കൊച്ചി:
രണ്ടാമൂഴം സിനിമയെ ചൊല്ലി തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായരും സംവിധായകന്‍ വിഎ ശ്രീകുമാറും തമ്മിലുള്ള തര്‍ക്കം പുതിയ ദിശയിലേക്ക്. രണ്ടാമൂഴം പദ്ധതിക്ക് വേണ്ടി ഇതുവരെ ചെലവാക്കിയ പണം എംടി വാസുദേവന്‍ നായര്‍ നല്‍കണം എന്നാവശ്യപ്പെട്ട് ശ്രീകുമാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഇതുവരെ ചെലവാക്കിയ തുകയും പലിശയം ഉള്‍പ്പടെ ഇരുപത് കോടി രൂപ എംടി നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീംകോടതി അഭിഭാഷകനായ അഡ്വ.ടിആര്‍ വെങ്കിടരാമന്‍ മുഖേനെ എംടിക്ക് അയച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്.
1.25 കോടി രൂപ എംടിയ്ക്ക് നേരിട്ടും 75 ലക്ഷം രൂപ കരാറിൽ എംടി നിര്‍ദേശിച്ച അംഗീകൃത പ്രതിനിധിയായ പെപ്പിന്‍ തോമസിനും ഇതുവരെയായി നല്‍കിയിട്ടുണ്ടെന്നും നോട്ടീസിൽ പറയുന്നു.
രണ്ട് കോടി രൂപയാണ് തിരക്കഥയ്ക്ക് പ്രതിഫലമായി നിശ്ചയിച്ചത്. കൂടാതെ ‘രണ്ടാമൂഴം’ പ്രോജക്ടിനായി നാല് വര്‍ഷത്തെ ഗവേഷണത്തിനും പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ക്കും മറ്റുമായി 12.5 കോടി രൂപയും താൻ ചെലവാക്കിയിട്ടുണ്ടെന്നും സംവിധായകൻ പറയുന്നു. ചെലവാക്കിയ മുഴുവന്‍ തുകയും പലിശയും ഉള്‍പ്പെടെ 20 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.