Mon. Dec 23rd, 2024
#ദിനസരികള്‍ 999

 
ഡോ എം ആര്‍ രാഘവവാര്യരുടെ ചരിത്രത്തിലെ ഇന്ത്യ എന്ന പുസ്തകത്തിന്റെ സവിശേഷത ചെറിയ ചെറിയ ലേഖനങ്ങളിലൂടെ ഇന്ത്യയുടെ ചരിത്രം വലിയ വൈദഗ്ദ്ധ്യത്തോടെ അവതരിപ്പിക്കപ്പെടുന്നുവെന്നതാണ്. അതിനൊരു കാരണം മത്സരപരീക്ഷകള്‍ക്ക് പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ മാതൃഭൂമിയുടെ തൊഴില്‍വാര്‍ത്തയിലാണ് ഈ ലേഖനങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചു വന്നത് എന്നതാണ്. അതുകൊണ്ട് സ്വാഭാവികമായും അടിസ്ഥാന വിവരങ്ങള്‍ക്ക് പ്രാമുഖ്യം ലഭിച്ചിരിക്കുന്നു.

“വിദ്യാര്‍ത്ഥികളെ, അതിലും വിശേഷിച്ച് ബിരുദതലത്തിലുള്ളവരേയും മത്സരപരീക്ഷകളിലും മറ്റും പങ്കെടുക്കുന്നവരേയും ഉള്ളില്‍ കണ്ടുകൊണ്ടാണ് ആഖ്യാനം കരുപ്പിടിപ്പിച്ചത്. ഒപ്പം അധ്യാപകര്‍ക്കും ചരിത്രകുതുകികളായ സാമാന്യവായനക്കാര്‍ക്കും പ്രയോജനപ്പെടണമെന്നുണ്ട്. അതിനു പാകത്തിലാണ് ആഖ്യാനത്തിന് വിഷയം സ്വീകരിച്ചത്.” എന്ന് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നുണ്ട്.

നാം പല ഘട്ടങ്ങളായി വിഭജിക്കാറുണ്ടെങ്കിലും അത്തരത്തിലുള്ള യാതൊരു വിഭജനങ്ങളിലും ഒതുങ്ങി നില്ക്കാത്ത അനുസ്യൂതമായ ഒരു കുതിപ്പാണ് ചരിത്രം. ഒരുദാഹരണത്തിന് കല്ലുയുഗം എന്ന് പൊതുവേ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്ന കാലം, ഒരു കൃത്യമായ തീയതിയില്‍ തുടങ്ങി മറ്റൊരു കൃത്യമായ തീയതിയില്‍ അവസാനിക്കുന്ന ഒന്നല്ലല്ലോ. അത് എവിടെയോ തുടങ്ങി എവിടെയോ അവസാനിക്കുന്ന ഒന്നാണ്.

ചില പൊതുമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ആ പേരില്‍ ഒരു കാലഘട്ടം പരിഗണിക്കപ്പെടുന്നുവെന്നേയുള്ളു. ഇത് മനസ്സിലാക്കാതെ ശിലായുഗം അവസാനിക്കുന്നുവെന്ന് കരുതപ്പെടുന്നതിന്റെ പിറ്റേ ദിവസം മുതല്‍ ലോഹയുഗത്തിലേക്ക് കടന്നുവെന്ന് ചിന്തിക്കുന്നത് എത്ര വിഡ്ഢിത്തമാണ്! ഒന്നില്‍ നിന്ന് ഒന്നിലേക്ക് കലര്‍ന്നും പകര്‍ന്നും മുന്നേറുന്ന ഊര്‍ജ്ജ്വസ്വലമായ ഒരു ഗതീയതയാണ് ചരിത്രമെന്ന് നാം മനസ്സിലാക്കണമെന്ന് രാഘവാരിയര്‍ക്ക് ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യാചരിത്രത്തെ ഘട്ടങ്ങളായി വിഭജിച്ചുകൊണ്ടല്ല, ഒരു തുടര്‍ച്ചയായി പരിഗണിച്ചുകൊണ്ടാണ് അദ്ദേഹം ഈ ലേഖനങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

ഭാരതത്തിന് ആര്യന്മാരുടെ വൈദികാലത്തിന് അപ്പുറത്തേയ്ക്ക് പഴക്കം ഗണിക്കാത്തവരുടെ മുന്നിലേക്കാണ് ഒരു മായക്കാഴ്ച എന്നപോലെ ഹാരപ്പന്‍ സംസ്കൃതി തുറന്നുവന്നത്. സിന്ധുനദീതടങ്ങളില്‍ നിന്നു കിട്ടിയ തെളിവുകളില്‍ വൈദികസംസ്കാരത്തെക്കാള്‍ പഴക്കമേറിയ ഒരു നാഗരികതയെക്കുറിച്ചുള്ള അറിവു തെളിയാന്‍ തുടങ്ങി. ആ നാഗരികത ഇവിടെതന്നെ തെഴുത്തു വന്നതാണെന്നും തെളിവായി.

അതോടെ ഈജിപ്തിലെ നീലനദീതടവും മെസോപ്പൊട്ടമിയയിലെ യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതടങ്ങളും പോലെ സിന്ധുനദീതടവും മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടിലായി കണക്കാക്കപ്പെട്ടു. ഇന്ത്യാചരിത്രം ഒരായിരം കൊല്ലംകൂടി പുറകോട്ടുപോവുകയും ചെയ്തു.

ആര്യസംസ്കാരത്തിന്റെ ആഡ്യത്വത്തില്‍ അഭിരമിച്ചു പോന്നവര്‍ മറ്റൊരു ആദിമസംസ്കാരത്തിനെ ഇല്ലാതാക്കിക്കൊണ്ടാണ് ആര്യന്മാര്‍ തങ്ങളുടെ വേരുകളുറപ്പിച്ചതെന്നത് ഒരത്ഭുതത്തോടെയാണ് ഉള്‍‌ക്കൊണ്ടത്. ആ സംസ്കാരത്തിന് അക്കാലത്ത് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിലനിന്നിരുന്ന ഇതരസംസ്കാരങ്ങളുമായി കൊടുക്കല്‍ വാങ്ങലുകളുമുണ്ടായിരുന്നു. അവര്‍ ഭൌതികമായ സാധനസാമഗ്രികള്‍ മാത്രമല്ല, ഐതീഹ്യങ്ങളും അനുഭവകഥകളും പങ്കിട്ടു.

അങ്ങനെ കഥകളും വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും മറ്റു സാംസ്കാരികതകളുമൊക്കെ കൈമാറിക്കൈമാറിയാണ് മനുഷ്യവംശത്തിന്റെ മുന്നോട്ടുള്ള പ്രയാണമെന്ന് ഒരു ഘട്ടത്തിലും ഈ ഗ്രന്ഥകാരന്‍ വിസ്മരിക്കുന്നില്ല. കൃഷിയെ അടിസ്ഥാനപ്പെടുത്തിയാണ് ഹാരപ്പന്‍ ജനത തങ്ങളുടെ ജീവിതത്തെ പടുത്തുയര്‍ത്തിയത്. മഴ പൊതുവേ കുറഞ്ഞ ഒരിടത്ത് തുടരെത്തുടരെ ദിശ മാറ്റുന്ന, അസാമാന്യ വേഗതയില്‍ ജലമൊഴുകിപ്പോകുന്ന ഒരു നദിയെ ആശ്രയിച്ച് നടത്തിയ കൃഷി എത്രമാത്രം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് ആലോചിക്കുക. എന്നാലും അക്കൂട്ടര്‍ കൃഷി ചെയ്തിരുന്നു.

“ഗോതമ്പ്, യവം, കടുക്,പയറുവര്‍ഗ്ഗങ്ങള്‍, എന്നീ ധാന്യങ്ങള്‍ ഉല്പാദിപ്പിക്കുകയും ചെയ്തിരുന്നു. ഗോതമ്പിലും ബാര്‍ലിയിലും ഒരു സാധാരണ ഇനത്തിനു പുറമേ മെച്ചപ്പെട്ട മറ്റൊരിനംകൂടി ഉല്പാദിപ്പിച്ചിരുന്നതായി അറിവുണ്ട്. സിന്ധുനദിതടപ്രദേശത്ത് നെല്ലരിയുടെ ലക്ഷണം കാണാനേയില്ല. എന്നാല്‍ ഗുജാറാത്തിലെ ലോഥാളിലും രംഗ്പൂരിലും കളിമണ്ണടരിലും പാത്രക്കഷണങ്ങളിലും നെല്ലിന്റെ ഉമി പറ്റിപ്പിടിച്ചിരുന്നതായി കണ്ടു.” പ്രാചീന ഭാരതത്തിലെ ഭക്ഷ്യശീലങ്ങളെക്കുറിച്ച് കൃഷി എന്ന ലേഖനം സമൃദ്ധമായ അറിവുനല്കുന്നുണ്ട്. കോഴി, കഴുത, ഒട്ടകം, നാല്ക്കാലികള്‍ നായ പൂച്ച എന്നിവയൊക്കെ ഇണക്കി വളര്‍ത്തിയ ജീവികളില്‍ പെടുന്നു.

