ന്യൂദൽഹി:
ജെ എൻ യു ക്യാമ്പസ്സിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് പ്രൊഫസ്സർ സി പി ചന്ദ്രശേഖരൻ സ്റ്റാറ്റിസ്റ്റിക്‌സ് കമ്മിറ്റിയിൽ നിന്നും രാജിവച്ചു.ഞായറാഴ്ച ക്യാമ്പസ്സിനകത്തു എ ബി വി പി സംഘപരിവാർ ക്രിമിനൽ സംഘത്തിന്റെ ആക്രമണത്തോടെ മോഡി സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു എന്ന് പറഞ്ഞാണ് ജെ എൻ യു മുൻ പ്രൊഫസറുടെ രാജി.വ്യാവസായികോൽപാദന ഇൻഡക്സിന് അന്തിമ രൂപംനല്കാൻ ചൊവ്വാഴ്ച യോഗം ചേരാനിരിക്കെയാണ് തിങ്കളാഴ്ച ഇ മെയിൽ മുഖേന രാജി സമർപ്പിച്ചത്.ഞാന്‍ താമസിക്കുന്ന ജെഎന്‍യുവിലെ സ്ഥിതിഗതികള്‍ കാരണം നാളത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന് ഖേദപൂര്‍വം അറിയിക്കുന്നു. ഇത് കൂടാതെ നിലവിലെ സാഹചര്യത്തില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സംവിധാനത്തിന് നഷ്ടപെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ കമ്മിറ്റിക്കു കഴിയില്ല എന്നും അദ്ദേഹം കമ്മിറ്റി അംഗങ്ങൾക്ക് അയച്ച മെയിലിൽ പറഞ്ഞു.ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ പ്രൊണാബ് സെന്നിന്റെ നേതൃത്വത്തിലാണ് കമ്മിറ്റി.സ്റ്റാറ്റിസ്റ്റിക്കല്‍ സംവിധാനത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടാകുന്നു എന്ന പരാതി ഉയർന്നതിനെ തുടർന്നാണ് കേന്ദ്രസര്‍ക്കാര്‍ എക്കണോമിക്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ നിയോഗിച്ചത്.
ഇന്ത്യയുടെ സാമ്പത്തിക ഡാറ്റ പരിശോധിക്കുന്ന കമ്മിറ്റി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന് കീഴിലാണ്.തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ 6.1 ശതമാനമായെന്ന എൻഎസ്എസ്ഒയുടെ (നാഷണൽ സാംപിൾ സർവേ ഓർഗനൈസേഷൻ) പിരിയോഡിക്ക് ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ട് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മുൻപ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാനും കമ്മീഷന്‍ അംഗം ജെ വി മീനാക്ഷിയും അടക്കമുള്ളവർ രാജി വച്ചിരുന്നു.