Mon. Dec 23rd, 2024
തോപ്പുംപടി:

 
പൊതുമരാമത്ത് വകുപ്പിന്റെ വിലക്ക് വകവെയ്ക്കാതെ തോപ്പുംപടി ഹാര്‍ബര്‍ പാലത്തിലൂടെ ചരക്ക് ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കടന്നുപോകുന്നത് പതിവാകുന്നു. പകല്‍ സമയങ്ങളില്‍ പാലത്തിന് മുകളിലൂടെ വാഹനങ്ങള്‍ കടക്കുന്നത് കുറവാണെങ്കിലും രാത്രികാലങ്ങളിലാണ് നിയമം ലംഘിക്കുന്നത്.

കുറെക്കാലമായി ഹാര്‍ബര്‍ പാലത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പാലത്തിന്റെ ബലക്കുറവ് കണക്കിലെടുത്താണ് 70 വര്‍ഷത്തോളം പഴക്കമുള്ള പാലത്തില്‍ വലിയ വണ്ടികള്‍ നിരോധിച്ചത്. വാഹനങ്ങള്‍ കടന്നുപോകുന്നത് തടയാന്‍ ക്രേസ് ബാര്‍ ഉള്‍പ്പെടെ സ്ഥാപിച്ചെങ്കിലും അതും ഫലപ്രദമായില്ല.

ക്രേസ് ബാര്‍ ഇടിച്ച് വാഹനങ്ങള്‍ കടന്നുപോകുന്നതും പതിവായി. ഇപ്പോള്‍ ഇതിന് പകരം ചെറിയ വാഹനങ്ങള്‍ക്ക് മാത്രം കടന്നു പോകാന്‍ ഉതകുന്ന വീപ്പകള്‍ സ്ഥാപിച്ചിരിക്കുകയാണ്. വീപ്പകള്‍ സ്ഥാപിച്ചിട്ടും രാത്രികാലങ്ങളിലെ നിയമലംഘനം തടയാന്‍ കഴിയുന്നില്ലെന്ന് നാട്ടുകാരും പറയുന്നു. 

ഇക്കഴിഞ്ഞ മാസം കപ്പല്‍ ഇടിച്ച് പാലത്തിന്റെ കോണ്‍ക്രീറ്റിന്റെ കഷ്ണം പൊളിഞ്ഞ് തൂങ്ങി കടിക്കുകയാണെന്നും അധികൃതര്‍ ഇതുവരെ തിരക്കാന്‍ വന്നില്ലെന്നും സമീപവാസിയായ ശിവന്‍ പറഞ്ഞു.

ഓരോ വണ്ടികള്‍ കടന്നുപോകുമ്പോഴും പാലത്തിന്‍റെ നടുഭാഗം പണ്ടത്തെക്കാള്‍ പത്തിരട്ടി കൂടുതല്‍ ഇപ്പോള്‍ സ്പ്രിങ് പോലെ ഇളകാറുണ്ടെന്ന് പാലത്തിന്റെ അടിഭാഗത്ത് സ്ഥിരം ചൂണ്ടയിടാറുള്ള ശിവന്‍ പറയുന്നു. തുരുമ്പുപിടിച്ച പാലത്തിന്റെ തൂണുകളൊക്കെ മാറ്റിയില്ലെങ്കില്‍ പാലം എപ്പോള്‍ വോണമെങ്കിലും ഇടി‍ഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വോക്ക് മലയാളത്തോട് പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam