഞ്ഞതാണ്. പ്രത്യക്ഷമായി ഇസ്ലാം എന്ന മതത്തിനെയാണ് നിയമം ബാധിക്കുന്നതെന്ന് തോന്നാമെങ്കിലും ഇതര മതങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ അസം ഉദാഹരണമാണ്.

കൂടാതെ മതമുള്ളവനും ഇല്ലാത്തവനും ഈ രാജ്യത്ത് ജീവിക്കുവാനുള്ള അവകാശവും റദ്ദുചെയ്യപ്പെട്ടിരിക്കുന്നു. ഏതെങ്കിലും ഒരു മതത്തിന്റെ പരിധിയിലേക്ക് കയറി നില്ക്കുക എന്നത് പൌരത്വത്തിന് പ്രാഥമികമായ മാനദണ്ഡമാകുന്നു. കാരണം മതത്തിലുള്ളവര്‍ക്കു മാത്രമേ പൌരത്വം ഈ നിയമമനുസരിച്ച് അനുവദനീയമാകുന്നുള്ളു. മാത്രവുമല്ല മതംമാറ്റം പോലെ പൌരന്റെ സ്വേച്ഛാനുസാരം തിരഞ്ഞെടുക്കാമെന്ന് ഭരണഘടന അനുവദിച്ചു തന്നിരിക്കുന്ന അവകാശങ്ങളും അതുവഴി ഇല്ലാതാക്കപ്പെടുന്നു.

ഹിന്ദുവായതുകൊണ്ട് ഇന്ത്യയില്‍ പൌരത്വം ലഭിക്കുകയും മുസ്സിമായതുകൊണ്ട് നഷ്ടപ്പെടുകയും ചെയ്യുന്ന ദുരവസ്ഥയെ ഏതു കോടതിയ്ക്കാണ് ന്യായീകരിക്കാന്‍ കഴിയുക എന്ന മനുഷ്യത്വപരമായ ചോദ്യത്തിലാണ് എല്ലാവരും ഇന്ന് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡതയേയും ഐക്യത്തേയും ഊട്ടിയുറപ്പിക്കുന്ന വിധത്തിലുള്ള ഒരു തീരുമാനം കോടതിയുടെ ഭാഗത്തുനിന്നുമുണ്ടാകും എന്ന് പ്രതീക്ഷിക്കുക. മറിച്ചാണ് കാര്യങ്ങളെങ്കില്‍, ചിലര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ അയോധ്യ കേസിന്റെ വിധിയെ സഹനത്തോടെ നേരിട്ട ഒരു ജനതയെയായിരിക്കില്ല പിന്നെ ഇന്ത്യ കാണുക.

ഇവിടെ ജീവിക്കാനുള്ള അവകാശം പോലും അവസാനിപ്പിച്ചു കഴിഞ്ഞാല്‍പ്പിന്നെ മേലുകീഴു നോക്കാനില്ലാതെ പൊട്ടിത്തെറിക്കുന്ന ഒരു ജനതയെയായിരിക്കും നാം കാണേണ്ടി വരിക. ആ പ്രഹരശേഷി താങ്ങുവാന്‍ ഇന്ത്യയുടെ ഭൌതിക ശക്തി അപര്യാപ്തമായിരിക്കും. ചുരുക്കത്തില്‍ രാജ്യം അതിന്റെ എല്ലാ അര്‍ത്ഥത്തിലും തകരുന്ന സ്ഥിതിവിശേഷം സംജാതമാകും.

സ്വാതന്ത്ര്യാനന്തരം പാക്കിസ്ഥാൻ രൂപംകൊണ്ടപ്പോള്‍ അവിടേയ്ക്ക് പോകാതെ ഗാന്ധിയും നെഹ്രുവും അടക്കമുള്ള ദേശീയ നേതാക്കളുടെ വാക്കു വിശ്വസിച്ചാണ് മുസ്ലിംജനസാമാന്യം ഇന്ത്യയില്‍ തന്നെ നിന്നത്. ഇന്ത്യ ഒരു കാലത്തും ഒരു മതരാഷ്ട്രമാകില്ലെന്നും നാനാജാതി മതസ്ഥര്‍ക്ക് തുല്യപരിഗണനയോടെ ജീവിച്ചു പുലരുന്ന ഒരു ജനാധിപത്യരാജ്യമേ ആവുകയുള്ളു എന്ന ഉറപ്പാണ് ഇല്ലാതാകുന്നത്. ആ ഉറപ്പിന് ഭരണഘടനതന്നെ ആവശ്യമായ പിന്തുണ കൊടുക്കുന്നുമുണ്ട്. എന്നിട്ടും ഹിന്ദുത്വശക്തികള്‍ ആ തീരുമാനങ്ങളെ അട്ടിമറിയ്ക്കാനാണ് വെമ്പുന്നതെങ്കില്‍ ഈ രാജ്യം അതിന്റെ അവസാനനാളുകളെയാണ് അഭിമുഖീകരിക്കുന്നതെന്ന് ഖേദപൂര്‍വ്വം പറയേണ്ടിവരും.

ഭാരതം നാളിതുവരെ പുലര്‍ത്തിപ്പോന്ന എല്ലാ തരം മൂല്യങ്ങളേയും അട്ടിമറിച്ചുകൊണ്ട് ഈ രാജ്യം ഒരു മതരാഷ്ട്രമായിത്തീരുന്നതിന്റെ പ്രാഥമിക നടപടികളെയാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് വ്യക്തം. അതോടൊപ്പംതന്നെ ആര്‍എസ്എസ് രൂപംകൊണ്ടിട്ട് 2025 ഓടെ ഒരു നൂറ്റാണ്ടു തികയുകയാണ്. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ച് ആറെസ്സെസ്സിന്റെ ജന്മോദ്ദേശം സഫലമാക്കുക എന്നൊരു ആഗ്രഹം കൂടി അതിന്റെ ആ സംഘടനയുടെ പ്രയോക്താക്കള്‍ക്കുണ്ട്.

ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിന് നിര്‍ണായകമായ അവകാശാധികാരങ്ങള്‍ ഉണ്ട് എങ്കിലും ഭൂരിപക്ഷത്തിന്റെ പിന്‍ബലമുപയോഗിച്ച് ഭരണഘടനാപരമായ മൂല്യങ്ങളെ അട്ടിമറിയ്ക്കുവാന്‍ കഴിയുമോ എന്ന ചോദ്യമാണ് കോടതി ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനമായ പ്രശ്നം. അതിന്റെ ഉത്തരത്തിലാണ് ഇന്ത്യ വെളിച്ചത്തിലേക്കാണോ ഇരുട്ടിലേക്കാണ് കയറി നില്ക്കേണ്ടത് എന്ന ചോദ്യത്തിന്റെ ഉത്തരവുമുള്ളത്. നമ്മുടെ ചരിത്രത്തേയും വര്‍ത്തമാനകാലത്തേയും മനസ്സിലാക്കി വരാനിരിക്കുന്ന തലമുറയെക്കൂടി സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു വിധി കോടതിയില്‍ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുക.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.