Thu. Jan 23rd, 2025
ന്യൂദല്‍ഹി:

ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം. മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്. അക്രമകാരികള്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് അയ്ഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലടക്കം നിരവധി ചിത്രങ്ങളും വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. അക്രമകാരികളില്‍ പലരും സര്‍വകലാശാലയ്ക്കകത്ത് പ്രവേശിക്കുകയും അക്രമം അഴിച്ചുവിടാന്‍ അനുമതി കാത്ത് നില്‍ക്കുകയുമായിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത പ്രൊഫസര്‍ പറഞ്ഞു.

ഹോസ്റ്റലില്‍ ഉള്‍പ്പെടെ സംഘം അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയാണ്. ചുറ്റികയും മറ്റു മാരകായുധങ്ങളുമായാണ് മുഖം മൂടിയണിഞ്ഞ സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മര്‍ദ്ദിക്കുന്നത്. ഇത്രത്തോളം ഗുണ്ടാ വിളയാട്ടം നടന്നിട്ടും ദല്‍ഹി പൊലീസ് ഇതുവരെയും ഒരു നടപടിയും ഇതിനെതിരെ സ്വീകരിച്ചിട്ടില്ല. ഇന്നലെ മുതല്‍ സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്ക്കെതിരെ സമാധാനപരമായി സമരം നടത്തിവരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് എ.ബി.വി.പി ആക്രമിച്ചതെന്ന് മുന്‍ ജെ.എന്‍.യു പ്രസിഡന്റ് സായി ബാലാജി പറഞ്ഞു.

ക്യാംപസിനകത്ത് കാറുകളടക്കം വാഹനങ്ങളെല്ലാം അടിച്ചു തകര്‍ത്തുകൊണ്ടിരിക്കുകയാണ്. നാലുമണി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം നടക്കുന്നുണ്ട്. രാത്രിയായതോടു കൂടി മുഖം മറച്ച അമ്പതോളം പേര്‍ വിദ്യാര്‍ത്ഥികളെ വടിയും ചുറ്റികയുമുള്‍പ്പെടെയുള്ള ആയുധങ്ങളുപയോഗിച്ച് അക്രമിക്കുകയായിരുന്നു. ഫീസ് വര്‍ധനയ്ക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചു വരികയായിരുന്നു വിദ്യാര്‍ത്ഥികള്‍. എബിവിപിയിലെ പ്രതിനിധിയായ റിത്വിക് രാജ് ഒരു സംഘത്തിനൊപ്പം എത്തുകയും വിദ്യാര്‍ത്ഥികളെ അക്രമിക്കുകയായുമായിരുന്നു. അവര്‍ ജെഎന്‍യു പ്രസിഡന്റ് അയ്ഷേ ഗോഷിനെതിരെയും ജനറല്‍ സെക്രട്ടറി സതീഷിനെയും മറ്റു വിദ്യാര്‍ത്ഥികളെയും ആക്രമിച്ചു’- സായി ബാലാജി പറഞ്ഞു.

ക്യാംപസിനകത്ത് കാറുകളടക്കം വാഹനങ്ങളെല്ലാം അടിച്ചു തകര്‍ത്തുകൊണ്ടിരിക്കുകയാണ്. നാലുമണി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം നടക്കുന്നുണ്ട്. രാത്രിയായതോടു കൂടി മുഖം മറച്ച അമ്പതോളം പേര്‍ വിദ്യാര്‍ത്ഥികളെ വടിയും ചുറ്റികയുമുള്‍പ്പെടെയുള്ള ആയുധങ്ങളുപയോഗിച്ച് അക്രമിക്കുകയായിരുന്നു.

ജെ.എന്‍.യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് മുന്‍ ജെ.എന്‍.യു യൂണിയന്‍ അധ്യക്ഷനും സി.പി.ഐ നേതാവുമായ കനയ്യ കുമാറും രംഗത്തെത്തിയിട്ടുണ്ട്.

