ശ്രീനഗര്‍:
ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ 16 വിദേശരാഷ്ട്ര പ്രതിനിധികള്‍ സംസ്ഥാനത്തെത്തി. പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമുള്ള ജമ്മുകശ്മീരിന്‍റെ സ്ഥിതിഗതികള്‍ സംഘം വിലയിരുത്തും. ലാറ്റിന്‍ അമേരിക്ക, ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നത്. ഇന്ന് ലഫ്. ഗവര്‍ണര്‍ ജിസി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം നാളെ ഡല്‍ഹിയിലേക്ക് മടങ്ങും. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ സന്ദര്‍ശനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. മറ്റൊരു ദിവസം സ്ഥലം സന്ദര്‍ശിക്കാമെന്നാണ് കേന്ദ്രത്തിന് ലഭിച്ച വിവരം. തടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയവരെ സന്ദര്‍ശിക്കണമെന്നും യുറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.