Wed. Jan 22nd, 2025
മരട്:

 
മരടില്‍ ഫ്ലാറ്റ് പൊളിച്ചതിന് പിന്നാലെ പൊടിശല്യം രൂക്ഷമാകുന്നു. നെട്ടൂര്‍ ആല്‍ഫ സെറീന്‍, കുണ്ടന്നൂര്‍ എച്ച് ടുഒ എന്നീ ഫ്ലാറ്റുകള്‍ക്ക് സമീപമുള്ളവര്‍ പൊടിശല്യം കൊണ്ട് ദുരിതമനുഭവിക്കുകയാണ്. പൊടികാരണം വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് സമീപവാസികള്‍ പറയുന്നത്. ആസ്മ, തുമ്മല്‍, അലര്‍ജി തുടങ്ങിയ അസുഖങ്ങളും വിട്ടുമാറുന്നില്ല.

ഫ്ലാറ്റ് പൊളിക്കല്‍ കഴിയുമ്പോള്‍ പൊടിശല്യം ഒഴിവാക്കുന്നതിനായി പൊടിയുള്ള ഭാഗങ്ങള്‍ കഴുകി വൃത്തിയാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. എന്നാല്‍ ഇതും ഫലപ്രദമായി നടക്കുന്നില്ല. നാട്ടുകാര്‍ നഗരസഭ ചെയര്‍പേഴ്സണെ ഉപരോധിച്ചതിനെ തുടര്‍ന്ന് ഒന്നു രണ്ടു തവണ ഫയര്‍ഫോഴ്സില്‍ വെള്ളം കൊണ്ടുവന്ന് പമ്പ് ചെയ്തു എന്നല്ലാതെ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. ഫ്ലാറ്റിന്റെ സമീപത്ത് താമസിക്കുന്നവരെല്ലാം ദിവസത്തില്‍ മൂന്നു തവണയെങ്കിലും ശൂചീകരണ പ്രവര്‍ത്തനത്തിനായി മാത്രം മാറ്റിവെയ്ക്കുകയാണ്.

പൊളിച്ച ഫ്ലാറ്റുകള്‍ക്ക് മുന്നില്‍ കുന്നുകൂടിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ എത്രയും വേഗം മാറ്റുകയെന്നതാണ് ഇനിയുള്ള വലിയ കടമ്പ. എന്നാള്‍, ഇതിലും ജനങ്ങള്‍ ആശങ്കാകുലരാണ്. 76,000 ടണ്ണിലധികം വരുന്ന അവശിഷ്ടങ്ങളില്‍ നിന്ന് സിമന്റും കമ്പിയും ഉള്‍പ്പെടെ വേര്‍തിരിച്ചെടുക്കുമ്പോള്‍ പൊടിശല്യം എത്രയിരട്ടി കൂടുമെന്നോര്‍ത്താണ് ഇവരുടെ ആശങ്ക.

വീട് എത്ര വൃത്തിയാക്കിയാലും മണിക്കൂറുകള്‍ കഴിയുമ്പോള്‍ വീണ്ടും പൊടിനിറയുമെന്നും, അവശിഷ്ടങ്ങള്‍ വേര്‍തിരിച്ചെടുക്കുമ്പോളായിരിക്കും പൊടിശല്യം അതിരൂക്ഷമാകുകയെന്നും സമീപവാസിയായ ബാബു ജോസഫ് പറഞ്ഞു. ഇവിടെ താമസിക്കുന്ന ആള്‍ക്കാരാണ് ദുരിതമനുഭവിക്കുന്നവരെന്നും അധികാരികള്‍ ഇവിടെ വന്ന് നോക്കിയാല്‍ മാത്രമേ ഇവിടെയുള്ള അവസ്ഥ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം വോക്ക് മലയാളത്തോട് പറഞ്ഞു.

തനിക്ക് ഒരു ചെറിയ കടയുണ്ടെന്നും പൊടിശല്യം കാരണം ആള്‍ക്കാള്‍ ചായകുടിക്കാന്‍ പോലും വരുന്നില്ലെന്നും സമീപവാസിയായ മുഹമ്മദ് പറയുന്നു. വെള്ളം പമ്പ് ചെയ്യാമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്നും രാത്രി പമ്പ് ചെയ്തിട്ട് എന്ത് പ്രയോജനമെന്നും അദ്ദേഹം ചോദിക്കുന്നു.

By Binsha Das

Digital Journalist at Woke Malayalam