കൈത്തൊഴിലുകളെക്കുറിച്ചും ലിപികളെക്കുറിച്ചും വാണിജ്യത്തെക്കുറിച്ചുമൊക്കെ ചര്‍ച്ചചെയ്യുന്നുണ്ടെങ്കിലും ഭരണകൂടത്തിന്റെ സൂചകങ്ങള്‍ എന്ന ലേഖനം നമ്മെ ഹൃദ്യമായി ആകര്‍ഷിക്കും. വിസ്തൃതമായ ഒരു ഭൂപ്രദേശത്ത് പരന്നു കിടക്കുന്ന ജീവിതങ്ങള്‍ക്ക് പൊതുവേ കാണപ്പെടുന്ന ഐക്യരൂപത്തില്‍ നാം അത്ഭുതപ്പെട്ടുപോകുമെന്ന് വാരിയര്‍ എഴുതുന്നു. അങ്ങനെയൊരു ഐക്യരൂപമുണ്ടാകുവാന്‍ ഏതെങ്കിലും ശക്തിയുടെ ഇടപെടലുകളുണ്ടായിരുന്നോ എന്ന ചോദ്യം ഭരണകൂടത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നാന്ദി കുറിയ്ക്കുന്നു.

ഒരു പൊതുഅധികാര കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതായി നമുക്ക് കണ്ടെത്താന്‍ കഴിയും. കണ്ടെത്തിയ സീലുകള്‍ അത്തരത്തിലുള്ള ഒരവസ്ഥയുടെ ശക്തമായ സൂചകമാണ്. കാരണം നിലനില്ക്കുന്ന ഒരു വ്യവസ്ഥയുടെ നിയന്താവായി ഒരു കേന്ദ്രമുണ്ടെങ്കില്‍ മാത്രമേ അത്തരത്തിലുള്ള സീലുകള്‍ ഉണ്ടാകുകയുള്ളു. സീലുകള്‍ വിശ്വാസ്യതയുടേയും അധികാരത്തിന്റേയും അടയാളങ്ങളാകുന്നുവെന്നതുകൊണ്ടുതന്നെ അതിനുപിന്നില്‍ ഒരു വ്യവസ്ഥയുമുണ്ടായിരിക്കണം.

തൊഴിലാളി, മുതലാളി, രാജാവ്, പുരോഹിതന്‍ തുടങ്ങിയ ശ്രേണികളൊക്കെ അക്കാലത്തുതന്നെ സൃഷ്ടിക്കപ്പെട്ടിരിക്കാനിടയുണ്ടെന്ന് സാഹചര്യങ്ങളുടെ വിശകലനത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്. അതൊക്കെ ഏതേതു തലങ്ങള്‍ വരെ അധികാരകേന്ദ്രങ്ങളായിരുന്നുവെന്നത് തിട്ടപ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടുമില്ല. ഹാരപ്പന്‍ ലിപികള്‍ വായിച്ചെടുക്കാന്‍ കഴിയാത്തത് അത്തരത്തിലുള്ള വിവരങ്ങളുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ടെങ്കിലും ഭരണകൂടവ്യവസ്ഥ നിലനിന്നിരുന്ന ഒരു സമൂഹമാണ് അക്കാലത്തുണ്ടായിരുന്നതെന്നത് അവിതര്‍ക്കിതമായ വസ്തുതയാണ്.

അബദ്ധങ്ങളുടെ വേലിയേറ്റങ്ങള്‍ പ്രചരിപ്പിച്ച് ചരിത്രത്തെ പുതുതായി നിര്‍മ്മിച്ചെടുക്കാനുള്ള വര്‍ത്തമാനകാലത്തെ കുത്സിത ശ്രമങ്ങള്‍ക്ക് യഥാര്‍ത്ഥ ചരിത്രമെന്താണെന്ന് അറിയുകയും പറയുകയും പ്രചരിപ്പിക്കുയും ചെയ്യുക എന്നതാണ് മറുപടി. രാഘവവാരിയരുടെ ചരിത്രത്തിലെ ഇന്ത്യ അത്തരത്തിലുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുകതന്നെ ചെയ്യും.

പ്രസാധകര്‍ മാതൃഭൂമി
വില – 150

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.