Wed. Jan 22nd, 2025
ജിദ്ദ:

 
സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ സെമി ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റ് കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ ബാഴ്സലോണ പുറത്തായി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോയുടെ ജയം. ജിദ്ദയില്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ റയലും അത്‌ലറ്റിക്കോയും ഏറ്റുമുട്ടും.

കളിയില്‍‌ ബാഴ്സലോണ ആധിപത്യം പുലര്‍ത്തിയെങ്കിലും ആദ്യ പകുതിയവസാനിക്കാനിരിക്കെ നാല്‍പത്തിയാറാം മിനിറ്റില്‍ അത്‌ലറ്റിക്കോയുടെ കോക്കേ ആദ്യ ഗോള്‍ നേടി.രണ്ടവസരം പാഴായെങ്കിലും അന്പത്തിയൊന്നാം മിനിറ്റില്‍ ബാഴ്സ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ഗോള്‍ മടക്കിയിരുന്നു. അറുപത്തി രണ്ടാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാന്‍ നേടിയ ഗോളോടെ ബാഴ്സ ആധിപത്യം തിരിച്ചു പിടിച്ചു.

എന്നാല്‍ എണ്‍പത്തിയൊന്നാം മിനിറ്റില്‍ ലഭിച്ച പെനാള്‍ട്ടി അല്‍വാറൊ മോറാട്ട ലക്ഷ്യത്തിലെത്തിച്ചതോടെ അത്‌ലറ്റിക്കോ സമനില പിടിച്ചു. പിന്നീട് എണ്‍പത്തിയാറാം മിനിറ്റിലെ ഏഞ്ചല്‍ കൊറിയയുടെ ഗോളോടെ അത്‌ലറ്റിക്കോ ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു.