കൊച്ചി:
സുപ്രീം കോടതി വിധി പ്രകാരം പൊളിക്കാനുള്ള മരടിലെ ഫ്‌ലാറ്റുകളില്‍ ഇന്ന് സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കാന്‍ ആരംഭിക്കും. നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്ന നാല് ഫ്‌ളാറ്റുകള്‍ക്കുമായി ആകെ വേണ്ടത് 1130 കിലോ സ്‌ഫോടക വസ്തുവാണ്. ഈ മാസം11, 12 തീയതികളിലാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത്.
മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യില്‍ സ്‌ഫോടകവസ്തു നിറച്ചുതീര്‍ന്നതോടെ ജെയിന്‍ കോറല്‍കോവിലെ ജോലികള്‍ തുടങ്ങി. 2,660 ദ്വാരങ്ങളിലായി 395 കിലോ സ്‌ഫോടകവസ്തുക്കളാണ് നിറയ്‌ക്കേണ്ടത്. രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകും. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹോളിഫെയ്ത്തിലെ ജോലികള്‍ തീര്‍ന്നത്. 1,471 ദ്വാരങ്ങളിലാണ് സ്‌ഫോടകവസ്തു 215 കിലോ നിറയ്‌ക്കേണ്ടിയിരുന്നത്. ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ഇവിടത്തെ ജോലികള്‍ തുടങ്ങിയത്.
തിങ്കളാഴ്ച ആല്‍ഫ സെറീനില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങും. 3,598 ദ്വാരങ്ങളാണ് ഇവിടെയുള്ളത്. മൂന്നുദിവസം വേണ്ടിവരുമെന്ന് കണക്കാക്കുന്നു. ആല്‍ഫയില്‍ 500 കിലോ സ്‌ഫോടകവസ്തു വേണ്ടിവരുമെന്നാണ് ആദ്യം കണക്കാക്കിയിരുന്നതെങ്കിലും ഇത് 400 കിലോയിലേക്ക് കുറയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് പെട്രോളിയം ആന്‍ഡ് എക്‌സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്പ്ലോസീവ്സ് ഡോ. ആര്‍. വേണുഗോപാല്‍ പറഞ്ഞു. 9, 10 തീയതികളിലാണ് ഗോള്‍ഡന്‍ കായലോരത്തിലെ സ്‌ഫോടകവസ്തു നിറയ്ക്കല്‍. 960 ദ്വാരങ്ങളില്‍ 15 കിലോ നിറയ്ക്കും.
സുരക്ഷ അതിപ്രാധാന്യത്തോടെ ഒരുക്കും
അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഇലക്ട്രിക് ഡിറ്റണേറ്ററുകള്‍, നോണ്‍ ഇലക്ട്രിക് ഡിറ്റണേറ്ററുകള്‍, ഡിറ്റണേറ്റിങ് വയര്‍ എന്നിവയാണ് ഇതിനൊപ്പം ഉപയോഗിക്കുന്നത്. ആല്‍ഫയിലും ജെയിനിലും 15,000 മീറ്റര്‍ വീതവും ഹോളിഫെയ്ത്തില്‍ 10,000 മീറ്ററും കായലോരത്തില്‍ 5,800 മീറ്ററും ഡിറ്റണേറ്റിങ് വയര്‍ വേണ്ടിവരും. ഇലക്ട്രിക് ഡിറ്റണേറ്റര്‍ സ്‌ഫോടനത്തിനു തലേന്ന് മാത്രമേ ഘടിപ്പിക്കുകയുള്ളൂ.
ഹോളിഫെയ്ത്തില്‍ സ്‌ഫോടകവസ്തു നിറച്ച തൂണുകളുടെ ഭാഗത്ത് വീടുകളുണ്ടെങ്കില്‍ അവിടെ രണ്ടുവരി കമ്പിവേലി കൂടി നിര്‍മിക്കാന്‍ ഡോ. വേണുഗോപാല്‍ ‘എഡിഫിസ്’ കമ്പനിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഹോളിഫെയ്ത്തിനു മുന്നിലൂടെ പോകുന്ന ഐ.ഒ.സി.യുടെ പൈപ്പ് ലൈനില്‍ കടല്‍വെള്ളം നിറച്ചിട്ടു. നാലുവരിയില്‍ മണല്‍ച്ചാക്കുകള്‍ പൈപ്പിന് മുകളില്‍ വിരിക്കുകയും ചെയ്തു.
ഗോള്‍ഡന്‍ കായലോരത്തില്‍ 9 10 തീയതികളിലാണ് സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കുന്നത്. അതേസമയം സ്‌ഫോടനം നടത്താന്‍ കരാറെടുത്ത വിജയ് സ്റ്റീല്‍സിന് പെസോ അനുമതി നല്‍കി.
മുന്നൊരുക്കങ്ങള്‍
മരടില്‍ സ്‌ഫോടനത്തിലൂടെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന ജനുവരി 11ന് രാവിലെ 9 മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. മരടില്‍ നിന്ന് 2000 ത്തോളം പേരെ മാറ്റി പാര്‍പ്പിക്കും. പൊളിക്കുന്ന ഫ്‌ലാറ്റിന്റെ 200 മീറ്റര്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. സ്‌ഫോടനത്തിന് മുന്‍പ് ഗതാഗത നിയന്ത്രണമുണ്ടാകും. പൊളിക്കല്‍ സമയത്ത് മരടില്‍ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കും. ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച്ച മോക് ഡ്രില്‍ സംഘടിപ്പിക്കും.
സ്‌ഫോടനം നടക്കുന്ന ദിവസം ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കാണാനായി ജനങ്ങള്‍ക്ക് അവസരം നല്‍കും. ഇതിനായി പ്രത്യേക സ്ഥല സൗകര്യം ഏര്‍പ്പെടുത്തും.പൊലീസ്, ഫയര്‍ഫോഴ്‌സ്, മറൈന്‍ വിഭാഗങ്ങള്‍ സുരക്ഷയൊരുക്കും. സ്‌ഫോടനത്തിന് 30 മിനിറ്റ് മുമ്പേ സമീപ റോഡുകളില്‍ ഗതാഗതം നിയന്ത്രിക്കും. ദേശീയപാതയില്‍ കുണ്ടന്നൂര്‍ ഭാഗത്തും ഗതാഗത നിയന്ത്രണം ഉണ്ടാകും.