Mon. Nov 25th, 2024
#ദിനസരികള്‍ 1004

 
കേരളത്തിന്റെ ഗവര്‍ണര്‍ക്ക് മനസ്സിലാകാതെ പോകുന്ന ഒരേയൊരു കാര്യം ആരുടെയെങ്കിലും പിന്നില്‍ തൂങ്ങിയും ഷൂസുനക്കിയും രാഷ്ട്രീയമായി നിയമിക്കപ്പെടുന്ന ഗവര്‍ണര്‍ എന്ന സ്ഥാനവും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലേറിയ ഒരു ജനകീയ സര്‍ക്കാറും തമ്മിലുള്ള വ്യത്യാസമെന്താണെന്നാണ്. ഇതുമനസ്സിലാക്കാതെ സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് താനാണെന്ന് അദ്ദേഹം ധരിച്ചുപോയിട്ടുണ്ടെങ്കില്‍ അങ്ങനയല്ലയെന്ന് പറഞ്ഞുകൊടുക്കുകയും തിരുത്തിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം ഈ നാട്ടിലെ ജനാധിപത്യവ്യവസ്ഥയെ മാനിക്കുന്നവര്‍ക്കുണ്ട്. ചെവിക്കു പിടിച്ച് നേരെ നടത്തേണ്ട സമയത്ത് അവരതു ചെയ്യാതിരിക്കില്ലെന്ന് നമുക്ക് പ്രത്യാശിക്കാം.

എന്തായാലും ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാറിനോട് കടുത്ത നീരസത്തിലാണ്. അതിനൊരു കാരണം, കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പൌരത്വ ഭേദഗതി ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് കേരളസര്‍ക്കാര്‍ എതിര്‍ക്കുന്നുവെന്നതാണ്.മാത്രവുമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു കൂടി മാതൃകയാകുന്ന വിധത്തില്‍ നിയമപരമായും ജനാധിപത്യപരമായും പ്രതിഷേധങ്ങള്‍ തീര്‍ത്തുകൊണ്ട്, കേന്ദ്രം ഭരിക്കുന്നവര്‍ക്ക് തലവേദനയാകുന്ന നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ആര്‍ട്ടിക്കിള്‍ 131 പ്രകാരം കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിന്റെ ഭരണഘടനാ സാധുതയെ സംസ്ഥാനസര്‍ക്കാര്‍ ചോദ്യം ചെയ്യുന്നു. ഇങ്ങനെ ചോദ്യം ചെയ്യാനുള്ള അവകാശത്തെ ഗവര്‍ണര്‍ നിഷേധിക്കുന്നില്ലെങ്കിലും തന്നോടു കൂടി ആലോചിച്ചിട്ടില്ലെന്ന കൊതിക്കെറുവ് അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.

അത് ചെന്നായയോട് സസ്യഭക്ഷണത്തെക്കുറിച്ച് അഭിപ്രായം ചോദിക്കുന്നതുപോലെയായിപ്പോകും എന്ന് തിരിച്ചറിയാനുള്ള ശേഷി ഈ സര്‍‌ക്കാറിനില്ലെന്നാണോ ഗവര്‍ണര്‍ മനസ്സിലാക്കിയത്? അതിലുമുപരി, സംസ്ഥാനത്തിന് സ്വതന്ത്രമായയാതൊരു അധികാരങ്ങളുമില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ വിനിയോഗിക്കപ്പെടാന്‍പോലും ഗവര്‍ണറുടെ അനുമതി ആവശ്യമാണെന്നുമുള്ള തെറ്റായ കീഴ്‌വഴക്കമുണ്ടാക്കിയെടുക്കാനുള്ള ശ്രമമായിരുന്നുവെന്ന് നമുക്ക് അറിയാം.

അതുകൊണ്ട് ഗവര്‍ണര്‍ തന്റെ രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി അഭിനയിക്കുന്ന വേഷങ്ങള്‍ക്ക് കേരളത്തില്‍ ഒരു സ്ഥാനവുമില്ലെന്നതാണ് വസ്തുത. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡു വിഭജനങ്ങള്‍ പുനക്രമീകരിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ തന്റെ അഭിപ്രായ വ്യത്യാസം ആരിഫ് മുഹമ്മദ് ഖാന്‍ ഭരണപരമായ ഒരിടപെടലിലൂടെ പ്രഖ്യാപിച്ചിരിക്കുന്നു. ഇനിയങ്ങോട്ട് കഴിയുന്നത്ര ഇത്തരം ഇടങ്കോലുകള്‍ അദ്ദേഹം സൃഷ്ടിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ നീക്കം.

അതുകൊണ്ടുതന്നെ ഇനിയങ്ങോട്ട് ഇത്തരത്തില്‍ ഭരണ സ്തംഭനമുണ്ടാക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് സംസ്ഥാനസര്‍ക്കാര്‍ ഒരല്പം കൂടുതല്‍ ജാഗ്രത കാണിക്കണമെന്നതുമാത്രമാണ് ഇതില്‍ നിന്നും പഠിക്കാനുള്ളത്.

എന്നാല്‍ റെസിഡന്റ് ഭരണം ഈ നാട്ടിലനുവദിക്കില്ല എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് നാം പ്രത്യേകം മനസ്സിലാക്കണം. ആ പദത്തിന് ബ്രിട്ടീഷുകാലത്തോളം ചെന്നു ചേരുന്ന വേരുകളുണ്ട്. നാട്ടുരാജ്യങ്ങളെ നിയന്ത്രിക്കാനും ഉപദേശം നല്കാനും അക്കാലങ്ങളില്‍ നിയമിക്കപ്പെട്ടിരുന്നത് റസിഡന്റുമാരെയായിരുന്നു. ബ്രിട്ടീഷുകാരന്റെ നയപരിപാടികള്‍ നടപ്പിലാക്കിയിരുന്നതും ഇതേ റസിഡന്റിലൂടെയായിരുന്നു. അതേ നയമാണ് കേരളത്തിലെ ഗവര്‍ണറിലൂടെ കേന്ദ്രം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതനുനുവദിക്കുകയില്ല എന്നാണ് മുഖ്യമന്ത്രി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളത്.

അത് കേവലമായ ഒരു പ്രസ്താവനയല്ലെന്ന് ഗവര്‍ണര്‍ തിരിച്ചറിയുമെന്നാണ് ജനാധിപത്യബോധമുള്ളവര്‍ പ്രതീക്ഷിക്കേണ്ടത്. അതിനുമപ്പുറം ഇനിയും ഗവര്‍ണര്‍ തന്റെ രാഷ്ട്രീയ യജമാനന്മാര്‍ക്കു വിടുപണി ചെയ്യാനാണ് തീരുമാനമെങ്കില്‍ കേരളം അദ്ദേഹത്തിന് സര്‍‌ സി പി എന്ന ഏകാധിപതിയെ കെ സി എസ് മണി നേരിട്ടതെങ്ങനെ എന്ന ചരിത്രം പറഞ്ഞുകൊടുക്കേണ്ടിവരും.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.