കൊച്ചി:
അന്യായമായി പിരിച്ചുവിട്ട മൂത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ട് സംയുക്ത തൊഴിലാളി സമിതിയുടെ നേതൃത്വത്തില്‍ ഐകൃദാര്‍ഢ്യ മാര്‍ച്ച് നടത്തി.
ഇന്നലെ ഹെെക്കോടതി ജങ്ഷനില്‍ നിന്ന് രാവിലെ 10.30 ഓടുകൂടി ആരംഭിച്ച മാര്‍ച്ച് എറണാകുളത്തെ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുമ്പിലാണ് അവസാനിച്ചത്. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. സമിതിയുടെ ജില്ലാ ചെയര്‍മാന്‍ കെ കെ ഇബ്രാഹിംകുട്ടി അധ്യക്ഷനായി.
യൂണിയന്‍ പ്രവര്‍ത്തനത്തെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള നടപടിയാണ് മുത്തൂറ്റ് മാനേജ്മെന്റ് സ്വീകരിച്ചിരിക്കുന്നതെന്ന നോണ്‍ ബാങ്കിങ് പ്രെെവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി സിസി രതീഷ് വോക്ക് മലയാളത്തോട് പറഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബര്‍ 5ന് 166 ജീവനക്കാര്‍ക്കും ഇമെയില്‍ വഴിയാണ് എല്ലാവരെയും പിരിച്ചുവിട്ട വിവരം മാനേജ്മെന്റ് അറിയിച്ചത്. 2019, ഓഗസ്റ്റ് 20 മുതല്‍ 52 ദിവസത്തെ സമരത്തിന ് ശേഷമുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ചാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.
തൊഴില്‍ നിയമങ്ങളൊന്നും മുത്തൂറ്റ് മാനേജ്മെന്റിന് ബാധകമല്ലായെന്നാണ് അവരുടെ നടപടിയിലൂടെ മനസ്സിലാകുന്നത്. കോടതിയെയും, ഗവണ്‍മെന്റിനെയും, ട്രേഡ് യൂണിയനെയും വെല്ലുവിളിക്കുന്ന നിലപാടാണ് മുത്തൂറ്റ് വെച്ചുപുലര്‍ത്തുന്നതെന്ന് സി സി രതീഷ് പറഞ്ഞു.
അതേസമയം, മാനേജ്മെന്റിന്റെ അന്യായമായ പിരിച്ചുവിടലിനെതിരെയുള്ള സമരം 16-ാം ദിവസത്തിലേക്ക് എത്തിനില്‍ക്കുകയാണ്.