Mon. Dec 23rd, 2024
ലഖ്‌നൗ:

ഉത്തര്‍പ്രദേശിലെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിയതില്‍ സംസ്ഥാന പോലീസിനെ പിന്തുണച്ച് മുഖ്യമന്ത്രി ആദിത്യനാഥ്. പോലീസിന്റെയും അധികാരികളുടെയും നടപടി കലാപകാരികളെ ഞെട്ടിച്ചെന്നും അവര്‍ നിശബ്ദരായെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

“എല്ലാ കലാപകാരികളും ഞെട്ടിപ്പോയി, സര്‍ക്കാരിന്റെ ശക്തമായ ഇടപെടലില്‍ എല്ലാവരും നിശബ്ദരായി. പൊതുമുതല്‍ നശിപ്പിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അക്രമകാരികളായ എല്ലാ പ്രതിഷേധക്കാരും കരയും, കാരണം യോഗി സര്‍ക്കാരാണ് ഉത്തര്‍പ്രദേശിലുള്ളത്,” ഇങ്ങനെയായിരുന്നു ട്വീറ്റ്.

യോഗി സര്‍ക്കാര്‍ കലാപകാരികളെ നേരിട്ട നടപടി രാജ്യത്തിന് മികച്ച ഒരു ഉദാഹരണമാണെന്നും, യോഗി സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ കണ്ട് ഓരോ കലാപകാരികളും തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് ചിന്തിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതെ സമയം, പ്രതിഷേധത്തില്‍ മരിച്ചവരില്‍ ഒരാള്‍ക്ക് മാത്രമാണ് പോലീസ് വെടിയേറ്റതെന്ന് യുപി ഡയറക്ടര്‍ ജനറല്‍ ഓം പ്രകാശ് സിങ്ങ് വ്യക്തമാക്കിയിരുന്നു. ബാക്കിയുള്ളവരുടെ മരണത്തിന് കാരണമായത് അവര്‍ കൈവശംവെച്ചിരുന്ന അനധികൃത ആയുധങ്ങളാണെന്നും ഓംപ്രകാശ് സിങ്ങ് കൂട്ടിച്ചേര്‍ത്തു.

ബിജ്നോറില്‍ നടന്ന സംഘര്‍ഷത്തില്‍ സ്വയം പ്രതിരോധത്തിനാണ് ഒരു കോണ്‍സ്റ്റബിള്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തത് എന്നാണ് പോലീസ് വാദം. ബിജ്നോറിലും, കാണ്‍പൂരിലും മജിസ്ട്രേറ്റിന്‍റെ അനുമതിയോടെ വായുവില്‍ വെടിയുതിര്‍ത്തിരുന്നു. മറ്റു സ്ഥലങ്ങളില്‍ സ്വയം രക്ഷയ്ക്കാണ് പോലീസ് ആയുധം പ്രയോഗിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സംഘര്‍ഷത്തില്‍ ഉത്തര്‍പ്രദേശില്‍ 19 പേരായിരുന്നു കൊല്ലപ്പെട്ടത്.