Wed. Nov 6th, 2024
#ദിനസരികള്‍ 1006

 
അരുന്ധതി റോയിയുടെ ഡോക്ടറും വിശുദ്ധനും എന്ന വിഖ്യാതമായ പഠനത്തോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ട അംബേദ്‌കറുടെ ജാതി ഉന്മൂലനം – വ്യാഖ്യാന വിമര്‍ശനക്കുറിപ്പുകള്‍ സഹിതം (Annihilation of Caste – The Annotated Critical Edition) എന്ന പുസ്തകത്തില്‍ മഹാത്മായ്ക്ക് മറുപടി പറയുന്ന അംബേദ്‌കറെ നാം കാണുന്നുണ്ട്.

ഗാന്ധിയുടെ നിലപാടുകളെ കര്‍ശനമായി പരിശോധിക്കുന്ന അംബേദ്‌കര്‍ തന്റെ മറുപടി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് “മാത്യൂ ആര്‍‌ണോള്‍ഡിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഹിന്ദുക്കള്‍ രണ്ടു ലോകങ്ങള്‍ക്കിടയില്‍ അലഞ്ഞുതിരിയുകയാണ്. ഒന്ന് മൃതമായ ലോകം. മറ്റേത് ജനിക്കാന്‍ അധികാരമില്ലാത്തതും. അവര്‍‌ക്കെന്താണ് ചെയ്യാനാവുക? അവര്‍ മാര്‍ഗ്ഗദര്‍ശനത്തിനായി സമീപിക്കുന്ന മഹാത്മാവാകട്ടെ, ചിന്തിക്കുന്നതില്‍ വിശ്വസിക്കുന്നില്ല. അതിനാല്‍ അദ്ദേഹത്തിന് അനുഭവത്തിന്റെ പരിശോധനയെ അതിജീവിക്കാന്‍ പറ്റിയ മാര്‍ഗ്ഗദര്‍ശനമൊന്നും നല്കാനില്ല. മാര്‍ഗ്ഗദര്‍ശനത്തിന് വേണ്ടി ജനങ്ങള്‍ ഉറ്റുനോക്കുന്ന ബുദ്ധിജീവികള്‍ ഒന്നുകില്‍ സത്യസന്ധതയില്ലാത്തവരോ അല്ലെങ്കില്‍ ജനങ്ങളെ ശരിയായ ദിശ പഠിപ്പിക്കാന്‍ വിമുഖരോ ആണ്” (പേജ് 366).

ഗാന്ധിയുടെ മഹാത്മാ എന്ന പരിവേഷത്തിന് ഒരല്പവും കോട്ടം തട്ടാതെ തന്നെ നിശിതമായി തന്റെ വാദത്തെ അവതരിപ്പിക്കുവാനും തിരുത്തേണ്ടത് ഗാന്ധിയാണ് എന്ന് പ്രഖ്യാപിക്കുവാനും അംബേദ്‌കര്‍ മടികാണിക്കുന്നില്ലെന്ന് മേലുദ്ധരിച്ച ഭാഗം വ്യക്തമാക്കുന്നു. എന്നല്ല ഗാന്ധി ചിന്തിക്കുന്നതില്‍ അദ്ദേഹം തന്നെ വിശ്വസിക്കുന്നില്ലെന്ന് അംബേദ്‌കര്‍ വ്യക്തമാക്കുമ്പോള്‍ അതെത്ര ആഴത്തിലുള്ള വിമര്‍ശനമാണെന്ന് ആലോചിക്കുക. ഹേ ഹിന്ദുക്കളേ നിങ്ങളുടെ നേതാക്കള്‍ ഇങ്ങനെയായിപ്പോയല്ലോ എന്ന പരിഹാസപൂര്‍വ്വമുള്ള പ്രലോഭനത്തോടെയാണ് ഗാന്ധിക്കുള്ള മറുപടി അദ്ദേഹം അവസാനിപ്പിക്കുന്നത്.

ജാതിവിഷയത്തില്‍ ഗാന്ധിക്ക് അംബേദ്‌കറില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് ഉണ്ടായിരുന്നതെന്ന് നമുക്കറിയാം. വര്‍ണ സങ്കല്പങ്ങളെ ന്യായീകരിച്ചുകൊണ്ട് ഗാന്ധി ശ്രീനാരായണനോട് സംവദിക്കുന്നത് നാം, മലയാളികള്‍ നേരിട്ടു കേട്ടിട്ടുള്ളതുമാണ്. എന്നാല്‍ അംബേദ്‌കര്‍ ഗാന്ധിയുടെ ജാത്യാധിഷ്ടിതമായ നിലപാടുകളെ നഖശിഖാന്തം എതിര്‍ക്കുകയും അത് മനുഷ്യനെന്ന സത്തയുടെ വിപരീത ദിശയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കെട്ട അവസ്ഥയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. മതത്തിലെ ഏറ്റവം മികച്ച മാതൃകകളെ ഉദാഹരണമാക്കി എടുത്താല്‍പ്പോലും – ഗാന്ധി ചൈതന്യന്‍, ജ്ഞാനദേവന്‍, തൂക്കാറാം, തിരുവള്ളുവര്, ശ്രീരാമകൃഷ്ണ പരമഹംസര്‍ എന്നിവരെ മുന്‍നിറുത്തി‍ അത്തരമൊരു നിലപാട് സ്വീകരിക്കുന്നുണ്ട്.- അതൊരു മിഥ്യാബോധത്തെ സൃഷ്ടിക്കുന്നുവെന്നല്ലാതെ മറ്റൊന്നുംതന്നെ ചെയ്യുന്നില്ലെന്നാണ് അംബേദ്‌കര്‍ വ്യക്തമാക്കുന്നത്.

അംബേദ്‌കര്‍ വായനകള്‍ ജനാധിപത്യത്തിന്റെ അന്തസ്സ് ഉയര്‍‌ത്തിപ്പിടിക്കാന്‍‌ സഹായിക്കുന്ന ഒന്നാണ്. വര്‍ത്തമാനകാലത്ത് പ്രത്യേകിച്ചും അങ്ങനെയാകാന്‍ കാരണം ഒരു അംബേദ്‌കര്‍ എത്രമൂത്താലും മോദി ആവില്ല എന്നതുതന്നെയാണ്. അതുകൊണ്ട് അരുന്ധതി റോയി പറയുന്നതുപോലെ നിങ്ങള്‍ മലാലയെക്കുറിച്ച് കേള്‍ക്കുകയും സുരേഖ ബോധ്മാംഗെയെക്കുറിച്ച് കേട്ടിട്ടുമില്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും അംബേദ്‌കറെ വായിക്കണം എന്നുമാത്രമാണ് പറയാനുള്ളത്. എന്നാല്‍ അംബേദ്‌കര്‍ വഴങ്ങാതിരിക്കുകുയും ഗാന്ധി എളുപ്പം വഴങ്ങുകയും ചെയ്യുന്നു എന്നുള്ളതുകൊണ്ട് ഡോക്ടറെക്കാള്‍ നമുക്ക് വിശുദ്ധനെ പഥ്യമാകുന്നു, അത് അപകടകരവുമാകുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.