എറണാകുളം:
1870ലാണ് എറണാകുളം പബ്ലിക് ലെെബ്രറി സ്ഥാപിക്കപ്പെട്ടത്. എന്നാല്‍, ലെെബ്രറിയുടെ കീഴിലുള്ള ഇന്‍ഡോ ഡച്ച് പൗരാണിക പാലസ് ചുരുക്കി പറഞ്ഞാല്‍ രാമവര്‍മ പാലസിന് അതിലും പഴക്കമുണ്ട്. എറണാകുളം ദര്‍ബാര്‍ ഹാളിനും, കൊച്ചി, എറണാകുളം സിനഗോഗോഗുകള്‍ക്കും കൊച്ചിയിലെ തന്നെ പൗരാണികമായ പല കെട്ടിടങ്ങള്‍ക്കും തുല്യമായ പഴക്കം ഇതിനുമുണ്ട്. എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പൗരാണിക മന്ദിരം ഇപ്പോള്‍ പൊളിച്ചു കളയാനുള്ള നീക്കം നടക്കുകയാണ്.
കെട്ടിടം കാല പഴക്കം ചെന്നെന്നും, പബ്ലിക് ലെെബ്രറിക്ക് ബുക്കുകള്‍ സൂക്ഷിക്കാന്‍ സ്ഥല പരിമിതി ഉണ്ടെന്നുമാണ് ലെെബ്രേറിയനായ പ്രിയ. കെ. പീറ്റര്‍ പറയുന്നത്. അതിനാല്‍ ബലക്ഷയമുള്ള പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയാനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നുമാണ് പ്രിയപറയുന്നത്.
അതേസമയം, പുതിയ ഭരണസമിതിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്. ഈ മന്ദിരം കരുത്തുറ്റ നിര്‍മ്മിതിയാണെന്നും സംരക്ഷിക്കണമെന്നും പല കോണുകളില്‍ നിന്നും മുറവിളി ഉയരുകയാണ്.
സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള എറണാകുളം പബ്ലിക് ലെെബ്രറിയുടെ പുതിയ ഭരണസമിതിയാണ് സംരക്ഷിക്കപ്പെടേണ്ട ഈ പൗരാണിക മന്ദിരം ഇടിച്ചുനിരത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും, ഇത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്നും ഈ വിഷയം സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങലിലേക്കെത്തിച്ച ചിത്രകാരനായ അനൂപ് ഉമ്മന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.
ചരിത്രനിര്‍മ്മിതികള്‍ കാത്തുസൂക്ഷിക്കാന്‍ എന്ത് വിലകൊടുത്തും മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് പറയുന്നത് തെറ്റാണ്ന്നും അനൂപ് ഉമ്മന്‍ ചൂണ്ടികാട്ടി. പൂര്‍ണ്ണമായും ചെങ്കല്ലില്‍ സുര്‍ക്കി ഉപയോഗിച്ചാണ് ഇതിന്‍റെ ഭിത്തികളുടെ നിര്‍മ്മിതിയെന്ന് അദ്ദേഹം വ്യക്തമാക്കി.
നല്ല ഉറപ്പോടെ സ്ഥിതി ചെയ്യുന്ന കൊളോണിയല്‍ കാലഘട്ടത്തിലെ ഈ നിര്‍മ്മതി സംരക്ഷിക്കേണ്ടത് തലമുറകളുടെ ആവശ്യമാണ്. ഇത് ഇടിച്ച് നിരത്തുന്നതില്‍ നിന്ന് പുതിയ ഭരണസമിതി പിന്‍മാറമെന്നും ക്യാമറാമാന്‍ കൂടിയായ അനൂപ് ഉമ്മന്‍ പറഞ്ഞു.
എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയുടെ മാതൃകയില്‍ രാമവര്‍മ മന്ദിരത്തെ കാത്തുസൂക്ഷിക്കണം എന്നാണ് പല കോണുകളില്‍ നിന്നും മുറവിളി ഉയരുന്നത്.