മുട്ടുമടക്കാത്ത വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കു നേരെ ബി.ജെ.പി സര്‍ക്കാര്‍ ഗുണ്ടകളെ അഴിച്ചുവിട്ട് അക്രമണം നടത്തുകയാണെന്നും അധികാരത്തില്‍ വന്നനാള്‍ തൊട്ട് രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കു നേരെ കലഹം തുടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ് ബുക്കിലൂടെയായിരുന്നു കനയ്യയുടെ പ്രതികരണം.

എന്തൊരു നാണം കെട്ട സര്‍ക്കാറാണിത്. ആദ്യം ഫീസ് വര്‍ദ്ധിപ്പിച്ചു. പിന്നെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ഗുണ്ടകളെ വിട്ട് അക്രമിച്ചു. അധികാരത്തില്‍ വന്നനാള്‍ തൊട്ട് രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കു നേരെ തുടങ്ങിയ കലഹമാണ്.” അദ്ദേഹം പറഞ്ഞു.

‘കേള്‍ക്കൂ സര്‍, നിങ്ങളാല്‍ ആവുംവിധം കള്ളങ്ങള്‍ പ്രചരിപ്പിച്ചോളൂ! മതിയാവോളം ആക്ഷേപിച്ചോളൂ. പക്ഷേ ചരിത്രം പറയും നിങ്ങളുടെ സര്‍ക്കാര്‍ ദരിദ്രരുടെ മക്കളുടെ വായനയ്ക്ക് എതിരായിരുന്നുവെന്ന്. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ നിങ്ങളുടെ ഗൂഢാലോനയ്ക്കെതിരെ നിലകൊള്ളും. കാരണം, ഗാന്ധിയുടെയും അംബേദ്കറുടെയും ഭഗത് സിംഗിന്റെയും രക്തമാണ് അവരുടെ സിരകളില്‍.” അദ്ദേഹം പറഞ്ഞു. ” നിങ്ങള്‍ ഇക്കാലത്തെ ദ്രോണാചാര്യന്‍ ആയിമാറി. പക്ഷേ നിങ്ങള്‍ ഒന്നോര്‍ക്കണം, 21-ാം നൂറ്റാണ്ടിലെ ഏകലവ്യന്‍ വിരല്‍ മുറിച്ചു നല്‍കില്ല” കനയ്യ പറഞ്ഞു.

എത്രത്തോളം അടിച്ചവര്‍ത്തുന്നുവോ അതിലും ശക്തിയില്‍ പ്രതിഷേധങ്ങള്‍ വീണ്ടും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം തന്നെ ജെ.എന്‍.യുവിലെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നത്ര ജനങ്ങള്‍ ക്യാമ്പസിന്റെ സമീപത്തേക്കെത്താന്‍ ആവശ്യപ്പെട്ട് നടിയും ജെ.എന്‍.യു പൂര്‍വ വിദ്യാര്‍ത്ഥിയുമായ സ്വര ഭാസ്‌കറും രംഗത്ത് വന്നു. എത്രയും പെട്ടന്ന് ക്യാമ്പസ് ഗേറ്റിന് സമീപത്തേക്കെത്താന്‍ ആവശ്യപ്പെട്ട് സ്വര ട്വീറ്റ് ചെയ്തു.

ജെ.എന്‍.യുവിലെ ആക്രമണങ്ങളെ വിവരിച്ച് കരഞ്ഞുകൊണ്ടാണ് സ്വര ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്. എ.ബി.വി.പിയുടെയും ആര്‍.എസ്.എസിന്റെയും ഗുണ്ടകളാണ് മുഖംമൂടിയണിഞ്ഞെത്തിയ അക്രമകാരികളെന്നും സര്‍ക്കാരും പൊലീസും നടപടി സ്വീകരിക്കണമെന്നും സ്വര വീഡിയോയില്‍ പറയുന്നു. അവര്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും തല്ലിച്ചതയ്ക്കുകയാണെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു.