Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

 
ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യം പ്രതിരോധ മന്ത്രാലയം ഒഴിവാക്കിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം. പശ്ചിമ ബംഗാളിന്റെയും മഹാരാഷ്ട്രയുടെയും ഫ്ലോട്ടുകള്‍ നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിന്റെ ഫ്ലോട്ടുകളും ഒഴിവാക്കിയത്. പൗരത്വ നിയമ ഭേദഗതിയിലുള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിനെ നിരന്തരം എതിര്‍ക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. മഹാരാഷ്ട്രയിലാകട്ടെ ബിജെപിയുമായി ഇടഞ്ഞാണ് ശിവസേന സഖ്യ സര്‍ക്കാരുണ്ടാക്കിയത്.

കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയ സാംസ്‌കാരിക ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളം പ്രതിരോധ മന്ത്രാലയത്തിലെ വിദഗ്ദ്ധസമിതിക്കു മുന്നില്‍ അവതരിപ്പിച്ചത്. വെള്ളം ലാഭിക്കുന്നതിനുള്ള മാര്‍ഗങ്ങളുള്‍പ്പെടുത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ നിശ്ചല ദൃശ്യം ബംഗാള്‍ നല്‍കി. ബംഗാളില്‍ നിന്നുള്ള കലാകാരനായ ബാപ്പ ചക്രവര്‍ത്തിയാണ് കേരളത്തിന്റെ നിശ്ചല ദൃശ്യം സാക്ഷാത്കരിച്ചത്.

റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്റെ അഭിമാനമാണെന്നും അവിടെ ഏറ്റവും മികച്ചതു മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും ജൂറി അംഗവും പ്രശസ്ത നര്‍ത്തകിയുമായ ജയപ്രദ മേനോന്‍ പറഞ്ഞു. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് ടാബ്ലോകള്‍ തിരഞ്ഞെടുക്കുന്നത്. മൂന്നാം ഘട്ടത്തിലാണ് കേരളം പുറന്തള്ളപ്പെട്ടത്. ബംഗാളാകട്ടെ രണ്ടാം ഘട്ടത്തില്‍ തന്നെ പുറത്തായി.

ജനുവരി 26ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ നിശ്ചല ദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നതിന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 32 മാതൃകകള്‍ സമര്‍പ്പിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്ന് 24 മാതൃകകള്‍ നല്‍കി. ഇതില്‍ 16 സംസ്ഥാനങ്ങളുടേതുള്‍പ്പെടെ 22 എണ്ണത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിനു തൊട്ടുമുമ്പ് 2013ല്‍ കേരളത്തിന്റെ പുര വഞ്ചിക്ക് റിപ്പബ്ലിക് ദിന പരേഡില്‍ സ്വര്‍ണ മെഡല്‍ ലഭിച്ചിരുന്നു. ആദ്യമായി 1996ലാണ് കേരളം സമ്മാനം നേടിയത്. ബാപ്പ ചക്രവര്‍ത്തിയിലൂടെ നാലു തവണ ഒന്നാമതെത്തിയ കേരളത്തിന് ബിജെപി അധികാരത്തിലെത്തിയ ശേഷം 2018ല്‍ മാത്രമാണ് പരേഡില്‍ പങ്കെടുക്കാനായത്. ഓച്ചിറ കെട്ടുകാഴ്ചയാണ് അന്ന് അവതരിപ്പിച്ചത്.

കേരളത്തിന്റെ ഇത്തവണത്തെ ഫ്‌ളോട്ട് വളരെയധികം മികവു പുലര്‍ത്തിയിരുന്നുവെന്നും തള്ളപ്പെട്ടതിനു പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്നൊന്നും അറിയില്ലെന്നും ബാപ്പ ചക്രവര്‍ത്തി പറഞ്ഞു. ആര് അവതരിപ്പിക്കുന്നു എന്നതല്ല, എന്ത് അവതരിപ്പിക്കുന്നു എന്നതിനായിരിക്കണം പരിഗണനയെന്നും അല്ലെങ്കിലത് വിഡ്ഢിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദഗ്ദ്ധസമിതി ആവശ്യപ്പെട്ടതുപ്രകാരം തിരുത്തലുകള്‍ നടത്തി ടാബ്ലോകള്‍ മൂന്നു തവണയായി അവതരിപ്പിച്ചെന്നും എന്തുകൊണ്ടാണ് തള്ളിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടില്ലെന്നും കേരളാ ഹൗസ് റെസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറും പറഞ്ഞു.