ന്യൂദല്‍ഹി:
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും വ്യാപക പ്രതിഷധം ഉയര്‍ന്ന സാഹചര്യത്തില്‍ പുതിയ വഴികള്‍ തേടി ബി.ജെ.പി. ബോളിവുഡിന്റെ സഹായത്തോടെ പ്രതിഷേധങ്ങളെ അതിജീവിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തന്ത്രമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര മന്ത്രി പിയുഷ് ഗോയല്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബോളിവുഡ് സെലിബ്രിറ്റികളെ ക്ഷണിച്ചതാണ് പുതിയ വാദങ്ങള്‍ ഉയര്‍ന്നു വരാന്‍ ഇടയാക്കിയത്.
ഞായറാഴ്ച്ച രാത്രി 8 മണിക്കാണ് പിയുഷ് ബോളിവുഡ് സെലിബ്രിറ്റികള്‍ക്കായി ഡിന്നര്‍ ഒരുക്കിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടുമായി രംഗത്ത് വന്ന ബോളിവുഡ് സെലിബ്രിറ്റികള്‍ ക്ഷണപ്പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ജനുവരി മൂന്നിനു തന്നെ ഗോയല്‍ ബോളിവുഡ് സെലിബ്രിറ്റികളെ ക്ഷണിച്ചിരുന്നെന്ന് ഹഫിങ്ടണ്‍ പോസ്റ്റും ദ ഹിന്ദുവും റിപ്പോര്‍ട്ട് ചെയ്യുന്നു. ‘സ്‌ക്രംപ്റ്റിയസ’ എന്ന് പേരിട്ട ഡിന്നര്‍ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ രാത്രി 8 മണിക്ക് നിര്‍മ്മാതാവ് മഹാവീര്‍ ജയ്നാണ് സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയും ബോളിവുഡ് താരങ്ങളും ചേര്‍ന്ന് നില്‍ക്കുന്ന വൈറലായ സെല്‍ഫിക്ക് പിന്നിലും മഹാവീര്‍ ജയ്ന്‍ തന്നെയായിരുന്നു.
ജാവേദ് അക്തര്‍, ഫര്‍ഹാന്‍ അക്തര്‍, സംവിധായകന്‍ കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ സല്‍ക്കാരത്തിന് ക്ഷണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ സാന്നിദ്ധ്യമുറപ്പിച്ച് മറുപടി നല്‍കിയിട്ടില്ല എന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
പൗരത്വ ദേദഗതി നിയമത്തിനെതിരായി നിലപാടെടുത്ത അനുരാഗ് കശ്യപ്, സ്വര ബാസ്‌ക്കര്‍, റിച്ച ചന്ദ, അനുഭവ സിന്‍ഹ തുടങ്ങിയവര്‍ക്ക് സല്‍ക്കാരത്തില്‍ ക്ഷണമില്ലെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് തുറന്ന ചര്‍ച്ചയാണ് ബോളിവുഡ് സെലിബ്രിറ്റികള്‍ക്കായി സംഘടിപ്പിക്കുന്ന അതിഥി സല്‍ക്കാരം ലക്ഷ്യമിടുന്നതെന്നാണ് സൂചന.