Sun. Jan 19th, 2025

സൽവയെ കാണുമ്പോഴൊക്കെ അങ്ങനെ പറഞ്ഞു ചിരിച്ചിരുന്നു. അധികം ദൂരമൊന്നും സഞ്ചരിക്കാനാവാത്ത, ഭാഷാപരിജ്ഞാനം കാര്യമായി ഇല്ലാത്ത പ്രവാസത്തിന്റെ ആദ്യ നാളുകളിൽ അടുപ്പക്കാരിയായി കിട്ടിയ പെണ്‍കുട്ടി ആണ് സൽവ.

അടുത്തുള്ള പുസ്തകക്കടയിലാണ് അവൾക്ക് ജോലി. ഫിസിക്സും കെമിസ്ട്രിയും വിഷ്വൽ ബേസിക്കും അടുക്കി വെച്ച ഒരു പുസ്തകക്കടയാണത്. ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചെറിയ മൂലയില്‍ തിരിച്ചും മറിച്ചും തപ്പിയാലും അദർ സൈഡ് ഓഫ് മിഡ് നൈറ്റോ ഡെത്ത് ഓണ്‍ ദി നൈലോ പോലുള്ള പുസ്തകങ്ങളേ കാണൂ. അതിനോടുള്ള വഴക്കം എനിക്ക് കുറവാണ് താനും.

ഇഷ്ടപ്പെട്ടെന്നു കരുതി തൊടുന്ന പുസ്തകങ്ങളുടെ പുറം ചട്ടമേൽ എഴുതി വെച്ചിരിക്കുന്ന അക്കക്കണക്കുകൾ താങ്ങുകയും ഇല്ല. അങ്ങനെ ഒരു ദിവസമാണ്, ഇത് നോക്ക്, അറബിയിലെ ഒരു ഷായർന്റെ തർജ്ജമ ആണ്. നിനക്കിഷ്ടപ്പെട്ടാലോ എന്ന് പകുതി അറബിയിലും മുറി ഇംഗ്ലീഷിലും പിന്നെയാംഗ്യത്തിലും അവള്‍, റുബയ്യാത് ഓഫ് ഒമർഖയ്യാം എന്ന് പേർഷ്യൻ കാലിഗ്രാഫിയിൽ എഴുതിയ പുസ്തകം തന്നത്.

വില നോക്കി ബാഗിൽ തപ്പുന്നതിനിടയ്ക്ക്, വായിച്ചിട്ട്, ചുളുങ്ങാതെ തിരിച്ചു തന്നാൽ മതി എന്ന വ്യവസ്ഥയിൽ അവളത് തന്നു. പിന്നെ എന്റെ ദാരിദ്ര്യത്തിനു മീതെ ഞങ്ങൾ റുബയ്യാതും പിന്നെയുമൊരുപാട് പുസ്തകങ്ങളും കള്ളക്കടത്ത് നടത്തി.

ടാൻസാനിയൻ വേരുകൾ ഉള്ള അറബി പെണ്‍കുട്ടിയാണ് സൽവ. ടാൻസാനിയയിലെ ദാർ എ സലാമിൽ ഇപ്പോളും അവൾക്ക് ബന്ധുവീടുകൾ ഉണ്ടത്രേ. അടിമക്കച്ചവടത്തിന്റെയും പോർച്ചുഗീസ് കോളനി വാഴ്ച്ചകളുടെയും ഒക്കെ ബാക്കിയായി ഒമാനിൽ കുടിയേറിയ സാൻസിബാർ ഗോത്രവിഭാഗമാണ്‌ അവളുടേത്‌.

സൽവാ-മന്നാ എന്ന് ഒപ്പം വിളിക്കുമ്പോൾ ‘കണ്ടുവോ ഞാൻ കറമ്പി ആയത് കൊണ്ടാണ് സൽവ ആയതെ’ന്നവൾ ചിരിക്കും. ദൈവം പ്രവാചകനായ മൂസയ്ക്ക് ഇറക്കി കൊടുത്ത സ്വർഗീയ ഭക്ഷണങ്ങളിലെ കറുത്ത കാടപ്പക്ഷിയാണ് സൽവ. മന്ന ഒരു തരം മധുരപലഹാരവും.

സൽവയ്ക്കൊപ്പം ഒരിക്കലും ഒരു കൂട്ടുകാരനെയോ കൂട്ടുകാരിയെയോ കണ്ടിട്ടില്ല. ഉച്ച വിശ്രമത്തിനു കടകൾ അടയ്ക്കുമ്പോൾ താഴത്തെ തെരുവിലൂടെ കറുത്ത പുറം കുപ്പായം വലിച്ചിട്ട് അവൾ എവിടെയ്ക്കോ നടന്നു പോകും.

പിന്നെ നാലുമണിക്ക് കൃത്യം അവൾ തിരികെ എത്തുകയും ചെയ്യും. കുറച്ച് കാലം കഴിഞ്ഞപ്പോൾ കുറച്ച് അല്പം ദൂരേയ്ക്ക് വീട് മാറിപ്പോയെങ്കിലും വാരാന്ത്യങ്ങളിൽ സൽവയെ തിരക്കി ഞാൻ എത്തുമായിരുന്നു.

വീർത്തു വരുന്ന എന്റെ വയറു ചൂണ്ടി, നിന്റെ ‘ചിക്കൂ’ വരുമ്പോൾ നിങ്ങൾ രണ്ടു പേർക്കുമായുള്ള പുസ്തകങ്ങൾ ഞാൻ മാറ്റി വെക്കുന്നുണ്ടെന്ന് പറഞ്ഞ് ഇളം മധുരമുള്ള മഞ്ഞനിറത്തിലുള്ള ചില പലഹാരങ്ങൾ അവളെനിയ്ക്ക് കരുതി വെക്കുമായിരുന്നു. സല്‍വ എനിക്ക് കരുതി വെക്കുന്ന മന്ന.

ഏറെ നാളുകൾക്ക്‌ ശേഷമൊരിക്കൽ കണ്ടപ്പോൾ “ഹബീബ്തി, ഞാൻ മൂക്ക് കുത്തി. നോക്ക് നല്ല ഭംഗിയില്ലേ” എന്ന് ചോദിച്ച്, കയ്യിലമർത്തി പിടിച്ച് മനോഹരമായി ചിരിച്ചു. നിങ്ങൾ ഇന്ത്യക്കാരുടെത് പോലെ ഉയർന്ന മൂക്കായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് പറഞ്ഞവൾ പിന്നെയും ചിരിച്ചു.

പിന്നീട് രണ്ടു വർഷത്തിനു ശേഷം സൽവായെ കാണുമ്പോൾ അവൾ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടായിരുന്നു. ആഹാ! ഇതെങ്ങനെ പഠിച്ചുവെന്ന് അത്ഭുതപ്പെട്ടപ്പോൾ, “ഞാനിപ്പോൾ രാവിലെ പഠിക്കാൻ പോകുന്നു. 4 മുതൽ 9 വരെ മാത്രം ജോലി ചെയ്യുന്നു” എന്നവൾ പറഞ്ഞു.

ജോലിയും വീടും കുഞ്ഞുമെന്ന സാധാരണ ജീവിതത്തിനിടയ്ക്ക് കറങ്ങുമ്പോൾ ഞാനിടയ്ക്കിടെ എന്റെ പെണ്‍ചോദ്യം കൊണ്ടവളെ ശല്യം ചെയ്യുമായിരുന്നു. “അപ്പോൾ നിനക്ക് കല്യാണം കഴിക്കണ്ടേ ?”

കണ്ണിനു മുകളിൽ കട്ടിയിൽ വരച്ചിരിക്കുന്ന പുരികം മുകളിലേയ്ക്കുയർത്തി കണ്ണ് വട്ടത്തിലാക്കി “വല്ലാഹ്! അന മാരീത് മഷാകിൽ” (അയ്യോ! എനിക്ക് വയ്യാവേലി വേണ്ടേ…എന്ന്)
പിന്നെ പറഞ്ഞു. ഏയ്‌ തമാശയാണ്, എനിക്കൊരു നല്ല ജോലി വേണം, അതെ വരെ ഞാൻ പാർട്ട് ടൈം ജോലി ചെയ്യട്ടെ.”

പെണ്‍കുട്ടിയുടെ വളർച്ചാ കാലഘട്ടം മുഴുവൻ ഉള്ളിൽ തീയാണെന്നും അവളെ ഒരു കൈ പിടിച്ച് ‘ഏൽപ്പിക്കുന്നത്’ വരെ സമാധാനം ഇല്ലെന്നും പറയുന്ന എന്റെയിടങ്ങളിലേയ്ക്ക് ചിന്തകൾ വെറുതെ കടൽ കടന്നു.

കണ്മഷിപ്പാടുകളും കുഞ്ഞുപാദസരങ്ങളും പുസ്തകമണങ്ങളെ മായ്ച്ച് കളഞ്ഞൊരു കാലത്തിനു ശേഷം പിന്നെയും അവിടെ എത്തിയപ്പോൾ അവളില്ലായിരുന്നു. ഇടവേളകളിൽ ഏതെങ്കിലും പുസ്തകത്തിലേയ്ക്ക് തല പൂഴ്ത്തി ഇരിക്കുന്ന സൽവയ്ക്ക് പകരം, തുടുത്ത മുഖമുള്ള ഒരു അറബിക്കുട്ടി മാക്‌ ഡോണാൾഡിന്റെ ഫ്രഞ്ച് ഫ്രൈസ് അകത്താക്കുന്നുണ്ടായിരുന്നു.

പിന്നെയുമൊരുദിവസം സബ്‌ വേയിൽ ചങ്ങാതിയോടൊപ്പം സാൻഡ് വിചിലെ ഫില്ലിങ്ങിന് ഇറ്റാലിയൻ ചീസെന്നും, ഹണി സോസെന്നുമൊക്കെ തല പുകയ്ക്കുംപോൾ ആണ് “ഹബീബ്തി, വെയ്ൻ ഇന് തി” (കൂട്ടുകാരി…നീ എവിടെയായിരുന്നു!) എന്ന ചോദ്യത്തിനു പിറകെ നേർത്ത കറുപ്പിനടിയിൽ സ്വർണ്ണ തിളക്കമുള്ള ഉടുപ്പുമണിഞ്ഞു സൽവ കൈ തൊട്ടത്. പിന്നെ ആഹ്ളാദത്തിന്റെ ഒരാലിംഗനത്തിൽ ചേർന്നത്‌.

ബാങ്ക് മസ്കറ്റിലെ പ്രധാന ശാഖയിൽ ഓഡിറ്റിംഗ് വിഭാഗത്തിൽ സല്‍വജോലിക്ക് കയറിയിരിക്കുന്നു. അതെന്നെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. കൂടെ വന്ന ചെറുപ്പക്കാരനെ കാണിച്ച്, നോക്കൂ… മശാകിൽ (വയ്യാവേലി) ഞാൻ കൂടെ കൂട്ടി കേട്ടോ’ എന്ന് പറഞ്ഞ്, മൂക്കുത്തി തിളക്കത്തിൽ പിന്നെയും ചിരിച്ചു.

(മലയാളം ന്യൂസ് സണ്‍‌ഡേ പ്ലസ് -ജിദ്ദയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്)

റെജീന നൂർജഹാൻ

ബിസിനസ് അനലിസ്റ്റ്, ഫ്രീലാൻസ് ജേർണലിസ്റ്റ് എന്നീ മേഖലകളിൽ ജോലി ചെയ്തു.
ഇപ്പോൾ തൃശൂർ ഗവ. ലോ കോളേജിൽ നിയമപഠനം നടത്തുന്നു. ഓൺലൈൻ മാധ്യമരംഗത്ത് സജീവ സാന്നിധ്യം