Mon. Dec 23rd, 2024

ഹൈദരാബാദ്:

എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി അരവിന്ദ് കുമാര്‍ രംഗത്തെത്തി. ഒവൈസിയെ തലകീഴായി തൂക്കുമെന്നും താടി വടിച്ചെടുക്കുമെന്നും അരവിന്ദ് കുമാര്‍ ഭീഷണിപ്പെടുത്തി. ഒവൈസിയുടെ താടി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന് അയച്ചുകൊടുക്കുമെന്നും അരവിന്ദ് കുമാര്‍ പറഞ്ഞു.

എന്നാൽ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന് ഹിന്ദു ആചാരങ്ങളെ കുറിച്ച് അറിയില്ലന്നും അരവിന്ദ് കുമാര്‍ എംപി ആരോപിച്ചു. നിസാമാബാദില്‍ നടന്ന പൊതുയോഗത്തിലാണ് സ്ഥലം എംപി യായ അരവിന്ദ് കുമാറിന്റെ ഭീഷണി കലര്‍ന്ന വിദ്വേഷ പരാമര്‍ശം നടത്തിയത്.

അടുത്തിടെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹൈദരാബാദിലെ അഖിലേന്ത്യാ മജ്‌ലിസ് ഇ-ഇത്തേഹാദുൽ മുസ്‌ലിം (എഐഎം ഐഎം) ആസ്ഥാനത്തു ആയിരക്കണക്കിനാളുകൾ പങ്കെടുത്ത റാലി ഒവൈസിയുടെ നേത്ര്യത്വത്തിൽ നടന്നത്. അന്നത്തെ പ്രക്ഷോഭത്തിൽ ഇന്ത്യൻ പതാകകൾ ഉയർത്തിപ്പിടിച്ചും, ഡോ. ബി ആർ അംബേദ്കറുടെ ഫോട്ടോകളുമായി പോസ്റ്ററുകൾ ഉയർത്തിയും, ഒപ്പം ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ പകർപ്പുകളും ഉയർത്തിയുമാണ് സമരക്കാർ അണിനിരന്നത്.