Fri. Apr 26th, 2024
മലപ്പുറം:

പതിനായിരം സൗജന്യ കണക്ഷനുകളുമായി കെ-ഫോണ്‍. അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുന്ന കെ-ഫോണ്‍ (കേരള ഫൈബര്‍ ഒപ്ടിക് നെറ്റ്‌വര്‍ക്ക്) പദ്ധതിയുടെ ആദ്യഘട്ടമായി മൂന്ന് മാസത്തിനകം 10,000 സൗജന്യ കണക്ഷനുകള്‍ നല്‍കും. ജില്ലകളെ ബന്ധിപ്പിക്കുന്ന കോര്‍ നെറ്റ്‌വര്‍ക്ക് പോവുന്ന ഇടങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലാവും കണക്ഷനുകള്‍ ലഭിക്കുക.

20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് നല്‍കാവുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഡിസംബറില്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതോടെ 30,000ത്തോളം സര്‍ക്കാര്‍ ഓഫീസുകളടക്കം ഹൈസ്പീഡ് ഇന്റര്‍നെറ്റിന് കീഴിലാകും. ആറു മാസത്തിനകം സര്‍വീസ് പ്രൊവൈഡര്‍മാരെ തിരഞ്ഞെടുക്കും.

തിരുവനന്തപുരം, പരുത്തിപ്പാറ സബ്സ്റ്റേഷന്‍ മുതല്‍ പദ്ധതി നടത്തിപ്പുകാരായ സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ടെക്‌നോ പാര്‍ക്കിലെ ഓഫീസ് വരെ പൈലറ്റ് കേബിളിംഗ് പുരോഗമിക്കുകയാണ്. കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ പ്രസരണ ലൈനിലൂടെയാണ് കേബിളിടുന്നത്. സബ് സ്റ്റേഷനുകള്‍ വരെ ഇത്തരം ലൈനുകളിലൂടെയും അവിടെ നിന്ന് പോസ്റ്റുകളിലൂടെയും ഓഫീസുകളിലും വീടുകളിലും കണക്ഷനെത്തിക്കും. സബ് സ്റ്റേഷനുകളില്‍ സാങ്കേതിക ഉപകരണങ്ങളും കേബിളും സ്ഥാപിക്കാനുള്ള പ്രീഫാബ് കേന്ദ്രങ്ങളുടെ നിര്‍മ്മാണവും തുടങ്ങി.

സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിയാണ് കെ-ഫോണ്‍. ഇതോടെ ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കിയ ഇടമായി കേരളം മാറും. പദ്ധതി നടപ്പാക്കുന്നത് കെഎസ്ഇബിയും ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും സംയുക്തമായിട്ടാണ്. പദ്ധതിക്കായി കിഫ്ബി നല്‍കുന്നത് 1061.73 കോടി രൂപ 1531.68 കോടിയുടെ ടെന്‍ഡര്‍ ഭാരത് ഇലക്ട്രോണിക്‌സിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനാണ്. കേബിളുകളും സാങ്കേതിക ഉപകരണങ്ങളും സ്ഥാപിക്കുന്നതിന് ഈ മാസത്തോടെ വേഗം കൂടും. വീടുകളിലേക്കുള്ള ഇന്റര്‍നെറ്റിന്റെ തുക നിശ്ചയിച്ചിട്ടില്ലായെന്ന് സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു

കൂടാതെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഇന്റര്‍നെറ്റ് ഫോണ്‍ സംവിധാനമായ കെ-ഫോണുമായി കേബിള്‍ ഓപ്പറേറ്റര്‍മാര്‍ സഹകരിക്കും. പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നും പദ്ധതിയില്‍ പങ്കാളികളാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെ വി രാജന്‍ പറഞ്ഞു